2016, മേയ് 1, ഞായറാഴ്‌ച

നിന്നോടൊപ്പം....

ബസ്സിന്റെ സൈഡ് സീറ്റിലിരുന്നു വെറുതെ പുറത്തേക്കു നോക്കിയിരിന്നു. യാത്ര തുടങ്ങിയിട്ട് കുറച്ചു സമയമേ ആയുള്ളൂ. ഇനിയും മണിക്കൂറുകൾ ഇരിക്കണം.
പിന്നിലേക്കു മായുന്ന കാഴ്ചകൾ..
വെറുതെ കണ്ണുകളടച്ചു സീറ്റിലേക്കു തലചായ്ച്ചു കിടന്നു...പിന്നിലേക്കു മായുന്ന കാഴ്ചകൾപ്പോലെ , ഓർമകളും പിന്നോട്ടു സഞ്ചരിക്കുന്നു...ഓർമ്മകൾ....! മനസ്സ് വിങ്ങിപ്പോകുന്ന ഓർമ്മകൾ.... ഈ നഗരത്തിന്റെ ജോലി  തിരക്കിൽ നിന്ന് നാട്ടിലേക്കുള്ള യാത്രകൾ.  വീടിന്റെ അടുത്തുള്ള പട്ടണത്തിൽ ഈ ദൂരയാത്ര അവസാനിക്കും. പിന്നെ അവിടെ നിന്ന് വേറെ ബസ്സ്‌ പിടിക്കണം. ആ പതിനഞ്ചു മിനിറ്റ് യാത്രയാണ്‌ എനിക്കേറെയിഷ്ടം. ഗ്രാമത്തിന്റെ ഭംഗിയും, നിഷ്കളങ്കതയുമുള്ള യാത്ര.
കവലയിൽ ബസ്സിറങ്ങുമ്പോൾ വൈകുംനേരം നാലര മണി കഴിഞ്ഞിരിക്കും. എന്നെ മാത്രം തിരയുന്ന മിഴികൾ., ആ വാകമര ചുവട്ടിൽ കാത്തുനിൽക്കുന്നുണ്ടാകും 'ദിവ്യ'. എന്റെ മുറപ്പെണ്ണ്.
പിന്നെ ചെമ്മൺ പാതയിലൂടെ ഒന്നിച്ചുള്ള നടത്തം. നടത്തം തുടങ്ങിയപ്പോഴേ അവൾ സിഗരറ്റിന്റെ മണം പിടിച്ചു. ശ്രീയേട്ടൻ ഇപ്പോൾ സ്ഥിരം വലിതന്നെയാണ് അല്ലെ. എനിക്ക് ഇഷ്ടമല്ല ഇതൊന്നും. അവൾ പരിഭവിച്ചു തുടങ്ങി. ഞാൻ സ്ഥിരം പല്ലവി പറഞ്ഞു. ഇനിയില്ല. എന്റെ ദിവ്യകുട്ടിയാണെ ഇനിയില്ല.വേണ്ട, എനിക്കറിയാം ശ്രീയേട്ടന് എന്നെ ഇപ്പോൾ ഒട്ടും ഇഷ്ടമല്ല. അവളെ ദേഷ്യം പിടിപ്പിക്കാൻ ഞാനും തീരുമാനിച്ചു. നിന്നെക്കാളും സുന്ദരികൾ എന്റെ കൂടെ ജോലി ചെയുന്നുണ്ട്. നിന്നെപ്പോലെ എപ്പോഴും ദാവണിയും ചുറ്റി നടക്കുന്നവരല്ല. മോഡേൺ കുട്ടികൾ. ഞാൻ ഇടംകണ്ണിട്ട് അവളെ നോക്കി. ആ മിഴികൾ നിറഞ്ഞു തുളുമ്പിയിരിക്കുന്നു. എടി, മണ്ടൂസേ ഞാൻ വെറുതെ പറഞ്ഞതല്ലേ. അപ്പോഴേക്കും സങ്കടം വന്നോ..? എന്റെ സുന്ദരിക്കുട്ടി നീയല്ലേ. അവൾ കണ്ണുകൾ തുടച്ചു എന്നെ നോക്കി ചിരിച്ചു. എനിക്ക് ഒരു പരിഭവവുമില്ല ശ്രീയേട്ടാ. അവിടെ ചെന്നിട്ടു ചീത്ത സ്വഭാവങ്ങളൊക്കെ തുടങ്ങിയോന്നു ഒരു സംശയം.ഈ പുകവലിയൊന്നും ഇല്ലായിരുന്നല്ലോ. ഇപ്പോൾ എവിടുന്നു കിട്ടി ഈ ശീലമൊക്കെ. ഇനി കള്ളു കുടിയുമുണ്ടോ..? അവൾ എന്നെ ദയനിയമായി നോക്കി. ശ്രീയേട്ടന് അറിയില്ലേ, ഓർമവെച്ച നാൾ മുതൽ എന്റെ ജീവിതത്തിൽ സന്തോഷം എന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല. അച്ഛന്റെ കുടി തന്നെ കാരണം. വീട്ടിലെ വഴക്കും, അമ്മയുടെ കരച്ചിലും. എന്നും സങ്കടപ്പെട്ടിരിക്കുന്ന അമ്മയെ ഞാൻ കണ്ടിട്ടുള്ളു. സന്തോഷമില്ലാത്ത ഒരു ജീവിതം.ഇന്നും വീട്ടിൽ ആ അവസ്ഥക്ക് മാറ്റമൊന്നുമില്ല. അമ്മ എപ്പോഴും പറയും, ഈ നരകത്തിൽ നിന്ന് നിന്നെ എത്രയും പെട്ടെന്ന് കൊണ്ട് പോകാൻ ശ്രീഹരിയോട് പറഞ്ഞൂടെ.
എന്റെ അമ്മയുടെ കണ്ണുനീര് കണ്ടു തളർന്ന ഒരു മനസ്സാണ് ശ്രീയേട്ടാ എന്റേത്. എന്റെ ജീവിതത്തിലും അങ്ങനെയുണ്ടാകാൻ പാടില്ല എന്ന ആഗ്രഹം മാത്രമെ എനിക്കുള്ളൂ. വീണ്ടും ആ മിഴികൾ കലങ്ങി തുടങ്ങി. ദിവ്യ.. നിന്റെ സന്തോഷമാണ് എന്റെ ജീവിതം. നിനക്ക് ഇഷ്ടമില്ലാതതൊന്നും എന്റെ ജീവിതത്തിൽ കാണില്ല.
ഇനിയെന്നാണ് ശ്രീയേട്ടാ എന്റെ കഴുത്തിലൊരു താലി കെട്ടുന്നത്..?
ഈ കാത്തിരിപ്പിന് ഒരവസ്സാനം എന്നാണ്..?
ഒരു ജോലി കിട്ടുന്നിടം വരെയുള്ളൂ ഈ കാത്തിരിപ്പെന്നു പറഞ്ഞിട്ട് വർഷം ഒന്നു കഴിഞ്ഞു. നമ്മൾക്ക് കുറച്ചു നാൾ കൂടി പ്രണയിക്കാം പെണ്ണെ.പതിയെ അവളുടെ കാതോരം ഞാൻ പറഞ്ഞു. അപ്പോൾ കല്യാണം കഴിഞ്ഞാൽ എന്നോട് ഇഷ്ടം കാണില്ലേ. ദിവ്യക്ക്‌ പിന്നെയും സംശയമായി. ഈ പൊട്ടി പെണ്ണിന്റെ ഒരു കാര്യം. നീ എനിക്കൊരു മൂന്നു മാസം കൂടി തന്നാൽ മതി. ആ വീട് പണി ഒന്നു തീരട്ടെ. അമ്മയും പറയുന്നത് അതാണ്. കല്യാണവും, പുതിയ വീട്ടിലെ താമസ്സവും ഒരു ദിവസ്സം നടത്താമെന്ന്. ദിവ്യക്ക്‌ സന്തോഷമായി. വിശേഷങ്ങളും, പരാതികളും, പരിഭവങ്ങളും പറഞ്ഞു വീടെത്തിയത് അറിഞ്ഞില്ല. അമ്മ മുറ്റത്ത്‌ തന്നെ നിൽപ്പുണ്ടായിരുന്നു.എന്താ മോനെ താമസിച്ചത് ? കൃത്യ സമയത്ത് വന്നാലും അമ്മയുടെ ആദ്യ ചോദ്യം ഇതായിരിക്കും.ബസ്സ്‌ താമസ്സിച്ചു. എന്റെ സ്ഥിരം മറുപടിയും വന്നു.അമ്മെ, നല്ലൊരു ചായ എടുത്തോ. ഞാനൊന്നു ദേഹം കഴുകിയിട്ട് വരാം. വേണ്ട, അമ്മ ഇവിടിരുന്നോ ഞാൻ ചായ എടുക്കാം. ദിവ്യ അധികാരത്തോടെ എന്നെ നോക്കിയിട്ടു അടുക്കളയിലേക്കു പോയി. ചായയും കുടിച്ചു വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിന്നപ്പോൾ അമ്മാവൻ വന്നു. നല്ല ഫോമിലാണ്. ശ്രീഹരി എപ്പോൾ വന്നു.? കുറച്ചു സമയമേ ആയുള്ളൂ. ഞാൻ കസേരയിൽ നിന്നെഴുന്നേറ്റു. നിനക്ക് അവിടെ വില കുറച്ചു കുപ്പിയൊന്നും കിട്ടില്ലേട.
അത് കേട്ടു ദിവ്യക്ക്‌ ദേഷ്യം വന്നു. ശ്രീയേട്ടന് അവിടെ കുപ്പി കച്ചവടമല്ല. അമ്മാവൻ ചായ കുടിക്കുന്നില്ലേ. ഇല്ല, ഞാൻ ഇവളെ കൂട്ടാൻ വന്നതാ. അമ്മാവൻ അവളെയും കൂട്ടി നടന്നകന്നു. പോകുന്ന വഴിയില് അവള് തിരിഞ്ഞു നോക്കി ചുണ്ടനക്കി പറഞ്ഞു. രാവിലെ വരാം. പാവം പെണ്ണ്. അവളെ എത്രയും പെട്ടെന്ന് ഇവിടെ കൊണ്ട് വരണം. അമ്മ വ്യാകുലതയോടെ പറഞ്ഞു. മ് ഞാൻ ഇരുത്തിയൊന്ന് മൂളിയിട്ട് മുറിയിലേക്ക് പോയി.
അങ്ങനെ, മൂന്ന് മാസങ്ങൾ കടന്നുപ്പോയി. സ്വപ്ന സാഫല്യംപ്പോലെ എല്ലാം നടന്നു. പുതിയ വീട്ടിൽ ദിവ്യയുടെ കൈ പിടിച്ചു കയറി.പ്രണയ സുന്ദരമായ ദിനങ്ങൾ. കല്യാണം കഴിഞ്ഞു രണ്ടു മാസം പോയതറിഞ്ഞില്ല. എല്ല പ്രാവശ്യവും പോകുന്നതുപോലല്ല. ദിവ്യയ്ക്ക് സങ്കടം സഹിക്കാൻ കഴിയുന്നില്ല. ഒന്ന് ശരിക്ക് കാണാൻ പോലും കഴിഞ്ഞില്ല. അപ്പോഴേക്കും...അവളുടെ കണ്ണുനീർ തുള്ളികൾ എന്റെ നെഞ്ചിൽ വീണു പടർന്നു. ഞാൻ അവളെ സമാധാനപ്പെടുത്തി . ഒരുപാടു ദൂരെയൊന്നുമല്ലല്ലൊ. ആറു മാസം കഴിയുമ്പോൾ ഞാനിങ്ങു വരില്ലേ. ശ്രീയേട്ടന് പറയാം, ആറു മാസമെന്ന്. എനിക്കത് അറുപതു വർഷംപ്പോലെയാണ്. അവൾ തേങ്ങി. നെഞ്ചിൽ നിന്നും അവളെ അടർത്തി മാറ്റി ഞാൻ പുറത്തേക്കു ഇറങ്ങി. അമ്മയുടെ മുഖത്തും സങ്കടം. മുറ്റത്ത്‌ ഇറങ്ങി തിരിഞ്ഞു നോക്കുമ്പോൾ ജനലഴികളിൽ കരഞ്ഞു കലങ്ങിയ മിഴികൾ.
വീണ്ടും ആ നഗരത്തിന്റെ ജോലി തിരക്കുകൾക്കിടയിൽ അലിഞ്ഞു ചേർന്നു. ദിവസവും കാതങ്ങൾക്കു അപ്പുറം ചെവികളിൽ വന്നലക്കുന്ന അവളുടെ സ്വരവും, ഓർമകളും...
ആ  സുന്ദരമായ ദാമ്പത്യ വല്ലരിയിൽ ഒരു മോളെയും എനിക്ക് അവൾ തന്നു. എന്റെ ദിവ്യയെപ്പോലെ സുന്ദരിയായ ഒരു പൊന്നുമോളെ...! പക്ഷെ, എന്റെ ദിവ്യയെ എനിക്ക് നഷ്ടമായി. ലേബർ റൂമിന്റെ വാതിൽ വരെ അവളുടെ കൈ പിടിച്ചു നടക്കുമ്പോൾ അവൾ എന്റെ കൈയിൽ അമർത്തി കൊണ്ട് പറഞ്ഞു. ഞാൻ ഈ റൂമിൽ നിന്ന് പുറത്തു വരുമ്പോൾ ശ്രീയേട്ടൻ ഈ വരാന്തയിൽ  കാണണം. ആദ്യം എനിക്ക് ശ്രീയേട്ടനെ തന്നെ കാണണം. ഞാൻ ചിരിച്ചുക്കൊണ്ട് ആ നെറ്റിയിൽ അമർത്തി ചുംബിച്ചു. അതെന്റെ അന്ത്യ ചുംബനം ആയിരിക്കുമെന്ന് ഒരിക്കലും കരുതിയില്ല. അവൾ തിരിച്ചു വരുന്നിടം വരെ ഞാൻ ആ വരാന്തയിൽ നിന്നു. ആ വാതിൽ തുറന്നു അവൾ വന്നു. പക്ഷെ, ആ ചിരി ഞാൻ പിന്നെ കണ്ടില്ല. ആ സ്വരം ഞാൻ പിന്നെ കേട്ടില്ല.
സാറെ, ഇറങ്ങുന്നില്ലേ..സ്ഥലമെത്തി. ഞാൻ ഓർമകളിൽ നിന്ന് ഞെട്ടി... എന്താ സാറേ കണ്ണ് നിറഞ്ഞിരിക്കുന്നത്‌..? പൊടി അടിച്ചതായിരിക്കും. മറുപടി പറഞ്ഞു കണ്ണു തുടച്ചു പുറത്തിറങ്ങി.
ഗ്രാമത്തിലേക്കുള്ള ബസ്സിൽ കയറി...കവലയിൽ ബസ്സിറങ്ങുമ്പോൾ ആ വാകമര ചുവട്ടിലേക്ക്‌ നോക്കി. എന്നെ തിരഞ്ഞു ആ മിഴികൾ അവിടെയില്ല. വർഷങ്ങൾ എത്ര കഴിഞ്ഞു. ആ ചെമ്മൺ പാതയിന്നില്ല. കോൺക്രീറ്റ് റോഡ്‌ ആയിരിക്കുന്നു. എന്നെ കണ്ടപ്പോഴേ ദൂരെ നിന്ന് മോൾ ഓടിവന്നു. അച്ഛാ, ഞാൻ പറഞ്ഞ ചോക്ലേറ്റ് കൊണ്ട് വന്നോ..? അവൾ കൊഞ്ചിക്കൊണ്ട് എന്നെ വട്ടം പിടിച്ചു....അവളെ വാരിയെടുത്തു ചോക്ലേറ്റ് ബോക്സ്‌ അവൾക്കു കൊടുത്തു. ഒരുമ്മയും കൊടുത്തു. അച്ഛൻ സിഗരറ്റ് വലിച്ചു അല്ലെ.ഞാൻ അച്ഛമ്മയോട്‌ പറഞ്ഞു കൊടുക്കും...അച്ഛമ്മേ.....അവൾ അമ്മയെ വിളിച്ചു എന്റടുത്തു നിന്ന് ഊർന്നിറങ്ങി അകത്തേക്ക് ഓടി...
ദിവ്യ നമ്മുടെ മോൾ വളർന്നിരിക്കുന്നു. നിന്നെപ്പോലെ എന്നെ അവൾ അറിഞ്ഞു തുടങ്ങിയിരിക്കുന്നു...നിനക്ക് സന്തോഷമായില്ലേ  ദിവ്യ. നീയെന്നെ തോൽപ്പിച്ചു കളഞ്ഞിട്ടല്ലേ പോയത്...?? പൊന്നു മോളെ എനിക്ക് തന്നിട്ടല്ലേ പോയത്...! അല്ലെങ്കിൽ ഞാനും നിന്റെ കൂടെ വരില്ലായിരുന്നോ...നിന്നോടൊപ്പം........!


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ