2016, മേയ് 12, വ്യാഴാഴ്‌ച

ഒരു തിരിനാളം

രാവിലെ ജോലിക്കു പോകാനുള്ള തിരക്കിലാണ് മൊബൈൽ റിംഗ് ചെയ്തത്.
ഇസ്തിരി ഇടുന്നതിനിടയിൽ മൊബൈൽ സ്ക്രീനിലേക്ക് നോക്കി. നാട്ടിലെ നമ്പറാണല്ലൊ. അതും ഒരു പരിചയവുമില്ലാത്ത നമ്പർ. ഇതാരായിരിക്കും..?
ചിന്ത കാടുകയറി. ഫോൺ കട്ടായി.
വീണ്ടും മൊബൈൽ റിംഗ് ചെയ്യാൻ തുടങ്ങി, അതെ നമ്പർ. മൊബൈൽ കട്ട് ചെയ്തു. നാട്ടിൽ നിന്ന് വിളിച്ചാൽ ഫോൺ കട്ട് ചെയ്തു തിരിച്ചു വിളിക്കാറാണ് പതിവ്.
തിരിച്ചു ആ നമ്പറിലേക്കു വിളിച്ചു. ഫോൺ റിംഗ് ചെയുന്നതിന് അനുസരിച്ച് ആകാംഷയും കൂടി. അങ്ങേത്തലക്കൽ ഫോൺ അറ്റൻഡ് ചെയ്തിരിക്കുന്നു. പക്ഷെ, നിശബ്ദത മാത്രം. ഞാൻ തന്നെ സംസാരിച്ചു തുടങ്ങി.ഹലോ, ഇതാരാണ്..? ഈ നമ്പറിൽ ഇപ്പോൾ ഇങ്ങോട്ടു വിളിച്ചിരുന്നോ...?
മ്.. മറുവശത്ത് പതിഞ്ഞ ഒരു പെൺ ശബ്ദം. ഒരു ഞെട്ടലിൽ ഞാൻ ചോദിച്ചു  ഇതാരാണ്..?
ചെറിയ നിശബ്ദതക്കു ശേഷം മറുപടി വന്നു.
ഇത് അഖിലല്ലേ...?
അതെ, ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിയാതെ ഞാൻ ഉഴറി.
ഞാൻ രാധികയാണ്...ഇപ്പോൾ ശരിക്കും ഞാൻ ഞെട്ടി. രാധിക.....!
ഒരു നിമിഷംക്കൊണ്ട് മനസ്സിൽ ഒരായിരം ഓർമ്മകൾ മിന്നി മറഞ്ഞു....
വീണ്ടും കാതോരം ആ ശബ്ദം വന്നലച്ചു. അറിയുമോ...?
ഒരു ചെറിയ മൗനത്തിനു ശേഷം ഞാൻ പറഞ്ഞു, മറന്നിട്ടില്ല.
എനിക്ക് പരിചയമുള്ള ഒരു രാധികയെയുള്ളു. അത് ഒരിക്കലും മറക്കാൻ കഴിയില്ല. മറുവശത്ത് ഒരു ദീർഘ നിശ്വാസ്സം. അഖിലിനു സുഖമാണോ....?
അതെ, അവിടെയോ...? സുഖം. ആ മറുപടിയിൽ ഒരു വേദന നിഴലിച്ചോ..
രാധിക , എന്റെ നമ്പർ നിനക്ക് എങ്ങനെ കിട്ടി..? അഞ്ചു വർഷത്തിനിടക്ക് ഞാൻ ഒരിക്കലും ഈ വിളി പ്രതീക്ഷിച്ചില്ല. എങ്ങനെ കിട്ടി എന്റെ നമ്പർ....? ഇതിനിടക്ക്‌ എത്ര അവധികാലം ഞാൻ നാട്ടിൽ വന്നുപോയി. പരസ്പരം ഒന്നു കാണാൻ പോലും കഴിഞ്ഞിട്ടില്ല. എന്റെ ഭർത്താവ് തന്നതാണ്. എനിക്കൊന്നും മനസ്സിലാകുന്നില്ല , നീ എന്താ രാധിക ഈ പറയുന്നത്....?
ഞാൻ പറയട്ടെ  അഖിൽ.
അപകടത്തിൽ ശരീരം തളർന്നു കിടക്കുന്ന യുവാവിനു ചികിത്സ സഹായം ആവശ്യമുണ്ടെന്നു പറഞ്ഞു ഒരു ഫെയിസ് ബുക്ക്‌ പോസ്റ്റിന്റെ താഴെ ഒരു കമന്റ് ഞാൻ കണ്ടിരിന്നു. ഈ നമ്പറിൽ വിളിക്കുക എന്ന് പറഞ്ഞുക്കൊണ്ട്..
ആ പ്രൊഫൈൽ ഞാൻ നോക്കി. അത് നീയായിരുന്നു. അപ്പോഴാണ് എനിക്കും ഓർമ വന്നത്..ഇതിനു മുമ്പും ഇങ്ങനത്തെ പോസ്റ്റിനു സഹായ ഹസ്തവുമായി കമെന്റ് ഇട്ടിട്ടുണ്ട്. പക്ഷെ, ഇതുവരെ ആരും വിളിച്ചിട്ടില്ല. ഇപ്പോൾ...!
അഖിൽ... രാധികയുടെ ശബ്ദം ഒരു മിഴിനീരിന്റെ നനവോടെ എന്റെ കാതുകളിൽ പടർന്നു തുടങ്ങി. ആദ്യം ഞാൻ വിളിക്കണ്ട എന്നു കരുതിയതാണ്. പക്ഷേ, സൂരെജേട്ടൻ പറഞ്ഞു. ഒന്നു വിളിച്ചു നോക്കു. ചിലപ്പോൾ നമ്മളെ സഹായിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞാലോ...? അഖിൽ..., ഇത് നീയാണെന്നറിഞ്ഞപ്പോൾ ഞാൻ ഒരിക്കൽപ്പോലും വിളിക്കരുത് എന്ന് കരുതിയതാണ്..പക്ഷേ,  ഒരു ഗദ്ഗദത്തോടെ രാധികയുടെ ശബ്ദം മുറിഞ്ഞു.

ഞാൻ ഈ സ്വരം കേൾക്കാൻ ഒരുപാടു കൊതിച്ചിട്ടുണ്ട്. അതിനു വേണ്ടി എവിടെയെല്ലാം കാത്തിരിന്നിട്ടുണ്ട്.
ഒരു ദിവസം ഈ സ്വരം കേട്ടില്ലെങ്കിൽ , ഒന്നു കണ്ടില്ലെങ്കിൽ  പിടയുന്ന മനസ്സുമായി എത്രയോ രാത്രികൾ ഉറങ്ങാതെ കിടന്നിട്ടുണ്ട്.
അവസാനം എല്ലാം മറക്കണമെന്ന് നിസഹായതയോടെ, കണ്ണീരോടെ യാത്ര പറഞ്ഞു പോയപ്പോൾ അവളെ അനുഗ്രഹിച്ച്, വിധിയെ ശപിച്ച് എത്ര നാൾ കരഞ്ഞിട്ടുണ്ട്. ഇപ്പോൾ വീണ്ടും....
അഖിൽ..., തിരക്കാണോ...? രാധിക ചെറിയ ഇടവേളയ്ക്കു ശേഷം മിണ്ടി തുടങ്ങി. ഓർമകളിൽ നിന്ന് മുക്തനായി ഞാനും നിശബ്ദതയെ വെടിഞ്ഞു.
ഇല്ല , രാധിക പറഞ്ഞോളു...!
നമ്മൾ പിരിഞ്ഞു കഴിഞ്ഞിട്ടുള്ള എന്റെ ജീവിതത്തിന്റെ കൊഴിഞ്ഞു വീണ ഇന്നെലകൾ  നിന്നോട് ഞാനൊന്നു പറഞ്ഞോട്ടെ. സഹതാപത്തിന് വേണ്ടിയല്ല അഖിൽ. എന്റെ മനസ്സിലെ സങ്കടങ്ങൾ ഒന്നു പങ്കുവയ്ക്കാൻ.
അതിനു മാത്രം....
എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി  നിന്റെ ഓർമകളുമായി സൂരജിന്റെ ജീവിതത്തിലേക്ക് ഞാൻ വരുമ്പോൾ എനിക്ക് ഒരിക്കലും അദ്ധേഹത്തെ ഉൾക്കൊള്ളാൻ പറ്റില്ലെന്നാണ് ഞാൻ കരുതിയത്‌. പക്ഷെ, ഈ  മനുഷ്യൻ എന്നെ സ്നേഹംക്കൊണ്ട് തോൽപ്പിച്ചു കളഞ്ഞു. എന്നെ മനസ്സിലാക്കി. എന്റെ ദേഷ്യങ്ങളെ ഒരു പുഞ്ചിരിയിൽ മറന്നു. പിന്നെ, പിന്നെ ഞാനും ഇഷ്ടപ്പെട്ടു തുടങ്ങി. ആ മനസ്സിനെ....സുന്ദരമായ ജീവിതമായിരുന്നു അഖിൽ , എന്റേത്. നീയെന്നെ നിറ കണ്ണുകളോടെ അനുഗ്രഹിച്ചു വിട്ടപ്പോൾ, എവിടെയാണെങ്കിലും സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതിയെന്ന് പറഞ്ഞ നിന്റെ വാക്കുകൾ പോലെ സത്യമായിരുന്നു എന്റെ ജീവിതം.
സ്നേഹ സമ്പന്നനായ ഭർത്താവ്. നല്ല കുടുംബം. ഞങ്ങളുടെ സ്നേഹത്തിൽ വിരിഞ്ഞ അനന്ദു മോൻ. അങ്ങനെ, ജീവിതം സുഖമായിരുന്നു കുറച്ചു നാൾ മുമ്പ് വരെ.
രാധികയുടെ ശബ്ദം നേർത്ത് വന്നു. ഒരു കരച്ചിൽ അവളുടെ ശബ്ദത്തിൽ നിറഞ്ഞു.
കഴിഞ്ഞ മാസം ജോലി കഴിഞ്ഞു മടങ്ങി വരുമ്പോൾ ഒരു കാർ സൂരജിനെ ഇടിച്ചു വീഴ്ത്തിയിട്ട് നിർത്താതെ പോയി കളഞ്ഞു. സന്ധ്യ സമയം ആയിരുന്നതുക്കൊണ്ട് ഒന്നും വ്യക്തമായിരുന്നില്ല. കുറെ നേരം റോഡിൽ തന്നെ കിടന്നു. ആരൊക്കെയോ ചേർന്നു ആശുപത്രിയിൽ കൊണ്ടുപോയി. ഗുരുതരമായ പരുക്കുകളായിരുന്നു അഖിൽ.
ആദ്യമൊക്കെ കൂട്ടുകാരും, വീട്ടുകാരുമൊക്കെ ഉണ്ടായിരുന്നു. എഴുന്നേറ്റു നടക്കാൻ കാലതാമസം എടുക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോൾ ബാധ്യത ഏറ്റെടുക്കാൻ കഴിയാതെ ഓരോരുത്തരായി യാത്ര പറഞ്ഞു. ഈ മനുഷ്യനെയും,ഈ കുഞ്ഞിനേയും കൊണ്ട് ഈ ചുമരുകൾക്കിടയിൽ ഞാൻ പതറി പോയി. രാധികയുടെ സങ്കടം അണപ്പൊട്ടിയൊഴുകി. ആ കണ്ണുനീരിന്റെ ചൂട് എന്നെ പൊള്ളിച്ചു. രാധിക, സങ്കടപ്പെടാതെ...
വെറുതെയെങ്കിലും ഞാൻ പറഞ്ഞു.
അവൾ വീണ്ടും ജീവതത്തിന്റെ താളുകൾ മറിച്ചു. ഈ കഴിഞ്ഞ ദിവസം സൂരജ് എന്നോട് പറഞ്ഞത് എന്താണന്നു അറിയാമോ അഖിൽ..? എന്റെ കൂടെ നിന്ന് നിന്റെ ജീവിതം നരകിക്കണ്ട. മോനെയും കൊണ്ട് നീ പൊയ്ക്കോളു എന്ന്. ഈ മനുഷ്യനെ കളഞ്ഞിട്ടു എനിക്ക് ഒരിക്കലും എങ്ങോട്ടും പോകാൻ കഴിയില്ല അഖിൽ.
എന്റെ പൊന്നു  മോന്റെ മുഖം കാണുമ്പോൾ മരിക്കാനും കഴിയുന്നില്ല.
നിന്നെ ഞാൻ ബോറടിപ്പിച്ചോ അഖിൽ...?
ഇല്ല രാധിക. നിന്റെ സങ്കടങ്ങൾ എന്നോട് നിനക്ക് പറയാം.
ഇന്നലെ എന്റെ ഒരു കൂട്ടുകാരിയാണ്‌ പറഞ്ഞത്. ഫേസ് ബുക്കിൽ ഒരു പോസ്റ്റിട്ടു നോക്കാം. ചിലപ്പോൾ ഏതെങ്കിലും സംഘടനകൾ കണ്ടിട്ട് സഹായിക്കുമെന്ന്. അങ്ങനെയാണ് അഖിൽ നിന്റെ നമ്പർ കിട്ടിയത്. ഇതാണ് എന്റെ ഇപ്പോഴുള്ള ജീവിതം.
പണ്ട് നിന്റെ പ്രണയലേഖനം വാങ്ങാൻ കൈ നീട്ടി നിന്ന രാധിക ഇപ്പോൾ നിന്റെ മുന്നിൽ കൈ നീട്ടുന്നത് എന്റെ നഷ്ട്ടപ്പെട്ടുപോയ ജീവിതം തിരിച്ചു പിടിക്കാൻ വേണ്ടിയാണ്.
അത്രയ്ക്ക് ഞാൻ അനുഭവിച്ചു കഴിഞ്ഞു അഖിൽ.
ഈശ്വര .... ഇവൾ യാത്ര പറഞ്ഞു പോകുമ്പോൾ അറിയാതെയെങ്കിലും ഞാൻ ശപിചിട്ടുണ്ടോ...? ഇല്ല ...ഒരിക്കലും എനിക്ക് അതിന് കഴിയുമായിരുന്നില്ല....അത്രയ്ക്ക്...!
അഖിൽ...ഇപ്പോൾ എനിക്കൊരു ആശ്വാസ്സമുണ്ട് . എന്റെ സങ്കടങ്ങൾ കേൾക്കാൻ ദൈവം കരുതി വെച്ചത് നിന്നെയാണല്ലോ....എനിക്കറിയാം നിനക്ക് തിരക്കാണന്ന് . ഇത്രയും നേരം എന്നെ കേൾക്കാൻ നീ ക്ഷമ കാണിച്ചല്ലോ.
പറ്റുമെങ്കിൽ എനിക്ക് ഒരു ഉപകാരം ചെയണം. ഗൾഫിലൊക്കെ ഇതുപോലുള്ളവരെ സഹായിക്കുന്ന സംഘടനകൾ ഉണ്ടെന്നു കേട്ടിട്ടുണ്ട്. ഞങ്ങളുടെ ജീവിതം അങ്ങനെയുള്ള ആരെയെങ്കിലും നീയൊന്നു അറിയിക്കണം.
വെറുതെ, പ്രതീക്ഷിക്കാനെങ്കിലും..!
രാധിക...നമ്മളൊരു ജീവിതം സ്വപ്നം കണ്ടിരിന്നു...അത് കഴിഞ്ഞുപോയ കാലം. ഇപ്പോൾ ദൈവം എനിക്ക് മോശമല്ലാത്ത ഒരു ജീവിതവും തന്നു.
നിന്നെ സഹായിക്കുക എന്നത് എന്റെ കടമയാണ്. നിന്റെ കണ്ണുനീരിന്റെ അളവ് കുറക്കാൻ എനിക്ക് കഴിഞ്ഞാൽ....ആ സങ്കടങ്ങളുടെ ഭാരം എനിക്ക് കുറക്കാൻ കഴിഞ്ഞാൽ...എന്റെ ജീവിതത്തിൽ ഞാൻ സന്തോഷിക്കും.
കാരണം , എനിക്കുമുണ്ട് ഒരു കുടുംബം.
നാളെ എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവരെ സഹായിക്കുന്നത് ആരായിരിക്കുമെന്ന് നമ്മൾക്കറിയില്ലല്ലോ..
എന്നെ കൊണ്ട് നിന്റെ ജീവിതത്തിൽ സന്തോഷം നിറക്കാൻ കഴിഞ്ഞാൽ...!
പ്രതീക്ഷയുടെ ഒരു പുതുവെളിച്ചം കിട്ടിയതുപ്പോലെ രാധിക ഒന്ന് ചിരിച്ചുവോ.
അവളുടെ കൈയിൽ നിന്നും പൈസ അയക്കുന്ന ബാങ്കിന്റെ വിവരങ്ങളും വാങ്ങി., പിന്നെ വിളിക്കാമെന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു അടുത്തുള്ള മണി എക്സ്ചേഞ്ചിലേക്കു നടക്കുമ്പോൾ മനസ്സിൽ ഒരു തീരുമാനം എടുത്തിരുന്നു. ഇനിയുള്ള വരുമാനത്തിന്റെ ഒരു പങ്ക്‌ ആ കുടുംബത്തിനും നൽകണം. എന്റെ പ്രാർത്ഥനകളിൽ ആ കുടുംബവും നിറയണം......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ