2016, മേയ് 3, ചൊവ്വാഴ്ച

യാത്രാമൊഴി

ഈ മരണ കിടക്കയിൽ കിടക്കുമ്പോഴും, നീയെന്റെ അരികത്തു വേണമെന്ന് ഞാൻ വാശി പിടിക്കും. കാരണം, നിന്റെ പൂമേനിയുടെ ചൂട് പറ്റിയാണ് എന്റെ ആറു വർഷങ്ങൾ കടന്നു പോയത്. നിന്റെ മുടിയിഴകളിൽ തഴുകിയാണ്  ഞാൻ എന്റെ വിചാരങ്ങളെ ഉണർത്തിയത്. ആ ചുണ്ടുകളിൽ ചേർത്താണ് എന്റെ ആഗ്രഹങ്ങൾക്ക് ചൂട് പടർത്തിയത്‌....ആ മിഴികളിൽ നോക്കിയാണ് ഞാൻ ആവേശം കൊണ്ടത്‌....ആ കഴുത്തിൽ മുഖം ഒളിപ്പിച്ചാണ്‌ എന്റെ വികാരത്തിന്റെ മൂർദ്ധന്യത്തിൽ പുളകിതമായത്......!
പ്രിയമുള്ളവളെ......,
എന്റെ നെഞ്ചിടിപ്പ് നിലക്കുമ്പോൾ നിന്റെ ചുണ്ടുകൾ എന്റെ നെറ്റിയിൽ പതിഞ്ഞിരിക്കണം. കാരണം, നിന്റെ ചുംബനത്തിന്റെ നനവ് കൊണ്ടാണ് എന്റെ ഓരോ പുലരികളും ഉണർന്നത്.
കഴിഞ്ഞുപോയ നാളുകളിലെ നിറങ്ങൾ നീ സൂക്ഷിച്ചു വെയ്ക്കണം. ആ നിറങ്ങൾ ചേർത്ത് വെച്ച് നീയൊരു പൂച്ചെണ്ട് തീർക്കണം. എല്ലാ വർഷവും നീയെന്നെ കാണാൻ ഈ പള്ളിക്കാട്ടിൽ വരണം. ആ പൂച്ചെണ്ട് നീയെനിക്കു സമർപ്പിക്കണം.അതിനൊപ്പം ഒരു തുള്ളി കണ്ണുനീരും. എല്ലാ വിശേഷങ്ങളും നീ പറയണം. ആ ഏകാന്തതയിൽ നീയും, ഞാനും മാത്രമേ കാണു. നീ എപ്പോഴും പരാതിപെടാറില്ലേ, പകൽ സമയങ്ങളിൽ വിശേഷങ്ങൾ പങ്കുവയ്ക്കാൻ നമ്മൾക്കൊരു സ്വകാര്യത ഇല്ലെന്ന്. ഇവിടെ, പകലും ഏകാന്തതയായിരിക്കും.
ഞാൻ നിന്നോട് പറഞ്ഞ നല്ല വാക്കുകൾ നീ ഓർത്തു വെക്കണം. നമ്മുടെ കുഞ്ഞുങ്ങൾ വളർന്നു വരുമ്പോൾ പറഞ്ഞുക്കൊടുക്കാൻ...

നിന്നോട് ദേഷ്യപ്പെട്ടതും, വഴക്കിട്ടതും  എന്റെ സ്നേഹത്തിന്റെ കൂടുതൽ കൊണ്ടായിരുന്നു. അതിന്റെ ആഴം നീയറിയണമെങ്കിൽ ഈ മണ്ണിൽ ഞാൻ വെറും ഓർമ മാത്രമാകണം. നിന്നെ ഞാൻ ആറ് വർഷം സ്നേഹിച്ചതുപ്പോലെ ഈ ഭൂമിയിൽ ഇനിയൊരു അറുപതു  വർഷം നീ ജീവിച്ചിരിന്നാലും കിട്ടില്ല. എന്റെ സ്നേഹം സത്യമായിരുന്നു....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ