2016, മേയ് 22, ഞായറാഴ്‌ച

പ്രണയലേഖനം

രാത്രി ഉറക്കം വരാതെ കിടന്നപ്പോഴാണ്‌ പഴയ ഡയറി എടുത്തു വെറുതെ തുറന്നു നോക്കിയത്. അപ്പോഴാണ് ഒരു എഴുത്ത് നാലായി മടക്കി വെച്ചിരിക്കുന്നത് കണ്ടത്.
പഴമയുടെ മണമുള്ള ഒരു പ്രണയലേഖനം.
********************************************
എന്റെ ജീവനായ ഷെഫി..

      നിനക്ക്  എഴുതാൻ തുടങ്ങുമ്പോൾതന്നെ എന്റെ മനസ്സിൽ ഒരു നൂറു പനിനീർ പൂവുകൾ ഒന്നിച്ചു വിരിയും. തുടങ്ങട്ടെ....
നിനക്ക് സുഖമാണോ..?
കഴിഞ്ഞ രണ്ടു ദിവസ്സങ്ങളിൽ നിന്നെ കാണാൻ കഴിയാത്തതിന്റെ സങ്കടം ഈ എഴുത്തിന്റെ ചില വരികളിൽ കണ്ണുനീരിന്റെ നനവ് പടർത്തിയിരിക്കും. ഈ എഴുത്ത് നിന്റെ കൈയിൽ തരുന്നതുവരെ ,ഒന്നു തമ്മിൽ  കാണുന്നതുവരെ ആ സങ്കടം എന്റെ മനസ്സിൽ നോവ് പടർത്തിക്കൊണ്ടിരിക്കും.
ഈ കഴിഞ്ഞ രണ്ടു ദിവസ്സങ്ങളിൽ എന്താണ് നിന്റെ വിശേഷങ്ങൾ...?
എന്നെ കാണാൻ നീ ആ ബസ്‌ സ്റ്റോപ്പിൽ വന്നിരിന്നോ...? എന്നെ കാണാതിരിന്നപ്പോൾ  നിന്റെ മനസ്സിലെ സങ്കടം എനിക്ക് ഇവിടെയിരിന്നു അറിയാൻ കഴിഞ്ഞു.
ഈ രണ്ടു ദിവസ്സം അമ്മയുടെ തറവാട്ടിൽ പോയിരുന്നു. പെട്ടെന്നുള്ള യാത്ര ആയതുക്കൊണ്ട് നിന്നോട് പറയാൻ പറ്റിയില്ല.
നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ, അമ്മയുടെ തറവാടിനെ കുറിച്ച്.
  വെറുതെ ഒരു യാത്ര മാത്രം.പ്രത്യേകിച്ച് ഒരു വിശേഷവും ഇല്ലായിരുന്നു. ഒരു ദിവസ്സംപ്പോലും തമ്മിൽ കാണാൻ കഴിയാൻ പറ്റാത്ത നമ്മൾ രണ്ടു ദിവസ്സം എങ്ങനെ കാണാതിരിക്കും...? ആരും കാണാതെ നിന്റെ പഴയൊരു എഴുത്തും എടുത്തുക്കൊണ്ടാണ് ഞാൻ പോയത്. ഒരു നൂറാവർത്തി ഞാനതു വായിച്ചു കഴിഞ്ഞെങ്കിലും , നിന്റെ മുഖം ആ കത്തിൽ തെളിയും. നിന്റെ ഓർമ്മകൾ എന്റെ കൂടെ കാണും.
ഷെഫി..., നമ്മൾ ഒന്നിക്കും എന്നൊരു പ്രതീക്ഷ എനിക്കുണ്ട്. അല്ലെങ്കിൽ മരണത്തെ നമ്മൾക്ക് കൂട്ട് പിടിക്കാം. കാരണം അത്രയ്ക്ക് ഞാൻ നിന്നെ ഇഷ്ടപ്പെട്ടുപോയി.
എന്താണന്നു അറിയില്ല..ഇപ്പോൾ ഒരു നിമിഷംപ്പോലും നിന്നെ കാണാതിരിക്കാൻ എനിക്ക് കഴിയുന്നില്ല.ഈ എഴുത്ത് എഴുതുമ്പോൾ രാത്രി ഒരുപാട് കഴിഞ്ഞിരിക്കുന്നു. നീയെന്നെ വിളിക്കാൻ വരണം. ആരൊക്കെ എതിർത്താലും ആ കൈയിൽ ഞാൻ പിടിക്കും. ഈ മതമെന്ന വേലിക്കെട്ട്‌ , അതിനെ എനിക്ക് പേടിയില്ല ഷെഫി. അത്രയ്ക്കാണ് എന്റെ ഇഷ്ടം.
എന്റെ ഈ മനസ്സ് നിന്റെ മുന്നിൽ എഴുതുന്നത്‌ ഒരു ജീവിതമാണ്‌.
അമ്മയുടെ വീടിന്റെയടുത്തു ഒരു അമ്പലമുണ്ട്. ഇന്നലെ ഞാൻ രാവിലെ അവിടെ തൊഴാൻ പോയിരിന്നു. നിനക്ക് വേണ്ടി ഒരുപാട് ഈശ്വരനോട് പറഞ്ഞു. നമ്മുടെ ഒന്നിച്ചുള്ള ഒരു ജീവിതത്തിനു വേണ്ടി ഒരുപാടു പ്രാർത്ഥിച്ചു. നിനക്ക് ഇതിലൊന്നും വിശ്വാസ്സമില്ലല്ലോ.
ഷെഫി..., ഞാൻ എത്ര വേണമെങ്കിലും കാത്തിരിക്കാം. അത് എത്ര വർഷമായാലും...
എനിക്കറിയില്ല, എന്തിനാണ് ഞാൻ ഇങ്ങനെ നിന്നെ പ്രണയിക്കുന്നതെന്ന്...?
എന്റെ മനസ്സിൽ, എന്റെ ചിന്തകളിൽ നിന്റെ ഓർമ്മകൾ മാത്രമേയുള്ളു.
എന്റെ ഈ കാത്തിരിപ്പ് വെറുതേയാകില്ലല്ലൊ  ഷെഫി... എനിക്കറിയാം നിനക്കെന്നെ ജീവനാണന്നു. നിന്റെ വാക്കുകളിൽ നിന്ന് എനിക്കത് അറിയാൻ കഴിയുന്നുണ്ട്.
പുറത്ത്  മഴ പെയ്യുന്നുണ്ട്. ജന്നൽ പഴുതിലൂടെ എന്റെ മുഖത്ത് ഈറൻ കാറ്റിനു കൂട്ടായി ചെറിയ മഴതുള്ളികളും പതിക്കുന്നുണ്ട്. ഇപ്പോൾ ഈ മുനിഞ്ഞു കത്തുന്ന വിളക്കും, മഴയും, നിനക്ക് വേണ്ടി എഴുതുന്ന ഈ കടലാസ്സിൽ നിന്റെ മുഖവും. എനിക്ക് ഒന്നു കാണാൻ തോന്നുന്നു..., ഇപ്പോൾ.
എന്റെ സ്വപ്നത്തിലെങ്കിലും ഒന്നു വന്നൂടെ ഷെഫി.
നിന്റെ കണ്ണുകളിൽ നോക്കി എന്റെ പ്രണയം പറയാൻ നാളെ രാവിലെ കഴിയില്ലേ. രണ്ടു നാൾ കാണാതെ നാളെ നമ്മൾ കാണുകയാണ്.
എഴുതാൻ തുടങ്ങിയപ്പോൾ എന്തൊക്കെയോ എഴുതണമെന്നു കരുതിയതാണ്. പക്ഷെ, വാക്കുകൾക്ക് ദാരിദ്ര്യം അനുഭവപ്പെടുന്നു.
ബാക്കി വിശേഷങ്ങളൊക്കെ നേരിൽ കാണുമ്പോൾ പറയാം.
ഈ എഴുത്തിനു പെട്ടെന്ന് മറുപടി തരണം.
ഞാനെഴുതുന്നതുപ്പോലെ കുറച്ചൊന്നും എഴുതരുത്. കുറെ എഴുതണം. നിന്റെ വിശേഷങ്ങൾ. നമ്മുടെ സ്വപ്‌നങ്ങൾ. നമ്മുടെ ജീവിതം. അങ്ങനെയങ്ങനെ .... ഒരുപാട് എഴുതണം. ഞാൻ അത് വായിക്കുമ്പോൾ നിന്റെ സാമിപ്യം എനിക്ക് അനുഭവപ്പെടണം.
ഷെഫിയുടെ ഓർമകളാണ് എന്റെ രാത്രികളിൽ എനിക്ക് കൂട്ടിനുള്ളത്.
ഇതിനു മറുപടി തരുമ്പോൾ ഒരു പനിനീർ പൂവുകൂടി എനിക്ക് തരണേ....അപ്പോൾ എന്റെ വിരൽതുമ്പിലൊന്നു സ്പർശിക്കണം. നിന്റെ ഒരു സ്പർശനംപ്പോലും എനിക്ക് ഒരു ലഹരിയാണ് . നിന്റെ സാമിപ്യം എനിക്ക് ഒരു ബലമാണ്‌. എന്റെ കാതുകളിൽ നിന്റെ നനുത്ത സ്വരമാണ് .
എന്റെ ജീവിതം നീതന്നെയാണ് .
                നിർത്തട്ടെ ഷെഫി.
സ്നേഹത്തോടെ.....പ്രതീക്ഷയോടെ....,
                           ദിവ്യ
********************************************
ഓർമകളുടെ ഒരു മിഴിനീർതുള്ളി നിലത്തു വീണു ചിതറി.
ദിവ്യ, അവളിപ്പോൾ എവിടെയായിരിക്കും...?
ഓർക്കുന്നുണ്ടാകുമോ..? ഓർമകളിൽ ഒരു പനിനീർ പൂവിന്റെ ഇതളായങ്കിലും ഞാൻ കാണുമോ...?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ