2016, മേയ് 13, വെള്ളിയാഴ്‌ച

ഓർമകൾ മാത്രം......

എന്റെ ഓർമകളെ മയ്യത്ത് കട്ടിലിൽ ഉറക്കി. എന്നെ ദിഖ്ർ ചൊല്ലി പള്ളിക്കാട്ടിലെ ആറടി മണ്ണിലേക്ക് കൊണ്ട് പോകുകയാണ്. നമ്മൾ നടന്ന വഴികളിലൂടെ എന്റെ നിശ്ചലമായ ശരീരം യാത്രയാകുകയാണ് ...
ആരൊക്കെയോ കരയുന്നുണ്ട്. മൂന്നു ദിവസ്സം കഴിയുമ്പോൾ ഈ കരച്ചിലൊക്കെ മാറും.ഞാൻ വെറും ഓർമയാകും.
നിന്റെ വീടിന്റെ മുന്നിലൂടെ ഒരു ജനസഞ്ചനം വരുന്നത് കണ്ടില്ലേ. ഇപ്പോൾ പരസ്പരം നിങ്ങൾ പറയുന്നുണ്ടാകും. ഇവിടെയടുത്താരോ മരിച്ചെന്ന്. നിശബ്ദമായി നിങ്ങളും എന്നെ യാത്രയക്കുകയാണ്. നിനക്കറിയില്ലല്ലോ , നമ്മൾ ഒന്നിച്ചു കണ്ട സ്വപ്നത്തിന്റെ ഉടമയാണ് ഈ യാത്ര ആകുന്നതെന്ന്.....!
നമ്മൾ ഒന്നിച്ചു നടന്ന വഴികളിൽ ഞാൻ തനിച്ചു യാത്ര പോകുകയാണ്.....
കുറച്ചു നാൾ കഴിയുമ്പോൾ നീ തനിച്ചിരിക്കുമ്പോൾ , നിന്റെ ഏകാന്തതയിൽ ഞാൻ നിറയും. എന്നെ കാണണമെന്ന് നിനക്ക് തോന്നും. എന്നെ നീ തിരക്കും. നമ്മൾ കണ്ടുമുട്ടാറുള്ള വഴികളിൽ നീയെന്നെ പ്രതീക്ഷയോടെ തിരയും.
നമ്മളെ പരിചയമുള്ള ആരോടെങ്കിലും എന്നെ കുറിച്ച് നീ തിരക്കും. അപ്പോഴാണ് പ്രിയതേ , നീ അറിയുന്നത് എന്നെ നീ നിശബ്ദമായി യാത്രയാക്കിയത്......
നിന്റെ മനസ്സിൽ എന്റെ പുഞ്ചിരിക്കുന്ന മുഖം തെളിയും. നിന്റെ കാതുകളിൽ എന്റെ പ്രണയ വാക്കുകൾ നിറയും. നിന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പും.
കഴിഞ്ഞുപോയ ഇന്നലെകൾ  നിന്റെ മനസ്സിൽ മിന്നി മറയും. കരയരുത് സഖിയെ....,
നിന്റെ വേദന എന്നെ ആറടി മണ്ണിനുള്ളിൽ പൊള്ളിക്കുന്നു. ഞാനുറങ്ങുന്ന ഈ പള്ളിക്കാട്ടിൽ എന്നെ കാണാൻ ഒന്നു വരുമോ...?  എന്റെ ഖബറിന് മുകളിൽ ഒരു ചെമ്പക മരം നടുമോ...?
എനിക്ക് തണലേകാൻ.....
സഖി......നമ്മൾ കാത്തിരുന്നതും , പ്രണയിച്ചതും നമ്മുടെ ഓർമകളും ഈ ആറടി മണ്ണിൽ മറമാടിയിരിക്കുന്നു. നിന്നെ ചുംബിച്ച ചുണ്ടുകളിൽ പുഴുക്കൾ മത്സരത്തോടെ ഉമ്മകൾ വെക്കുന്നു....നിന്നെ പുണർന്ന കൈകൾ ഈ പച്ചമണ്ണിൽ അലിഞ്ഞു ചേർന്നിരിക്കുന്നു.
ഇപ്പോൾ ജീവനോടെയിരിക്കുന്നത് എന്റെ ഓർമകൾ മാത്രം......നിന്റെ മനസ്സിലും....!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ