2016, മേയ് 24, ചൊവ്വാഴ്ച

അതുമൊരു കാലം

മാറത്തു അടുക്കിവെച്ച പുസ്തകെട്ടും, പട്ടു ദാവണിയും ചുറ്റി കവലയിൽ കൂട്ടുകാരികളോടൊപ്പം ബസ്‌ കാത്തു നിൽക്കുമ്പോൾ പാളിയുള്ള നിന്റെ നോട്ടമാണ് പെണ്ണെ.., എന്റെ മനസ്സിൽ നിന്നോടുള്ള പ്രണയത്തിന്റെ കൂട്ടലും, കിഴിക്കലും നടത്തിയത്.
അവസാനം ഹരിച്ചിട്ടും, ഗുണിച്ചിട്ടും നിന്റെ  മിഴിമുനയിൽ നീ നിറച്ചു വെച്ചത് എന്നോടുള്ള പ്രണയത്തിന്റെ മണി മുത്തുകളാണന്നു അറിഞ്ഞതിനു ശേഷമാണ് എന്നെത്തന്നെ ഞാൻ അറിയാൻ ശ്രമിച്ചത്‌.
പത്താം ക്ലാസ്സ് എന്ന കടമ്പ കഴിഞ്ഞു ജീവിതം പാരലൽ കോളേജിന്റെ വരാന്തയിൽ ഹോമിക്കണൊ അതോ, ചീറി പാഞ്ഞുപോകുന്ന ഓട്ടോറിക്ഷയുടെ സാരഥിയാകണമോ എന്ന ചിന്തയിൽ മനസ്സ് കലുങ്കുഷമായി ഇരിക്കുന്ന സമയത്താണ് നിന്റെ നോട്ടം എന്റെ മനസ്സിന്റെ മതിൽ തകർത്ത് ഉള്ളിലേക്കു ഇടിച്ചു കയറിയത്.
നാരായണേട്ടന്റെ കടയുടെ തടിബെഞ്ചിൽ അന്നത്തെ പത്രവും എടുത്തുവെച്ചു ലോകത്ത് ഇന്നലെ എന്തു സംഭവിച്ചെന്നു ഉത്ക്കണ്ടയോടെ കണ്ണോടിക്കുമ്പോൾ ഇടം കണ്ണിട്ടു ആരും കാണാതെ നിന്നെ നോക്കുമ്പോൾ കിട്ടുന്ന സുഖം . എന്നെ നീയും പാളി നോക്കുന്നുണ്ടെന്നു അറിയുമ്പോൾ കിട്ടുന്ന അനുഭൂതി അമേരിക്കൻ പ്രസ്സിഡന്റ് ആയാൽപ്പോലും കിട്ടില്ല.
ഇടയ്ക്കിടയ്ക്ക് നമ്മുടെ നോട്ടത്തിനെ ഖണ്ഡിച്ചു കടന്നുപോകുന്ന ഓട്ടോഡ്രൈവരുമാരെ നിന്റെ കൂട്ടുകാരികൾ ആരാധനയോടെ നോക്കുന്നതു കാണുമ്പോൾ , ഇവന്റൊയൊക്കെ സമയമെന്ന് പിറുപിറുക്കുന്ന ഒരു മൂരാച്ചിയാകും  ഞാൻ.
നിനക്ക് പോകാനുള്ള ബസ്‌ വന്നു കഴിഞ്ഞാൽ പിന്നെ നിന്റെ പിന്തിരിഞ്ഞുള്ള നോട്ടം കാണുമ്പോൾ എന്റെ മനസ്സിൽ ഒരു സൂര്യകാന്തിപ്പാടം അപ്പാടെ പൂക്കും.
ആ ബസ്‌ എന്റെ കണ്മുന്നിൽ നിന്ന് മറഞ്ഞു കഴിഞ്ഞാൽ പിന്നെ എങ്ങനെ നാലുമണിയാക്കാം എന്ന ചിന്തയാകും. പ്രത്യേകിച്ച് ജോലിയും, വേലയും ഇല്ലാത്തതുക്കൊണ്ടും., വീട്ടിൽ പോയാൽ രാവിലെ തെണ്ടലും കഴിഞ്ഞു പൊന്നുമോൻ വന്നല്ലോ എന്ന വാത്സല്യത്തിൽ പൊതിഞ്ഞ അമ്മയുടെ മറുപടിയും. നീ എന്തെങ്കിലും കഴിച്ചോട എന്നു സ്നേഹത്തോടെ ചോദിച്ചിട്ട് അടുക്കളയിൽ എനിക്കുള്ള ഭക്ഷണം എടുക്കാൻ പോകുന്ന അമ്മയും. സമയം പിന്നെയും ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കും.
അപ്പോഴും ഈ സൂര്യ ഭഗവൻ  അസ്തമിക്കാൻ ഒരു താല്പര്യവും കാണിക്കാതെ എന്നെ നോക്കി കൊഞ്ഞനം കാണിച്ചു കൊണ്ടിരിക്കും. നീ അങ്ങനെയിപ്പോ നാലുമണി ആകുന്നതും നോക്കിയിരിക്കണ്ട എന്ന പരിഹാസത്തോടെ..
ആ ഉച്ചവെയിലിലും നിന്റെ ഓർമ്മകൾ എന്നെ കുളിരണിയിക്കും.
ഇനിയെങ്ങാനും ബസ്‌ നേരെത്തെ വന്നാലോ എന്ന ഭയാനകമായ ചിന്തയിൽ വീട്ടിൽ നിന്നിറങ്ങുമ്പോൾ അമ്മ പുറകെ വിളിക്കും. ട , ചായ കുടിച്ചിട്ട് പോടാ. സമയമില്ലന്നു പറഞ്ഞു പാടവരമ്പത്ത് കൂടി നടക്കുമ്പോൾ , മനസ്സിൽ ബസിന്റെ ഇരമ്പൽ കേൾക്കും.
പിന്നെയും നാരായണേട്ടന്റെ തടിബെഞ്ചിൽ ഹാജർ വെക്കുമ്പോൾ ഒരു പ്രണയലേഖനം ഷർട്ടിന്റെ പോക്കറ്റിൽ കിടന്നു പഞ്ചാരിമേളം കൊട്ടും. ദൈവമേ, ഇന്നെങ്കിലും ഇവൻ ആ പെണ്ണിനു എന്നെ കൈ മാറണമെയെന്നു ആത്മഗദം പറയും.
നിന്നെയും വഹിച്ചുക്കൊണ്ട് ആ രഥം വന്നു നിൽക്കുമ്പോൾ ഞാൻ അക്ഷമനാകും. നാളെ കാണാം എന്നുപറഞ്ഞു നിന്റെ കൂട്ടുകാരികളോട് യാത്ര പറഞ്ഞു ആ പാടവരമ്പിലേക്ക്‌ നീ വലതുകാല് വെച്ച് കഴിയുമ്പോൾ നീ വീണ്ടും ഒന്നു നോക്കും. പതിയെ നിന്റെ പിന്നാലെ നടന്നു വരുമ്പോൾ പോക്കറ്റിൽ കിടക്കുന്ന പ്രണയലേഖനം ബഹളം വെക്കും. ഒന്ന് സ്പീഡിനു പോ ചേട്ടാ. ഇന്നെങ്കിലും എന്നെയൊന്നു കൈമാറികൂടെ എന്ന് ചോദിക്കും.
അവളുടെ നടത്തത്തിന്റെ വേഗത കുറയും. ചുറ്റുപാടും അവൾ കണ്ണോടിക്കും.എന്നെ പ്രതീക്ഷിച്ചു നിൽക്കും . അവസാനം അവളുടെ ചാരത്തണഞ്ഞു ഒരു ചിരിയിൽ പ്രണയം പറയും. പിന്നെ സ്വപ്നങ്ങളും, മോഹങ്ങളും അക്ഷരങ്ങളിലൊതുക്കിയ ആ പ്രണയലേഖനം വിറയാർന്ന കരങ്ങളാൽ കൈമാറും. അവൾ ചുറ്റുപാടും വീക്ഷിച്ചു സ്നേഹത്തോടെ ആ പ്രണയലേഖനം വാങ്ങി പുസ്തക കെട്ടുകൾക്കിടയിൽ തിരുകി വെക്കും.പിന്നെ കണ്ണുകളാൽ യാത്ര പറഞ്ഞ്...ആ പാടവരമ്പിലൂടെ വേഗത്തിൽ യാത്രയാകും. സുന്ദരമായ ദിവസ്സങ്ങൾ. എല്ലാവരുടെയും പ്രണയത്തിൽ ഒരു വില്ലൻ കാണുമല്ലോ. എന്റെ പ്രണയ ദിവസ്സങ്ങളിലും ഉണ്ടായിരുന്നു, ഒന്നല്ല രണ്ടു വില്ലൻ. ശനിയും,ഞായറും.
അങ്ങനെ വർഷങ്ങൾ കഴിഞ്ഞു പോയി. കണ്ടും കാണാതെയും എഴുത്തുകളിലൂടെയും ഞങ്ങളുടെ പ്രണയം അങ്ങനെ തഴച്ചു വളർന്നു.
ജീവിതം എങ്ങനെ മെച്ചപ്പെടുത്താം എന്ന ചിന്തയിൽ വീണ്ടും മനസ്സ് ശല്യപ്പെടുത്തി കൊണ്ടിരിന്നു. അല്ലെങ്കിൽ ആൺകുട്ടികൾ എന്നെയും കൊണ്ട് പോകുമെന്നു പറഞ്ഞു അവളും പരിഭവിക്കാൻ തുടങ്ങി. ഞാൻ ധർമ സങ്കടത്തിലുമായി. അല്ലെങ്കിലും സ്വന്തം വീട്ടിൽ നിന്ന്  തന്നെ ഇത് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി.
അങ്ങനെ, ദൈവം എനിക്ക് വേണ്ടി ഒരാളെ ഭൂമിയിലേക്ക്‌ പറഞ്ഞു വിട്ടതുപ്പോലെ അച്ഛന്റെ അകന്ന ബന്ധത്തിലുള്ള ഒരാൾ ഗൾഫ്‌ എന്ന സ്വപ്ന രാജ്യം എന്റെ മുന്നിൽ തുറന്നു തന്നു.അവളോട്‌ നിറകണ്ണുകളോടെ യാത്ര പറഞ്ഞ് . ഞാൻ കാത്തിരിക്കും എന്നവൾ പറഞ്ഞപ്പോൾ . സുൽത്താനായി വന്നു അവളുടെ കൈ പിടിക്കുന്ന സീൻ മനസ്സിലൂടെ പറന്നുപോയി.
ഇപ്പോൾ പണക്കാരനാകാം എന്ന ചിന്തയിൽ വിമാനം കയറി ഇവിടെ വന്നു. പക്ഷേ, ഒന്ന് സ്വന്തം കാലിൽ നിൽക്കാൻ തന്നെ മൂന്നുവർഷം വേണ്ടി വന്നു.
അപ്പോഴേക്കും പഴയ പ്രണയനായിക വേറൊരു നായകനു മനസ്സും,ശരീരവും കൈ മാറി കഴിഞ്ഞു. നാട്ടുകാരും,വീട്ടുകാരുമറിഞ്ഞു  ആഘോഷമായി തന്നെ.
അങ്ങനെ മൂന്നുവർഷത്തിന് ശേഷം ഈ നാട്ടിൽ വന്നപ്പോൾ . അവൾ ബസ്‌ കാത്തുനിന്ന അതെ കവലയിൽ കൂടി ഒരു ബൈക്കിൽ എന്റെ വില്ലനുമൊത്ത് ചേർന്നിരിന്നു പോകുന്നു. കൈയിൽ ഒരു വാവയും. അപ്പോഴും അവളെന്നെ തിരിഞ്ഞു നോക്കി.
പഴയ ഓർമകളിലേക്ക് ഞാനൊന്നു പോയി വന്നു. അവളു പോയെങ്കിലും, ആ ഓർമ്മകൾ....സുഖമുള്ള ഓർമ്മകൾ എനിക്ക് സമ്മാനിച്ചതിന്....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ