2016, മേയ് 28, ശനിയാഴ്‌ച

വേദനയോടെ...

ലക്ഷ്മി..,
നീ പെട്ടെന്ന് ഇങ്ങനെ പറഞ്ഞാൽ എങ്ങനാ..?
എന്റെ അവസ്ഥ നിനക്കറിയില്ലേ..?
പിന്നെ ഞാനെന്താണ് ചെയ്യേണ്ടത് രാഹുൽ..
എന്റെ നിസ്സഹായത നീയെന്ത മനസ്സിലാക്കാത്തത്‌..?
അന്നേ ഞാൻ പറഞ്ഞതല്ലേ രാഹുൽ...
നേരമ്പോക്കിനു വേണ്ടി എനിക്കൊരു പ്രണയം വേണ്ടെന്ന്‌.
എത്രവട്ടം ഞാൻ പറഞ്ഞതാ..എന്നിട്ടും എന്റെ പിന്നാലെ നടന്ന്, എന്റെ മനസ്സിൽ കുറെ സ്വപ്‌നങ്ങൾ തന്നിട്ട്...!
ലക്ഷ്മിയുടെ മിഴികൾ നിറഞൊഴുകാൻ തുടങ്ങി.
ലക്ഷ്മി, എന്റെ ഇപ്പോഴത്തെ അവസ്ഥ
നിനക്കറിയില്ലേ. വീട്ടുകാരുടെ കാരുണ്യത്തിലാണ് എന്റെ ഓരോ ദിവസങ്ങളും കഴിയുന്നത്‌. സ്വന്തംകാലിൽ നിന്നു കഴിഞ്ഞിട്ടൊരു ജീവിതം. അതുവരെ നിനക്ക് കാത്തിരിന്നൂടെ..
എത്ര നാൾ രാഹുൽ...? എത്ര നാൾ...?
അത്..! രാഹുലിനു വാക്കുകൾ തൊണ്ടയിൽ കുടുങ്ങി.
പിന്നെയെന്തിനാണ് രാഹുൽ , എന്നെ നീ മോഹിപ്പിച്ചത്‌..?
ഞാൻ എന്റെ വഴിയെ നടന്നതല്ലേ. എന്നിട്ടിപ്പോൾ. ലക്ഷ്മിയുടെ നോട്ടത്തിന്റെ തീക്ഷ്ണത രാഹുലിനെ അസ്വസ്ഥതപ്പെടുത്തി.
വീണ്ടും വിറയാർന്ന ലക്ഷ്മിയുടെ വാക്കുകൾ രാഹുലിന്റെ കാതുകളിൽ മുഴങ്ങി.
വീട്ടിൽ കല്യാണ ആലോചന നടക്കുവ. നീ പറഞ്ഞാൽ ഞാൻ കാത്തിരിക്കാം. പക്ഷെ, എത്ര നാൾ...? ഞാനൊരു പെണ്ണല്ലെ രാഹുൽ..
എനിക്കും പരിമിതികളില്ലേ. എന്ത് പറഞ്ഞു ഞാൻ എന്റെ വീട്ടിൽ ഇനി പിടിച്ചു നിൽക്കും.
എന്റെ മനസ്സ് ഞാൻ നിനക്ക് തന്നിട്ട്. എന്റെ ഹൃദയം നിനക്ക് തന്നിട്ട്.. ഈ ശരീരം മാത്രം വേറൊരാൾക്ക് ഞാൻ കൊടുക്കണം, അല്ലെ.
ലക്ഷ്മിയുടെ വാക്കുകൾ രാഹുലിന്റെ ഹൃദയത്തിൽ കൂരമ്പ്‌പ്പോലെതറച്ചുക്കൊണ്ടിരിന്നു.
എന്തായിരുന്നു നിന്റെ പ്രണയലേഖനങ്ങൾ..?
ആരെതിർത്താലും നിന്റെ കൈ പിടിച്ചു എന്റെ ജീവിതത്തിൽ കൂട്ടും. ഇപ്പോൾ നീതന്ന വാക്കിൽ നിന്റെ മുന്നിൽ ഞാൻ നിൽക്കുകയാണ് . നീ വാഗ്ദാനം ചെയ്ത ജീവിതത്തിനു വേണ്ടി. അല്ലെങ്കിൽ, ഒരു മുഴം കയറിൽ ഞാൻ എന്റെ ജീവിതം അവസ്സാനിപ്പിക്കണൊ...പറ രാഹുൽ...?
രാഹുൽ നിസ്സഹായതോടെ , നിറഞ്ഞ മിഴികളോടെ ലക്ഷ്മിയെ നോക്കി.
അതിനാണോ നിന്നെ ഞാൻ പ്രണയിച്ചത്..?
എന്നെ മനസ്സിലാക്കിയ നീ എന്നോട് ഇങ്ങനെ പറയരുത് ലക്ഷ്മി.
ഞാൻ ഇനിയെന്തു വേണം രാഹുൽ...?
എല്ലാം മറക്കണമല്ലെ....!
മറക്കാം. നിന്നെ മറക്കാം. നമ്മുടെ പ്രണയം മറക്കാം. നമ്മൾക്കണ്ട സ്വപ്‌നങ്ങൾ മറക്കാം.
പിന്നെ വേറൊരാളുടെ തലിച്ചരടിനു കഴുത്ത് കുനിച്ചു കൊടുക്കാം.
നിനക്കൊന്നും പറയാനില്ലേ രാഹുൽ...?നീയിപ്പോൾ മനസ്സിൽ യാത്ര പറയാൻ പോകുമ്പോഴുള്ള ആശംസ വാക്കുകൾ തിരയുകയായിരിക്കും.
എന്നെങ്കിലും നിന്റെ ഓർമകളിൽ ഞാൻ നിറയുമ്പോൾ നീ ഓർക്കണം രാഹുൽ...
ഒരു ഹൃദയമിടിപ്പിന് അകലെ നിന്റെ മുന്നിൽ നിന്ന് യാത്ര പറഞ്ഞു പടിയിറങ്ങുന്ന എന്നെ...
കാത്തിരുന്നതും, തേടി വന്നതും എന്റെ തെറ്റ്.
ഞാൻ പോകുകയാണ് രാഹുൽ..
ഇനിയൊരു പിൻവിളി ഇല്ലല്ലോ ,അല്ലെ..!
പ്രതീക്ഷ അസ്തമിച്ചു രാഹുൽ....
നിറകണ്ണുകളോടെ , ഞാൻ യാത്ര പറയുകയാണ്. എനിക്ക് നൽകാൻ ആശംസ വാക്കുകൾ നീ പരതണമെന്നില്ല.
ആ മനസ്സിൽ ഞാൻ മരിച്ചു കഴിഞ്ഞു.......


തെറ്റ്

തകർന്നു ചിന്നിച്ചിതറി പോയ ജീവിതം പെറുക്കിയെടുത്തു ഒന്നുകൂടി നേരെയാക്കാൻ ശ്രമിക്കുകയാണ്. വീഴ്ചയിൽ ഹൃദയത്തിനു ഒരുപാടു പോറലേറ്റു.
തകർന്ന ഹൃദയവുമായി വീണ്ടുമൊരു ജീവിതം. തളർന്നുപോയ മനസ്സുമായി വീണ്ടുമൊരു ജീവിതം സ്വപ്നം കാണുകയാണ്.
കടന്നുവന്ന വഴികളിലെ മുള്ളുകൾ പാദങ്ങളിൽ തറചിരിപ്പുണ്ട്.
രക്തം പൊടിയുന്ന പാദങ്ങളുമായി വീണ്ടുമൊരു ജീവിതത്തിലേക്ക് നടന്നു കയറണം.
തെറ്റിപോയ വഴിയിൽ നിന്ന് തിരിച്ചു നടക്കണം. ദൂരം ഒരുപാട്....
എന്തിനായിരുന്നു.., എന്റെ വഴിയിൽ നീ വന്നത്...?
എന്ത് തെറ്റാണു ഞാൻ നിന്നോട് ചെയ്തത്..?
നിന്നെ സ്നേഹിച്ചതിനോ ?
ഈ മനസ്സിൽ നിന്റെ രൂപം വരച്ചിട്ടതിനോ ?
എന്റെ പ്രണയ പുസ്തകത്തിൽ നിന്നെ അക്ഷരങ്ങളായി എഴുതിയതിനോ ?
കഴിഞ്ഞു പോയ കാലങ്ങൾ ഞാൻ നിന്നെ ഓർമിപ്പിചില്ലല്ലൊ...
നിന്റെ മനസ്സിൽ വീണ്ടും ഞാൻ കടന്നുകൂടാൻ ശ്രമിച്ചില്ല. നീ നടന്നുവന്ന വഴിയിൽ പ്രണയപൂക്കളുമായി ഞാൻ കാത്തു നിന്നില്ല.
അന്നു നമ്മൾ പിരിയുമ്പോൾ നീ പറഞ്ഞതല്ലേ, അടുത്ത ജന്മം ഒന്നാകാമെന്നു.
പിന്നെയെന്തിനാണ് വീണ്ടും എന്റെ ജീവിതം തകർക്കാൻ നീ വന്നത്...?
രണ്ടാമത് നിന്നെ കണ്ടു കഴിഞ്ഞപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി....
നിന്റെ കല്ലുവെച്ച നുണകൾക്ക്
നിന്റെ മൂക്കുകുത്തിയുടെ കല്ലിനേക്കാൾ തിളക്കമുണ്ടെന്ന്...

2016, മേയ് 24, ചൊവ്വാഴ്ച

അതുമൊരു കാലം

മാറത്തു അടുക്കിവെച്ച പുസ്തകെട്ടും, പട്ടു ദാവണിയും ചുറ്റി കവലയിൽ കൂട്ടുകാരികളോടൊപ്പം ബസ്‌ കാത്തു നിൽക്കുമ്പോൾ പാളിയുള്ള നിന്റെ നോട്ടമാണ് പെണ്ണെ.., എന്റെ മനസ്സിൽ നിന്നോടുള്ള പ്രണയത്തിന്റെ കൂട്ടലും, കിഴിക്കലും നടത്തിയത്.
അവസാനം ഹരിച്ചിട്ടും, ഗുണിച്ചിട്ടും നിന്റെ  മിഴിമുനയിൽ നീ നിറച്ചു വെച്ചത് എന്നോടുള്ള പ്രണയത്തിന്റെ മണി മുത്തുകളാണന്നു അറിഞ്ഞതിനു ശേഷമാണ് എന്നെത്തന്നെ ഞാൻ അറിയാൻ ശ്രമിച്ചത്‌.
പത്താം ക്ലാസ്സ് എന്ന കടമ്പ കഴിഞ്ഞു ജീവിതം പാരലൽ കോളേജിന്റെ വരാന്തയിൽ ഹോമിക്കണൊ അതോ, ചീറി പാഞ്ഞുപോകുന്ന ഓട്ടോറിക്ഷയുടെ സാരഥിയാകണമോ എന്ന ചിന്തയിൽ മനസ്സ് കലുങ്കുഷമായി ഇരിക്കുന്ന സമയത്താണ് നിന്റെ നോട്ടം എന്റെ മനസ്സിന്റെ മതിൽ തകർത്ത് ഉള്ളിലേക്കു ഇടിച്ചു കയറിയത്.
നാരായണേട്ടന്റെ കടയുടെ തടിബെഞ്ചിൽ അന്നത്തെ പത്രവും എടുത്തുവെച്ചു ലോകത്ത് ഇന്നലെ എന്തു സംഭവിച്ചെന്നു ഉത്ക്കണ്ടയോടെ കണ്ണോടിക്കുമ്പോൾ ഇടം കണ്ണിട്ടു ആരും കാണാതെ നിന്നെ നോക്കുമ്പോൾ കിട്ടുന്ന സുഖം . എന്നെ നീയും പാളി നോക്കുന്നുണ്ടെന്നു അറിയുമ്പോൾ കിട്ടുന്ന അനുഭൂതി അമേരിക്കൻ പ്രസ്സിഡന്റ് ആയാൽപ്പോലും കിട്ടില്ല.
ഇടയ്ക്കിടയ്ക്ക് നമ്മുടെ നോട്ടത്തിനെ ഖണ്ഡിച്ചു കടന്നുപോകുന്ന ഓട്ടോഡ്രൈവരുമാരെ നിന്റെ കൂട്ടുകാരികൾ ആരാധനയോടെ നോക്കുന്നതു കാണുമ്പോൾ , ഇവന്റൊയൊക്കെ സമയമെന്ന് പിറുപിറുക്കുന്ന ഒരു മൂരാച്ചിയാകും  ഞാൻ.
നിനക്ക് പോകാനുള്ള ബസ്‌ വന്നു കഴിഞ്ഞാൽ പിന്നെ നിന്റെ പിന്തിരിഞ്ഞുള്ള നോട്ടം കാണുമ്പോൾ എന്റെ മനസ്സിൽ ഒരു സൂര്യകാന്തിപ്പാടം അപ്പാടെ പൂക്കും.
ആ ബസ്‌ എന്റെ കണ്മുന്നിൽ നിന്ന് മറഞ്ഞു കഴിഞ്ഞാൽ പിന്നെ എങ്ങനെ നാലുമണിയാക്കാം എന്ന ചിന്തയാകും. പ്രത്യേകിച്ച് ജോലിയും, വേലയും ഇല്ലാത്തതുക്കൊണ്ടും., വീട്ടിൽ പോയാൽ രാവിലെ തെണ്ടലും കഴിഞ്ഞു പൊന്നുമോൻ വന്നല്ലോ എന്ന വാത്സല്യത്തിൽ പൊതിഞ്ഞ അമ്മയുടെ മറുപടിയും. നീ എന്തെങ്കിലും കഴിച്ചോട എന്നു സ്നേഹത്തോടെ ചോദിച്ചിട്ട് അടുക്കളയിൽ എനിക്കുള്ള ഭക്ഷണം എടുക്കാൻ പോകുന്ന അമ്മയും. സമയം പിന്നെയും ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കും.
അപ്പോഴും ഈ സൂര്യ ഭഗവൻ  അസ്തമിക്കാൻ ഒരു താല്പര്യവും കാണിക്കാതെ എന്നെ നോക്കി കൊഞ്ഞനം കാണിച്ചു കൊണ്ടിരിക്കും. നീ അങ്ങനെയിപ്പോ നാലുമണി ആകുന്നതും നോക്കിയിരിക്കണ്ട എന്ന പരിഹാസത്തോടെ..
ആ ഉച്ചവെയിലിലും നിന്റെ ഓർമ്മകൾ എന്നെ കുളിരണിയിക്കും.
ഇനിയെങ്ങാനും ബസ്‌ നേരെത്തെ വന്നാലോ എന്ന ഭയാനകമായ ചിന്തയിൽ വീട്ടിൽ നിന്നിറങ്ങുമ്പോൾ അമ്മ പുറകെ വിളിക്കും. ട , ചായ കുടിച്ചിട്ട് പോടാ. സമയമില്ലന്നു പറഞ്ഞു പാടവരമ്പത്ത് കൂടി നടക്കുമ്പോൾ , മനസ്സിൽ ബസിന്റെ ഇരമ്പൽ കേൾക്കും.
പിന്നെയും നാരായണേട്ടന്റെ തടിബെഞ്ചിൽ ഹാജർ വെക്കുമ്പോൾ ഒരു പ്രണയലേഖനം ഷർട്ടിന്റെ പോക്കറ്റിൽ കിടന്നു പഞ്ചാരിമേളം കൊട്ടും. ദൈവമേ, ഇന്നെങ്കിലും ഇവൻ ആ പെണ്ണിനു എന്നെ കൈ മാറണമെയെന്നു ആത്മഗദം പറയും.
നിന്നെയും വഹിച്ചുക്കൊണ്ട് ആ രഥം വന്നു നിൽക്കുമ്പോൾ ഞാൻ അക്ഷമനാകും. നാളെ കാണാം എന്നുപറഞ്ഞു നിന്റെ കൂട്ടുകാരികളോട് യാത്ര പറഞ്ഞു ആ പാടവരമ്പിലേക്ക്‌ നീ വലതുകാല് വെച്ച് കഴിയുമ്പോൾ നീ വീണ്ടും ഒന്നു നോക്കും. പതിയെ നിന്റെ പിന്നാലെ നടന്നു വരുമ്പോൾ പോക്കറ്റിൽ കിടക്കുന്ന പ്രണയലേഖനം ബഹളം വെക്കും. ഒന്ന് സ്പീഡിനു പോ ചേട്ടാ. ഇന്നെങ്കിലും എന്നെയൊന്നു കൈമാറികൂടെ എന്ന് ചോദിക്കും.
അവളുടെ നടത്തത്തിന്റെ വേഗത കുറയും. ചുറ്റുപാടും അവൾ കണ്ണോടിക്കും.എന്നെ പ്രതീക്ഷിച്ചു നിൽക്കും . അവസാനം അവളുടെ ചാരത്തണഞ്ഞു ഒരു ചിരിയിൽ പ്രണയം പറയും. പിന്നെ സ്വപ്നങ്ങളും, മോഹങ്ങളും അക്ഷരങ്ങളിലൊതുക്കിയ ആ പ്രണയലേഖനം വിറയാർന്ന കരങ്ങളാൽ കൈമാറും. അവൾ ചുറ്റുപാടും വീക്ഷിച്ചു സ്നേഹത്തോടെ ആ പ്രണയലേഖനം വാങ്ങി പുസ്തക കെട്ടുകൾക്കിടയിൽ തിരുകി വെക്കും.പിന്നെ കണ്ണുകളാൽ യാത്ര പറഞ്ഞ്...ആ പാടവരമ്പിലൂടെ വേഗത്തിൽ യാത്രയാകും. സുന്ദരമായ ദിവസ്സങ്ങൾ. എല്ലാവരുടെയും പ്രണയത്തിൽ ഒരു വില്ലൻ കാണുമല്ലോ. എന്റെ പ്രണയ ദിവസ്സങ്ങളിലും ഉണ്ടായിരുന്നു, ഒന്നല്ല രണ്ടു വില്ലൻ. ശനിയും,ഞായറും.
അങ്ങനെ വർഷങ്ങൾ കഴിഞ്ഞു പോയി. കണ്ടും കാണാതെയും എഴുത്തുകളിലൂടെയും ഞങ്ങളുടെ പ്രണയം അങ്ങനെ തഴച്ചു വളർന്നു.
ജീവിതം എങ്ങനെ മെച്ചപ്പെടുത്താം എന്ന ചിന്തയിൽ വീണ്ടും മനസ്സ് ശല്യപ്പെടുത്തി കൊണ്ടിരിന്നു. അല്ലെങ്കിൽ ആൺകുട്ടികൾ എന്നെയും കൊണ്ട് പോകുമെന്നു പറഞ്ഞു അവളും പരിഭവിക്കാൻ തുടങ്ങി. ഞാൻ ധർമ സങ്കടത്തിലുമായി. അല്ലെങ്കിലും സ്വന്തം വീട്ടിൽ നിന്ന്  തന്നെ ഇത് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി.
അങ്ങനെ, ദൈവം എനിക്ക് വേണ്ടി ഒരാളെ ഭൂമിയിലേക്ക്‌ പറഞ്ഞു വിട്ടതുപ്പോലെ അച്ഛന്റെ അകന്ന ബന്ധത്തിലുള്ള ഒരാൾ ഗൾഫ്‌ എന്ന സ്വപ്ന രാജ്യം എന്റെ മുന്നിൽ തുറന്നു തന്നു.അവളോട്‌ നിറകണ്ണുകളോടെ യാത്ര പറഞ്ഞ് . ഞാൻ കാത്തിരിക്കും എന്നവൾ പറഞ്ഞപ്പോൾ . സുൽത്താനായി വന്നു അവളുടെ കൈ പിടിക്കുന്ന സീൻ മനസ്സിലൂടെ പറന്നുപോയി.
ഇപ്പോൾ പണക്കാരനാകാം എന്ന ചിന്തയിൽ വിമാനം കയറി ഇവിടെ വന്നു. പക്ഷേ, ഒന്ന് സ്വന്തം കാലിൽ നിൽക്കാൻ തന്നെ മൂന്നുവർഷം വേണ്ടി വന്നു.
അപ്പോഴേക്കും പഴയ പ്രണയനായിക വേറൊരു നായകനു മനസ്സും,ശരീരവും കൈ മാറി കഴിഞ്ഞു. നാട്ടുകാരും,വീട്ടുകാരുമറിഞ്ഞു  ആഘോഷമായി തന്നെ.
അങ്ങനെ മൂന്നുവർഷത്തിന് ശേഷം ഈ നാട്ടിൽ വന്നപ്പോൾ . അവൾ ബസ്‌ കാത്തുനിന്ന അതെ കവലയിൽ കൂടി ഒരു ബൈക്കിൽ എന്റെ വില്ലനുമൊത്ത് ചേർന്നിരിന്നു പോകുന്നു. കൈയിൽ ഒരു വാവയും. അപ്പോഴും അവളെന്നെ തിരിഞ്ഞു നോക്കി.
പഴയ ഓർമകളിലേക്ക് ഞാനൊന്നു പോയി വന്നു. അവളു പോയെങ്കിലും, ആ ഓർമ്മകൾ....സുഖമുള്ള ഓർമ്മകൾ എനിക്ക് സമ്മാനിച്ചതിന്....

2016, മേയ് 22, ഞായറാഴ്‌ച

പ്രണയലേഖനം

രാത്രി ഉറക്കം വരാതെ കിടന്നപ്പോഴാണ്‌ പഴയ ഡയറി എടുത്തു വെറുതെ തുറന്നു നോക്കിയത്. അപ്പോഴാണ് ഒരു എഴുത്ത് നാലായി മടക്കി വെച്ചിരിക്കുന്നത് കണ്ടത്.
പഴമയുടെ മണമുള്ള ഒരു പ്രണയലേഖനം.
********************************************
എന്റെ ജീവനായ ഷെഫി..

      നിനക്ക്  എഴുതാൻ തുടങ്ങുമ്പോൾതന്നെ എന്റെ മനസ്സിൽ ഒരു നൂറു പനിനീർ പൂവുകൾ ഒന്നിച്ചു വിരിയും. തുടങ്ങട്ടെ....
നിനക്ക് സുഖമാണോ..?
കഴിഞ്ഞ രണ്ടു ദിവസ്സങ്ങളിൽ നിന്നെ കാണാൻ കഴിയാത്തതിന്റെ സങ്കടം ഈ എഴുത്തിന്റെ ചില വരികളിൽ കണ്ണുനീരിന്റെ നനവ് പടർത്തിയിരിക്കും. ഈ എഴുത്ത് നിന്റെ കൈയിൽ തരുന്നതുവരെ ,ഒന്നു തമ്മിൽ  കാണുന്നതുവരെ ആ സങ്കടം എന്റെ മനസ്സിൽ നോവ് പടർത്തിക്കൊണ്ടിരിക്കും.
ഈ കഴിഞ്ഞ രണ്ടു ദിവസ്സങ്ങളിൽ എന്താണ് നിന്റെ വിശേഷങ്ങൾ...?
എന്നെ കാണാൻ നീ ആ ബസ്‌ സ്റ്റോപ്പിൽ വന്നിരിന്നോ...? എന്നെ കാണാതിരിന്നപ്പോൾ  നിന്റെ മനസ്സിലെ സങ്കടം എനിക്ക് ഇവിടെയിരിന്നു അറിയാൻ കഴിഞ്ഞു.
ഈ രണ്ടു ദിവസ്സം അമ്മയുടെ തറവാട്ടിൽ പോയിരുന്നു. പെട്ടെന്നുള്ള യാത്ര ആയതുക്കൊണ്ട് നിന്നോട് പറയാൻ പറ്റിയില്ല.
നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ, അമ്മയുടെ തറവാടിനെ കുറിച്ച്.
  വെറുതെ ഒരു യാത്ര മാത്രം.പ്രത്യേകിച്ച് ഒരു വിശേഷവും ഇല്ലായിരുന്നു. ഒരു ദിവസ്സംപ്പോലും തമ്മിൽ കാണാൻ കഴിയാൻ പറ്റാത്ത നമ്മൾ രണ്ടു ദിവസ്സം എങ്ങനെ കാണാതിരിക്കും...? ആരും കാണാതെ നിന്റെ പഴയൊരു എഴുത്തും എടുത്തുക്കൊണ്ടാണ് ഞാൻ പോയത്. ഒരു നൂറാവർത്തി ഞാനതു വായിച്ചു കഴിഞ്ഞെങ്കിലും , നിന്റെ മുഖം ആ കത്തിൽ തെളിയും. നിന്റെ ഓർമ്മകൾ എന്റെ കൂടെ കാണും.
ഷെഫി..., നമ്മൾ ഒന്നിക്കും എന്നൊരു പ്രതീക്ഷ എനിക്കുണ്ട്. അല്ലെങ്കിൽ മരണത്തെ നമ്മൾക്ക് കൂട്ട് പിടിക്കാം. കാരണം അത്രയ്ക്ക് ഞാൻ നിന്നെ ഇഷ്ടപ്പെട്ടുപോയി.
എന്താണന്നു അറിയില്ല..ഇപ്പോൾ ഒരു നിമിഷംപ്പോലും നിന്നെ കാണാതിരിക്കാൻ എനിക്ക് കഴിയുന്നില്ല.ഈ എഴുത്ത് എഴുതുമ്പോൾ രാത്രി ഒരുപാട് കഴിഞ്ഞിരിക്കുന്നു. നീയെന്നെ വിളിക്കാൻ വരണം. ആരൊക്കെ എതിർത്താലും ആ കൈയിൽ ഞാൻ പിടിക്കും. ഈ മതമെന്ന വേലിക്കെട്ട്‌ , അതിനെ എനിക്ക് പേടിയില്ല ഷെഫി. അത്രയ്ക്കാണ് എന്റെ ഇഷ്ടം.
എന്റെ ഈ മനസ്സ് നിന്റെ മുന്നിൽ എഴുതുന്നത്‌ ഒരു ജീവിതമാണ്‌.
അമ്മയുടെ വീടിന്റെയടുത്തു ഒരു അമ്പലമുണ്ട്. ഇന്നലെ ഞാൻ രാവിലെ അവിടെ തൊഴാൻ പോയിരിന്നു. നിനക്ക് വേണ്ടി ഒരുപാട് ഈശ്വരനോട് പറഞ്ഞു. നമ്മുടെ ഒന്നിച്ചുള്ള ഒരു ജീവിതത്തിനു വേണ്ടി ഒരുപാടു പ്രാർത്ഥിച്ചു. നിനക്ക് ഇതിലൊന്നും വിശ്വാസ്സമില്ലല്ലോ.
ഷെഫി..., ഞാൻ എത്ര വേണമെങ്കിലും കാത്തിരിക്കാം. അത് എത്ര വർഷമായാലും...
എനിക്കറിയില്ല, എന്തിനാണ് ഞാൻ ഇങ്ങനെ നിന്നെ പ്രണയിക്കുന്നതെന്ന്...?
എന്റെ മനസ്സിൽ, എന്റെ ചിന്തകളിൽ നിന്റെ ഓർമ്മകൾ മാത്രമേയുള്ളു.
എന്റെ ഈ കാത്തിരിപ്പ് വെറുതേയാകില്ലല്ലൊ  ഷെഫി... എനിക്കറിയാം നിനക്കെന്നെ ജീവനാണന്നു. നിന്റെ വാക്കുകളിൽ നിന്ന് എനിക്കത് അറിയാൻ കഴിയുന്നുണ്ട്.
പുറത്ത്  മഴ പെയ്യുന്നുണ്ട്. ജന്നൽ പഴുതിലൂടെ എന്റെ മുഖത്ത് ഈറൻ കാറ്റിനു കൂട്ടായി ചെറിയ മഴതുള്ളികളും പതിക്കുന്നുണ്ട്. ഇപ്പോൾ ഈ മുനിഞ്ഞു കത്തുന്ന വിളക്കും, മഴയും, നിനക്ക് വേണ്ടി എഴുതുന്ന ഈ കടലാസ്സിൽ നിന്റെ മുഖവും. എനിക്ക് ഒന്നു കാണാൻ തോന്നുന്നു..., ഇപ്പോൾ.
എന്റെ സ്വപ്നത്തിലെങ്കിലും ഒന്നു വന്നൂടെ ഷെഫി.
നിന്റെ കണ്ണുകളിൽ നോക്കി എന്റെ പ്രണയം പറയാൻ നാളെ രാവിലെ കഴിയില്ലേ. രണ്ടു നാൾ കാണാതെ നാളെ നമ്മൾ കാണുകയാണ്.
എഴുതാൻ തുടങ്ങിയപ്പോൾ എന്തൊക്കെയോ എഴുതണമെന്നു കരുതിയതാണ്. പക്ഷെ, വാക്കുകൾക്ക് ദാരിദ്ര്യം അനുഭവപ്പെടുന്നു.
ബാക്കി വിശേഷങ്ങളൊക്കെ നേരിൽ കാണുമ്പോൾ പറയാം.
ഈ എഴുത്തിനു പെട്ടെന്ന് മറുപടി തരണം.
ഞാനെഴുതുന്നതുപ്പോലെ കുറച്ചൊന്നും എഴുതരുത്. കുറെ എഴുതണം. നിന്റെ വിശേഷങ്ങൾ. നമ്മുടെ സ്വപ്‌നങ്ങൾ. നമ്മുടെ ജീവിതം. അങ്ങനെയങ്ങനെ .... ഒരുപാട് എഴുതണം. ഞാൻ അത് വായിക്കുമ്പോൾ നിന്റെ സാമിപ്യം എനിക്ക് അനുഭവപ്പെടണം.
ഷെഫിയുടെ ഓർമകളാണ് എന്റെ രാത്രികളിൽ എനിക്ക് കൂട്ടിനുള്ളത്.
ഇതിനു മറുപടി തരുമ്പോൾ ഒരു പനിനീർ പൂവുകൂടി എനിക്ക് തരണേ....അപ്പോൾ എന്റെ വിരൽതുമ്പിലൊന്നു സ്പർശിക്കണം. നിന്റെ ഒരു സ്പർശനംപ്പോലും എനിക്ക് ഒരു ലഹരിയാണ് . നിന്റെ സാമിപ്യം എനിക്ക് ഒരു ബലമാണ്‌. എന്റെ കാതുകളിൽ നിന്റെ നനുത്ത സ്വരമാണ് .
എന്റെ ജീവിതം നീതന്നെയാണ് .
                നിർത്തട്ടെ ഷെഫി.
സ്നേഹത്തോടെ.....പ്രതീക്ഷയോടെ....,
                           ദിവ്യ
********************************************
ഓർമകളുടെ ഒരു മിഴിനീർതുള്ളി നിലത്തു വീണു ചിതറി.
ദിവ്യ, അവളിപ്പോൾ എവിടെയായിരിക്കും...?
ഓർക്കുന്നുണ്ടാകുമോ..? ഓർമകളിൽ ഒരു പനിനീർ പൂവിന്റെ ഇതളായങ്കിലും ഞാൻ കാണുമോ...?

ഭ്രാന്തൻ

ഈ അക്ഷരങ്ങൾ എനിക്ക് സമ്മാനിച്ചത്‌ നീയാണ്. നിന്നെ കണ്ടനാൾ മുതൽ അക്ഷരങ്ങളെ ഞാൻ സ്നേഹിച്ചു തുടങ്ങി. നിനക്ക് തരാൻ വേണ്ടി എഴുതിയ എത്രയോ പ്രണയലേഖനങ്ങൾ അകാലത്തിൽ മൃതിയടഞ്ഞു.... അങ്ങനെ എഴുതിയെഴുതി എന്റെ കൈയക്ഷരം മനോഹരമായി. പക്ഷേ, എന്റെ ജീവിതം അക്ഷരതെറ്റുകൾ നിറഞ്ഞതായി.
നമ്മുടെ പ്രണയ നാളുകളിൽ എന്റെ സ്വപ്നങ്ങൾക്ക് നിറമുണ്ടായിരുന്നു. ഇപ്പോൾ നിറംക്കെട്ട ജീവിതത്തിന്റെ ഇരുട്ട് മുറിയിൽ ഞാൻ അടക്കപ്പെട്ടിരിക്കുന്നു.
ഇപ്പോൾ എന്നെ തൊട്ടുരുമി നിൽക്കുന്ന ഈ ചങ്ങല കണ്ണികളെ ഞാൻ പ്രണയിക്കുന്നു.
ചില സമയങ്ങളിൽ ഈ ചങ്ങല കണ്ണികളും എന്നെ വേദനിപ്പിക്കും. ഈ കണ്ണികൾ ഉരഞ്ഞുണ്ടായ വ്രണത്തിൽ ഉരയുമ്പോൾ  ഭയങ്കര വേദന ആയിരിക്കും. അത് തൊലി പുറത്താണ്. പക്ഷെ, നീ ഏൽപ്പിച്ച മുറിവ് എന്റെ മനസ്സിനെയാണ്‌ കൊത്തി വലിക്കുന്നത്. ആ വേദന സഹിക്കില്ല പൊന്നേ..
അന്ന് നിന്നോട് നിന്റെ കൂട്ടുകാരികൾപ്പോലും കേൾക്കാതെ സൗമ്യമായി ഞാൻ സംസാരിച്ചിരിന്നു.
ഇന്ന് നിന്റെ പേരു ചൊല്ലി ഉറക്കെ സംസാരിക്കുന്നു.അലറി വിളിക്കുന്നു. അതുക്കേട്ടു ചിലർ പരിഹസിക്കും . ചിലർ സഹതപിക്കും.
ഞാൻ ഈ നാട്ടിലെ വിലപ്പിടിപ്പുള്ള മനുഷ്യനാണ്. ഈ നാട്ടിലെ കുഞ്ഞുങ്ങൾ ഭക്ഷണം കഴിച്ചില്ലെങ്കിൽ എന്റെ പേരു പറഞാണത്രെ അവരെ കഴിപ്പിക്കുന്നത്..ഹ..ഹാ...ഹ..നീയെനിക്കു സമ്മാനിച്ചിട്ട് പോയ പേരെന്താണന്നൊ സഖിയെ...ഭ്രാന്തൻ.
പക്ഷേ, എന്റെ മനസ്സിൽ ക്ലാവ് പിടിക്കാത്ത കുറച്ചു ഓർമകളുണ്ട്. നമ്മുടെ പ്രണയ നാളുകൾ സമ്മാനിച്ച ഓർമ്മകൾ. കുറച്ചു ഭ്രാന്തു പിടിക്കാത്ത ചിന്തകളുണ്ട്. നീയെനിക്കു സമ്മാനിച്ച നല്ല നിമിഷങ്ങൾ.
ഈ ഇരുട്ട് മുറിയിൽ ഞാനൊറ്റക്കാണ്‌.നമ്മൾ സ്വപ്നം കണ്ട മണിയറയില്ല......
മുല്ലപൂക്കളില്ല.....
ചിലപ്പോൾ എന്നെ കാണാൻ ആരൊക്കെയോ വരുന്നു. ആ ആൾക്കൂട്ടത്തിൽ നീയുണ്ടോ പ്രിയതേ...എന്നെ കാണാൻ ഒന്നു വരുമോ..?
എന്റെ ഈ ജീവിതം അണയുന്നതിനു മുമ്പ്.
ഒന്നു വരുമോ സഖിയെ......

2016, മേയ് 18, ബുധനാഴ്‌ച

ഈ വഴിയോരത്ത്....ഇത്തിരി നേരം...

നീ കരയുകയാണോ...?
വിധിയെ പഴിച്ചു കണ്ണുനീർ വാർക്കുകയാണൊ...?
ഈ വിധി , നീ തിരെഞ്ഞെടുത്തതല്ലേ.
ഈ കൈ വിരലുകൾ അയയുകയാണോ...
നീ പിരിയുകയാണോ...?
ഒന്നു ചോദിച്ചോട്ടെ...,
നിറയെ പൂക്കളുള്ള
നിറയെ തണൽ മരമുള്ള
ആ വഴിയിൽ കൂടി
നമ്മൾക്ക് ഒന്നുകൂടി നടക്കാം...
കുറച്ചു ദൂരം.., ഒരുപാടു കാര്യങ്ങൾ പറഞ്ഞ്....
സഖി....
ഈ യാത്ര തീരുമ്പോൾ നമ്മൾ രണ്ടു വഴിക്കാകും. നിനക്ക് വേണ്ടി ഞാൻ മാറി സഞ്ചരിക്കുകയാണ്.
അതുവരെ ആ പ്രണയം മുഴുവനും എനിക്ക് തന്നൂടെ.....?
നമ്മൾ നടന്നു തുടങ്ങിയിട്ട് ഘടികാര സൂചി നിർത്താതെ ഓടുന്നു.
നിനക്ക് എന്നോട് ഒന്നും പറയാനില്ലേ..
കഴിഞ്ഞു പോയ ഇന്നലകളെ കുറിച്ച്....
പിറന്നു വീഴാൻ പോകുന്ന നാളെയെ കുറിച്ച്...ഒന്നും പറയാനില്ലേ...
നിന്റെ ഓർമകളിൽ ഞാനെന്നെങ്കിലും വരുമോ..?
നിനക്കെന്നെ മറക്കാൻ കഴിയുമോ...?
കാത്തിരിപ്പിന്റെ ദിവസങ്ങൾ കഴിഞ്ഞു.
വിരഹത്തിന്റെ നാളെകൾ എന്നെ കാത്തിരിക്കുന്നു. മറക്കാൻ ഞാൻ ശ്രമിക്കാം. നിന്നെയല്ല  സഖിയെ...നീ പിരിയുന്ന ഈ നിമിഷത്തെ.....!
ഈ വഴി അവസാനിച്ചു...
നിന്നെ ഞാൻ യാത്രയാക്കുകയാണ്.
നീ കണ്ണിൽ നിന്ന് മറയുന്നതുവരെ ഞാനിവിടെ കാണും...
നീ പിന്തിരിഞ്ഞു നോക്കരുത്..
അതെനിക്ക് പിൻവിളിയായി തോന്നും.
ഇനിയൊരിക്കലും എന്നെ കാത്തു ഈ വഴിയോരത്ത് നീ കാണില്ലല്ലോ...
പ്രിയതേ...
നമ്മുടെ പ്രണയം മരിച്ചിരിക്കുന്നു...!
പകരംവെക്കാൻ ഇനിയൊരു സ്നേഹത്തിനും കഴിയില്ല.....ഒരിക്കലും......


2016, മേയ് 17, ചൊവ്വാഴ്ച

പ്രണയത്തിന്റെ ഓർമ്മകൾ

നീ ഇപ്പോൾ സ്വപ്നം കാണാറില്ലേ...?
നീ പറഞ്ഞിട്ടില്ലേ നിന്റെ സ്വപ്നങ്ങളിൽ എപ്പോഴും ഞാനായിരുക്കുമെന്ന്...!
നീ ഇപ്പോൾ ഒറ്റക്കിരിക്കാറില്ലേ..?
നീ പറയുമായിരുന്നു, ഏകാന്തതയിൽ എന്നെ ഓർത്തിരിക്കാൻ നല്ല സുഖമാണെന്ന്....!
ഈ ക്ഷേത്ര നടയിൽ നീ ഇപ്പോൾ തൊഴാൻ വരാറില്ലേ...?
ഈ വഴിയരികിൽ എന്നെ കാത്തു നിൽക്കുന്ന ദേവനെ കാണാനാണ് ക്ഷേത്രത്തിൽ വരുന്നതെന്ന് നീ പറഞ്ഞത് ഞാനിപ്പോൾ ഓർത്തെടുക്കുന്നു.....!
നിന്റെ പ്രാർത്ഥനകളിൽ ഇപ്പോഴും ഞാനുണ്ടോ....??
അതോ, എന്നെ ഓർക്കുമ്പോൾ ആ നിലവിളക്കിന്റെ തിരി കെട്ടുപോകുന്നുണ്ടോ...?

പക്ഷെ, ഇപ്പോഴും എന്റെ സ്വപ്നങ്ങളിൽ നീ മാത്രമാണ്. എന്റെ ഏകാന്തതയിൽ ഇപ്പോഴും നിന്റെ ഓർമകളാണ്. ഈ വഴിയരികിൽ ഞാനിപ്പോഴും കാത്തു നിൽക്കാറുണ്ട്...
എന്റെ പ്രാർത്ഥനയിൽ നിനക്ക് കാവലായി ഏഴുതിരിയിട്ട നിലവിളക്ക് ഇപ്പോഴും ജ്വലിച്ചു നിൽക്കുന്നുണ്ട്......
നീ എനിക്ക് സമ്മാനിച്ച ഓർമ്മകൾ.
പാഴ്വാക്കായിരുന്നെങ്കിലും എന്നെ മോഹിപ്പിച്ച നിന്റെ പ്രണയം.
ഇന്നും ഞാൻ കാത്തിരിക്കുന്ന ഈ മൺപാത.
എനിക്ക് മാത്രമെന്തേ, മറക്കാൻ കഴിയാത്തത്...?
ഒരുപാട്  നമ്മൾ പറഞ്ഞു.
അവസാനം ഒന്നും മിണ്ടാതെ നമ്മൾ പിരിഞ്ഞു.
ഇപ്പോൾ ഒറ്റക്കിരിക്കുമ്പോൾ ഓർത്തോർത്തു കരയാൻ ഒരുപാട് ഓർമ്മകൾ.....
ഓർമ്മകൾ.., നീ എന്നെ തനിച്ചാക്കി നടന്നു പോകുന്ന മൺതരികളിൽ ഞെരിഞ്ഞമരുന്ന നമ്മുടെ പ്രണയത്തിന്റെ ഓർമ്മകൾ.......'

2016, മേയ് 13, വെള്ളിയാഴ്‌ച

ഓർമകൾ മാത്രം......

എന്റെ ഓർമകളെ മയ്യത്ത് കട്ടിലിൽ ഉറക്കി. എന്നെ ദിഖ്ർ ചൊല്ലി പള്ളിക്കാട്ടിലെ ആറടി മണ്ണിലേക്ക് കൊണ്ട് പോകുകയാണ്. നമ്മൾ നടന്ന വഴികളിലൂടെ എന്റെ നിശ്ചലമായ ശരീരം യാത്രയാകുകയാണ് ...
ആരൊക്കെയോ കരയുന്നുണ്ട്. മൂന്നു ദിവസ്സം കഴിയുമ്പോൾ ഈ കരച്ചിലൊക്കെ മാറും.ഞാൻ വെറും ഓർമയാകും.
നിന്റെ വീടിന്റെ മുന്നിലൂടെ ഒരു ജനസഞ്ചനം വരുന്നത് കണ്ടില്ലേ. ഇപ്പോൾ പരസ്പരം നിങ്ങൾ പറയുന്നുണ്ടാകും. ഇവിടെയടുത്താരോ മരിച്ചെന്ന്. നിശബ്ദമായി നിങ്ങളും എന്നെ യാത്രയക്കുകയാണ്. നിനക്കറിയില്ലല്ലോ , നമ്മൾ ഒന്നിച്ചു കണ്ട സ്വപ്നത്തിന്റെ ഉടമയാണ് ഈ യാത്ര ആകുന്നതെന്ന്.....!
നമ്മൾ ഒന്നിച്ചു നടന്ന വഴികളിൽ ഞാൻ തനിച്ചു യാത്ര പോകുകയാണ്.....
കുറച്ചു നാൾ കഴിയുമ്പോൾ നീ തനിച്ചിരിക്കുമ്പോൾ , നിന്റെ ഏകാന്തതയിൽ ഞാൻ നിറയും. എന്നെ കാണണമെന്ന് നിനക്ക് തോന്നും. എന്നെ നീ തിരക്കും. നമ്മൾ കണ്ടുമുട്ടാറുള്ള വഴികളിൽ നീയെന്നെ പ്രതീക്ഷയോടെ തിരയും.
നമ്മളെ പരിചയമുള്ള ആരോടെങ്കിലും എന്നെ കുറിച്ച് നീ തിരക്കും. അപ്പോഴാണ് പ്രിയതേ , നീ അറിയുന്നത് എന്നെ നീ നിശബ്ദമായി യാത്രയാക്കിയത്......
നിന്റെ മനസ്സിൽ എന്റെ പുഞ്ചിരിക്കുന്ന മുഖം തെളിയും. നിന്റെ കാതുകളിൽ എന്റെ പ്രണയ വാക്കുകൾ നിറയും. നിന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പും.
കഴിഞ്ഞുപോയ ഇന്നലെകൾ  നിന്റെ മനസ്സിൽ മിന്നി മറയും. കരയരുത് സഖിയെ....,
നിന്റെ വേദന എന്നെ ആറടി മണ്ണിനുള്ളിൽ പൊള്ളിക്കുന്നു. ഞാനുറങ്ങുന്ന ഈ പള്ളിക്കാട്ടിൽ എന്നെ കാണാൻ ഒന്നു വരുമോ...?  എന്റെ ഖബറിന് മുകളിൽ ഒരു ചെമ്പക മരം നടുമോ...?
എനിക്ക് തണലേകാൻ.....
സഖി......നമ്മൾ കാത്തിരുന്നതും , പ്രണയിച്ചതും നമ്മുടെ ഓർമകളും ഈ ആറടി മണ്ണിൽ മറമാടിയിരിക്കുന്നു. നിന്നെ ചുംബിച്ച ചുണ്ടുകളിൽ പുഴുക്കൾ മത്സരത്തോടെ ഉമ്മകൾ വെക്കുന്നു....നിന്നെ പുണർന്ന കൈകൾ ഈ പച്ചമണ്ണിൽ അലിഞ്ഞു ചേർന്നിരിക്കുന്നു.
ഇപ്പോൾ ജീവനോടെയിരിക്കുന്നത് എന്റെ ഓർമകൾ മാത്രം......നിന്റെ മനസ്സിലും....!

2016, മേയ് 12, വ്യാഴാഴ്‌ച

ഒരു തിരിനാളം

രാവിലെ ജോലിക്കു പോകാനുള്ള തിരക്കിലാണ് മൊബൈൽ റിംഗ് ചെയ്തത്.
ഇസ്തിരി ഇടുന്നതിനിടയിൽ മൊബൈൽ സ്ക്രീനിലേക്ക് നോക്കി. നാട്ടിലെ നമ്പറാണല്ലൊ. അതും ഒരു പരിചയവുമില്ലാത്ത നമ്പർ. ഇതാരായിരിക്കും..?
ചിന്ത കാടുകയറി. ഫോൺ കട്ടായി.
വീണ്ടും മൊബൈൽ റിംഗ് ചെയ്യാൻ തുടങ്ങി, അതെ നമ്പർ. മൊബൈൽ കട്ട് ചെയ്തു. നാട്ടിൽ നിന്ന് വിളിച്ചാൽ ഫോൺ കട്ട് ചെയ്തു തിരിച്ചു വിളിക്കാറാണ് പതിവ്.
തിരിച്ചു ആ നമ്പറിലേക്കു വിളിച്ചു. ഫോൺ റിംഗ് ചെയുന്നതിന് അനുസരിച്ച് ആകാംഷയും കൂടി. അങ്ങേത്തലക്കൽ ഫോൺ അറ്റൻഡ് ചെയ്തിരിക്കുന്നു. പക്ഷെ, നിശബ്ദത മാത്രം. ഞാൻ തന്നെ സംസാരിച്ചു തുടങ്ങി.ഹലോ, ഇതാരാണ്..? ഈ നമ്പറിൽ ഇപ്പോൾ ഇങ്ങോട്ടു വിളിച്ചിരുന്നോ...?
മ്.. മറുവശത്ത് പതിഞ്ഞ ഒരു പെൺ ശബ്ദം. ഒരു ഞെട്ടലിൽ ഞാൻ ചോദിച്ചു  ഇതാരാണ്..?
ചെറിയ നിശബ്ദതക്കു ശേഷം മറുപടി വന്നു.
ഇത് അഖിലല്ലേ...?
അതെ, ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിയാതെ ഞാൻ ഉഴറി.
ഞാൻ രാധികയാണ്...ഇപ്പോൾ ശരിക്കും ഞാൻ ഞെട്ടി. രാധിക.....!
ഒരു നിമിഷംക്കൊണ്ട് മനസ്സിൽ ഒരായിരം ഓർമ്മകൾ മിന്നി മറഞ്ഞു....
വീണ്ടും കാതോരം ആ ശബ്ദം വന്നലച്ചു. അറിയുമോ...?
ഒരു ചെറിയ മൗനത്തിനു ശേഷം ഞാൻ പറഞ്ഞു, മറന്നിട്ടില്ല.
എനിക്ക് പരിചയമുള്ള ഒരു രാധികയെയുള്ളു. അത് ഒരിക്കലും മറക്കാൻ കഴിയില്ല. മറുവശത്ത് ഒരു ദീർഘ നിശ്വാസ്സം. അഖിലിനു സുഖമാണോ....?
അതെ, അവിടെയോ...? സുഖം. ആ മറുപടിയിൽ ഒരു വേദന നിഴലിച്ചോ..
രാധിക , എന്റെ നമ്പർ നിനക്ക് എങ്ങനെ കിട്ടി..? അഞ്ചു വർഷത്തിനിടക്ക് ഞാൻ ഒരിക്കലും ഈ വിളി പ്രതീക്ഷിച്ചില്ല. എങ്ങനെ കിട്ടി എന്റെ നമ്പർ....? ഇതിനിടക്ക്‌ എത്ര അവധികാലം ഞാൻ നാട്ടിൽ വന്നുപോയി. പരസ്പരം ഒന്നു കാണാൻ പോലും കഴിഞ്ഞിട്ടില്ല. എന്റെ ഭർത്താവ് തന്നതാണ്. എനിക്കൊന്നും മനസ്സിലാകുന്നില്ല , നീ എന്താ രാധിക ഈ പറയുന്നത്....?
ഞാൻ പറയട്ടെ  അഖിൽ.
അപകടത്തിൽ ശരീരം തളർന്നു കിടക്കുന്ന യുവാവിനു ചികിത്സ സഹായം ആവശ്യമുണ്ടെന്നു പറഞ്ഞു ഒരു ഫെയിസ് ബുക്ക്‌ പോസ്റ്റിന്റെ താഴെ ഒരു കമന്റ് ഞാൻ കണ്ടിരിന്നു. ഈ നമ്പറിൽ വിളിക്കുക എന്ന് പറഞ്ഞുക്കൊണ്ട്..
ആ പ്രൊഫൈൽ ഞാൻ നോക്കി. അത് നീയായിരുന്നു. അപ്പോഴാണ് എനിക്കും ഓർമ വന്നത്..ഇതിനു മുമ്പും ഇങ്ങനത്തെ പോസ്റ്റിനു സഹായ ഹസ്തവുമായി കമെന്റ് ഇട്ടിട്ടുണ്ട്. പക്ഷെ, ഇതുവരെ ആരും വിളിച്ചിട്ടില്ല. ഇപ്പോൾ...!
അഖിൽ... രാധികയുടെ ശബ്ദം ഒരു മിഴിനീരിന്റെ നനവോടെ എന്റെ കാതുകളിൽ പടർന്നു തുടങ്ങി. ആദ്യം ഞാൻ വിളിക്കണ്ട എന്നു കരുതിയതാണ്. പക്ഷേ, സൂരെജേട്ടൻ പറഞ്ഞു. ഒന്നു വിളിച്ചു നോക്കു. ചിലപ്പോൾ നമ്മളെ സഹായിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞാലോ...? അഖിൽ..., ഇത് നീയാണെന്നറിഞ്ഞപ്പോൾ ഞാൻ ഒരിക്കൽപ്പോലും വിളിക്കരുത് എന്ന് കരുതിയതാണ്..പക്ഷേ,  ഒരു ഗദ്ഗദത്തോടെ രാധികയുടെ ശബ്ദം മുറിഞ്ഞു.

ഞാൻ ഈ സ്വരം കേൾക്കാൻ ഒരുപാടു കൊതിച്ചിട്ടുണ്ട്. അതിനു വേണ്ടി എവിടെയെല്ലാം കാത്തിരിന്നിട്ടുണ്ട്.
ഒരു ദിവസം ഈ സ്വരം കേട്ടില്ലെങ്കിൽ , ഒന്നു കണ്ടില്ലെങ്കിൽ  പിടയുന്ന മനസ്സുമായി എത്രയോ രാത്രികൾ ഉറങ്ങാതെ കിടന്നിട്ടുണ്ട്.
അവസാനം എല്ലാം മറക്കണമെന്ന് നിസഹായതയോടെ, കണ്ണീരോടെ യാത്ര പറഞ്ഞു പോയപ്പോൾ അവളെ അനുഗ്രഹിച്ച്, വിധിയെ ശപിച്ച് എത്ര നാൾ കരഞ്ഞിട്ടുണ്ട്. ഇപ്പോൾ വീണ്ടും....
അഖിൽ..., തിരക്കാണോ...? രാധിക ചെറിയ ഇടവേളയ്ക്കു ശേഷം മിണ്ടി തുടങ്ങി. ഓർമകളിൽ നിന്ന് മുക്തനായി ഞാനും നിശബ്ദതയെ വെടിഞ്ഞു.
ഇല്ല , രാധിക പറഞ്ഞോളു...!
നമ്മൾ പിരിഞ്ഞു കഴിഞ്ഞിട്ടുള്ള എന്റെ ജീവിതത്തിന്റെ കൊഴിഞ്ഞു വീണ ഇന്നെലകൾ  നിന്നോട് ഞാനൊന്നു പറഞ്ഞോട്ടെ. സഹതാപത്തിന് വേണ്ടിയല്ല അഖിൽ. എന്റെ മനസ്സിലെ സങ്കടങ്ങൾ ഒന്നു പങ്കുവയ്ക്കാൻ.
അതിനു മാത്രം....
എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി  നിന്റെ ഓർമകളുമായി സൂരജിന്റെ ജീവിതത്തിലേക്ക് ഞാൻ വരുമ്പോൾ എനിക്ക് ഒരിക്കലും അദ്ധേഹത്തെ ഉൾക്കൊള്ളാൻ പറ്റില്ലെന്നാണ് ഞാൻ കരുതിയത്‌. പക്ഷെ, ഈ  മനുഷ്യൻ എന്നെ സ്നേഹംക്കൊണ്ട് തോൽപ്പിച്ചു കളഞ്ഞു. എന്നെ മനസ്സിലാക്കി. എന്റെ ദേഷ്യങ്ങളെ ഒരു പുഞ്ചിരിയിൽ മറന്നു. പിന്നെ, പിന്നെ ഞാനും ഇഷ്ടപ്പെട്ടു തുടങ്ങി. ആ മനസ്സിനെ....സുന്ദരമായ ജീവിതമായിരുന്നു അഖിൽ , എന്റേത്. നീയെന്നെ നിറ കണ്ണുകളോടെ അനുഗ്രഹിച്ചു വിട്ടപ്പോൾ, എവിടെയാണെങ്കിലും സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതിയെന്ന് പറഞ്ഞ നിന്റെ വാക്കുകൾ പോലെ സത്യമായിരുന്നു എന്റെ ജീവിതം.
സ്നേഹ സമ്പന്നനായ ഭർത്താവ്. നല്ല കുടുംബം. ഞങ്ങളുടെ സ്നേഹത്തിൽ വിരിഞ്ഞ അനന്ദു മോൻ. അങ്ങനെ, ജീവിതം സുഖമായിരുന്നു കുറച്ചു നാൾ മുമ്പ് വരെ.
രാധികയുടെ ശബ്ദം നേർത്ത് വന്നു. ഒരു കരച്ചിൽ അവളുടെ ശബ്ദത്തിൽ നിറഞ്ഞു.
കഴിഞ്ഞ മാസം ജോലി കഴിഞ്ഞു മടങ്ങി വരുമ്പോൾ ഒരു കാർ സൂരജിനെ ഇടിച്ചു വീഴ്ത്തിയിട്ട് നിർത്താതെ പോയി കളഞ്ഞു. സന്ധ്യ സമയം ആയിരുന്നതുക്കൊണ്ട് ഒന്നും വ്യക്തമായിരുന്നില്ല. കുറെ നേരം റോഡിൽ തന്നെ കിടന്നു. ആരൊക്കെയോ ചേർന്നു ആശുപത്രിയിൽ കൊണ്ടുപോയി. ഗുരുതരമായ പരുക്കുകളായിരുന്നു അഖിൽ.
ആദ്യമൊക്കെ കൂട്ടുകാരും, വീട്ടുകാരുമൊക്കെ ഉണ്ടായിരുന്നു. എഴുന്നേറ്റു നടക്കാൻ കാലതാമസം എടുക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോൾ ബാധ്യത ഏറ്റെടുക്കാൻ കഴിയാതെ ഓരോരുത്തരായി യാത്ര പറഞ്ഞു. ഈ മനുഷ്യനെയും,ഈ കുഞ്ഞിനേയും കൊണ്ട് ഈ ചുമരുകൾക്കിടയിൽ ഞാൻ പതറി പോയി. രാധികയുടെ സങ്കടം അണപ്പൊട്ടിയൊഴുകി. ആ കണ്ണുനീരിന്റെ ചൂട് എന്നെ പൊള്ളിച്ചു. രാധിക, സങ്കടപ്പെടാതെ...
വെറുതെയെങ്കിലും ഞാൻ പറഞ്ഞു.
അവൾ വീണ്ടും ജീവതത്തിന്റെ താളുകൾ മറിച്ചു. ഈ കഴിഞ്ഞ ദിവസം സൂരജ് എന്നോട് പറഞ്ഞത് എന്താണന്നു അറിയാമോ അഖിൽ..? എന്റെ കൂടെ നിന്ന് നിന്റെ ജീവിതം നരകിക്കണ്ട. മോനെയും കൊണ്ട് നീ പൊയ്ക്കോളു എന്ന്. ഈ മനുഷ്യനെ കളഞ്ഞിട്ടു എനിക്ക് ഒരിക്കലും എങ്ങോട്ടും പോകാൻ കഴിയില്ല അഖിൽ.
എന്റെ പൊന്നു  മോന്റെ മുഖം കാണുമ്പോൾ മരിക്കാനും കഴിയുന്നില്ല.
നിന്നെ ഞാൻ ബോറടിപ്പിച്ചോ അഖിൽ...?
ഇല്ല രാധിക. നിന്റെ സങ്കടങ്ങൾ എന്നോട് നിനക്ക് പറയാം.
ഇന്നലെ എന്റെ ഒരു കൂട്ടുകാരിയാണ്‌ പറഞ്ഞത്. ഫേസ് ബുക്കിൽ ഒരു പോസ്റ്റിട്ടു നോക്കാം. ചിലപ്പോൾ ഏതെങ്കിലും സംഘടനകൾ കണ്ടിട്ട് സഹായിക്കുമെന്ന്. അങ്ങനെയാണ് അഖിൽ നിന്റെ നമ്പർ കിട്ടിയത്. ഇതാണ് എന്റെ ഇപ്പോഴുള്ള ജീവിതം.
പണ്ട് നിന്റെ പ്രണയലേഖനം വാങ്ങാൻ കൈ നീട്ടി നിന്ന രാധിക ഇപ്പോൾ നിന്റെ മുന്നിൽ കൈ നീട്ടുന്നത് എന്റെ നഷ്ട്ടപ്പെട്ടുപോയ ജീവിതം തിരിച്ചു പിടിക്കാൻ വേണ്ടിയാണ്.
അത്രയ്ക്ക് ഞാൻ അനുഭവിച്ചു കഴിഞ്ഞു അഖിൽ.
ഈശ്വര .... ഇവൾ യാത്ര പറഞ്ഞു പോകുമ്പോൾ അറിയാതെയെങ്കിലും ഞാൻ ശപിചിട്ടുണ്ടോ...? ഇല്ല ...ഒരിക്കലും എനിക്ക് അതിന് കഴിയുമായിരുന്നില്ല....അത്രയ്ക്ക്...!
അഖിൽ...ഇപ്പോൾ എനിക്കൊരു ആശ്വാസ്സമുണ്ട് . എന്റെ സങ്കടങ്ങൾ കേൾക്കാൻ ദൈവം കരുതി വെച്ചത് നിന്നെയാണല്ലോ....എനിക്കറിയാം നിനക്ക് തിരക്കാണന്ന് . ഇത്രയും നേരം എന്നെ കേൾക്കാൻ നീ ക്ഷമ കാണിച്ചല്ലോ.
പറ്റുമെങ്കിൽ എനിക്ക് ഒരു ഉപകാരം ചെയണം. ഗൾഫിലൊക്കെ ഇതുപോലുള്ളവരെ സഹായിക്കുന്ന സംഘടനകൾ ഉണ്ടെന്നു കേട്ടിട്ടുണ്ട്. ഞങ്ങളുടെ ജീവിതം അങ്ങനെയുള്ള ആരെയെങ്കിലും നീയൊന്നു അറിയിക്കണം.
വെറുതെ, പ്രതീക്ഷിക്കാനെങ്കിലും..!
രാധിക...നമ്മളൊരു ജീവിതം സ്വപ്നം കണ്ടിരിന്നു...അത് കഴിഞ്ഞുപോയ കാലം. ഇപ്പോൾ ദൈവം എനിക്ക് മോശമല്ലാത്ത ഒരു ജീവിതവും തന്നു.
നിന്നെ സഹായിക്കുക എന്നത് എന്റെ കടമയാണ്. നിന്റെ കണ്ണുനീരിന്റെ അളവ് കുറക്കാൻ എനിക്ക് കഴിഞ്ഞാൽ....ആ സങ്കടങ്ങളുടെ ഭാരം എനിക്ക് കുറക്കാൻ കഴിഞ്ഞാൽ...എന്റെ ജീവിതത്തിൽ ഞാൻ സന്തോഷിക്കും.
കാരണം , എനിക്കുമുണ്ട് ഒരു കുടുംബം.
നാളെ എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവരെ സഹായിക്കുന്നത് ആരായിരിക്കുമെന്ന് നമ്മൾക്കറിയില്ലല്ലോ..
എന്നെ കൊണ്ട് നിന്റെ ജീവിതത്തിൽ സന്തോഷം നിറക്കാൻ കഴിഞ്ഞാൽ...!
പ്രതീക്ഷയുടെ ഒരു പുതുവെളിച്ചം കിട്ടിയതുപ്പോലെ രാധിക ഒന്ന് ചിരിച്ചുവോ.
അവളുടെ കൈയിൽ നിന്നും പൈസ അയക്കുന്ന ബാങ്കിന്റെ വിവരങ്ങളും വാങ്ങി., പിന്നെ വിളിക്കാമെന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു അടുത്തുള്ള മണി എക്സ്ചേഞ്ചിലേക്കു നടക്കുമ്പോൾ മനസ്സിൽ ഒരു തീരുമാനം എടുത്തിരുന്നു. ഇനിയുള്ള വരുമാനത്തിന്റെ ഒരു പങ്ക്‌ ആ കുടുംബത്തിനും നൽകണം. എന്റെ പ്രാർത്ഥനകളിൽ ആ കുടുംബവും നിറയണം......

2016, മേയ് 7, ശനിയാഴ്‌ച

പ്രതീക്ഷ

എനിക്കും, നിനക്കും അറിയാമായിരുന്നു, ഒരു നാൾ നമ്മൾ പിരിയുമെന്ന്. എന്നിട്ടും നമ്മൾ ഇഷ്ടപ്പെട്ടു. ഇനി വരുന്ന നാളുകളിൽ ഓർത്തിരിക്കാൻ, പോയ കാലത്തിന്റെ വസന്തം. ഓർമകളിൽ നീറാൻ ഒരു സുഖമുണ്ടല്ലേ. കാലങ്ങൾ എത്ര കഴിഞ്ഞാലും മറക്കാൻ കഴിയുമോ...?
ഓർമകളെ താലോലിക്കാൻ മാത്രം നമുക്കുമുണ്ടായിരുന്നു ഒരു പ്രണയം.
കുറച്ചു നാളുകൾ. കുറെ ഓർമ്മകൾ.
എന്തിനാണ് നമ്മൾ പരസ്പരം അറിഞ്ഞത് ?
ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്.

ഇപ്പോൾ നീ എവിടെയാണ്.....?
നിന്റെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ  എവിടെയെങ്കിലും എന്നെ നീ തിരഞ്ഞിട്ടുണ്ടോ....?
വെറുതെയിരിക്കുമ്പോൾ നമ്മുടെ കഴിഞ്ഞ നാളുകൾ മനസ്സിൽ തിരയാറുണ്ടോ.....?
ഒരു പാട്ടു കേൾക്കുമ്പോൾ ആ കാലം നിന്റെ മനസ്സിന്റെ ഏതെങ്കിലും കോണിൽ വിരിയുമോ ?
നിനച്ചിരിക്കാതെ ഒരു മഴ പെയുമ്പോൾ ആ ഓർമകളിൽ നീ കുളിർക്കൊള്ളുമോ....?
ഒരു കാലൊച്ച കേൾക്കുമ്പോൾ ഞാനയിരിക്കണമെന്നു നീ പ്രതീക്ഷിക്കുന്നുണ്ടോ..?
ആ വാതിലിൽ ഒരു മുട്ട് കേൾക്കുമ്പോൾ അതിനപ്പുറം എന്റെ നിഴലായിരുക്കുമെന്നു നീ വിചാരിക്കുന്നുണ്ടോ...?
നിന്റെ ഫോൺ ശബ്ദിക്കുമ്പോൾ അതിന്റെ അങ്ങേയറ്റത്ത് എന്റെ നേർത്ത സ്വരമാണന്നു നീ നിനക്കാറുണ്ടോ....?
നിന്റെ ഗേറ്റിന്റെ ലെറ്റർ ബോക്സിൽ നീ തിരയുന്ന കൂട്ടത്തിൽ എന്റെ ഒരു എഴുത്ത് നീ തേടുന്നുണ്ടോ...?
വെറുതെയെങ്കിലും അല്ലെ.....!
എത്ര വർഷങ്ങൾ കഴിഞ്ഞാലും നമ്മുടെ മനസ്സിന്റെയുള്ളിൽ ഞാനും, നീയും പരസ്പരം തിരഞ്ഞുക്കൊണ്ടിരിക്കും.
ഇനിയൊരു നാൾ എവിടെങ്കിലും വെച്ച് കാണുമ്പോൾ പുഞ്ചിരിക്കാൻ മറന്നാലും നമ്മുടെ മിഴികൾ നിറയാതെ നോക്കണം.
നമ്മൾ ഇപ്പോഴും സ്നേഹിച്ചുക്കൊണ്ടിരിക്കുന്നു...
മൗനമായി......ഒരു പരിഭവവുമില്ലാതെ.....



2016, മേയ് 3, ചൊവ്വാഴ്ച

യാത്രാമൊഴി

ഈ മരണ കിടക്കയിൽ കിടക്കുമ്പോഴും, നീയെന്റെ അരികത്തു വേണമെന്ന് ഞാൻ വാശി പിടിക്കും. കാരണം, നിന്റെ പൂമേനിയുടെ ചൂട് പറ്റിയാണ് എന്റെ ആറു വർഷങ്ങൾ കടന്നു പോയത്. നിന്റെ മുടിയിഴകളിൽ തഴുകിയാണ്  ഞാൻ എന്റെ വിചാരങ്ങളെ ഉണർത്തിയത്. ആ ചുണ്ടുകളിൽ ചേർത്താണ് എന്റെ ആഗ്രഹങ്ങൾക്ക് ചൂട് പടർത്തിയത്‌....ആ മിഴികളിൽ നോക്കിയാണ് ഞാൻ ആവേശം കൊണ്ടത്‌....ആ കഴുത്തിൽ മുഖം ഒളിപ്പിച്ചാണ്‌ എന്റെ വികാരത്തിന്റെ മൂർദ്ധന്യത്തിൽ പുളകിതമായത്......!
പ്രിയമുള്ളവളെ......,
എന്റെ നെഞ്ചിടിപ്പ് നിലക്കുമ്പോൾ നിന്റെ ചുണ്ടുകൾ എന്റെ നെറ്റിയിൽ പതിഞ്ഞിരിക്കണം. കാരണം, നിന്റെ ചുംബനത്തിന്റെ നനവ് കൊണ്ടാണ് എന്റെ ഓരോ പുലരികളും ഉണർന്നത്.
കഴിഞ്ഞുപോയ നാളുകളിലെ നിറങ്ങൾ നീ സൂക്ഷിച്ചു വെയ്ക്കണം. ആ നിറങ്ങൾ ചേർത്ത് വെച്ച് നീയൊരു പൂച്ചെണ്ട് തീർക്കണം. എല്ലാ വർഷവും നീയെന്നെ കാണാൻ ഈ പള്ളിക്കാട്ടിൽ വരണം. ആ പൂച്ചെണ്ട് നീയെനിക്കു സമർപ്പിക്കണം.അതിനൊപ്പം ഒരു തുള്ളി കണ്ണുനീരും. എല്ലാ വിശേഷങ്ങളും നീ പറയണം. ആ ഏകാന്തതയിൽ നീയും, ഞാനും മാത്രമേ കാണു. നീ എപ്പോഴും പരാതിപെടാറില്ലേ, പകൽ സമയങ്ങളിൽ വിശേഷങ്ങൾ പങ്കുവയ്ക്കാൻ നമ്മൾക്കൊരു സ്വകാര്യത ഇല്ലെന്ന്. ഇവിടെ, പകലും ഏകാന്തതയായിരിക്കും.
ഞാൻ നിന്നോട് പറഞ്ഞ നല്ല വാക്കുകൾ നീ ഓർത്തു വെക്കണം. നമ്മുടെ കുഞ്ഞുങ്ങൾ വളർന്നു വരുമ്പോൾ പറഞ്ഞുക്കൊടുക്കാൻ...

നിന്നോട് ദേഷ്യപ്പെട്ടതും, വഴക്കിട്ടതും  എന്റെ സ്നേഹത്തിന്റെ കൂടുതൽ കൊണ്ടായിരുന്നു. അതിന്റെ ആഴം നീയറിയണമെങ്കിൽ ഈ മണ്ണിൽ ഞാൻ വെറും ഓർമ മാത്രമാകണം. നിന്നെ ഞാൻ ആറ് വർഷം സ്നേഹിച്ചതുപ്പോലെ ഈ ഭൂമിയിൽ ഇനിയൊരു അറുപതു  വർഷം നീ ജീവിച്ചിരിന്നാലും കിട്ടില്ല. എന്റെ സ്നേഹം സത്യമായിരുന്നു....

2016, മേയ് 1, ഞായറാഴ്‌ച

നിന്നോടൊപ്പം....

ബസ്സിന്റെ സൈഡ് സീറ്റിലിരുന്നു വെറുതെ പുറത്തേക്കു നോക്കിയിരിന്നു. യാത്ര തുടങ്ങിയിട്ട് കുറച്ചു സമയമേ ആയുള്ളൂ. ഇനിയും മണിക്കൂറുകൾ ഇരിക്കണം.
പിന്നിലേക്കു മായുന്ന കാഴ്ചകൾ..
വെറുതെ കണ്ണുകളടച്ചു സീറ്റിലേക്കു തലചായ്ച്ചു കിടന്നു...പിന്നിലേക്കു മായുന്ന കാഴ്ചകൾപ്പോലെ , ഓർമകളും പിന്നോട്ടു സഞ്ചരിക്കുന്നു...ഓർമ്മകൾ....! മനസ്സ് വിങ്ങിപ്പോകുന്ന ഓർമ്മകൾ.... ഈ നഗരത്തിന്റെ ജോലി  തിരക്കിൽ നിന്ന് നാട്ടിലേക്കുള്ള യാത്രകൾ.  വീടിന്റെ അടുത്തുള്ള പട്ടണത്തിൽ ഈ ദൂരയാത്ര അവസാനിക്കും. പിന്നെ അവിടെ നിന്ന് വേറെ ബസ്സ്‌ പിടിക്കണം. ആ പതിനഞ്ചു മിനിറ്റ് യാത്രയാണ്‌ എനിക്കേറെയിഷ്ടം. ഗ്രാമത്തിന്റെ ഭംഗിയും, നിഷ്കളങ്കതയുമുള്ള യാത്ര.
കവലയിൽ ബസ്സിറങ്ങുമ്പോൾ വൈകുംനേരം നാലര മണി കഴിഞ്ഞിരിക്കും. എന്നെ മാത്രം തിരയുന്ന മിഴികൾ., ആ വാകമര ചുവട്ടിൽ കാത്തുനിൽക്കുന്നുണ്ടാകും 'ദിവ്യ'. എന്റെ മുറപ്പെണ്ണ്.
പിന്നെ ചെമ്മൺ പാതയിലൂടെ ഒന്നിച്ചുള്ള നടത്തം. നടത്തം തുടങ്ങിയപ്പോഴേ അവൾ സിഗരറ്റിന്റെ മണം പിടിച്ചു. ശ്രീയേട്ടൻ ഇപ്പോൾ സ്ഥിരം വലിതന്നെയാണ് അല്ലെ. എനിക്ക് ഇഷ്ടമല്ല ഇതൊന്നും. അവൾ പരിഭവിച്ചു തുടങ്ങി. ഞാൻ സ്ഥിരം പല്ലവി പറഞ്ഞു. ഇനിയില്ല. എന്റെ ദിവ്യകുട്ടിയാണെ ഇനിയില്ല.വേണ്ട, എനിക്കറിയാം ശ്രീയേട്ടന് എന്നെ ഇപ്പോൾ ഒട്ടും ഇഷ്ടമല്ല. അവളെ ദേഷ്യം പിടിപ്പിക്കാൻ ഞാനും തീരുമാനിച്ചു. നിന്നെക്കാളും സുന്ദരികൾ എന്റെ കൂടെ ജോലി ചെയുന്നുണ്ട്. നിന്നെപ്പോലെ എപ്പോഴും ദാവണിയും ചുറ്റി നടക്കുന്നവരല്ല. മോഡേൺ കുട്ടികൾ. ഞാൻ ഇടംകണ്ണിട്ട് അവളെ നോക്കി. ആ മിഴികൾ നിറഞ്ഞു തുളുമ്പിയിരിക്കുന്നു. എടി, മണ്ടൂസേ ഞാൻ വെറുതെ പറഞ്ഞതല്ലേ. അപ്പോഴേക്കും സങ്കടം വന്നോ..? എന്റെ സുന്ദരിക്കുട്ടി നീയല്ലേ. അവൾ കണ്ണുകൾ തുടച്ചു എന്നെ നോക്കി ചിരിച്ചു. എനിക്ക് ഒരു പരിഭവവുമില്ല ശ്രീയേട്ടാ. അവിടെ ചെന്നിട്ടു ചീത്ത സ്വഭാവങ്ങളൊക്കെ തുടങ്ങിയോന്നു ഒരു സംശയം.ഈ പുകവലിയൊന്നും ഇല്ലായിരുന്നല്ലോ. ഇപ്പോൾ എവിടുന്നു കിട്ടി ഈ ശീലമൊക്കെ. ഇനി കള്ളു കുടിയുമുണ്ടോ..? അവൾ എന്നെ ദയനിയമായി നോക്കി. ശ്രീയേട്ടന് അറിയില്ലേ, ഓർമവെച്ച നാൾ മുതൽ എന്റെ ജീവിതത്തിൽ സന്തോഷം എന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല. അച്ഛന്റെ കുടി തന്നെ കാരണം. വീട്ടിലെ വഴക്കും, അമ്മയുടെ കരച്ചിലും. എന്നും സങ്കടപ്പെട്ടിരിക്കുന്ന അമ്മയെ ഞാൻ കണ്ടിട്ടുള്ളു. സന്തോഷമില്ലാത്ത ഒരു ജീവിതം.ഇന്നും വീട്ടിൽ ആ അവസ്ഥക്ക് മാറ്റമൊന്നുമില്ല. അമ്മ എപ്പോഴും പറയും, ഈ നരകത്തിൽ നിന്ന് നിന്നെ എത്രയും പെട്ടെന്ന് കൊണ്ട് പോകാൻ ശ്രീഹരിയോട് പറഞ്ഞൂടെ.
എന്റെ അമ്മയുടെ കണ്ണുനീര് കണ്ടു തളർന്ന ഒരു മനസ്സാണ് ശ്രീയേട്ടാ എന്റേത്. എന്റെ ജീവിതത്തിലും അങ്ങനെയുണ്ടാകാൻ പാടില്ല എന്ന ആഗ്രഹം മാത്രമെ എനിക്കുള്ളൂ. വീണ്ടും ആ മിഴികൾ കലങ്ങി തുടങ്ങി. ദിവ്യ.. നിന്റെ സന്തോഷമാണ് എന്റെ ജീവിതം. നിനക്ക് ഇഷ്ടമില്ലാതതൊന്നും എന്റെ ജീവിതത്തിൽ കാണില്ല.
ഇനിയെന്നാണ് ശ്രീയേട്ടാ എന്റെ കഴുത്തിലൊരു താലി കെട്ടുന്നത്..?
ഈ കാത്തിരിപ്പിന് ഒരവസ്സാനം എന്നാണ്..?
ഒരു ജോലി കിട്ടുന്നിടം വരെയുള്ളൂ ഈ കാത്തിരിപ്പെന്നു പറഞ്ഞിട്ട് വർഷം ഒന്നു കഴിഞ്ഞു. നമ്മൾക്ക് കുറച്ചു നാൾ കൂടി പ്രണയിക്കാം പെണ്ണെ.പതിയെ അവളുടെ കാതോരം ഞാൻ പറഞ്ഞു. അപ്പോൾ കല്യാണം കഴിഞ്ഞാൽ എന്നോട് ഇഷ്ടം കാണില്ലേ. ദിവ്യക്ക്‌ പിന്നെയും സംശയമായി. ഈ പൊട്ടി പെണ്ണിന്റെ ഒരു കാര്യം. നീ എനിക്കൊരു മൂന്നു മാസം കൂടി തന്നാൽ മതി. ആ വീട് പണി ഒന്നു തീരട്ടെ. അമ്മയും പറയുന്നത് അതാണ്. കല്യാണവും, പുതിയ വീട്ടിലെ താമസ്സവും ഒരു ദിവസ്സം നടത്താമെന്ന്. ദിവ്യക്ക്‌ സന്തോഷമായി. വിശേഷങ്ങളും, പരാതികളും, പരിഭവങ്ങളും പറഞ്ഞു വീടെത്തിയത് അറിഞ്ഞില്ല. അമ്മ മുറ്റത്ത്‌ തന്നെ നിൽപ്പുണ്ടായിരുന്നു.എന്താ മോനെ താമസിച്ചത് ? കൃത്യ സമയത്ത് വന്നാലും അമ്മയുടെ ആദ്യ ചോദ്യം ഇതായിരിക്കും.ബസ്സ്‌ താമസ്സിച്ചു. എന്റെ സ്ഥിരം മറുപടിയും വന്നു.അമ്മെ, നല്ലൊരു ചായ എടുത്തോ. ഞാനൊന്നു ദേഹം കഴുകിയിട്ട് വരാം. വേണ്ട, അമ്മ ഇവിടിരുന്നോ ഞാൻ ചായ എടുക്കാം. ദിവ്യ അധികാരത്തോടെ എന്നെ നോക്കിയിട്ടു അടുക്കളയിലേക്കു പോയി. ചായയും കുടിച്ചു വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിന്നപ്പോൾ അമ്മാവൻ വന്നു. നല്ല ഫോമിലാണ്. ശ്രീഹരി എപ്പോൾ വന്നു.? കുറച്ചു സമയമേ ആയുള്ളൂ. ഞാൻ കസേരയിൽ നിന്നെഴുന്നേറ്റു. നിനക്ക് അവിടെ വില കുറച്ചു കുപ്പിയൊന്നും കിട്ടില്ലേട.
അത് കേട്ടു ദിവ്യക്ക്‌ ദേഷ്യം വന്നു. ശ്രീയേട്ടന് അവിടെ കുപ്പി കച്ചവടമല്ല. അമ്മാവൻ ചായ കുടിക്കുന്നില്ലേ. ഇല്ല, ഞാൻ ഇവളെ കൂട്ടാൻ വന്നതാ. അമ്മാവൻ അവളെയും കൂട്ടി നടന്നകന്നു. പോകുന്ന വഴിയില് അവള് തിരിഞ്ഞു നോക്കി ചുണ്ടനക്കി പറഞ്ഞു. രാവിലെ വരാം. പാവം പെണ്ണ്. അവളെ എത്രയും പെട്ടെന്ന് ഇവിടെ കൊണ്ട് വരണം. അമ്മ വ്യാകുലതയോടെ പറഞ്ഞു. മ് ഞാൻ ഇരുത്തിയൊന്ന് മൂളിയിട്ട് മുറിയിലേക്ക് പോയി.
അങ്ങനെ, മൂന്ന് മാസങ്ങൾ കടന്നുപ്പോയി. സ്വപ്ന സാഫല്യംപ്പോലെ എല്ലാം നടന്നു. പുതിയ വീട്ടിൽ ദിവ്യയുടെ കൈ പിടിച്ചു കയറി.പ്രണയ സുന്ദരമായ ദിനങ്ങൾ. കല്യാണം കഴിഞ്ഞു രണ്ടു മാസം പോയതറിഞ്ഞില്ല. എല്ല പ്രാവശ്യവും പോകുന്നതുപോലല്ല. ദിവ്യയ്ക്ക് സങ്കടം സഹിക്കാൻ കഴിയുന്നില്ല. ഒന്ന് ശരിക്ക് കാണാൻ പോലും കഴിഞ്ഞില്ല. അപ്പോഴേക്കും...അവളുടെ കണ്ണുനീർ തുള്ളികൾ എന്റെ നെഞ്ചിൽ വീണു പടർന്നു. ഞാൻ അവളെ സമാധാനപ്പെടുത്തി . ഒരുപാടു ദൂരെയൊന്നുമല്ലല്ലൊ. ആറു മാസം കഴിയുമ്പോൾ ഞാനിങ്ങു വരില്ലേ. ശ്രീയേട്ടന് പറയാം, ആറു മാസമെന്ന്. എനിക്കത് അറുപതു വർഷംപ്പോലെയാണ്. അവൾ തേങ്ങി. നെഞ്ചിൽ നിന്നും അവളെ അടർത്തി മാറ്റി ഞാൻ പുറത്തേക്കു ഇറങ്ങി. അമ്മയുടെ മുഖത്തും സങ്കടം. മുറ്റത്ത്‌ ഇറങ്ങി തിരിഞ്ഞു നോക്കുമ്പോൾ ജനലഴികളിൽ കരഞ്ഞു കലങ്ങിയ മിഴികൾ.
വീണ്ടും ആ നഗരത്തിന്റെ ജോലി തിരക്കുകൾക്കിടയിൽ അലിഞ്ഞു ചേർന്നു. ദിവസവും കാതങ്ങൾക്കു അപ്പുറം ചെവികളിൽ വന്നലക്കുന്ന അവളുടെ സ്വരവും, ഓർമകളും...
ആ  സുന്ദരമായ ദാമ്പത്യ വല്ലരിയിൽ ഒരു മോളെയും എനിക്ക് അവൾ തന്നു. എന്റെ ദിവ്യയെപ്പോലെ സുന്ദരിയായ ഒരു പൊന്നുമോളെ...! പക്ഷെ, എന്റെ ദിവ്യയെ എനിക്ക് നഷ്ടമായി. ലേബർ റൂമിന്റെ വാതിൽ വരെ അവളുടെ കൈ പിടിച്ചു നടക്കുമ്പോൾ അവൾ എന്റെ കൈയിൽ അമർത്തി കൊണ്ട് പറഞ്ഞു. ഞാൻ ഈ റൂമിൽ നിന്ന് പുറത്തു വരുമ്പോൾ ശ്രീയേട്ടൻ ഈ വരാന്തയിൽ  കാണണം. ആദ്യം എനിക്ക് ശ്രീയേട്ടനെ തന്നെ കാണണം. ഞാൻ ചിരിച്ചുക്കൊണ്ട് ആ നെറ്റിയിൽ അമർത്തി ചുംബിച്ചു. അതെന്റെ അന്ത്യ ചുംബനം ആയിരിക്കുമെന്ന് ഒരിക്കലും കരുതിയില്ല. അവൾ തിരിച്ചു വരുന്നിടം വരെ ഞാൻ ആ വരാന്തയിൽ നിന്നു. ആ വാതിൽ തുറന്നു അവൾ വന്നു. പക്ഷെ, ആ ചിരി ഞാൻ പിന്നെ കണ്ടില്ല. ആ സ്വരം ഞാൻ പിന്നെ കേട്ടില്ല.
സാറെ, ഇറങ്ങുന്നില്ലേ..സ്ഥലമെത്തി. ഞാൻ ഓർമകളിൽ നിന്ന് ഞെട്ടി... എന്താ സാറേ കണ്ണ് നിറഞ്ഞിരിക്കുന്നത്‌..? പൊടി അടിച്ചതായിരിക്കും. മറുപടി പറഞ്ഞു കണ്ണു തുടച്ചു പുറത്തിറങ്ങി.
ഗ്രാമത്തിലേക്കുള്ള ബസ്സിൽ കയറി...കവലയിൽ ബസ്സിറങ്ങുമ്പോൾ ആ വാകമര ചുവട്ടിലേക്ക്‌ നോക്കി. എന്നെ തിരഞ്ഞു ആ മിഴികൾ അവിടെയില്ല. വർഷങ്ങൾ എത്ര കഴിഞ്ഞു. ആ ചെമ്മൺ പാതയിന്നില്ല. കോൺക്രീറ്റ് റോഡ്‌ ആയിരിക്കുന്നു. എന്നെ കണ്ടപ്പോഴേ ദൂരെ നിന്ന് മോൾ ഓടിവന്നു. അച്ഛാ, ഞാൻ പറഞ്ഞ ചോക്ലേറ്റ് കൊണ്ട് വന്നോ..? അവൾ കൊഞ്ചിക്കൊണ്ട് എന്നെ വട്ടം പിടിച്ചു....അവളെ വാരിയെടുത്തു ചോക്ലേറ്റ് ബോക്സ്‌ അവൾക്കു കൊടുത്തു. ഒരുമ്മയും കൊടുത്തു. അച്ഛൻ സിഗരറ്റ് വലിച്ചു അല്ലെ.ഞാൻ അച്ഛമ്മയോട്‌ പറഞ്ഞു കൊടുക്കും...അച്ഛമ്മേ.....അവൾ അമ്മയെ വിളിച്ചു എന്റടുത്തു നിന്ന് ഊർന്നിറങ്ങി അകത്തേക്ക് ഓടി...
ദിവ്യ നമ്മുടെ മോൾ വളർന്നിരിക്കുന്നു. നിന്നെപ്പോലെ എന്നെ അവൾ അറിഞ്ഞു തുടങ്ങിയിരിക്കുന്നു...നിനക്ക് സന്തോഷമായില്ലേ  ദിവ്യ. നീയെന്നെ തോൽപ്പിച്ചു കളഞ്ഞിട്ടല്ലേ പോയത്...?? പൊന്നു മോളെ എനിക്ക് തന്നിട്ടല്ലേ പോയത്...! അല്ലെങ്കിൽ ഞാനും നിന്റെ കൂടെ വരില്ലായിരുന്നോ...നിന്നോടൊപ്പം........!