2016, മാർച്ച് 18, വെള്ളിയാഴ്‌ച

എന്റെ ഹൃദയത്തിന്റെ ഉടമക്ക്

എന്റെ ഹൃദയത്തിന്റെ ഉടമക്ക്...,
സുഖമാണോ...?
കുറെ നാളുകൾക്ക് ശേഷം നിനക്ക് വേണ്ടി എഴുതണമെന്നു തോന്നി..
ഇത് വായിക്കുമ്പോൾ നിനക്ക് നമ്മുടെ പഴയ നാളുകളുടെ ഓർമയിലേക്ക് പോകാൻ കഴിഞ്ഞാൽ , നിന്റെ മനസ്സിന്റെ ഒരു കോണിൽ ഞാൻ ഇപ്പോഴുമുണ്ടാകും...അതല്ലങ്കിൽ ആ മനസ്സിൽ ഞാൻ മരിച്ചു കഴിഞ്ഞിട്ടുണ്ടാകും..
പ്രണയത്തിന്റെ പൂക്കൾ എന്നിലും ,നിന്നിലും നിറച്ച ആ പഴയ സ്ഥലത്ത് ഞാൻ ഇന്ന് പോയിരുന്നു...നിനക്ക് ഓർമ്മയുണ്ടോ....? ആ സായാഹ്നങ്ങൾ...നീയും ഞാനും സ്വപ്‌നങ്ങൾ മെനെഞ്ഞെടുത്ത, വിശേഷങ്ങൾ പങ്കുവെച്ച നിമിഷങ്ങൾ. അവിടെ നിറയെ ആളുകൾ കാണും. എന്നാലും നമ്മൾ രണ്ടുപേരും മാത്രമുള്ള ഒരു ലോകം മാത്രമായി നമുക്ക് തോന്നും.
ഇന്ന് ഞാൻ അവിടെ പോകുമ്പോൾ ഒരു ശൂന്യത മാത്രം. നിറയെ ഏകാന്തത....
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകൾ...
ഒരിക്കലും മറക്കാൻ കഴിയാത്ത കുറെ ഓർമ്മകൾ...
എന്നെ തിരഞ്ഞു കുറെ സമയം നീ അവിടെ ,ആ പടികളിൽ ഇരിക്കുമായിരുന്നു....എന്നെ കാണുമ്പോൾ നിന്റെ കണ്ണുകളിൽ നിറയുന്ന സന്തോഷം കാണുമ്പോൾ എന്റെ മനസ്സ് നിറയും. ലോകം വെട്ടി പിടിച്ച ഒരു യോദ്ധാവിന്റെ ഭാവമായിരുന്നു എനിക്ക്....
പിന്നെ സമയം പോകുന്നതു ശര വേഗത്തിലായിരിക്കും...ആ ദിവസത്തെ വിശേഷങ്ങൾ പങ്കുവെക്കും...പിന്നെ...നമ്മുടെ സങ്കല്പങ്ങൾ, സ്വപ്നങ്ങൾ .....അപ്പോഴേക്കും നമ്മൾ പോലുമറിയാതെ നമ്മുടെ മിഴികൾ ഒരുപാട് മിണ്ടിയിരിക്കും..സമയം നമുക്ക് വേണ്ടി കാത്തു നിൽക്കാതെ ഓടിക്കൊണ്ടിരിക്കും..സൂര്യന് കുങ്കുമ വർണ്ണമായി കഴിഞ്ഞിട്ടുണ്ടാകും....ആ വർണ്ണം നിന്റെ മുഖത്തിന്റെ തുടിപ്പ് കൂട്ടിയിട്ടുണ്ടാകും...
പിന്നെയും പറഞ്ഞു തീരാത്ത വിശേഷങ്ങളും ,സ്വപ്നങ്ങളും ബാക്കിയായിരിക്കും.
നിന്നെ യാത്രയാക്കുമ്പോൾ ...അകന്നു പോകുന്ന ആ ബസ്സിന്റെ സൈഡ് സീറ്റിലിരിന്നു നീ തിരിഞ്ഞു നോക്കുമ്പോൾ എന്റെ മനസ്സൊന്നു പിടയും...ആ തിരിഞ്ഞു നോട്ടമാണ് എന്നെ ഇപ്പോഴും ഈ പഴയ സ്ഥലത്ത് എത്തിച്ചത്....
അങ്ങനെ നിന്റെ ഓർമകളുമായി, നിറയെ നിലാവുമായി രാത്രി കടന്നു വരും..
പിന്നെ നിനക്കുള്ള പ്രണയ ലേഖനം എഴുതുന്ന സുന്ദരമായ രാവ്...
പ്രണയ സുന്ദരമായ , അക്ഷരങ്ങളിൽ നിന്റെ മുഖമായിരിക്കും...അക്ഷരങ്ങൾ വാക്കുകളായി പിറവിയെടുക്കും...അവസാനം നിന്റെ സ്വന്തം എന്നെഴുതി നിർത്തും...
ആ വരികളിൽ എവിടെയും അതിരുവിട്ട ഒരു വാക്കുകൾ പോലും വരാതെ ഞാൻ ശ്രമിക്കും..അതായിരുന്നല്ലൊ നമ്മുടെ പ്രണയത്തിന്റെ സത്യം....വിരൽ തുമ്പുകളിൽ പോലും സ്പർശിക്കാതെ ,അതിരുവിട്ട ഒരു വാക്കുപോലും പറയാതെ നമ്മുടെ പ്രണയം...
പിന്നെ പുലരാൻ വേണ്ടി നിദ്രയുടെ ആഴങ്ങളിലേക്ക് ഞാൻ കണ്ണടച്ച് കഴിഞ്ഞാലും സ്വപ്നങ്ങളിൽ നീ മാത്രമായിരിക്കും...അങ്ങനെ എത്ര ദിനങ്ങൾ കഴിഞ്ഞു പോയി..നീയും ഞാനും മാത്രമുള്ള കുങ്കുമ വർണ്ണങ്ങളുള്ള സായാഹ്നങ്ങൾ...അന്ന് നീ പറഞ്ഞത് ഓർമ്മയുണ്ടോ..? നമ്മൾ ഒന്നിച്ചുള്ള ജീവിതം തുടങ്ങി കഴിഞ്ഞിട്ട് ഇവിടെ വരണമെന്ന്....അത്രയ്ക്ക് പ്രീയപ്പെട്ടതായിരുന്നു നമ്മുക്കിവിടം. ഇപ്പോൾ നീ പറഞ്ഞത് ഞാൻ ഓർത്ത്‌ പോയി....ഞാൻ ഇന്നും ഇവിടെ വന്നു....ഏകനായി...
അവസാനമായി നമ്മൾ ഒന്നിച്ച ആ വൈകുന്നേരം നിനക്ക് ഓർമ്മയുണ്ടോ...?
ഒരിക്കലും പിരിയില്ലന്നു പറഞ്ഞ നമ്മളെ വേർപിരിച്ച ആ നശിച്ച ദിവസം...
വിശേഷങ്ങൾ പങ്കുവെച്ചും, സ്വപ്‌നങ്ങൾ നെയ്തും സമയം ഒരുപാടു കടന്നുപോയി. സൂര്യന്റെ കുങ്കുമ വർണ്ണം വന്നതും സന്ധ്യക്ക്‌ വഴി മാറിയതും നമ്മൾ അറിഞ്ഞില്ല...നീ പോകേണ്ട ബസ്‌ വന്നതും പോയതും നമ്മൾ അറിഞ്ഞില്ല..അതോ അറിഞ്ഞിട്ടും കുറച്ചു നേരം കൂടി അടുത്തിരിക്കാൻ വേണ്ടി നമ്മൾ അറിയാതെ പോയതോ....
ഒരുപാടു വൈകിയെന്നു അറിഞ്ഞപ്പോൾ നിന്റെ മുഖത്ത് നിറഞ്ഞ പേടി എന്റെ മനസ്സിൽ ഇപ്പോഴും മുള്ളുപോലെ തറക്കുന്നുണ്ട്....
ആദ്യമായി നിന്നെ വീട്ടിൽ കൊണ്ട് വിടാനുള്ള ഭാഗ്യം എനിക്കുണ്ടായി..പക്ഷെ, അത് നമ്മുടെ ജീവിതത്തിന്റെ അവസാന യാത്ര ആയിരുക്കുമെന്നു നമ്മൾ കരുതിയില്ല....
നിന്റെ വീടിന്റെ മുമ്പിൽ നിന്നെ ഇറക്കി വിടുമ്പോൾ ഇരുട്ട് വീണിരിന്നു...നിന്നെ കാത്തിരിന്ന നിന്റെ വീട്ടുകാരുടെ മുന്നിലേക്ക്‌ നിന്നെ വിടുമ്പോൾ ആദ്യമായി നിന്റെ കവിൾതടത്തിൽ നിന്റെ അമ്മയുടെ കരം പതിഞ്ഞത് ഞാൻ അറിഞ്ഞിരുന്നു...പിന്നെ ശകാരങ്ങളുടെ പെരുമഴയും...അന്ന് നിന്റെ കൈയിൽ പിടിച്ചു ഞാൻ പറഞ്ഞതല്ലേ എന്റെ കൂടെ വരാൻ..
നിന്റെ കരഞ്ഞു കലങ്ങിയ കണ്ണുകളിലെ നിസ്സഹായത ഇന്നും ഞാൻ ഓർത്തെടുക്കുന്നു...ഇപ്പോൾ പോയിക്കോളു....., ഇനി ഒരിക്കൽ ഞാൻ ഇറങ്ങി വരാം എന്ന് ഇടറുന്ന വാക്കുകളോടെ പറഞ്ഞു നീ തിരിഞ്ഞു നടക്കുമ്പോൾ ഞാൻ കരുതിയില്ല , വിധി കാത്തുവെച്ച വേർപിരിയൽ അവിടെ തുടങ്ങിയെന്ന്....
പിന്നീടൊന്നു കാണാൻ വേണ്ടി എത്ര ശ്രമിച്ചിട്ടും ഒരിക്കലും കഴിഞ്ഞില്ല. അപ്പോഴേക്കും നിന്റെ വീട്ടുകാർ നിന്റെ വീട്ടിൽ തന്നെ ഒരു തടവറ തീർത്തിരുന്നു.....ആ തടവറയിൽ നിന്റെ വിങ്ങുന്ന മുഖം എന്റെ ഹൃദയത്തെ വല്ലാതെ നൊമ്പരപ്പെടുത്തി കൊണ്ടിരുന്നു...അങ്ങനെ ദിവസ്സങ്ങൾ ഒരുപാടു കഴിഞ്ഞു.....കലണ്ടറിന്റെ താളുകൾ മറഞ്ഞുക്കൊണ്ടിരുന്നു..
ഒരു യാത്രപോലും പറയാൻ കഴിയാതെ ഈ മരുഭൂവിലേക്ക് ഞാൻ വിമാനം കയറി..നിന്റെ ഓർമകളുമായി ,നമ്മൾ കണ്ട സ്വപ്നം സഫലമാക്കാൻ വേണ്ടി...ഈ നാടിനെ ഞാൻ സ്നേഹിച്ചു.....വീണ്ടും വർഷങ്ങൾ കടന്നുപോയി..
ഈ വർഷത്തിന്റെ ഇടയ്ക്കു നിന്നെ കുറിച്ച് ഞാൻ നാട്ടിലുള്ള ആരോടും അന്വേഷിച്ചില്ല....അതായിരുന്നു എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്...
പക്ഷെ, നിന്റെ നീരണിഞ്ഞ കണ്ണുകൾ എന്നെ തിരഞ്ഞു. പലരോടും തിരക്കി...എന്റെ ഒരു വിവരങ്ങളും നിനക്ക് അറിയാൻ കഴിഞ്ഞില്ല.
അങ്ങനെ, ഞാൻ നിന്നെ മറന്നു എന്ന് കരുതി നീ ഒരുപാടു കരഞ്ഞിട്ടുണ്ടാകും.....വേരെയൊരു ജീവിതം നീ തിരഞ്ഞെടുത്തു..നീ അറിഞ്ഞില്ലല്ലോ പെണ്ണെ, നമ്മൾ കണ്ട സ്വപ്നം സഫലമാക്കാൻ ഞാൻ ഈ മരുഭൂമിയോട് പൊരുതുകയാണെന്നു.....
എവിടെയാണെങ്കിലും നീ സുഖമായും സന്തോഷമായും കഴിയണമെന്ന പ്രാർത്ഥന മാത്രമെ എനിക്കുള്ളൂ....
ഇപ്പോൾ ഈ സായാഹ്നത്തിന് കുങ്കുമ നിറമില്ല....
നിന്റെ സാമീപ്യമായിരുന്നൊ ഈ സായാഹ്നത്തിന് വർണ്ണം നല്കിയത്..?
ഈ പടികെട്ടുകളിൽ നീയുമില്ല...നിന്റെ നീറുന്ന ഓർമ്മകൾ മാത്രം....
എന്റെ ജീവിതത്തിൽ നീയില്ലെങ്കിലും എന്റെ ഹൃദയത്തിൽ നീയായിരിക്കും...
ഇപ്പോഴും എന്റെ ഹൃദയത്തിന്റെ ഉടമ നീ തന്നെയാണ്.....
നിർത്തട്ടെ.....
സ്നേഹത്തോടെ........