2016, ഏപ്രിൽ 29, വെള്ളിയാഴ്‌ച

പാഴ്കിനാവ്

ഓർമകളുടെ ഒരു പളുങ്ക് പാത്രം ഞാനിന്നും കാത്തുവെച്ചിരിക്കുന്നു....
അതിനു പോയ കാലത്തിന്റെ പഴമയുടെ ഗന്ധമുണ്ട്...
പകൽ നിഴലും, രാത്രി നിലാവും കാവലിരിക്കുന്ന നിന്റെ ഓർമകളുടെ പളുങ്ക് പാത്രം......!

നിനക്ക് നൽകാൻ ഞാൻ കരുതി വെച്ചിരിക്കുന്ന  ജീവിതം ആ പളുങ്ക് പാത്രത്തിനുള്ളിൽ  സൂക്ഷിച്ചു വെച്ചിരിക്കുന്നു...സ്വപ്‌നങ്ങൾ അതിന്റെ നിറം കെടാതെ വർണ്ണങ്ങൾ വിതറി കൊണ്ടിരിക്കുന്നു...
ഇനിയും എത്ര നാൾ കാത്തിരിക്കണം...?
സ്വപ്‌നങ്ങൾ സഫലമാകുവാൻ...
കാത്തിരിപ്പിനു സുഖമുണ്ട്, അതിനു അർത്ഥമുണ്ടെങ്കിൽ മാത്രം.
കാലം മുന്നോട്ടു ചലിച്ചു കൊണ്ടിരിക്കുകയാണ്.

ഒരു പൂന്തോട്ടം ഞാനിന്നും നട്ടുനനക്കുന്നു.
നിനക്ക് വേണ്ടി മാല കോർക്കാൻ....
അത് വാടി കരിയുന്നതിനു മുമ്പെങ്കിലും....!
ഒരു സിന്ദൂരചെപ്പ് എന്റെ കൈ കുമ്പിളിൽ ചേർത്ത് വെച്ചിരിക്കുന്നു...നിന്റെ നെറുകയിൽ ചാർത്താൻ...,കണ്ണുനീരിന്റെ നനവോടെ..!
ഈ കാത്തുവെച്ചിരിക്കുന്നതെല്ലാം നമ്മുടെ പ്രണയം സഫലമാകുമെന്ന പ്രതീക്ഷയിലാണ്...നീ വരുമെന്ന പ്രതീക്ഷയിൽ.....'
ഇല്ലെങ്കിൽ, ഞാൻ മാത്രമായി ഒരു യാത്ര പോകും. എന്റെ ഓർമകളെ മാത്രം നിനക്ക് നൽകിയിട്ട്.....
ആ പളുങ്ക് പാത്രം നീ ഉടക്കരുത്...
നമ്മുടെ സ്വപ്‌നങ്ങൾ, മോഹങ്ങൾ, ആഗ്രഹങ്ങൾ അതിനുള്ളിൽ ഉറങ്ങിക്കോട്ടെ...
അടുത്ത ജന്മം ഉണരാൻ വേണ്ടി...."

2016, ഏപ്രിൽ 25, തിങ്കളാഴ്‌ച

ജീവിതം....ഇതുവരെ..!

അനിലേട്ടാ.., ഇതാ ചായ.
അനുവിന്റെ വിളികേട്ടു പെട്ടെന്ന് ഞെട്ടിപ്പോയി.
നിങ്ങളെന്ത മനുഷ്യനെ ഈ മഴയും നോക്കി ഇത്ര ആലോചിക്കാൻ...?
അപ്പോഴാണ് ഓർത്തത്‌...മഴയുടെ ശക്തി കൂടിയിരിക്കുന്നു. കണ്ണടയൂരി ടേബിളിൽ വെച്ചു.
ആലോചന തീർന്നോ അനിലേട്ടാ..?
 ചായ കപ്പ്
 എന്റെ നേരെ നീട്ടിക്കൊണ്ടു അനുവിന്റെ ചോദ്യം തുടർന്നു. ഞാൻ അവളുടെ കണ്ണുകളിലേക്കു നോക്കി കൊണ്ട് തന്നെ കപ്പ് വാങ്ങി. ഇതെന്താ അനിലേട്ടാ ആദ്യമായി കാണുന്നതുപ്പോലെ.....
പഴയ തൊട്ടാവാടി പെണ്ണിൽ നിന്ന് അനു ഒരുപാടു മാറിയിരിക്കുന്നു. അവളൊരു പക്വതയൊത്ത കുടുംബിനി ആയിരിക്കുന്നു.

ഞാൻ വെറുതെ നമ്മുടെ പഴയ കാലത്തേ കുറിച്ചു ആലോചിച്ചുക്കൊണ്ടിരിക്കുകയായിരുന്നു.
നമ്മുടെ പ്രണയ കാലത്തെക്കുറിച്ച്....
വർഷം പന്ത്രണ്ടു കഴിഞ്ഞു. മക്കളും രണ്ടായി. ഇപ്പോഴും പഴയ കാലവും ഓർത്തിരിന്നോ.
അനുവിന് ചെറിയ ദേഷ്യം വന്നു.
എന്നാലും അതോർക്കാൻ നല്ല സുഖമല്ലേ അനു. ഞാൻ പഴയ കാമുകനായി.
ഇനിയെന്നെങ്കിലും ആ കാലം തിരിച്ചു വരുമോ...?
ഈ മഴയൊക്കെ അന്നു നിനക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ഞാനൊന്നു പിണങ്ങിയാൽ നിനക്ക് ഭയങ്കര സങ്കടമായിരുന്നു. ഞാൻ അനുവിനെ നോക്കി. അവളും മഴത്തുള്ളികളിലൂടെ വിദൂരതയിലേക്ക് നോക്കിയിരിക്കുന്നു. ഓർമകളിലേക്ക് അനുവും മനസ്സ് തിരിച്ചു പിടിച്ചിരിക്കുന്നു.
മൂന്ന് വർഷം.....പ്രണയത്തിന്റെ മധുരം നിറഞ്ഞ മൂന്നു വർഷങ്ങൾ. സ്വപ്‌നങ്ങൾ പങ്കുവെച്ച നെൽപ്പാടങ്ങൾ. ജീവിതം കോർത്തെടുത്ത പുഴതീരം. അങ്ങനെ എന്നിൽ അവളും, അവളിൽ ഞാനും അലിഞ്ഞു ചേർന്ന ദിനങ്ങൾ.

വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചു എന്റെ കൂടെ ഇറങ്ങി വന്നവൾ.
അനിലേട്ടാ.., എന്ത് പ്രശ്നങ്ങൾ നേരിടേണ്ടി വന്നാലും ,സുഖമായാലും ദു:ഖമായാലും നമ്മൾക്ക് ഒന്നിച്ചു പങ്കുവെയ്ക്കാം. ജീവിതത്തിലേക്ക് ആയാലും മരണത്തിലേക്കു ആയാലും അനിലേട്ടന്റൊപ്പം ഞാനും കാണും. അവളുടെ അന്നത്തെ കണ്ണുകളിലെ തിളക്കം...ആ ഉറച്ച മനസ്സ്. പിന്നെ , ഒരുപാടൊന്നും ആലോചിക്കാൻ നിൽക്കാതെ ആ കൈ പിടിച്ചു. എല്ലാ എതിർപ്പുകളെയും അവഗണിച്ചു...പന്ത്രണ്ടു വർഷം മുമ്പ് എന്റെ ജീവിതത്തിലേക്ക് വലതുകാൽ വെച്ച് കയറിയ എന്റെ അനു....
പിന്നെ ജീവിതത്തിനോട് ഒരു സമരം തന്നെയായിരുന്നു. ഒന്നുമില്ലായിമയിൽ നിന്ന് എന്തെങ്കിലുമൊക്കെ ആകാൻ. കൈ പിടിച്ച പെണ്ണിനെ അല്ലലില്ലാതെ പോറ്റാൻ. കൂടെ അവൾ ഉള്ളതുക്കൊണ്ട് ഒരു ധൈര്യമായിരുന്നു. എന്നും കൂടെ കാണുമെന്നു വാക്കു കൊടുത്തു കൂടെ കൂട്ടിയെങ്കിലും ഇടയ്ക്കിടയ്ക്ക് വരുന്ന വിരുന്നുക്കാരനെപ്പോലെ ഞാനും ഒരു പ്രവാസിയായി. പത്തു വർഷം.....അനുവിന് ഞാൻ കാണിച്ചു കൊടുത്ത സ്വപ്‌നങ്ങൾ സഫലമാകുവാൻ പത്തുവർഷം വേണ്ടി വന്നു.
വലുതല്ലങ്കിലും ഒരു വീട് വെച്ചു. അണിനു ആണിനേയും, പെണ്ണിന് പെണ്ണിനേയും ആയി  ഈശ്വരൻ രണ്ടു കണ്മണികളെ തന്നു. അല്ലലില്ലാതെ ജീവിക്കാനുള്ള ചെറിയൊരു ബിസിനെസ്സും തുടങ്ങി. രണ്ടു വർഷമായി വിരുന്നുകാരന്നല്ലാതെ വീട്ടുകാരനായി അനുവിന്റെയും,മക്കളുടെയും കൂടെ ജീവിക്കാൻ തുടങ്ങിയിട്ട്.

കാറ്റടിച്ചു മഴത്തുള്ളികൾ പാളി വന്നു അനുവിന്റെ മുഖത്ത് തട്ടി. അപ്പോഴാണ് അവളും ഓർമകളിൽ നിന്ന് മുക്തയായത്.
അനിലേട്ടാ, എന്തിരിപ്പ ഈ ഇരിക്കുന്നത്...?
അല്ല, ഞാൻ ആലോചിക്കുകയായിരുന്നു. നമ്മൾ സ്വപ്നം കണ്ടതുപ്പോലെ നമ്മൾക്കൊരു ജീവിതം ഈശ്വരൻ തന്നല്ലോ.
ഞാൻ വന്നതിൽ പിന്നെയാണ് അനിലേട്ടന് ഈ ഭാഗ്യമൊക്കെ വന്നത്. അനു പറഞ്ഞു നിർത്തി. ശരിയാണ് അനു. നീയാണ് എന്റെ ഭാഗ്യം. ഇനി നമ്മുടെ മക്കൾ അവരുടെ സ്വന്തം കാലിൽ നിൽക്കുന്നത് വരെ നമ്മുക്ക് വിശ്രമമില്ലല്ലോ. അവരെ പഠിപ്പിച്ചു നല്ല നിലയിലാക്കണം. പിന്നെ, അവരിഷ്ടപ്പെട്ട ജീവിതം തിരഞ്ഞെടുക്കട്ടെ...അവരിഷ്ട്ടപ്പെടുന്നവരുടെ കൂടെ ഒരു ജീവിതം. അല്ലെ, അനു.
അനിലേട്ടൻ ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ..അതിനു ഞാൻ സമ്മതിക്കില്ല.അന്ന് ഞാൻ ഈ പടിയിറങ്ങും.
അതിനല്ലേ ഇത്ര കഷ്ടപ്പെട്ട് ഞാൻ അവരെ വളർത്തുന്നത്. ചായകപ്പും എടുത്തു ദേഷ്യത്തോടെ അനു അകത്തേക്ക് കയറി പോയി....
ഇതാണ് പെണ്ണ്....
കാമുകന്റെ കൊഞ്ചൽ ഏറ്റു വാങ്ങുന്നവൾ....ഭർത്താവിന്റെ സംരക്ഷണം ആഗ്രഹിക്കുന്നവൾ...ലാളന കൊണ്ടും, കൊഞ്ചലുകൾ കൊണ്ടും, സംരക്ഷണം കൊണ്ടും മക്കളെ വളർത്തുന്നവൾ..
അനുവും ഒരു കുടുംബിനി ആയിരിക്കുന്നു. സ്വന്തം മക്കളിൽ പ്രതീക്ഷകൾ വെയ്ക്കുന്നു.

മഴയുടെ ശക്തി കുറഞ്ഞിരിക്കിന്നു....പതിയെ പതിയെ നേർത്ത് നേർത്ത് വരുന്ന മഴതുള്ളികൾ...!

2016, ഏപ്രിൽ 24, ഞായറാഴ്‌ച

സ്നേഹത്തോടെ

സ്നേഹത്തോടെ കണ്ണന്...,
            സുഖമാണോ..? എന്ത നിന്റെ വിശേഷങ്ങൾ ? എന്നെ മനസ്സിലായില്ലെ ?
നീ മറക്കാൻ ആഗ്രഹിക്കുന്ന ഈ ലോകത്തെ ഒരേയൊരാൾ ഞാനായിരിക്കും അല്ലെ.
ഓർമ്മിക്കാൻ ഒരുപാടു ഓർമ്മകൾ തന്നില്ലെങ്കിലും, മറക്കാതിരിക്കാൻ കുറച്ചു വേദനകൾ ഞാൻ നിനക്ക് തന്നിട്ടുണ്ടല്ലോ..,

ഇപ്പോൾ എന്നെ ഓർമ വന്നുകാണും. അതെ കണ്ണാ....ആ പഴയ "പൊന്നു" വാണ്.
നിന്റെ മനസ്സിലെ മോഹങ്ങളേ ചവിട്ടി മെതിച്ചു കടന്നുപോയ അതെ പൊന്നു.

         എന്നോടുള്ള നിന്റെ ദേഷ്യവും,പിണക്കവും മാറിയിട്ടില്ല എന്നെനിക്കറിയാം. ഒരിക്കലും അതിന്റെ ആഴവും, അളവും നീ കുറയ്ക്കരുത്. കാരണം, എന്നെങ്കിലും എവിടെയെങ്കിലും വെച്ച് കാണുമ്പോൾ അതെ ദേഷ്യത്തോടെ എന്നെ നീ നോക്കണം. എന്നാലെ ആ പഴയ ഓർമകളിൽ നീറാൻ എനിക്ക് കഴിയുകയുള്ളൂ.
എന്റെ മനസ്സിൽ എത്രയോ വട്ടം നിന്റെ പാദങ്ങളിൽ വീണു ഞാൻ മാപ്പ് ചോദിച്ചു കഴിഞ്ഞു. പൊറുക്കാൻ കഴിയില്ല എന്നെനിക്കറിയാം. എന്നാലും....
നിന്നെ ഞാൻ ഒരുപാടു മോഹിപ്പിച്ചു. സ്വപ്നം കാണാൻ പഠിപ്പിച്ചു. അവസാനം കൈയെത്തും ദൂരത്തു വന്ന ജീവിതം ഞാൻ തന്നെ തട്ടി തെറിപ്പിച്ചു. ആ തെറിപ്പിച്ചു കളഞ്ഞ ജീവിതം ഇന്നെനിക്കു  പറ്റിയ അക്ഷരതെറ്റാണ്.
നീ അന്ന് എന്നോട് പറഞ്ഞില്ലേ, എന്റ സ്നേഹം പറഞ്ഞറിയിക്കാൻ എനിക്ക് കഴിയില്ല. ഒരു നാളെങ്കിലും എന്റെ കൂടെ ജീവിച്ചാൽ എന്റെ സ്നേഹത്തിന്റെ ആഴം കാണിച്ചുതരാമെന്ന്. അത് മനസ്സിലാക്കാൻ അന്നെനിക്ക് കഴിഞ്ഞില്ല. ഇനിയൊരിക്കലും സഫലമാകുകയുമില്ല.....
ഇപ്പോഴാണ്‌ സ്നേഹത്തിന്റെ വില ഞാൻ അറിയുന്നത്. നിന്റെ പ്രണയത്തിന്റെ അർഥം ഞാൻ മനസ്സിലാക്കുന്നത്‌. ഒരുപാടു വൈകിപ്പോയി.
എന്നാലും എന്നെ നീ അറിയണം. എന്തിനു വേണ്ടിയാണ് ഞാൻ നിന്റെ മനസ്സ് വേദനിപ്പിച്ചു പിന്തിരിഞ്ഞതെന്നു നീ ഒരുവേള കേൾക്കണം. തെറ്റുകൾ ഏറ്റുപറഞ്ഞു മാപ്പ് ചോദിക്കാനല്ല. എന്നെ മനസ്സിലാക്കാൻ നിനക്ക് മാത്രമെ കഴിയു എന്നുള്ള വിശ്വാസം എനിക്കുണ്ട്.

നമ്മുടെ പഴയ നാളുകളിലേക്ക് ഒന്ന് തിരിച്ചു നടന്നാലോ..? നമ്മുടെ പ്രണയ നാളുകളിലേക്ക്..?
ആരുമറിയാതെ നമ്മൾ മനസ്സിൽ കൊണ്ട് നടന്ന നമ്മുടെ ഇഷ്ടം. ആരും കാണാതെ പാളിവീഴുന്ന നോട്ടങ്ങൾ. വല്ലപ്പോഴും കൈമാറുന്ന പ്രണയലേഖനങ്ങളിൽ ,കോറിയിട്ട വരികളിൽ നമ്മൾ സ്വപ്നം കണ്ടൊരു ജീവിതം.
പിന്നെ, ഒരുപാടു നാൾ ഒളിപ്പിച്ചു വെക്കാൻ കഴിഞ്ഞില്ല നമ്മുടെ പ്രണയം.
എത്ര നാൾ വേണമെങ്കിലും എനിക്ക് വേണ്ടി കാത്തിരിക്കാമെന്ന് നീ പറഞ്ഞു.
എല്ല പെൺകുട്ടികളെപ്പോലെ എനിക്കും ഉണ്ടായിരുന്നു പരിമിതികൾ. എന്റെ വീട്ടിൽ ഈ ഇഷ്ടം അറിഞ്ഞപ്പോൾ ആരും പൊട്ടിതെറിച്ചില്ല. ആരും ശകാരിച്ചില്ല.
സ്നേഹത്തോടെ എന്നെ പറഞ്ഞു മനസ്സിലാക്കി.., ഒരിക്കലും നടക്കാത്ത ഒരു ബന്ധമാണ്. നിന്നിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷകൾ മുഴുവനും. നീ ഒരു തെറ്റ് ചെയ്താൽ ഈ കാലം മുഴുവനും ആ പേരുദോഷം ഈ കുടുംബത്തെ പിന്തുടർന്ന് കൊണ്ടിരിക്കും. നീ തെറ്റ് ചെയ്താൽ ഈ അമ്മ പിന്നെ കാണില്ല. ഏതു പെൺകുട്ടിയും ആ നിമിഷം തകർന്നു പോകും. എന്തു ചെയ്യണമെന്നറിയാതെ ഉഴലും. ആ അവസരം വീട്ടുകാർ മുതലെടുക്കും. എന്റെ ജീവിതത്തിലും പറ്റിയത് അതാണ്. പിന്നെയെല്ലാം പെട്ടെന്നായിരുന്നു.   നിറയെ സമ്പത്തുള്ള , തറവാട് മഹിമയുള്ള വേറൊരു കുടുംബത്തിലേക്ക് വലതുകാൽ വെച്ച് കയറുമ്പോൾ , എന്റെ വീട്ടുകാരുടെ മുഖത്ത് നിറഞ്ഞ സന്തോഷം ഞാനും ആസ്വദിച്ചു. അന്നുമുതൽ നമ്മുടെ പ്രണയത്തിന്റെ പുസ്തകം ഞാൻ അടച്ചുവെച്ചു.
കണ്ണാ......ഞാൻ ഒരുപാടു പ്രതീക്ഷകളോടെയാണ് ആ പടികൾ ചവിട്ടിയത്. സമ്പത്ത് കൊണ്ട് എന്റെ ഭർത്താവ് ഒരുപാടു മുന്നിലാണ്. പക്ഷെ, കുത്തഴിഞ്ഞ ഒരാളുടെ ജീവിതം നേരെയാക്കാൻ എന്നെ ആ വീട്ടുകാർ വിലയ്ക്ക് വാങ്ങുകയായിരുന്നു. അല്ലെങ്കിൽ പണം കണ്ടു കണ്ണ് മഞ്ഞളിച്ചുപോയ എന്റെ വീട്ടുകാർ എന്നെ വിൽക്കുകയായിരുന്നു. പുറമേ നിന്നു നോക്കുമ്പോൾ എന്റെ ജീവിതം സുന്ദരമാണ്. ഞാനും മനസ്സിലെ വേദനകൾ പുറത്തു കാണിക്കാതെ സന്തോഷത്തിന്റെ  മുഖമൂടി അണിയാൻ പഠിച്ചിരിക്കുന്നു. ആ മനുഷ്യൻ ഇന്നുവരെ എന്നെ സ്നേഹിച്ചിട്ടില്ല. പക്ഷെ, ഇപ്പോൾ എനിക്കതിൽ സങ്കടവുമില്ല. കാരണം, ഒരു ആയുസ്സ് മുഴുവൻ ഓർത്തിരിക്കാനുള്ള സ്നേഹം എനിക്ക് നീ തന്നില്ലേ. അതുമതി എനിക്ക് ഈ ജന്മം മുഴുവൻ.
കണ്ണാ.., ഇതാണ് ഇപ്പോഴുള്ള എന്റെ ജീവിതം.
ഇല്ല,ഒരുപാടൊന്നും ഞാൻ പറയുന്നില്ല. എനിക്കറിയാം , നിന്നിൽ നിന്ന് അകന്നെങ്കിലും ഞാൻ വേദനിക്കുന്നത് നിനക്ക് സഹിക്കില്ല. ആ മനസ്സ് എനിക്കറിയില്ലേ.
പിന്നെ, നിന്റെ ഇപ്പോഴുള്ള ജീവിതത്തെ കുറിച്ച് ഞാൻ അന്വേഷിക്കുന്നില്ല. എന്നെ മറക്കാൻ നിനക്ക് കഴിഞ്ഞിട്ടില്ല.എന്റെ ഓർമകളിൽ നീ അലയുന്നുണ്ടാകും. എന്നാലും, എന്നെ ഓർക്കണമെന്ന് ഞാൻ പറയില്ല.
പക്ഷെ, വെറുക്കരുത്....ഒരിക്കൽ ഞാൻ നിന്റേത് മാത്രമായിരുന്നു. ഇപ്പോൾ ഞാൻ എനിക്ക് തന്നെ അന്യമാണ്.
നിനക്കും ഒരു കൂട്ട് വേണം. നിന്നെ സ്നേഹിക്കുന്ന, നിനക്ക് എന്നെക്കാളും സ്നേഹിക്കാൻ കഴിയുന്ന ഒരു കൂട്ടുകാരി.

കാലത്തിനു മായ്ക്കാൻ കഴിയാത്ത വേദനകളില്ല. അതുപ്പോലെ, ഞാനൊരു വേദനയായി ആ മനസ്സിൽ കാണരുത്.

നിർത്തട്ടെ കണ്ണാ....
സ്നേഹത്തോടെ,
പൊന്നു.

2016, ഏപ്രിൽ 22, വെള്ളിയാഴ്‌ച

"കാത്തിരിപ്പ് .."

ഒന്നു വിളിച്ചൂടെ നിനക്ക് എന്നെ..!അരികത്തുണ്ടല്ലോ ഞാൻ. എന്നിട്ടും എന്തേ ഈ മൗനം. എന്തേ ഈ അകൽച്ച.
യാത്രാമൊഴി ചൊല്ലാൻ പോകുകയാണോ..?
വിട പറയാൻ ആകുമോ നിനക്ക്..?
നമ്മൾ കണ്ട സ്വപ്‌നങ്ങൾ...അത് നമ്മുടെതല്ലേ..?
ഒരു മൗനം നമ്മുക്കിടയിൽ നിറയുന്നുവോ...
ഒരു നിഴൽ യുദ്ധം നടക്കുന്നുവോ..
നമ്മുടെ കാത്തിരിപ്പിനു തിരശീല വീഴാൻ പോകുകയാണോ...?
ഒരു വിട പറയൽ നീ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എനിക്കൊന്നും പറയാനില്ല. എന്റെ കണ്മുന്നിൽ നിന്ന് നീ മാഞ്ഞുപോയാലും, ഓർമകളിൽ നിന്ന് ഓടി മറയാൻ കഴിയുമോ നിനക്ക്...?
വേറൊരുവൻ  നിന്റെ ജീവിതത്തിൽ സ്വർഗ്ഗ ലോകം തീർത്താലും..., നീ എന്നെ പ്രണയിച്ചത് കാലത്തിനു മായ്ക്കാൻ കഴിയുമോ...?

ഇനി എത്ര കാലം കഴിഞ്ഞാലും, എത്ര വർഷങ്ങൾ കഴിഞ്ഞാലും നിനക്ക് എന്നെ തേടി വരാം. നിന്റെ മുന്നിൽ ഇരുട്ട് നിറയുമ്പോൾ..
നിനക്ക് താങ്ങായും,തണലായും ആരുമില്ലെന്ന് തോന്നുമ്പോൾ...ഒറ്റക്കായി എന്ന് അറിയുമ്പോൾ....!
അത് എത്ര കാലം കഴിഞ്ഞാലും...
നിന്റെ ശരീരത്തിൽ ചുളിവുകൾ വീണാലും...ആ മുടിയിഴകളിൽ നര വീണു തുടങ്ങിയാലും.
ആ ചുളിവ് വീണ കയ്യിൽ പിടിക്കാൻ ഞാൻ കാണും...ആ നരച്ച മുടിയിഴകളിൽ തഴുകി സ്വാന്തനിപ്പിക്കാൻ ഞാൻ കാണും.
കാരണം, നിന്റെ മനസ്സിനെയാണ്‌ ഞാൻ ഇഷ്ടപെട്ടത്. നിന്റെ സാമീപ്യമാണ് ഞാൻ ആഗ്രഹിച്ചത്.
അത്രയ്ക്കാണ് എന്റെ ഇഷ്ടം. ഒരുനാളെങ്കിലും, ഒരു നിമിഷമെങ്കിലും ഈ മണ്ണിൽ നിന്നോടൊപ്പം കഴിയണം.
അതുവരെ മരണം എന്നെ പ്രണയിക്കരുത്.
അത് മാത്രമാണന്റെ പ്രാർത്ഥന...

2016, ഏപ്രിൽ 17, ഞായറാഴ്‌ച

വാടികരിഞ്ഞ ചെമ്പക പൂവ്

നീ അറിഞ്ഞുവോ..?
ആ ചെമ്പകം പിന്നെയും മൊട്ടിട്ടു.
നിനക്ക് ഓർമയില്ലേ...
അസ്തമയ സൂര്യന്റെ ഇളം ചൂടിൽ നിന്നും നമ്മുക്ക് തണലേകിയ ആ ചെമ്പക മരം.
നമ്മുടെ സ്വപ്‌നങ്ങൾ വാടി കരിഞ്ഞു പോയെങ്കിലും നമ്മുടെ പ്രണയത്തിനു കാവൽ നിന്ന ആ ചെമ്പക മരം പിന്നെയും പൂക്കുന്നു...ഒരു ഓർമ്മപ്പെടുത്തൽ എന്നപ്പോലെ...എന്തൊക്കെയോ ഓർമിപ്പിക്കുന്നത്‌ പ്പോലെ....

            പിന്നെ, നിനക്ക് സുഖമാണോ..?
നീ വേറൊരു  ജീവിതത്തിലേക്ക് വലതുകാൽ വെച്ച് കയറുമ്പോൾ അഞ്ചു വർഷത്തിനു മുമ്പുള്ള ആ നിമിഷം എന്റെ മനസ്സിൽ ഇന്നും ഒരു വിങ്ങലായി നിൽക്കുന്നു. വേറൊരാൾക്ക്  താലി ചാർത്താൻ  അണിഞ്ഞൊരുങ്ങി നിൽക്കുമ്പോൾ നീ സന്തോഷവതിയായിരുന്നു...മിഴിനീരിന്റെ മൂടുപടത്തിൽ ആ മങ്ങിയ കാഴ്ച എന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. അത് എന്റെ വിധി.
ആഗ്രഹിക്കാൻ മാത്രമെ എനിക്ക് വിധിച്ചിട്ടുള്ളൂ. അവകാശിയകാൻ വിധിച്ചത് മറ്റൊരുവന്...നിങ്ങളുടെ ദാമ്പത്യ വല്ലരിയിൽ വിരിഞ്ഞ ആ പൊന്നുമോൾക്കും സുഖമാണോ..? നിന്നെപ്പോലെ സുന്ദരി ആയിരിക്കുമല്ലേ...എന്താണ് ആ പൊന്നുമോളുടെ പേര് ?
നിന്റെ കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. എന്റെ പ്രാർത്ഥന അതാണ്. എവിടെയാണെങ്കിലും നീ സുഖമായും , സന്തോഷമായും ജീവിക്കണമെന്ന്..
അഞ്ചു വർഷം മുമ്പേ നമ്മൾ കണ്ട ഭാവി ജീവിതമാണ്‌. അധികം ആർഭാടമില്ലാത്ത ഒരു ജീവിതം. എല്ലാവരെയും ധിക്കരിച്ചു എന്റെ കൈ പിടിച്ചു എന്റെ ജീവിത സഖിയായി നീ വരുമെന്ന് പറഞ്ഞത്. ഓർക്കുന്നുണ്ടോ നീ...?

നിന്നെ വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. ആ മനസ്സിന്റെ  ഒരു കോണിലെങ്കിലും നമ്മുടെ പഴയ ഓർമ്മകൾ നിറം മങ്ങിയെങ്കിലുമുണ്ടോ..?

എന്റെ കൂടെ ബൈക്കിന്റെ പുറകെ ചേർന്നിരിന്നു നമ്മൾ ഒന്നിച്ചു പോകുമ്പോൾ നീ പറയുമായിരുന്നു കുറച്ചും കൂടി സ്പീഡിൽ പോകാൻ.. ആ സ്പീഡിൽ എന്റെ  മുടിയിഴകൾ പാറുന്നത് കാണാൻ നിനക്ക് ഭയങ്കര ഇഷ്ടമായിരുന്നു....നമ്മളൊന്നിച്ചുള്ള യാത്രകൾ. നിറമുള്ള ഓർമ്മകൾ.......
ഇപ്പോൾ നിന്റെ മനസ്സിൽ പ്രണയാർദ്രമായ ഓർമകളുടെ ഒരു ചെമ്പക പൂവ് അടർന്നു വീണില്ലേ...
  പഴയ ഓർമകളിലേക്ക് പോയപ്പോൾ എന്നെ കുറിച്ച് പറയാൻ മറന്നു പോയി.
ഞാനിപ്പോൾ അധികം പുറത്തിറങ്ങാറില്ല. എന്റെ നാലു ചുവരുകൾക്കിടയിൽ നിന്റെ ഓർമകളുമായി ജീവിതം തള്ളി നീക്കുന്നു.
ഇപ്പോൾ നിന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞില്ലേ.. ഒരു വീൽ ചെയറിൽ ഞാൻ സ്വയം എന്റെ ജീവിതം തള്ളി നീക്കി കൊണ്ടിരിക്കുകയാണ്. മരണം എന്റെ ജീവന്റെ പകുതി മാത്രമെ എടുത്തുള്ളൂ.
നിന്റെ ഓർമകളുമായി നീറാൻ ഈ പാതി ജീവൻ ചുമരുകൾക്കുള്ളിൽ അലിഞ്ഞുപ്പോയി.
നിന്റെ  മനസ്സൊന്നു പിടഞ്ഞുവോ...?
നമ്മുടെ സഹചാരി ആയിരുന്ന ആ ബൈക്ക് തന്നെ എന്റെ ജീവിതത്തിന്റെ അന്തകനുമായി.
കഴിഞ്ഞ വർഷം ഒരു രാത്രി., ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നു. മഴയുടെ ശക്തി കൂടുന്നതിന് മുമ്പേ വീട്ടിലെത്താമെന്ന് കരുതി നല്ല സ്പീഡിലായിരുന്നു എന്റെ യാത്ര. എതിരെ ഏതോ വാഹനം വന്നപ്പോൾ പെട്ടെന്ന് ബ്രേക്ക്‌ ചെയ്തു. പക്ഷെ, എന്റെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു എതിരെ വന്ന വാഹനത്തിനു മുന്നിൽ ഞാൻ പാളി വീണുപോയി. ബോധം വരുമ്പോൾ എന്റെ ഒരു കാൽ എനിക്ക് നഷ്ടപെട്ടിരുന്നു.
ഒരു കാലിൽ ഊന്നുവടി വെച്ച് നടക്കുമ്പോൾ ഭയങ്കര വേദനയാണ്. അതുക്കൊണ്ടാണ് ഈ വീൽ ചെയറിനെ ആശ്രയിക്കുന്നത്.  ഈ വേദന ഞാൻ കടിച്ചമർത്തും. പക്ഷെ, നിന്നെയോർക്കുമ്പോൾ, നമ്മുടെ പഴയ നാളുകൾ ഓർക്കുമ്പോൾ എന്റെ മിഴികൾ നിറയും. ആ വേദന എന്റെ മനസ്സിനെ തന്നെ കുത്തി നോവിക്കും. നിനക്ക് ഏറെയിഷ്ടപ്പെട്ട ആ മുടിയിഴകൾ എനിക്കിന്നില്ല. തലയുടെ മുറിവിന്റെ ആഴവും, നീളവും അറിയാൻ അന്നുതന്നെ മുറിച്ചു കളഞ്ഞു. പിന്നെ ആ മുടിയിഴകൾ വളർത്താൻ എനിക്കും തോന്നുന്നില്ല.തലക്കുള്ളിൽ ഭയങ്കര ചൂട് അനുഭവപ്പെടും.

  ഈ ജനലരികിൽ നിന്ന് ഞാൻ ദൂരേക്ക് നോക്കിയപ്പോഴാണ് ആ ചെമ്പകം പൂത്തു നിൽക്കുന്നത് കണ്ടത്. അതിന്റെ അരികിൽ നിന്ന് എത്ര എഴുത്തുകൾ നമ്മൾ കൈ മാറിയിട്ടുണ്ട്. ആ ഓർമകളിലേക്ക് പോയപ്പോഴാണ് നിനക്ക് വേണ്ടി ഒന്നുകൂടി എഴുതാൻ തോന്നിയത്. പക്ഷെ, ആ പഴയ പ്രണയ ലേഖനങ്ങളുടെ ഒരു മാധുര്യം ഈ എഴുത്തിനു കാണില്ല. ഇത് എന്റെ നിറംക്കെട്ട ജീവിതത്തിന്റെ വെറും അക്ഷര തെറ്റുകൾ.
ഇപ്പോൾ നിന്റെ മിഴികൾ നിറഞ്ഞില്ലേ...?
ഒരു മിഴിനീർ തുള്ളി ആ എഴുത്തിൽ വീണു പടർന്നു അല്ലെ.....എനിക്ക് വേണ്ടി ,നമ്മുടെ പഴയ ഓർമകൾക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീർ....എന്റെ ഈ ജീവിതത്തിലും ഞാൻ സന്തോഷവാനാണ്. നിനക്ക് നല്ലൊരു ജീവിതം കിട്ടിയതിന്...അത്രയ്ക്ക് നിന്നെ ഞാൻ സ്നേഹിക്കുന്നു...അന്നും, ഇന്നും, എന്നും...
നിർത്തട്ടെ......
സ്നേഹത്തോടെ....
" ഈ വാടികരിഞ്ഞ ചെമ്പക പൂവ് "





2016, ഏപ്രിൽ 14, വ്യാഴാഴ്‌ച

ഭ്രാന്തന്റെ പ്രണയം

നിന്നോട് ഒരു പരിഭവവുമില്ല.
രണ്ടു വഴിയിൽ വന്നവരാണ് നമ്മൾ.
കുറച്ചു നാൾ ഒരേ വഴിയിൽ നമ്മൾ രണ്ടുപേരും ഒന്നിച്ചു സഞ്ചരിച്ചു.
ആ യാത്രയിലാണ് എന്റെ മനസ്സ് ഇപ്പോഴും കുരുങ്ങി കിടക്കുന്നത്..ആ ഓർമകളിലാണ് എന്റെ ഹൃദയം നുറുങ്ങി കൊണ്ടിരിക്കുന്നത്...

   വിധിയായിരുന്നു നമ്മൾ കണ്ടുമുട്ടണം എന്നുള്ളത്.
നിധിയായിരുന്നു എനിക്ക് നീ അന്നും, ഇന്നും...
ഇപ്പോൾ ഞാൻ തനിച്ചാണ്....കൂട്ടിനു നിന്റെ ഓർമകളും...
കളിപ്പാട്ടം കളഞ്ഞുപോയ കുഞ്ഞിനെപ്പോലെ,
സങ്കടം കൊണ്ട് എന്റെ കണ്ണുകൾ നിറയും.
വെറുതെ ഞാൻ നോക്കിയിരിക്കും ദൂരെ നിന്റെ നിഴലെങ്ങാനും കാണുന്നുണ്ടോയെന്ന്...ഒരിക്കലും വരില്ല എന്നറിയാം...എന്നാലും....!
എന്തിനായിരുന്നു ഈ മനസ്സിൽ കയറിയത്...?
എന്റെ ജീവനിൽ നീ അലിഞ്ഞു ചേർന്നത്‌...?
അതുകൊണ്ടാണല്ലോ എനിക്ക് ഈ ജീവിതംപ്പോലും അവസാനിപ്പിക്കാൻ കഴിയാത്തത്..? എന്റെ ജീവനായിരുന്നില്ലെ നീ.
നമ്മൾ പരസ്പരം അടുക്കാൻ എത്ര നാളെടുത്തു....? പക്ഷെ, അകലാൻ കുറച്ചു നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ.
നീ യാത്ര പറയുമ്പോൾ എന്റെ നിറയുന്ന മിഴികൾ കണ്ടിട്ടും കാണാതെ പോയതോ..?
പക്ഷെ, സമനില തെറ്റിയ ഈ മനസ്സ് നീ ഇന്നറിയണം.
അന്ന് നിന്നോടൊപ്പം പങ്കിടാൻ എനിക്ക് സമയം തികയാതെ വന്നു...
ഇന്ന് കാലവും, സമയവും തെറ്റിയ ഒരു മനസ്സിന്റെ ഉടമയാണ് ഞാൻ.

ഓരോ അണുവിലും നിന്റെ ചിന്തകൾ...ഓരോ തുടിപ്പിലും നിന്റെ ഓർമ്മകൾ...പിന്നെയെങ്ങനെ എന്റെ സമനില തെറ്റാതിരിക്കും...അല്ലെ.
ഇത് വായിക്കുമ്പോൾ നിനക്കും തോന്നും , ഒരു ഭ്രാന്തന്റെ വെറും ജല്പനങ്ങളെന്നു...
അതെ, മനസ്സിൽ തട്ടിയ പ്രണയം ഹൃദയത്തെ മുറിവേൽപ്പിച്ചു പടിയിറങ്ങി പോകുമ്പോൾ ഭ്രാന്താകും.
പിന്നെ ഇരുട്ടിനെ പ്രണയിക്കും..നിഴലിനെപ്പോലും വെറുക്കും.
നീ ഓർക്കുന്നുണ്ടോ..? എത്ര കാലം കഴിഞ്ഞാലും എന്നെ കൈ വിടരുതെന്ന് നീ പറഞ്ഞത്..?
ഇന്നും ഈ കൈ വിരലുകൾ ശൂന്യമാണ്...അതിൽ വേറെ വിരലുകൾ കോർക്കാൻ ഇനിയൊരിക്കലും കഴിയില്ല.
നമ്മുടെ യാത്ര പാതി വഴിയിൽ അവസാനിച്ചു.
എന്നെ തനിച്ചാക്കി നീ പോയി....അന്ന് ഞാൻ ഒരുപാടു കരഞ്ഞിരുന്നു. സങ്കടങ്ങൾ കരഞ്ഞു തീർക്കണം. നിനക്ക് വേണ്ടി സന്തോഷിക്കാൻ മാത്രമല്ല ,സങ്കടപ്പെടാനും ഈ മണ്ണിൽ ഒരാളു വേണമല്ലോ ,അല്ലെ...
നീ എന്നെ ഓർക്കണം എന്നൊരിക്കലും ഞാൻ വാശി പിടിക്കില്ല. അതിനു എനിക്ക് അവകാശവുമില്ലല്ലോ. നമ്മളൊന്നിച്ചു ഒരു ജീവിതം നമ്മുടെ സ്വപ്നമായിരുന്നു..പക്ഷെ, ആ സ്വപ്നത്തിനു കൂട്ടുവരാൻ നിനക്ക് കഴിഞ്ഞില്ല. ഇനിയൊരിക്കലും കഴിയുകയുമില്ല.
ഈ ഭ്രാന്തന്റെ കാത്തിരിപ്പിനു ഒരു അർത്ഥവുമില്ല....
ഈ മനസ്സിന്റെ സമനില തെറ്റി നിന്റെ വഴിയിൽ ഞാൻ ചിലപ്പോൾ വന്നേക്കാം. അല്ലെങ്കിൽ നിന്റെ വീടിന്റെ മുന്നിൽ വന്നു വിശന്നു പൊരിയുന്ന ഞാൻ യാജിചേക്കാം..
അപ്പോൾ, ഒരു നേരത്തെ ആഹാരം എനിക്ക് നീ തരണം. നിന്റെ മിഴികൾ നിറയാതെ, കണ്ണുനീരിന്റെ ഉപ്പു പടരാതെ ഈ ഭ്രാന്തനു നിന്റെ കൈ കൊണ്ട് വിളമ്പുന്ന ആഹാരം.
നന്ദി വാക്കു പറയാൻ എനിക്ക് കഴിഞ്ഞില്ല എന്ന് വരും...കാരണം, വാക്കുകളൊക്കെ ഞാൻ എന്നെ മറന്നു.
ഒരു ചെറു പുഞ്ചിരിയിൽ എന്റെ നന്ദി പറഞ്ഞു.....നമ്മൾ പ്രണയം പങ്കുവെച്ച ആ ഒറ്റയടി പാതയിലൂടെ ഞാൻ നടന്നകലും..നിന്റെ ഓർമകളുടെ ഭാണ്ഡവും പേറി.....
എന്നു തീരുമെന്നറിയാത്ത ഈ ജീവിതത്തിന്റെ ഭാരവും പേറി......

2016, ഏപ്രിൽ 13, ബുധനാഴ്‌ച

നിനക്കായ് മാത്രം

കാർമേഘങ്ങൾ പൊതിഞ്ഞു നിൽക്കുന്ന നിശ...ചാറ്റൽ മഴയുടെ നനുത്ത ശബ്ദം...
          "മഴ"
ഒരുപാടു ഇഷ്ടമായിരുന്നു....മഴനൂൽ കനവായിരുന്നു ആ കാലം.
വർഷ മേഘങ്ങൾപ്പോലെ മനസ്സിൽ ഓർമ്മകൾ ഇരമ്പിയാർക്കുന്നു...
മഴതുള്ളിപ്പോലെ മൃദുവായ പ്രണയം.

       ജൂൺ മാസത്തിലെ കാലവർഷത്തിൽ പ്ലസ്‌ടു യൂണിഫോമിൽ നിന്നെ ആദ്യം കാണുമ്പോഴും മഴ ആയിരുന്നു...മഴത്തുള്ളികൾ അലസ്സമായി വീണ  ആ മുഖം ഇന്നും എന്റെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു.
പിന്നെ എത്ര നാൾ നിന്നെയും , മഴയെയും  ഞാൻ മൗനമായി പ്രണയിച്ചു....
എന്റെ ഉള്ളിലെ ഇഷ്ടം കാലവർഷം പോലെ ശക്തമായി കൊണ്ടിരുന്നു.
എന്റെ മനസ്സിലെ ഇഷ്ടം നിന്നോട് പറയാൻ പിന്നെയും എത്രയോ ദിനങ്ങളെടുത്തു...
എന്റെ ഇഷ്ടം നിന്നോട് പറഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു പെരുമഴ പെയ്തൊഴിഞ്ഞതുപ്പോലെ...എന്നിട്ടും നിന്റെ മനസ്സറിയാൻ എത്ര നാളെടുത്തു...നിന്റെ ഒരു നോട്ടത്തിൽ , ഒരു ചെറു പുഞ്ചിരിയിൽ എന്നോടുള്ള ഇഷ്ടം നീ അറിയിച്ചു.
പക്ഷെ, നിന്റെ വാക്കുകളിൽ നിന്ന് എനിക്ക് കേൽക്കണമായിരുന്നു എന്നോടുള്ള പ്രണയം.
അവസാനം വിറയാർന്ന ചുണ്ടുകളാൽ ,ആർദ്രമായ മിഴികളാൽ നിന്റെയുള്ളിലെ പ്രണയം മധുരമായ വാക്കുകളായപ്പോൾ നമ്മൾ തന്നെ മഴത്തുള്ളികളായി....

പിന്നെയുള്ള ദിവസ്സങ്ങൾ നമ്മൾക്ക് വേണ്ടി മാത്രം പുലരുന്നതായിരുന്നു...ആ മൺപാതയുടെ ഓരം ചേർന്നു നടക്കുമ്പോൾ , ആ വിരൽത്തുമ്പിൽ സ്പർശിക്കുമ്പോൾ...കൗമാരത്തിന്റെ തുടിപ്പുകൾ വരാൻ പോകുന്ന ജീവിതത്തിന്റെ സ്വപ്‌നങ്ങൾ നെയുകയായിരുന്നു.
ഒരു കുടകീഴിൽ നിന്നെയും ചേർത്ത് പിടിച്ചു നടക്കുമ്പോൾ നമ്മൾ കണ്ട കിനാവുകൾ...ആ മിഴികളിൽ ഞാൻ കണ്ട പ്രതീക്ഷയുടെ തിളക്കം. എന്നോടുള്ള സ്നേഹത്തിന്റെ മിഴിനീർ കണത്തിന്റെ ചൂട്...

ഒരിക്കൽ പോലും നമ്മളൊന്ന് പിണങ്ങിയത് പോലുമില്ലല്ലോ. നിന്റെ ഇഷ്ടങ്ങളെ ഞാനും ഇഷ്ടപ്പെട്ടു..അതുക്കൊണ്ട് നമ്മൾ ഒരു വഴിയിലൂടെ മാത്രം സഞ്ചരിച്ചു.
അങ്ങനെ ദിനങ്ങളെത്ര കൊഴിഞ്ഞു. പ്രണയത്തിൽ പൊതിഞ്ഞ ദിനങ്ങൾ.
വർഷകാലം ശിശിരത്തിന് വഴിമാറി.
ഇലപൊഴിഞ്ഞ ചില്ലകൾ വീണ്ടും തളിർത്ത്‌ തുടങ്ങി. കൂടെ നമ്മുടെ പ്രണയവും..
ഡിസംബർ മാസത്തിന്റെ അവസാന ദിവസം..എന്റെ സന്തോഷത്തിന്റെയും, നമ്മുടെ കണ്ടുമുട്ടലിന്റെയും അവസാന നാൾ.
ഇന്നും എന്റെ മിഴികൾ തോരാതെ എന്നെ മാത്രം തനിചാക്കിയ അവസാന നാൾ.
റോഡിന്റെ എതിർ വശത്ത് നിന്ന എന്നെ കാണാൻ ആവേശത്തോടെ റോഡ്‌ മുറിച്ചു കടക്കുമ്പോൾ നമ്മൾ കണ്ട സ്വപ്നങ്ങൾക്ക് മേലെയാണ് ആ ചക്രങ്ങൾ ഉരുണ്ടു കയറിയത്...ഒരു ഞെട്ടലിൽ നിന്ന് മോചിതനായി ഓടിവന്നു നിന്നെ വാരിയെടുക്കുമ്പോൾ രക്തം വാർന്ന് ,ചലനമറ്റു കിടക്കുന്ന നിന്റെ കൈകളിൽ എനിക്കുള്ള ആശംസ കാർഡും ,ഒരു പനിനീർ പൂവും നീ ചുരുട്ടി പിടിച്ചിരുന്നു...
"എത്ര വർഷങ്ങൾ കഴിഞ്ഞാലും..
 നമ്മൾ പ്രണയിക്കുന്ന ഈ നിമിഷങ്ങളാണ് എനിക്ക് എന്നും പുതു വർഷം..
എത്ര ജന്മങ്ങൾ കഴിഞ്ഞാലും...
എനിക്ക് നിന്നെ കിട്ടിയ ഈ ജന്മമാണ് എനിക്ക് പ്രീയപ്പെട്ടത്‌...
ഈ പുതു വർഷംപ്പോലെ എന്നും നമ്മൾ പ്രണയിക്കുന്ന ദിനങ്ങൾ പുലരട്ടെ എന്നാശംസിക്കുന്നു...ഈ പനിനീർപൂവ് എന്റെ പുതുവർഷ സമ്മാനമാണ്..
ആശംസകളോടെ നിന്റെ സ്വന്തം പൊന്നു..."

 ആ ആശംസ കാർഡിലെ അക്ഷരങ്ങൾ ഇന്ന് എന്റെ കണ്ണുനീർ തുള്ളികൾ വീണു പടർന്നിരിക്കുന്നു...ആ പനിനീർ പൂവ് വാടി കരിഞ്ഞിരിക്കുന്നു....

ഇന്നും നീ ഉറങ്ങുന്ന ആ മനം മടിപ്പിക്കുന്ന ഏകാന്തതയിൽ ഞാൻ വന്നിരിന്നു.
ആ പ്രണയ കല്ലറക്ക് മുകളിൽ മഞ്ഞുത്തുള്ളികൾ വീണ ഒരു പനിനീർ പൂവ് ഞാൻ വെച്ചിരിന്നു..നമ്മുടെ പ്രണയംപ്പോലെ വാടാത്ത ഒരു പനിനീർ പൂവ്....

മഴമേഘങ്ങളെ കീറിമുറിച്ചു ഒരു മിന്നൽ പിണർ..ഓർമകളിൽ നിന്ന് ഞെട്ടിയുണരുമ്പോൾ തലയണ കണ്ണീരാൽ കുതിർന്നിരിക്കുന്നു...ഇനി എത്ര രാത്രികൾ എന്റെ മിഴിനീരിന്റെ ചൂടേറ്റു വാങ്ങണം.....?

2016, ഏപ്രിൽ 11, തിങ്കളാഴ്‌ച

സ്നേഹം നിറഞ്ഞ വിഷു ആശംസകൾ

ഒരു സ്ഥലത്ത് ജനിച്ച്,
ജീവിക്കാൻ  വേണ്ടി മറുകര തേടിപ്പോയ പാവം മലയാളി...
തിരിച്ച് പോക്കിനെ കുറിച്ചു മാത്രം സ്വപ്നം കാണുന്നു.
സ്വപ്നങ്ങൾക്ക്  ചിറകു മുളച്ചിരുന്നെങ്കിൽ ‍ എത്ര നന്നായേനെ!!
നഷ്ടസ്വപ്നങ്ങളുടെ പാഥേയവും പേറിയുള്ള യാത്ര തുടരുന്നു..
ഈ മരുഭൂമിയിൽ കണിക്കൊന്നയും, വിഷുപ്പുലരിയും വാക്കുകൾക്കിടയിലെ  മഞ്ഞളിപ്പ് മാത്രമാവുന്നു.
ആശംസകൾ  വെറും വാക്കുകളായേക്കാം. നഷ്ടങ്ങളെക്കുറിച്ചുള്ള വിലാപം നരച്ചു നിറം കെട്ട പല്ലവികളാകുന്നു...
ഓർക്കാനും  ഓമനിക്കാനും മധുരമുള്ള വിഷുക്കാഴ്ച്ച മനസ്സിൽ  ഇത്തിരിയെങ്കിലും അവശേഷിക്കുന്നെങ്കിൽ സ്വയം ആശ്വസിക്കുക.
നന്മ നഷ്ടപ്പെടാത്ത നല്ല സൌഹൃദത്തിന്റെ ഒരിത്തിരി സ്നേഹകൂടുതൽ ‍, അതാവട്ടെ ഇക്കുറി നിങ്ങൾക്കും  പ്രിയപ്പെട്ടവർക്കും  എന്റെ വിഷുക്കൈനീട്ടം.
"നഷ്ടപ്പെട്ടതൊക്കെ നല്ലതായിരുന്നു. തിരിച്ചു കിട്ടാത്തതായി പലതും. അതുപോലെ വിഷുകാഴ്ച്ചകളും."
" സ്നേഹം നിറഞ്ഞ വിഷു ആശംസകൾ "

2016, ഏപ്രിൽ 9, ശനിയാഴ്‌ച

" ആ ഓർമകളാണ് ഇന്നുമെന്റെ കണ്ണുനീർ "

"എന്റെ പ്രണയം......"

          തിരിച്ചു കിട്ടാത്ത ആ നല്ല നാളുകളുടെ ഓർമകളിലേക്ക്.....
കളഞ്ഞു പോയ നിധി കാത്തിരിക്കുന്നവർക്ക്.....
വിധിയെ പഴിചാരി വിരഹ വേദന അനുഭവിക്കുന്നവർക്ക്......
കാത്തിരിപ്പിന്റെ വേദന ഇന്നും ഉള്ളിൽ സൂക്ഷിക്കുന്നവർക്ക്..
ആ ഓർമകളിലേക്ക്..!
   
പ്രണയത്തിന്റെ തീവ്രതയിൽ എന്ത് പ്രതിസന്ധി നേരിടേണ്ടി വന്നാലും ഒന്നിക്കുമെന്ന് ശപഥം ചെയുന്നവർ.
ലോകം ഈ പ്രണയത്തോടെ അവസാനിക്കുമെന്ന് കരുതുന്നവർ...
എനിക്ക് നീയും, നിനക്ക് ഞാനുമെന്ന് ഓരോ ദിവസവും ഓർമപെടുത്തുന്നവർ.....
നീയില്ലെങ്കിൽ ഞാനില്ലന്നു മനസ്സുക്കൊണ്ട് ഉരുവിടുന്നവർ...പ്രണയ ലേഖനങ്ങൾക്ക് വാക്കുകൾ കിട്ടാതെ നോവലുകളെയും ,കവിതകളെയും ആശ്രയിക്കുന്നവർ....
അവസാനം അടുത്ത ജന്മത്തിന് വേണ്ടി കാത്തിരിക്കാമെന്ന് നിറ കണ്ണുകളോടെ പറഞ്ഞു ഒന്നുമാകാൻ കഴിയാതെ വേർപിരിയേണ്ടി വരുമ്പോൾ ....
മനസ്സിൽ നിറയുന്ന വേദന മിഴി നിറക്കുമ്പോൾ...
   
                          വേറെ ആരുടെയോ സ്വന്തമാണെന്ന് അറിഞ്ഞിട്ടും , ഓർമകളെ താലോലിച്ചു ,വിധിയെ ശപിച്ചു
പഴയ പ്രണയ ലേഖനങ്ങളിൽ നിദ്രപ്രാപിച്ചു..
എന്തിനൊക്കെയോ കൊതിച്ചു ,ഒന്നുമാകാൻ കഴിയാതെ പോയ നിസ്സഹായ നിമിഷങ്ങൾ.


ആ കാലത്തിന്റെ ഓർമ്മകൾ....ഒരിക്കലും മറക്കാൻ കഴിയാതെ, മനസ്സിന്റെ ഒരു കോണിൽ വാടാതെ നിൽക്കുന്ന പനിനീർപ്പോവുപ്പോലെ.......ആ ഓർമ്മകൾ അതാണ്‌ പ്രണയത്തിന്റെ സുഖം...
ആ നോവുന്ന ഓർമകൾക്കും ഒരു നനുത്ത മഞ്ഞു തുള്ളിയുടെ സുഖമുണ്ട്...
" ആ ഓർമകളാണ് ഇന്നുമെന്റെ കണ്ണുനീർ "


       
       

2016, ഏപ്രിൽ 8, വെള്ളിയാഴ്‌ച

"കുന്നത്തൊരു കാവുണ്ട്...
കാവിനടുത്തൊരു മരമുണ്ട്....
മരത്തിൽ നിറയെ പൂവുണ്ട്...
പൂ പറിക്കാൻ പോരുന്നോ പൂങ്കുയിലേ പെണ്ണാളെ.....
അച്ഛൻ കാവില് പോയാല്....
അമ്മ വിരുന്നു പോയാല്...
ആടിപാടാൻ പോരാമോ പൂങ്കുയിലേ പെണ്ണാളെ...."

ഇനിയൊരു ജന്മം ഇനിയില്ല.. ഇനിയൊരു പ്രണയം ഇനി വയ്യ

ഓർമ്മിക്കാൻ ഒരുപാട് ഓർമകളില്ല...
കാണാൻ ഒരുപാട് സ്വപ്നങ്ങളുമില്ല...
എനിക്ക് വേണ്ടി നീയും, നിനക്ക് വേണ്ടി ഞാനും കാത്തിരിന്നില്ല.....
അതുക്കൊണ്ട് വിരഹ വേദനയുമില്ല....
നമ്മൾ ഒരുപാടൊന്നും ആഗ്രഹിച്ചില്ല... കാരണം, ഒരിക്കലും ഒന്നാകാൻ നമ്മൾക്ക് കഴിയില്ലായിരുന്നു.....
ബന്ധങ്ങളും, ബന്ധനങ്ങളും നമ്മുക്ക് ചുറ്റും ഒരു മുള്ളുവേലി തീർത്തിരുന്നു....
മതത്തിന്റെ മതിൽ കെട്ടുകൾ നമ്മുക്കിടയിൽ ഉറച്ച പാറപ്പോലെ നിന്നിരുന്നു.
ഏതോ ഒരു മഞ്ഞുവീണ  നനുത്ത പ്രഭാതത്തിൽ നമ്മൾ കണ്ടുമുട്ടി.
നമ്മുക്ക് മുന്നിൽ ഒരുപാടു പുലരികൾ ചിരിച്ചും,കരഞ്ഞും മറഞ്ഞുപോയി...
ഇഷ്ടമാണെന്ന് പരസ്പരം പറഞ്ഞ ,ഒരു ചുവന്നു തുടുത്ത പ്രഭാതം നമ്മുക്കുണ്ടായിരുന്നു.
എന്നും ഓർത്തിരിക്കാൻ ഒരു പ്രഭാതം.
ആ നാട്ടുവഴിയിൽ നമ്മുക്ക് തണൽ വിരിച്ച മരങ്ങൾ...എനിക്കും നിനക്കും മാത്രമായി വിരിഞ്ഞ പൂക്കൾ.
അടുത്ത ജന്മത്തിൽ ഒന്നിക്കാമെന്ന് പറഞ്ഞു നമ്മൾ പിരിയുമ്പോൾ ,എനിക്കും നിനക്കും അറിയാമായിരുന്നു....ഇനിയൊരു ജന്മം ഉണ്ടാകില്ലന്നു....
"ഇനിയൊരു ജന്മം ഇനിയില്ല..
 ഇനിയൊരു പ്രണയം ഇനി വയ്യ...."