2016, ജൂലൈ 31, ഞായറാഴ്‌ച

ഓർമകളിൽ നീറുമ്പോൾ

"ഒറ്റയ്ക്കിരുന്നപ്പോൾ അഞ്ജലിയുടെ മനസ്സിൽ ആ ദിവസം ഒരു കണ്ണുനീരിന്റെ നനവോടെ ഓർമകളായി പെയ്തിറങ്ങി.  വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഇന്നും ഹൃദയത്തെ കീറിമുറിയ്ക്കുന്ന ആ നിമിഷങ്ങൾ..."

അഞ്ജലിയുടെ മനസ്സിൽ ഒരു നൂറു ചിന്തകളുടെ തിരമാലകൾ ഒന്നിച്ചുയർന്നു പൊങ്ങി. ഒരു തീരുമാനമെടുക്കാൻ കഴിയാതെ അവളുടെ മനസ്സ് നീറി...

പ്രണയിച്ചവൻ കൈനീട്ടി വിളിക്കുകയാണ്. ജീവിതത്തിലേക്ക്. എല്ലാ പ്രതിബന്ധങ്ങളെയും തകർത്തു അവന്റെ ജീവിതത്തിലേക്ക് ക്ഷണിയ്ക്കുകയാണ് . വേണമെങ്കിൽ സ്വീകരിയ്ക്കാം. അല്ലെങ്കിൽ നിരസിയ്ക്കാം. പക്ഷേ, അഞ്ജലിയ്ക്കു ഒരു തീരുമാനമെടുക്കാൻ കഴിയുന്നില്ല...

അഞ്ജലിയുടെയും , നിയാസിന്റെയും പ്രണയത്തിനു നാലുവർഷങ്ങളുടെ തീവ്രതയുണ്ട്. ബാപ്പയ്ക്കും, ഉമ്മയ്ക്കും ഒരുപാട് കാത്തിരിപ്പിനു ശേഷമാണു നിയാസിനെ കിട്ടിയത്. ഇന്നുവരെ അവന്റെയൊരു ആഗ്രഹത്തിനും എതിര് നിന്നിട്ടില്ല. നിയാസിന് പഠിക്കണം എന്നു പറയുന്നവരെ പഠിപ്പിച്ചു. സ്വന്തമായി ബിസ്സിനെസ്സ് തുടങ്ങണമെന്ന് പറഞ്ഞപ്പോൾ , അവന്റെ ആഗ്രഹംപ്പോലെ പട്ടണത്തിൽ ഒരു നല്ല മൊബൈൽ ഷോപ്പ് തുടങ്ങി . ആ പട്ടണത്തിലെത്തന്നെ ഏറ്റവും ഉയർന്നൊരു ബിസ്സിനെസ്സ് സ്ഥാപനം.

ഒറ്റ മകനായതുകൊണ്ടു എല്ലാ ലാളനയും ഏറ്റുവാങ്ങിയാണ് നിയാസിന്റെ ജീവിതവും. അധികം കൂട്ടുകെട്ടില്ലാത്ത നിയാസ് ഉമ്മയുടെയും, ബാപ്പയുടെയും ആഗ്രഹംപ്പോലെ നന്മയുള്ളവനായി തന്നെയാണ് ജീവിയ്ക്കുന്നതും...

അഞ്ജലിയുടെ കാര്യം നിയാസ് വീട്ടിൽ അവതരിപ്പിച്ചപ്പോഴും, രണ്ടു മതക്കാരായിട്ടുപ്പോലും അവന്റെ ഇഷ്ടത്തിന് ആ ഉമ്മയും, ബാപ്പയും സന്തോഷത്തോടെ സമ്മതം മൂളി.

മൊബൈൽ ഷോപ്പ് നിൽക്കുന്ന കെട്ടിടത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് അഞ്ജലിയും ജോലിചെയ്യുന്നത്. ആ പരിചയമാണ് നാലുവർഷം മുമ്പുള്ള പ്രണയത്തിൽ മൊട്ടിട്ടത്. പക്ഷേ, അഞ്ജലിയുടെ വീട്ടിലെ അവസ്ഥ നേരെ മറിച്ചാണ്. അമ്മയും, അച്ഛനും ഒരു ചേട്ടനുമുള്ള കുടുംബം. ചേട്ടനാണ് കുടുംബം നോക്കുന്നത്. ഈ ബന്ധത്തെ ആ വീട്ടിൽ എതിർക്കാത്തതു അഞ്ജലിയുടെ അമ്മ മാത്രമേയുള്ളു. അതുകൊണ്ടാണ് അഞ്ജലിയ്ക്കു ഒരു തീരുമാനം എടുക്കാൻ കഴിയാത്തത്..

ഇന്ന് ഞാറായഴ്ച ആയതുകൊണ്ട് അഞ്ജലി വീട്ടിൽ തന്നെയുണ്ടായിരുന്നു. അപ്പോഴാണ് വീടിന്റെ മുൻവശത്തെ റോഡിൽ നിയാസിന്റെ കാർ വന്നു നിൽക്കുന്നത് കണ്ടത്. കാറിൽ നിന്നും ഇറങ്ങി നിയാസും, ഉമ്മയും, ബാപ്പയും വീട്ടിലേക്കു നടന്നു വരുന്നു.

അച്ഛനാണ് അവരെ പൂമുഖത്തേക്കു ക്ഷണിച്ചത്. ആരാണ് മനസ്സിലായില്ല..? ബാപ്പയാണ് സംസാരിച്ചു തുടങ്ങിയത്. ഇതു എന്റെ മകനാണ് നിയാസ്. ഇവിടുത്തെ അഞ്ജലിയും ഇവനും തമ്മിലിഷ്ടത്തിലാണ്. മക്കളുടെ സന്തോഷമില്ലേ നമ്മളുടെയും സന്തോഷം. നമ്മൾ എതിർത്താലും ഒരു പക്ഷേ അവർ വിവാഹിതരാകും. അതിലും നല്ലത്‌ നമ്മളുടെ അനുഗ്രഹത്തോടെ ഒന്നിയ്ക്കുന്നതല്ലേ. അഞ്ജലിയുടെ അച്ഛൻ ദേഷ്യംകൊണ്ട് വിറച്ചു. സംസാരം കേട്ട് അഞ്ജലിയുടെ ചേട്ടനും പൂമുഖത്തേക്കു വന്നു. " മേലിൽ പെണ്ണ് ചോദിച്ചു ഈ വീടിന്റെ പടി കയറരുത്. അച്ഛന്റെ സ്വരം ഉയർന്നു. അഞ്ജലിയുടെ ചേട്ടനും നിയാസുമായി  വാക്കുതർക്കത്തിലായി. ഞാൻ വിളിച്ചാൽ അവൾ ഇറങ്ങി വരുമെങ്കിൽ അവളെ ഞാൻ കൊണ്ടുപോകും."

അഞ്ജലിയുടെ കൈ പിടിച്ചിറങ്ങിയ നിയാസിനെ ചേട്ടൻ പൊതിരെ തല്ലി. നിയാസിന്റെ രണ്ടു കൈയിലും വിറകു കഷണംക്കൊണ്ടു മാറിമാറി തല്ലി . എന്നിട്ടും അഞ്ജലിയുടെ പിടിവിടാൻ നിയാസ് കൂട്ടാക്കിയില്ല. അഞ്ജലിയെയും ചേർത്തു പിടിച്ചു നിയാസ് എങ്ങനെയോ കാറിൽ കയറി. ബാപ്പയാണ് കാറോടിച്ചത്. കുറച്ചു ദൂരം പോയപ്പോൾ നിയാസിന് കൈ തളരുന്നതുപ്പോലെ തോന്നി. കാർ അടുത്തുള്ള ആശുപത്രി ലക്ഷ്യമാക്കി നീങ്ങി. കുറെ നാളുകൾ നിയാസ് ആശുപത്രിയിൽ കിടന്നു. പക്ഷേ, അവന്റെ കൈകൾക്കു മാത്രം ജീവൻ വെച്ചില്ല.

മോളേ , നീ ഇവിടെയെന്തിനാ ഒറ്റയ്ക്ക് വന്നിരിയ്ക്കുന്നത്.  നിയാസ് തിരക്കുന്നു. അവനു തൊടിയിലൊക്കെ ഒന്നിറങ്ങി നടക്കണമെന്ന്. ഉമ്മയുടെ ശബ്ദം കേട്ടാണ് അഞ്ജലി ഓർമകളിൽ നിന്നുണർന്നത്. മിഴികൾ തുടച്ചു അഞ്ജലി നിയാസിന്റെ അടുത്തെത്തി.

നിയാസിനെ ചേർത്തു പിടിച്ചു പുറത്തേക്കു നടത്തുമ്പോൾ അഞ്ജലി അവനോടു ചോദിച്ചു.

എന്തിനായിരുന്നു ഈ ജീവിതം കളഞ്ഞിട്ടു എന്നെ അന്നു ചേർത്തു പിടിച്ചത്...?

നിയാസ് ചിരിച്ചുകൊണ്ട് അഞ്ജലിയെ നോക്കി. അന്നു നിന്നെ ചേർത്തു പിടിച്ചതുകൊണ്ടല്ലേ പെണ്ണെ , ഇന്നു നീയെന്നെ ചേർത്തു പിടിച്ചു നടക്കുന്നത്. അന്നു നിന്നെ കൈ വിട്ടിരുന്നെങ്കിൽ, ഒരു പക്ഷേ, എന്റെ  ജീവൻപ്പോലും ഇപ്പോൾ കാണില്ലായിരുന്നു. അഞ്ജലി പെട്ടെന്ന് നിയാസിന്റെ വായ് പൊത്തി. അരുതേയെന്നു പറഞ്ഞു വേദനയോടെ അവനെ നോക്കി. അവളുടെ മിഴികളിൽ നിന്നു രണ്ടുതുള്ളി കണ്ണുനീർ നിയാസിന്റെ ജീവനില്ലാത്ത കൈകളിൽ ഒലിച്ചിറങ്ങി.......

ജീവിതം...സഖി

അടുക്കളയിൽ പാത്രങ്ങളുടെ കലപില ശബ്ദത്തിനൊപ്പം മായയുടെ പരിഭവങ്ങളും അടർന്നു വീണു.....

എത്ര നാളായി ഞാൻ പറയുന്നത....ഒന്നു വീടുവരെ പോയിട്ട് വരാമെന്ന്...? നാലുമാസം കഴിഞ്ഞു വീട്ടിലൊന്നു പോയിട്ട്...! അപ്പോൾ തന്നെ പറയും, നീയും മക്കളും പോയി രണ്ടു ദിവസം നിന്നിട്ടു വാ എന്ന്...എന്റെകൂടെ രണ്ടു ദിവസം അവിടെ വന്നു നിന്നാലെന്താ..? ഇവിടെ മല മറിയ്ക്കുന്ന ജോലിയൊന്നുമില്ലല്ലോ...? എന്റെയൊരു തലവിധി..

ഉമ്മറത്ത് വെറുതെ പത്രത്തിന്റെ താളുകൾ മറിച്ചുകൊണ്ടു ജയൻ ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. എന്നും ഇതു പതിവാണ്. പക്ഷേ, ഇന്നങ്ങനെയല്ല. രണ്ടുദിവസം കഴിഞ്ഞു മായയുടെ അമ്മയുടെ അറുപത്തിയഞ്ചാമതു ജന്മദിനമാണ്. അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവളുടെ രണ്ടു അനിയത്തിമാരും, ഭർത്താക്കന്മാരും ബന്ധുക്കളുമെല്ലാം വരും. അവരുടെ മുന്നിൽ താൻ നാണംക്കെടും. താലിയിട്ടിരിക്കുന്ന വരവുമാലയുടെ നിറം മങ്ങുന്നെന്നു ഇന്നലെയും കൂടി മായ ഓർമിപ്പിച്ചതേയുള്ളു. ഈ അവസ്ഥയിൽ എങ്ങനെ..? ജയന്റെ മനസ്സിൽ ഒരുപിടി ചോദ്യങ്ങൾ ഉയർന്നു വന്നു...

എട്ടു വർഷങ്ങൾക്കു മുമ്പ് മായയുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ ഇങ്ങനെയൊരു ജീവിതം ജയന്റെ സ്വപ്നത്തിൽപ്പോലും വന്നിട്ടില്ല. മാന്യമായ ജോലിയായിരുന്നു ദുബായിൽ ജയന്. സാധാരണ കുടുംബത്തിൽ നിന്നു മായയെ കല്യാണം കഴിയ്ക്കുമ്പോൾ, അതിനു താഴെയുള്ള രണ്ടനിയത്തിമാരെയും സ്വന്തം കൂടപ്പിറപ്പുപോലെകണ്ടു പഠിപ്പിച്ചു, നല്ല നിലയിൽ വിവാഹവും ചെയ്തുകൊടുത്തു.

മുന്നിൽ പ്രതീക്ഷപ്പോലെ ദുബായ് എന്ന രാജ്യമുണ്ടായിരുന്നു. പക്ഷേ, തകർച്ച വളരെ പെട്ടെന്നായിരുന്നു. സാമ്പത്തിക മാന്ദ്യം പിടിപ്പെട്ടപ്പോൾ ജോലിപോയവരുടെ കൂട്ടത്തിൽ ജയനും നാട്ടിലേക്കു തിരിച്ചു പോരേണ്ടി വന്നു. ഉള്ള സമ്പാദ്യമെല്ലാം വെച്ചു ചെറിയൊരു ബിസ്സിനെസ്സ് ജയൻ നാട്ടിൽ തുടങ്ങി. കടവും, ബാധ്യതയും കൂടി വന്നതല്ലാതെ ഒരു മെച്ചവുമുണ്ടായിരുന്നില്ല. കഴിഞ്ഞ മാസം കൈയിലുണ്ടായിരുന്ന ടു വീലറും കൊടുക്കേണ്ടി വന്നു.

ഇനിയെന്ത് എന്ന ചിന്തയിൽ മുഴുകിയിരിക്കുമ്പോഴാണ് മായയുടെ പരിഭവം പറച്ചിലും. ശരിയാണ്...താലിയൊഴിച്ചു ബാക്കി പൊട്ടു സ്വർണംപ്പോലും ഊരിത്തന്നു. എന്നിട്ടും ഒന്നുമാകാൻ കഴിയാതെ....! മായയുടെ വീട്ടുകാർക്ക് തന്നെ കാണുന്നതുപ്പോലും ഇപ്പോൾ ചതുർത്ഥിയാണ്.

എന്നാലും മായയെ അവളുടെ അമ്മയുടെ ജന്മദിനത്തിന് കൊണ്ടു പോകണം. തന്റെ സുഖത്തിലും, ദുഃഖത്തിലും ഒപ്പം നിന്നവളാണ്....

മായ ഉമ്മറത്തു ജയനെയും തിരക്കി ഇരിയ്ക്കാൻ നേരം കുറച്ചായി. രാവിലെ ചായയും കുടിച്ചിട്ട് ഇറങ്ങി പോയതാണ്. എത്രനേരമായി..? മോൻ സ്‌കൂളിൽ നിന്നു വന്നപ്പോൾ അച്ഛനെ അന്വേഷിയ്ക്കുകയാണ്. അച്ഛൻ വന്നിട്ട് വേണം അമ്മ വീട്ടിൽ പോകാൻ. അതിന്റെ സന്തോഷത്തിലാണ് അവൻ.

ജയൻ തിരിച്ചു വരുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. ഒരു സങ്കട കടൽത്തന്നെ ആ മുഖത്ത് നിഴലിച്ചു നിന്നിരുന്നു. എവിടെയായിരുന്നു ഇതുവരെ...? രാവിലെ ഞാൻ പറഞ്ഞതല്ലേ, ഇന്നു വീട്ടിൽ പോകണമെന്ന്..?
മായേ , ഒന്നുമില്ലാതെ എങ്ങനെ അവിടേക്കു കയറി പോകുന്നത്...? അമ്മയ്ക്ക് ഒരു നേരിയത്പ്പോലും വാങ്ങി കൊടുക്കാതെ.. ഇന്നു കൈനീട്ടാൻ ഈ നാട്ടിൽ വേറാരുമില്ല. പക്ഷേ....?

മായയുടെ മിഴികളിൽ കാലവർഷം പെയ്തിറങ്ങി. ജയന്റെ മാറിലേക്ക് തലചായ്ച്ചു..

ജയേട്ടാ...വെറുതെ ഞാൻ ഒന്നു പരിഭവിച്ചതിന്..
എനിയ്ക്കറിയില്ലേ ഈ മനസ്സ്. എന്റെ കുടുംബത്തിനെ സ്വന്തംപ്പോലെ നോക്കിയതല്ലേ. എല്ലാവരെയും സഹായിച്ചില്ലേ. ഒന്നും വേണ്ട...എനിയ്ക്കു ഈ മനസ്സ് മതി. ഈ സ്നേഹം മതി. ജയേട്ടൻ ആരെയും ദ്രോഹിച്ചിട്ടില്ലല്ലോ. ഈശ്വരൻ നമ്മുടെ ജീവിതത്തിൽ വെളിച്ചം വീശും....നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കും. ഇതു എല്ലാവരെയും മനസ്സിലാക്കാൻ ദൈവം ഒരവസരം തന്നതാണ്.

എന്നാലും ഇടയ്ക്കിടയ്ക്ക് ഞാനിങ്ങനെ പരിഭവപ്പെടും, സങ്കടപ്പെടും. അതെന്റെ അവകാശമാണ്. ജയേട്ടനാടല്ലാതെ എനിയ്ക്കു പിന്നെ ആരോടാണ് സങ്കടപ്പെടാനും, പരിഭവപ്പെടാനുമുള്ളത്..
മായ ജയന്റെ മാറിലേക്ക് മുഖം ചേർത്തു വെച്ചു തേങ്ങി....പ്രാണസഖിയെ ഹൃദയത്തോട് ചേർത്തു പിടിച്ച ജയന്റെ മനസ്സിൽ പ്രതീക്ഷയുടെ കിരണങ്ങൾ പിന്നെയും തെളിഞ്ഞു.......!

2016, ജൂലൈ 28, വ്യാഴാഴ്‌ച

ഒരു മോഹം പൂവണിയുമ്പോൾ...

ഈ അനാഥമന്ദിരത്തിന്റെ ഓരോ മുക്കും, മൂലയും ലക്ഷ്മിയ്ക്ക് നിശ്ചയമാണ്...

ഇതിന്റെ ചുവരുകളിൽ ലക്ഷ്മിയുടെ കുഞ്ഞുകൈപ്പാടുകൾ വിരിയിച്ച കുട്ടികാലമുണ്ട്.

ഈ നാലുചുവരുകൾക്കിടയിൽ സ്വപ്നം കണ്ട കൗമാരമുണ്ട്..

നിറങ്ങളില്ലാത്ത ജീവിതത്തിൽ, മോഹങ്ങൾ അടക്കിവെച്ചു തേങ്ങിയ എത്രയോ രാത്രികൾ ലക്ഷ്മിയ്ക്ക് ഈ അനാഥമന്ദിരത്തിൽ സ്വന്തം...

അവൾ ഇന്നു സുമംഗലിയായി ഈ പടികൾ ഇറങ്ങുകയാണ്...അവളുടെ സ്വപ്നങ്ങൾക്ക് ചിറകു വിരിയുകയാണ്.....!

പ്രണയത്തിന്റെ തീവ്രതയിൽ , കാമമെന്ന വികാരം ഉടലെടുത്തപ്പോൾ ലക്ഷ്മിയുടെ അമ്മ അംബികയ്ക്കു ജീവിതത്തിന്റെ മുന്നോട്ടുള്ള വഴിയിൽ നിറകണ്ണുകളോടെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. പ്രാണന് തുല്യം സ്നേഹിച്ചവൻ അംബികയുടെ ശരീരത്തിന്റെ സൗന്ദര്യം ആസ്വദിച്ചുകഴിഞ്ഞു പടിയിറങ്ങുമ്പോൾ ഒന്നു കരയാൻ മാത്രമേ അംബികയ്ക്കു സാധിച്ചുള്ളൂ. പിഴച്ചവളെന്നു വീട്ടുകാരും, ബന്ധുക്കളും മുദ്രകുത്തി പരിഹസിച്ചപ്പോഴും, അവളുടെ നേരെ ചീറിയടുത്തപ്പോഴും ജീവനുതുല്യം സ്നേഹിച്ചവൻ സമ്മാനിച്ച കുരുന്നു ജീവനെ കൊല്ലാൻ അംബികയ്ക്കു മനസ്സ് വന്നില്ല.

എല്ല പ്രതിബന്ധങ്ങളെയും തകർത്തു ലക്ഷ്മിയ്ക്ക് ജീവൻ നൽകിയപ്പോൾ മരണത്തിന്റെ തണുത്ത കരങ്ങൾ ആ പ്രസവ മുറിയിൽവെച്ചു അംബികയെ പുണർന്നു.. പിഴച്ച സന്തതിയെന്ന് പഴിചാരി അംബികയുടെ വീട്ടുകാർ ആ കുഞ്ഞിനെ ആശുപത്രയിൽ തന്നെ ഉപേക്ഷിച്ചു.. അവിടിന്നങ്ങോട്ടു ഈ അനാഥമന്ദിരം ലക്ഷ്മിയ്ക്ക് വീടായി. അവിടെയുള്ള അമ്മമാർ ലക്ഷ്മിയുടെയും അമ്മമാരായി..അങ്ങനെ അവളുടെ കുഞ്ഞുകാൽപ്പാടുകൾ ഈ മുറ്റത്തു, വരാന്തയിൽ  പിച്ചവെച്ചു നടന്നു....

എല്ലാവർക്കും ലക്ഷ്മിയെ വലിയ ഇഷ്ടമായിരുന്നു..അവളുടെ ചിരിയിൽ, കളിയിൽ ആ നാലുചുവരുകൾക്കിടയിൽ പലരും ദുഃഖങ്ങൾ മറന്നു...ലക്ഷ്മിയുടെ ഓർമയിൽ അച്ഛനും, അമ്മയുമെല്ലാം അവിടുത്തെ അന്തേവാസികളായിരുന്നു. വളർന്നു വന്നപ്പോൾ അവൾക്കു മനസ്സിലായി , അനാഥത്വം എന്ന സത്യം. അവൾ ഋതുമതി ആയപ്പോൾ ഒരമ്മയുടെ സാമീപ്യം ആഗ്രഹിച്ചു. ഒരച്ഛന്റെ സംരക്ഷണം കൊതിച്ചു. പക്ഷേ, ലക്ഷ്മിയ്ക്ക് അറിയാമായിരുന്നു. ഇതൊന്നും തന്റെ ജീവിതത്തിൽ ഒരിക്കലും കടന്നു വരാത്ത സൗഭാഗ്യങ്ങളാണെന്ന്. സ്വപ്നങ്ങൾ അവളുടെ മനസ്സിൽത്തന്നെ  മരിച്ചു കിടന്നു.....

അനാഥമന്ദിരത്തിന്റെ കീഴിലുള്ള വിദ്യാലയത്തിൽത്തന്നെ ലക്ഷ്മിയും പഠിച്ചു. ഒരു നേർഴ്സ്സ് ആകണമെന്നായിരുന്നു അവളുടെ ആഗ്രഹം. തന്നെ വളർത്തി വലുതാക്കിയ അമ്മമാരേ ശുശ്രുഷിച്ചു ജീവിതം ജീവിച്ചു തീർക്കണം. അത്രയേ ലക്ഷ്മിയുടെ മനസ്സിൽ സ്വപ്നമായുള്ളു...

ഈ ആശുപത്രിയിൽ വെച്ചാണ് വരുണിനെ ലക്ഷ്മി പരിചയപ്പെടുന്നത്. വരുണിന്റെ അമ്മയെ സുഖമില്ലാതെ ഈ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടു രണ്ടു ദിവസമായി. വരുണല്ലാതെ വേറാരും അമ്മയെ കാണാൻ വരുന്നില്ലെന്ന് ലക്ഷ്മിയ്ക്ക് മനസ്സിലായി. വരുൺ പുറത്തുപോകുമ്പോൾ ആ അമ്മയ്ക്ക് സഹായി ലക്ഷ്മിയായി. അമ്മയും ലക്ഷ്മിയുമായി ഒരാത്മബന്ധം വളർന്നു.

വരുണിന്റെ അച്ഛൻ മരിച്ചുപോയി. ഒറ്റ മകനാണ് വരുൺ. ബന്ധുക്കളുമായി പണ്ടുമുതലേ അകന്നു കഴിയുന്നവരാണ് ആ അമ്മയും മകനും. അമ്മയെ ഒറ്റയ്ക്കാക്കിട്ടു വരുണിനു ജോലിയ്ക്കു പോകാനും താല്പര്യമില്ല. വീടും, കൃഷിയും നോക്കി വരുൺ അമ്മയോടൊപ്പം തന്നെക്കൂടി. ലക്ഷ്മിയുടെ ജീവിതവും ആ അമ്മ അറിഞ്ഞു...

ദിവസവും അടുത്തുള്ള ഇടപഴകൽ വരുണിന്റെ മനസ്സിൽ ലക്ഷ്മിയോടുള്ള പ്രണയത്തിന്റെ പൂമൊട്ടുകൾ വിരിയിച്ചു. തന്റെ അമ്മയ്ക്ക് പ്രാണനാഥൻ സമ്മാനിച്ച തെറ്റാണു താനെന്നു ലക്ഷ്മിയ്ക്ക് അന്തേവാസികൾ പറഞ്ഞറിവുണ്ട്. അതുകൊണ്ടു പ്രണയമെന്നത് ലക്ഷ്മിയുടെ മനസ്സിൽ ഭയത്തിന്റെ മൂടുപടം എപ്പോഴും അണിഞ്ഞിരുന്നു..

വരുൺ , അവന്റെയിഷ്ടം അമ്മയോട് തന്നെ പറഞ്ഞു . ഒരു മകളെപ്പോലെ തന്നെ ശുശ്രുഷിയ്ക്കുന്ന ലക്ഷ്മിയെ ആ അമ്മയ്ക്ക് ജീവനായിരുന്നു. അങ്ങനെയാണ് ആ അനാഥമന്ദിരത്തിന്റെ പടികൾ ലക്ഷ്മിയെ ചോദിച്ചു ആ അമ്മയും മകനും കയറിയത്....

ഇന്ന് വരുണിന്റെ ജീവിതത്തിലേക്ക് ലക്ഷ്മി വലതുകാൽവെച്ചു കയറുകയാണ്. അവളുടെ സ്വപ്നങ്ങൾക്ക് നിറങ്ങൾ വെയ്ക്കുകയാണ്. അനാഥത്വത്തിന്റെ കയ്പുനീരിൽ നിന്നു...സ്നേഹത്തിന്റെ, സംരക്ഷണതയുടെ കരങ്ങളിലേക്ക് ലക്ഷ്മി അലിയുകയാണ്...
ഒരു നൂറു സ്വപ്നങ്ങളുമായി....!

2016, ജൂലൈ 27, ബുധനാഴ്‌ച

ഒരു മിഴിനീർകണത്തിനപ്പുറം...

അഖിലയ്ക്കു സങ്കടവും, ദേഷ്യവും അടക്കാൻ കഴിയുന്നില്ല. ഈ മനുഷ്യനെയാണോല്ലോ ഈശ്വര ഹൃദയത്തിൽ ജീവനുതുല്യം കൊണ്ടുനടന്നത്...? അഖിലയുടെ മനസ്സ് നെരിപ്പോടുപ്പോലെ പൊള്ളി...!

അഖിലയുടെയും, സുരേഷിന്റെയും വിവാഹം കഴിഞ്ഞിട്ട് ആറുവർഷമായി. സുന്ദരമായ ജീവിതം. ആ സുന്ദര ദാമ്പത്യ ജീവിതത്തിൽ ആദിയും പിറന്നു . പക്ഷേ, ഇപ്പോൾ ആ ജീവിതത്തിൽ പുകച്ചിലുകൾ ഉയരുന്നു . സംശയത്തിന്റെ ചെറിയ തീക്കനൽ അഖിലയുടെ മനസ്സിൽ നീറിക്കൊണ്ടിരിയ്ക്കുന്നു.

എന്തു ചോദിച്ചാലും സുരേഷ് ദേഷ്യപ്പെടുന്നു. മൊബൈൽ ബെല്ലടിയ്ക്കുമ്പോൾ മാറിനിന്നു സംസാരിയ്ക്കുന്നു. അഖില ആദ്യമൊന്നും കാര്യമാക്കിയില്ല. ഫോൺ വിളി കഴിഞ്ഞു വരുമ്പോൾ സുരേഷിന്റെ മിഴികൾ നിറഞ്ഞിരിയ്ക്കുന്നതു കണ്ടപ്പോൾ അഖില പലവട്ടം കാര്യങ്ങൾ തിരക്കി. സുരേഷ് മറുപടി പറയാതെ ദേഷ്യത്തോടെ ഒഴിഞ്ഞു മാറിയപ്പോൾ അഖിലയ്ക്കു സംശയമായി.

കഴിഞ്ഞ ദിവസം സുരേഷിന്റെ ഫോണിൽ നിന്നു അഖില നമ്പർ എടുത്തു വിളിച്ചു നോക്കി. " ഹലോ ഇതാരാണ്...? മറുവശത്തു ഒരു സ്ത്രീ ശബ്ദം . ഗായത്രിയാണ് . ഇതാരാണ്..? അപ്പോഴേക്കും അഖിലയുടെ സിരകളിലൂടെ ഒരു വിറയൽ ഇരമ്പിയാർത്തു.. ആരാണ് എന്നു ചോദിച്ചുകൊണ്ടു വീണ്ടും ആ ശബ്ദം അഖിലയുടെ കാതിൽ അലയടിച്ചു.

ഗായത്രി...' ഈ പേര് വിവാഹം കഴിഞ്ഞ അന്നു അഖില കേട്ടതാണ്. സുരേഷ്‌തന്നെ പറഞ്ഞതാണ്. ജീവനുതുല്യം ഇഷ്ടപ്പെട്ടിരുന്നു രണ്ടുപേരും. പക്ഷേ, സാമ്പത്തികമില്ലാത്ത ഗായത്രിയെ ആ വീട്ടിലേക്കു വലതുകാൽവെച്ചു കയറ്റാൻ അച്ഛനും, അമ്മയ്ക്കും താല്പര്യമില്ലായിരുന്നു. അവരുടെ വാക്കുകൾ ധിക്കരിയ്ക്കാൻ സുരേഷിനും കഴിഞ്ഞില്ല.

ഇതുകേട്ട് അന്നു അഖില സുരേഷിനോട് പറഞ്ഞതാണ്. സുരേഷേട്ടാ.., കഴിഞ്ഞതു കഴിഞ്ഞു. ആ സ്നേഹം എനിയ്ക്കു തന്നൂടെ....ഇനി നമ്മുടെ ജീവിതത്തിൽ അങ്ങനെയൊരു പേരുപോലും വരരുത്. ഈ ആറു  വർഷത്തിനിടയ്ക്കു അറിയാതെപ്പോലും  സുരേഷ് പഴയ ജീവിതത്തിലേക്ക് പോയിട്ടില്ല. പക്ഷേ, ഇപ്പോൾ....! വീണ്ടും പഴയ പ്രണയം പുനർജനിച്ചുവോ..! അവൾക്കും, ഭർത്താവും, മക്കളും കാണില്ലേ. ഇങ്ങനെയും സ്ത്രീകളുണ്ടോ...? നശിച്ചവൾ..എന്റെ കുടുംബം തകർക്കാൻ വന്ന യക്ഷി. അഖില ഗായത്രിയെ മനമുരുകി ശപിച്ചു. ഇതാണ് ഇപ്പോൾ അഖിലയുടെ അവസ്ഥ...

അഖില ഒരു തീരുമാനമെടുത്തു. ഇന്നുതന്നെ ഗായത്രിയെ കാണണം. എന്തിനാണ് അവരുടെ ജീവിതത്തിന്റെ ഇടയിൽ ഞാനൊരു മുള്ളായി കഴിയുന്നത്..? ഇന്നുതന്നെ മോനെയുംകൊണ്ട് വീട്ടിലും പോകണം. സുരേഷ് ജോലിയ്ക്കു പോയതിന്റെ പുറകെ അഖില ഗായത്രിയെ വിളിച്ചു. ഗായത്രി...ഞാൻ അഖിലയാണ്. സുരേഷിന്റെ ഭാര്യ. ഏട്ടൻ എന്നോട് എല്ലാം പറഞ്ഞു . ഒന്നുകാണാൻ പറ്റുമോ ഇന്ന്..? അഖില ചേച്ചി പേര് കേട്ടപ്പോൾ തന്നെ മനസ്സിലായി. സുരേഷേട്ടൻ എല്ലാം പറഞ്ഞോ..? ഞാൻ പറഞ്ഞതാണ് ചേച്ചിയോട് ഒന്നും പറയണ്ടാന്ന്.... അഖിലയ്ക്കു ദേഷ്യം അടക്കാൻ കഴിയുന്നില്ല. എന്നാലും കടിച്ചു പിടിച്ചു. ഇവളെയൊന്നു നേരിട്ട് കാണണമല്ലോ.

ഗായത്രി പറഞ്ഞ സ്ഥലവും, മേൽവിലാസവും മനസ്സിൽ പതിപ്പിച്ചിട്ടു ആദിമോനെയും എടുത്തു, ഒരു ഓട്ടോ വിളിച്ചു ഗായത്രിയുടെ വീട് ലക്ഷ്യമാക്കി നീങ്ങി. പൊള്ളുന്ന മനസ്സുമായി....

ഗായത്രിയുടെ വീടിനു മുന്നിൽ ഇറങ്ങുമ്പോൾ അഖില ചുറ്റുപാടും ശ്രദ്ധിച്ചു. പൊട്ടി പൊളിഞ്ഞു വീഴാറായ ഒരു പഴയ വീട്. മുറ്റത്തു ആദിയുടെ പ്രായമുള്ള ഒരു പെൺകുഞ്ഞു തനിയെ ഇരിന്നു കളിയ്ക്കുന്നു. ഓട്ടോയുടെ ശബ്ദം കേട്ടു ആ കുഞ്ഞു അമ്മേ എന്നു വിളിച്ചു അകത്തേക്ക് ഓടിപോയി. അകത്ത് നിന്നും ഒരു മധ്യവയസ്‌ക പുറത്തേക്കു വന്നു. അഖില മോളല്ലേ. ഗായത്രി പറഞ്ഞിരുന്നു. അകത്തേക്ക് വാ മോളേ.... അഖില വീടിനുള്ളിലേക്ക് കയറി. അധികം വെളിച്ചമില്ലാത്ത ഒരു മുറിയിൽ നിന്നൊരു നേർത്ത ശബ്ദം. അഖില ചേച്ചി... ഇങ്ങോട്ടു വന്നോളൂ...ഗായത്രിയുടെ ശബ്ദം..മരുന്നുകളുടെ ഗന്ധമുള്ള ആ മുറിയിലേക്കു അഖില മിടിയ്ക്കുന്ന ഹൃദയത്തോടെ നടന്നു...

അരയ്ക്കു താഴെ തളർന്നു കിടക്കുന്ന ഗായത്രിയെ കണ്ടു അഖില ഞെട്ടി തരിച്ചുപോയി. അഖിലയുടെ കൈയിൽ ഗായത്രിയുടെ കരങ്ങൾ മെല്ലെ പതിഞ്ഞു. ചേച്ചി ഇവിടെയിരിയ്ക്ക്. അഖില ആ കട്ടിലിൽ ഇരുന്നു. ഒരു മിഴിനീർ തുള്ളിയുടെ നനവുകളോടെ ഗായത്രിയുടെ ശബ്ദം പതറി വീണു...

ചേച്ചി, എനിയ്ക്കറിയാം.. സുരേഷ് ചേച്ചിയോട് ഒന്നും പറഞ്ഞു കാണില്ലെന്ന്...എന്നെക്കുറിച്ചു ഇവിടെ വരുന്നതുവരെ ചേച്ചിയുടെ മനസ്സിൽ എന്താണെന്നും ഞാനുഹിക്കുന്നു.

ഗായത്രിയുടെ ജീവിതത്തിന്റെ താളുകൾ അഖിലയുടെ മുന്നിൽ തുറന്നു.....

ശരിയാണ്.., ചേച്ചി....ഞങ്ങൾ ജീവനുതുല്യം സ്നേഹിച്ചു. പക്ഷേ, വിധി ഞങ്ങളെ ഒരുമിപ്പിച്ചില്ല. അതിലെനിയ്ക്കു സങ്കടവും ഇന്നില്ല. യാത്ര പറഞ്ഞു പിരിഞ്ഞതിന് ശേഷം എന്റെ ഏകാന്തതയിൽ വല്ലപ്പോഴും ആ കാലം ഓടിയെത്തുമെന്നല്ലാതെ, ആ പ്രണയം എന്റെ മനസ്സിൽ മരിച്ചിരുന്നു.

എനിയ്ക്കും ദൈവം കുറച്ചു നാൾ മുമ്പുവരെ നല്ല ജീവിതമാണ് സമ്മാനിച്ചത്. ആറുമാസം മുമ്പ് ഞങ്ങൾ ഒന്നിച്ചൊരു യാത്രപോയി. വാഹനാപകടത്തിന്റെ രൂപത്തിൽ വിധി എന്റെ പ്രാണനെ കൊണ്ടുപോയി. എന്റെ ജീവന്റെ പകുതിയും...ഗായത്രിയുടെ ശബ്ദം ഇടറി. ഒരു സഹായമില്ലാതെ ഈ ഇരുട്ട് മുറിയിൽ ഞാനും എന്റെ മകളും..

എന്റെ മകൾ പഠിയ്ക്കുന്ന നേഴ്‌സറിയിലാണ് ആദിയും പഠിയ്ക്കുന്നത്...അവിടെ വെച്ചാണ് എന്റെ കഥ സുരേഷ് അറിയുന്നത്. ആദിയുടെ കഴിഞ്ഞ ജന്മദിനത്തിന് നഴ്‌സറിയിൽ കേക്ക് മുറിയ്ക്കുമ്പോൾ സുരേഷ് അവിടെയുണ്ടായിരുന്നു. അപ്പോൾ ടീച്ചർ ബാക്കിവന്ന കേക്ക് എന്റെ മകളുടെ ചോറ്റുപാത്രത്തിൽ വെച്ചു കൊടുത്തു. എന്നിട്ടു സുരേഷിനോട് പറഞ്ഞു. ഇതുകൊണ്ടു പോയാൽ ഈ കുട്ടിയുടെ വീട്ടിൽ ഒരു നേരത്തെ ഭക്ഷണമാകും. സുരേഷിന് പറ്റുമെങ്കിൽ ആ കുടുംബത്തെ എന്തെങ്കിലും നൽകി സഹായിച്ചാൽ ദൈവം അനുഗ്രഹിയ്ക്കും. അന്നു വൈകിട്ട് ടീച്ചറിന്റെ കൂടെ സുരേഷ് ഇവിടെ വന്നു. ഇവിടെ വന്നു കഴിഞ്ഞപ്പോഴാണ് ഇവിടെ, ഈ ഇരുട്ട് മുറിയിൽ ഞാനാണ് എന്നു മനസ്സിലായത്...

അന്നുമുതൽ, ഒരു കൂടപ്പിറപ്പിന്റെ സ്ഥാനത്തു നിന്നു സഹായിച്ചു. ഞാനാണ് സുരേഷിനോട് പറഞ്ഞത്.., ചേച്ചിയോട് ഒന്നും പറയണ്ടാന്ന്...പെണ്ണുങ്ങളുടെ മനസ്സ് പെണ്ണുങ്ങൾക്കല്ലേ അറിയാവൂ. ചേച്ചിയുടെ മനസ്സിൽ ഒരു സംശയം വരരുത്... അതുകൊണ്ടാണ് ഞാൻ ചേച്ചിയോട് വരാൻ പറഞ്ഞത്...
ഒരിയ്ക്കലും സുരേഷിനെ വെറുക്കരുത്. ഞങ്ങളുടെ പൂജാമുറിയിൽ സുരേഷാണ് ദൈവം. ആ മനുഷ്യന്റെ കാരുണ്യത്തിലാണ് ഈ കുടുംബം ഇപ്പോൾ കഴിയുന്നത്.....ഗായത്രിയുടെ മിഴികൾ നിറഞ്ഞൊഴുകി....!

തിരിച്ചു യാത്രചെയ്യുമ്പോൾ അഖിലയുടെ മനസ്സ് തുടിച്ചുക്കൊണ്ടിരിന്നു. " ഈ മനുഷ്യനെയാണല്ലോ ഈശ്വര ഹൃദയത്തിൽ ചേർത്തു വെയ്‌ക്കേണ്ടത്.."




2016, ജൂലൈ 21, വ്യാഴാഴ്‌ച

അതുമൊരു കാലം

വീടിനു പത്തു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഉത്സവ പരിപാടിക്ക് പോകുന്ന ഒരു കൗമാരമുണ്ടായിരുന്നു എനിക്ക്....

കഥ അറിയില്ലെങ്കിലും കഥകളി കണ്ടു ആസ്വദിക്കുമായിരുന്നു. നാടകത്തിലെ സംഭാഷണങ്ങൾ കേട്ടു കോരിത്തരിക്കുമായിരുന്നു. ആ നാടകത്തിലെ നായകൻ ഞാനാണെന്ന് വരെ സങ്കല്പിക്കും. നൃത്ത നാടകം കണ്ടു പേടിക്കുമായിരുന്നു. മിമിക്സ് പരേഡ് കണ്ടു പരിസരം നോക്കാതെ ആർത്തലച്ചു ചിരിക്കുമായിരുന്നു. ഗാനമേളകളിലെ പാട്ടുകൾക്കൊത്തു താളമിടുമായിരുന്നു....!

ഡിസംബർ ജനുവരി മാസത്തിലെ തണുപ്പുള്ള രാത്രികളിലാണ് കൂടുതൽ ഉത്സവ പരിപാടികളും. വീട്ടുകാരെ സഹായിച്ചു കഴിയുന്ന കാലം. സഹായമെന്നു പറഞ്ഞാൽ.., അതിരാവിലെ എഴുന്നേറ്റു അവരെ ബുദ്ധിമുട്ടിക്കാറില്ല. സമയത്തിനു ഭക്ഷണം കഴിച്ചു കൃത്യനിഷ്ഠത തെളിയിക്കും. ഉത്സവ സീസണായാൽ രാത്രി വീട്ടിൽപോലും വരാതെ ഞാൻ കരണ്ടു ബില്ലും കുറച്ചു കൊടുത്തു. ( രാത്രിയിൽ എന്റെ റൂമിലെ ലൈറ്റ് വല്ലപ്പോഴുമേ അണയാറുള്ളു).

ഒമ്പതു മണിയ്ക്കാണ് പരിപാടിയെങ്കിൽ ഏഴുമണിയ്ക്കു അത്താഴവും കഴിച്ചു വീട്ടുകാരുടെ മുന്നിൽ തലചൊറിഞ്ഞു ഒരു നിൽപ്പുണ്ട്. കട്ടൻകാപ്പി കുടിയ്ക്കാൻ എന്തെങ്കിലും വേണ്ടേ..! അമ്മയാണ് ധനകാര്യം. പത്തുരൂപ അതിൽ കൂടുതൽ ഉത്സവ സമയത്തു കുടുംബ ബജറ്റിൽ അമ്മ ഒരിക്കലും വകയിരുത്തിയിട്ടില്ല.

പിന്നെ വീട്ടിൽ നിന്നിറങ്ങുമ്പോൾ അനിയത്തികുട്ടിയും തരും ഒരു പത്തുരൂപ.  അവൾക്കു കുപ്പിവള വാങ്ങാനുള്ള പൈസയാണ് ആ പത്തുരൂപ . ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു നിറവും പറയും, കൂടെയൊരു അളവ് വളയും തരും. അതിൽ നിന്നു ഒരു നാലുരൂപ വരെ ഞാൻ സ്വന്തമാക്കാറുണ്ട്.

അങ്ങനെ ഞങ്ങൾ കുറേപ്പേര് കാണും. നടന്നാണ് പോകുന്നത്. ഞങ്ങൾ കൗമാരക്കാർ മാത്രമല്ല. ഇത്തിരി തല നരച്ചവരും ആ കൂട്ടത്തിൽ കാണും. എന്നാലെന്താ.., ഞങ്ങളെക്കാളും ചെറുപ്പമാണെന്നു തോന്നും, അവരുടെ ആവേശം കാണുമ്പോൾ. പോകുന്ന വഴിയ്ക്കു പോസ്റ്റിൽ കെട്ടിയിരിക്കുന്ന പരസ്യത്തിന്റെ ബോർഡുകൾ , മുനിഞ്ഞു കത്തുന്ന വഴി വിളക്കുകൾ. ഇതിലെല്ലാം ഞങ്ങൾ ഉന്നം പരീക്ഷിയ്ക്കാറുണ്ട്. കൈതച്ചക്ക, ഒരുപാട് ഉയരമില്ലാത്ത മാവിലെ മാങ്ങകൾ ഇതെല്ലാം പോകുന്ന വഴിയ്ക്കു ഞങ്ങളുടെ ഇഷ്ടഭക്ഷണമായിരിക്കും...

ക്ഷേത്ര മുറ്റത്തു എത്തിക്കഴിഞ്ഞാൽ ഗ്രഹണി പിടിച്ച ചെക്കന് ചക്ക കൂട്ടാൻ കിട്ടിയതുപ്പോലെ, പെൺകുട്ടികൾ ഇരിക്കുന്ന ഭാഗത്തേക്ക് ഒരു നോട്ടമാണ്. ചില പെൺകുട്ടികൾ ഒറ്റ നോട്ടത്തിൽത്തന്നെ 'പോടാ വായിനോക്കി' എന്നു പറയും. ചില പെൺകുട്ടികൾ ചിരിച്ചു കാണിയ്ക്കും. അതിലേതെങ്കിലും ഒരു പെൺകുട്ടി ഇടയ്ക്കിടയ്ക്ക് എന്നെ നോക്കും. ആ നോട്ടം മനസ്സിലങ്ങു കയറും. രണ്ടോ മൂന്നോ മണിക്കൂർ ദൈർഘ്യമുള്ള ഒരു കൊച്ചു പ്രണയം തമ്മിലുള്ള നോട്ടങ്ങളിലൂടെ അവിടെ ജനിയ്ക്കും. അവളുടെ നോട്ടമെത്തുന്ന ഭാഗത്തു ഞാൻ ഇരിക്കും.

പരിപാടി കഴിഞ്ഞു കണ്ണുകൾകൊണ്ട് ആ കുട്ടിയോട് യാത്ര പറഞ്ഞു തിരിച്ചു നടക്കുമ്പോൾ അതിഭയങ്കരമായ ചർച്ചയായിരിക്കും. നാടകത്തിലെ ആ രംഗം കലക്കി. അല്ലെങ്കിൽ നൃത്ത നാടകത്തിലെ ശബ്ദ വെളിച്ചത്തെക്കുറിച്ചു. ഗാനമേളയിലെ പതറിപ്പോയ പാട്ടിനെക്കുറിച്ചു...അന്നത്തെ പരിപാടി എന്തായിരുന്നോ അതിനെപ്പറ്റി പറഞ്ഞു വീടെത്തുന്നതറിയില്ല.

 അപ്പോഴും മനസ്സിൽ ഉത്സവ പറമ്പിലെ ആ നോട്ടം അങ്ങനെ ഇമവെട്ടാതെ കിടക്കും.....!
കൈയിൽ അനിയത്തികുട്ടിയ്ക്കുള്ള കുപ്പിവളയുടെ പൊതിയും....!

2016, ജൂലൈ 5, ചൊവ്വാഴ്ച

സ്നേഹത്തോടെ

അനൂപ്....
വെറുതെ എന്റെ പുറകെ നടന്നു നിന്റെ സമയം കളയണ്ട. എനിക്കു പ്രണയിക്കാനൊന്നും ഒട്ടും സമയവുമില്ല. അതുമല്ല, നിന്നെപ്പോലുള്ള ചുറ്റുപാടുമല്ല എന്റേത്....
രണ്ടു മാസംകൊണ്ട് നീയെന്നെ കാണുന്നില്ലേ. ഇതിലേതെങ്കിലും ദിവസം ഞാൻ ഈ ഓഫീസിൽ ജോലിക്കു വരാതിരുന്നത് നീ കണ്ടിട്ടുണ്ടോ...?

എത്ര സുഖമില്ലെങ്കിലും ഞാൻ വരും. അല്ലെങ്കിൽ മാസാവസാനം എന്റെ കണക്കുകൂട്ടലുകൾ തെറ്റും. നിന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ല. പ്രണയം, ഇഷ്ടപ്പെട്ട പുരുഷന്റെ കൂടൊരു ജീവിതം അതൊന്നും എന്റെ ജീവിതത്തിൽ വിധിച്ചിട്ടില്ല. അല്ലെങ്കിൽ ഈ മുപ്പതാം വയസ്സിൽ എന്തു പ്രണയം...!

എന്റെ പ്രാരാബ്ദങ്ങളൊന്നും ഞാനാരോടും പറയാറില്ല. കാരണം, സഹതാപത്തോടെ ഒരാൾ എന്നെ കാണുന്നത് എനിക്കിഷ്ടമല്ല. എന്റെ മനസ്സിലും പ്രണയവും , ജീവിത സങ്കൽപ്പവും എല്ലാമുണ്ടായിരുന്നു. പക്ഷേ , എന്റെ സ്വപ്നങ്ങളെ ഞാൻതന്നെ മനസ്സിൽ കുഴിച്ചുമൂടി. പിന്നെ, അനൂപിനോട് ഇതൊക്കെ ഞാൻ പറയുന്നത്..., നിന്റെ മനസ്സിൽ എന്നെക്കുറിച്ചു എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അതു മറക്കാൻ പറയാനാണ്.

ഒരു ദിവസം നീയെന്റെ കൂടെ എന്റെ വീട്ടിലേക്കൊന്നു വരണം. എന്നെ പ്രതീക്ഷിച്ചിരിക്കുന്ന കുറെ ദയനീയ മുഖങ്ങൾ നിനക്കവിടെ കാണാം. ജീവിതത്തിന്റെ വാർദ്ധക്യം കിടക്കയിൽ തന്നെ ഹോമിച്ചു പോയ അമ്മ. വീടിന്റെ തെക്കേ തൊടിയിൽ തുളസിച്ചെടിയുടെ കീഴിൽ അന്തിയുറങ്ങുന്ന അച്ഛൻ. എന്നെത്തന്നെ ഭയപ്പെടുത്തി വളർന്നു നിൽക്കുന്ന അനിയത്തിമാർ. അവരെയൊക്കെ വിട്ടെറിഞ്ഞിട്ടു എനിക്കൊരു ജീവിതം, അതു ഞാനൊട്ടും ആഗ്രഹിക്കുന്നില്ല.

ഇനി സഹതാപംകൊണ്ടു എന്നെ തന്നെ കെട്ടു എന്ന വാശിയൊന്നും നീ മനസ്സിൽ വെക്കേണ്ട. നിന്റെ സുന്ദരമായ ജീവിതത്തിൽ ഞാനെന്ന പ്രാരാബ്ധക്കാരിയെ പങ്കാളിയാക്കാൻ നിൽക്കണ്ട. അതു നീ വേറൊരാളെ കല്യാണം കഴിച്ചു കഴിയുമ്പോൾ മനസ്സിലാകും...! അതുപോലെ പ്രണയം മൂത്തു എത്ര നാള് വേണമെങ്കിലും കാത്തിരുന്നോളാം എന്ന വാക്കും പറയണ്ട. ആ കാത്തിരിപ്പിന് ഒരു അന്ത്യമില്ലാതെയാകും. എന്റെ എല്ലാ പ്രശ്നങ്ങളും ഒതുങ്ങി.., മുടിയും നരച്ചു, തൊലിയും ചുക്കി ചുളുങ്ങി.. ഏകാന്തമായി ഇരിക്കുമ്പോൾ ഞാൻ ഓർക്കും. നീ എനിക്കു ഒരുനാൾ വെച്ചു നീട്ടിയ ജീവിതം. നീ പറഞ്ഞ പ്രണയാർദ്ര വാക്കുകൾ. എനിക്കു അതേ വിധിച്ചിട്ടുള്ളു. എന്റെ പ്രണയം അത്രയേയുള്ളൂ.

എന്നോടുള്ള നിന്റെ കളങ്കമില്ലാത്ത സ്നേഹം , എന്നും എന്റെ മനസ്സിൽ കാണും. സ്വപ്നങ്ങളില്ലാത്ത എന്റെ മനസ്സിൽ ഒരു ചെറിയ വർണ്ണ പൊട്ടുപോലെ...!

ഒരു പ്രണയലേഖനം ആയിരിക്കും നീയെന്നിൽ നിന്നു പ്രതീക്ഷിച്ചത്. പക്ഷേ, ഇതിലെ ചില വരികളിൽ പ്രണയത്തിന്റെ മഞ്ഞുതുള്ളി വീണു കിടപ്പുണ്ടല്ലേ. ഇതിനു നീ മറുപടിയൊന്നും തരാൻ നിൽക്കണ്ട. നിനക്കെന്നോടുള്ള പ്രണയം ഇവിടെ അവസാനിക്കണം. എന്റെ ഏകാന്തതയിൽ ഇടക്കൊക്കെ താൻ കാണുമെടോ...!

നിർത്തട്ടെ...സ്നേഹത്തോടെ....
ശ്രീദേവി.