2016, ജൂലൈ 21, വ്യാഴാഴ്‌ച

അതുമൊരു കാലം

വീടിനു പത്തു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഉത്സവ പരിപാടിക്ക് പോകുന്ന ഒരു കൗമാരമുണ്ടായിരുന്നു എനിക്ക്....

കഥ അറിയില്ലെങ്കിലും കഥകളി കണ്ടു ആസ്വദിക്കുമായിരുന്നു. നാടകത്തിലെ സംഭാഷണങ്ങൾ കേട്ടു കോരിത്തരിക്കുമായിരുന്നു. ആ നാടകത്തിലെ നായകൻ ഞാനാണെന്ന് വരെ സങ്കല്പിക്കും. നൃത്ത നാടകം കണ്ടു പേടിക്കുമായിരുന്നു. മിമിക്സ് പരേഡ് കണ്ടു പരിസരം നോക്കാതെ ആർത്തലച്ചു ചിരിക്കുമായിരുന്നു. ഗാനമേളകളിലെ പാട്ടുകൾക്കൊത്തു താളമിടുമായിരുന്നു....!

ഡിസംബർ ജനുവരി മാസത്തിലെ തണുപ്പുള്ള രാത്രികളിലാണ് കൂടുതൽ ഉത്സവ പരിപാടികളും. വീട്ടുകാരെ സഹായിച്ചു കഴിയുന്ന കാലം. സഹായമെന്നു പറഞ്ഞാൽ.., അതിരാവിലെ എഴുന്നേറ്റു അവരെ ബുദ്ധിമുട്ടിക്കാറില്ല. സമയത്തിനു ഭക്ഷണം കഴിച്ചു കൃത്യനിഷ്ഠത തെളിയിക്കും. ഉത്സവ സീസണായാൽ രാത്രി വീട്ടിൽപോലും വരാതെ ഞാൻ കരണ്ടു ബില്ലും കുറച്ചു കൊടുത്തു. ( രാത്രിയിൽ എന്റെ റൂമിലെ ലൈറ്റ് വല്ലപ്പോഴുമേ അണയാറുള്ളു).

ഒമ്പതു മണിയ്ക്കാണ് പരിപാടിയെങ്കിൽ ഏഴുമണിയ്ക്കു അത്താഴവും കഴിച്ചു വീട്ടുകാരുടെ മുന്നിൽ തലചൊറിഞ്ഞു ഒരു നിൽപ്പുണ്ട്. കട്ടൻകാപ്പി കുടിയ്ക്കാൻ എന്തെങ്കിലും വേണ്ടേ..! അമ്മയാണ് ധനകാര്യം. പത്തുരൂപ അതിൽ കൂടുതൽ ഉത്സവ സമയത്തു കുടുംബ ബജറ്റിൽ അമ്മ ഒരിക്കലും വകയിരുത്തിയിട്ടില്ല.

പിന്നെ വീട്ടിൽ നിന്നിറങ്ങുമ്പോൾ അനിയത്തികുട്ടിയും തരും ഒരു പത്തുരൂപ.  അവൾക്കു കുപ്പിവള വാങ്ങാനുള്ള പൈസയാണ് ആ പത്തുരൂപ . ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു നിറവും പറയും, കൂടെയൊരു അളവ് വളയും തരും. അതിൽ നിന്നു ഒരു നാലുരൂപ വരെ ഞാൻ സ്വന്തമാക്കാറുണ്ട്.

അങ്ങനെ ഞങ്ങൾ കുറേപ്പേര് കാണും. നടന്നാണ് പോകുന്നത്. ഞങ്ങൾ കൗമാരക്കാർ മാത്രമല്ല. ഇത്തിരി തല നരച്ചവരും ആ കൂട്ടത്തിൽ കാണും. എന്നാലെന്താ.., ഞങ്ങളെക്കാളും ചെറുപ്പമാണെന്നു തോന്നും, അവരുടെ ആവേശം കാണുമ്പോൾ. പോകുന്ന വഴിയ്ക്കു പോസ്റ്റിൽ കെട്ടിയിരിക്കുന്ന പരസ്യത്തിന്റെ ബോർഡുകൾ , മുനിഞ്ഞു കത്തുന്ന വഴി വിളക്കുകൾ. ഇതിലെല്ലാം ഞങ്ങൾ ഉന്നം പരീക്ഷിയ്ക്കാറുണ്ട്. കൈതച്ചക്ക, ഒരുപാട് ഉയരമില്ലാത്ത മാവിലെ മാങ്ങകൾ ഇതെല്ലാം പോകുന്ന വഴിയ്ക്കു ഞങ്ങളുടെ ഇഷ്ടഭക്ഷണമായിരിക്കും...

ക്ഷേത്ര മുറ്റത്തു എത്തിക്കഴിഞ്ഞാൽ ഗ്രഹണി പിടിച്ച ചെക്കന് ചക്ക കൂട്ടാൻ കിട്ടിയതുപ്പോലെ, പെൺകുട്ടികൾ ഇരിക്കുന്ന ഭാഗത്തേക്ക് ഒരു നോട്ടമാണ്. ചില പെൺകുട്ടികൾ ഒറ്റ നോട്ടത്തിൽത്തന്നെ 'പോടാ വായിനോക്കി' എന്നു പറയും. ചില പെൺകുട്ടികൾ ചിരിച്ചു കാണിയ്ക്കും. അതിലേതെങ്കിലും ഒരു പെൺകുട്ടി ഇടയ്ക്കിടയ്ക്ക് എന്നെ നോക്കും. ആ നോട്ടം മനസ്സിലങ്ങു കയറും. രണ്ടോ മൂന്നോ മണിക്കൂർ ദൈർഘ്യമുള്ള ഒരു കൊച്ചു പ്രണയം തമ്മിലുള്ള നോട്ടങ്ങളിലൂടെ അവിടെ ജനിയ്ക്കും. അവളുടെ നോട്ടമെത്തുന്ന ഭാഗത്തു ഞാൻ ഇരിക്കും.

പരിപാടി കഴിഞ്ഞു കണ്ണുകൾകൊണ്ട് ആ കുട്ടിയോട് യാത്ര പറഞ്ഞു തിരിച്ചു നടക്കുമ്പോൾ അതിഭയങ്കരമായ ചർച്ചയായിരിക്കും. നാടകത്തിലെ ആ രംഗം കലക്കി. അല്ലെങ്കിൽ നൃത്ത നാടകത്തിലെ ശബ്ദ വെളിച്ചത്തെക്കുറിച്ചു. ഗാനമേളയിലെ പതറിപ്പോയ പാട്ടിനെക്കുറിച്ചു...അന്നത്തെ പരിപാടി എന്തായിരുന്നോ അതിനെപ്പറ്റി പറഞ്ഞു വീടെത്തുന്നതറിയില്ല.

 അപ്പോഴും മനസ്സിൽ ഉത്സവ പറമ്പിലെ ആ നോട്ടം അങ്ങനെ ഇമവെട്ടാതെ കിടക്കും.....!
കൈയിൽ അനിയത്തികുട്ടിയ്ക്കുള്ള കുപ്പിവളയുടെ പൊതിയും....!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ