2016, ജൂൺ 4, ശനിയാഴ്‌ച

ഓർമകളിലെ ഇന്നലെകൾ

കഴിഞ്ഞുപോയ കാലത്തിന്റെ , കൊഴിഞ്ഞുപോയ ഇന്നലെകളുടെ ഓർമകളിലൂടെ ഒരു യാത്ര...
2008/2009 വർഷങ്ങൾ. ജീവിതത്തിന്റെ യൗവ്വനം മരുഭൂമിയുടെ ചൂടുകാറ്റേറ്റു തിളക്കുന്ന സമയം. തെങ്ങോലകളുടെ നാട്ടിൽ നിന്ന് അംബരചുംബികളുടെ നാട്ടിലേക്കു ഒരു ജീവിതമാറ്റം. ആ കാലത്ത് (2006 / 2007) ഒരു ജോലിയുമില്ലാതെ നാട്ടിൽ കറങ്ങി നടക്കുന്ന എന്നെപ്പോലുള്ളവർക്ക് ജോലി കൊടുക്കുന്ന ഏക സ്ഥലം ഗൾഫ്‌ മാത്രമായിരുന്നു. വിദ്യാഭ്യാസ യോഗ്യത അധികമില്ലാത്തത്ക്കൊണ്ട് വീട്ടുക്കാർക്കും പ്രതീക്ഷ ഈ മരുഭൂമി തന്നെ.
നാട്ടിൽ വീട്ടുകാരുടെ ചിലവിൽ വെറുതെ നടന്നു പെൺകുട്ടികളുടെ മനസ്സിൽ എങ്ങനെ കയറിപറ്റാം എന്ന ചിന്തയിൽ മാത്രം നേരം വെളുപ്പിക്കുന്ന കാലം. അങ്ങനെ ആദ്യത്തെ പ്രണയിനിയെ ആത്മാർഥമായി ഇഷ്ടപ്പെട്ടു. പക്ഷേ, പ്ലസ്‌ ടു കഴിഞ്ഞു അവൾ കാമ്പസ്സിന്റെ ഇടനാഴികളിൽ പോയപ്പോൾ എന്നെക്കാളും സുന്ദരനും , വിദ്യാഭ്യാസവും, സമ്പത്തുമുള്ള പയ്യന്മാരെ കണ്ടപ്പോൾ എന്നെ നൈസ്സായി ഒഴിവാക്കി. പ്രണയം തകർന്ന വിരഹ കാമുകനായി ഞാൻ. മദ്യപാനം,പുകവലി എന്നി നല്ല സ്വഭാവങ്ങൾ എനിക്ക് ഇല്ലാത്തതുകൊണ്ട് അങ്ങനെയും സങ്കടം തീർക്കാൻ വഴിയില്ല. എന്നാൽ ഈ ഗുണഗണങ്ങൾ എല്ലാമുള്ള കൂട്ടുകാർക്കു സ്വന്തം ചിലവിൽ വാങ്ങി കൊടുത്തു അവരോടു സങ്കടം പറഞ്ഞു തീർത്തു.
നാളുകൾ കൊഴിഞ്ഞു വീണുക്കൊണ്ടിരിന്നു.കല്യാണ പ്രായം കഴിഞ്ഞ പെണ്മക്കളുള്ള മാതാപിതാക്കളെപ്പോലെ , എന്നെ കാണുമ്പോൾ വീട്ടുകാർ ദീർഘനിശ്വാസം വിട്ടുതുടങ്ങി. (ഒരു ജോലിയുമില്ലാതെ തെണ്ടിതിരിഞ്ഞു നടക്കുന്നതുക്കൊണ്ട് മാത്രം) ഞാനാണെങ്കിൽ കാമുകി നഷ്ടപെട്ട ദുഖം കടിച്ചമർത്തി നടക്കുന്ന നായകനും.
പക്ഷേ, ഈ പ്രണയം അങ്ങനെ നമ്മളെ ഒരുപാടു നാളുകളൊന്നും ഒറ്റയ്ക്ക് ആക്കില്ല. അടുത്ത പ്രണയിനി അധികം താമസിക്കാതെ എന്റെ മനസ്സിൽ സ്ഥാനം പിടിച്ചു. ആദ്യത്തെ പ്രണയത്തിൽ ചതിവു പറ്റിയ ഞാൻ , ഈ പ്രണയത്തിൽ കുറച്ചുംകൂടി ആത്മാർത്ഥത കാണിച്ചു. സുന്ദരമായ ദിവസങ്ങൾ. പ്രണയലേഖനങ്ങൾ എഴുതാൻ മാത്രം മാധവി കുട്ടിയുടെ " നീർമാതളം പൂത്തകാലം"എന്ന പുസ്തകം സ്വന്തമായി വാങ്ങിച്ചു.
കുറച്ചു നാൾ കഴിഞ്ഞപ്പോൾ രണ്ടാമത്തെ കാമുകിക്കും ബോധംവെച്ചു. വീട്ടിലറിഞ്ഞാൽ അകെ പ്രശ്നമാകും. നമ്മൾ രണ്ടു ജാതിയല്ലേ. ഒരിക്കലും ഒന്നാകാൻ കഴിയില്ല. അതുക്കൊണ്ട് നമുക്ക് പിരിയാം എന്ന് വേദനയോടെ അവൾ പറഞ്ഞപ്പോൾ , ഞാൻ അന്തിച്ചുപോയി. ഇവൾക്ക് പ്രേമിക്കാൻ തുടങ്ങിയപ്പോൾ അറിയില്ലായിരുന്നോ രണ്ടു ജാതിയാണന്ന്. അവിടെക്കൊണ്ടും തീർന്നില്ല. എത്ര നാളു കഴിഞ്ഞാലും ഞാൻ നിന്നെയോർത്തു കഴിഞ്ഞോളാം എന്നുകൂടി അവൾ ചേർത്ത് പറഞ്ഞപ്പോൾ ഞാൻ അകെ സങ്കടപ്പെട്ടുപോയി .ശോ, ഇവളെ വെറുതെ സംശയിച്ചു. എന്ത ആത്മാർത്ഥത. അവളെ സമാധാനിപ്പിച്ചു യാത്രയാക്കുമ്പോൾ വെറുതെ എന്റെ കണ്ണുകൾ നിറഞ്ഞിരിന്നു. മുകളിലിരിന്നു ദൈവം അപ്പോൾ പറഞ്ഞത് ഞാൻ ശരിക്കും കേട്ടു. ഒന്നു വന്നാലും നീയൊന്നും പഠിക്കില്ല. (സങ്കടത്തോടെ തിരിഞ്ഞു നടന്ന അവളുടെ മനസ്സ് പറയുന്നതും ഞാൻ കേട്ടു. മണ്ടനുംപോയി , പൊട്ടനും പോയി ബോട്ടും കിട്ടി ഹൈലസ്സ..).
എന്നാൽ പിന്നെ എന്നെ വേണ്ടാത്ത ഈ നാടിനെ എനിക്കും വേണ്ടയെന്ന വിപ്ലവകരമായ ചിന്ത മനസ്സിലുടെലെടുത്തു. എന്നാൽ പിന്നെ ഗൾഫിലേക്ക് പോകാമെന്ന വീട്ടുകാരുടെ ആഗ്രഹത്തിന് ഞാനും മനസമ്മതം അറിയിച്ചു.
അങ്ങനെ ഇവിടെയെത്തി.
ജീവിതം രണ്ടാം ഭഗം.
അന്ന് ഫേസ് ബുക്കല്ല, ഓർകുട്ടാണു താരം.
നാട്ടിൽ മൗസ് എന്നാൽ എലിയുടെ ചിത്രം മനസ്സിലുള്ള ഞാൻ ഗൾഫിൽ കംമ്പ്യുട്ടറിന്റെ കീ ബോർഡിൽ അക്ഷരങ്ങൾ പറക്കിയെടുക്കാൻ തുടങ്ങി. ഓർക്കുട്ടിൽ ഒരു അക്കൗണ്ടും തുടങ്ങി. പഴയ രണ്ടു കാമുകിമാരുടെ പേരുകൾ സേർച്ച്‌ ചെയ്തു നോക്കി. കിട്ടിയില്ല. എന്നാൽ ഈ രണ്ടുപേരും കൂടി ചേർന്നു പുതിയ ഒരു പേരു കിട്ടി .ദിവ്യ ലക്ഷ്മി. പരസ്പരം കണ്ടില്ലെങ്കിലും സൗഹൃദം പ്രണയത്തിനു വഴിമാറി. ചാറ്റിങ്ങും, ഫോൺ വിളികളുമായി പ്രണയം മനസ്സിൽ പുതിയൊരു ചിത്രം വരച്ചു. സ്നേഹം പൊതിഞ്ഞ എന്റെ വാക്കുകൾ അവൾക്കു പ്രതീക്ഷ നൽകി. യഥാർത്ഥ പ്രണയത്തിന്റെ സുഖം ഞാൻ അപ്പോഴാണ് ശരിക്കും അറിഞ്ഞത്. വർഷങ്ങൾ കടന്നുപോയി. അവളെ കാണാൻ മാത്രം ഗൾഫിൽ നിന്ന് നാട്ടിലേക്കു വിമാനം കയറി. നാട്ടിൽ വന്നു അവളെ കണ്ടു കഴിഞ്ഞപ്പോൾ ഞാൻ സ്വപ്നം കണ്ടതിൽ കൂടുതൽ സുന്ദരിയായിരുന്നു. ആദ്യമായി എന്റെ വിരലിൽ മോതിരമണിഞ്ഞുതന്ന എന്റെ ജീവിതത്തിലെ മറക്കാനാവാത്ത സ്നേഹിത. പക്ഷേ, എനിക്ക് മുമ്പേ അവളുടെ വീട്ടുകാർ വേറൊരാൾക്ക് അവളെ പറഞ്ഞുവെച്ചിരിന്നു. എനിക്ക് വേണ്ടി ഒരുപാടു അവൾ കരഞ്ഞു നോക്കി. അവളുടെ വീട്ടുകാരുടെ കാലുപിടിച്ചു. പക്ഷേ, മാനഭയമുള്ള , വാക്കിനു വിലയുള്ള ആ വീട്ടുകാർ അതൊന്നും കേട്ടില്ല. എന്റെ ജീവിതത്തിൽ നിന്നു കണ്ണുനീരോടെ അവൾ യാത്ര പറഞ്ഞു പടിയിറങ്ങിയപ്പോൾ, എനിക്ക് അറിയാമായിരുന്നു. എന്നെ അവൾ ജീവനക്കാളേറെ സ്നേഹിച്ചിരിന്നുവെന്ന്.
എവിടെയാണങ്കിലും സുഖമായും സന്തോഷമായും ഇരിക്കണമെന്ന പ്രാർത്ഥന മാത്രമേയുള്ളു. ഈ ലോകത്തിന്റെ ഏതെങ്കിലും കോണിലിരിന്നു ഇത് നീ വായിക്കുന്നുണ്ടെങ്കിൽ എന്നെ നീ അറിഞ്ഞിരിക്കും. എന്റെ മനസ്സിൽ നീ ഇപ്പോഴുമുണ്ട്. എന്റെ ജീവിതത്തിൽ ഒരു വിഷമഘട്ടം വരുമ്പോൾ നിന്നെ ഞാനോർക്കും. കാരണം ഒന്നുമില്ലായ്മയിൽ നിന്ന് ഞാൻ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ നിന്റെ നന്മയുള്ള വാക്കുകൾക്കൊണ്ട് മാത്രമാണ്......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ