2016, ജൂൺ 20, തിങ്കളാഴ്‌ച

ഇരുട്ടിനെ പ്രണയിക്കുന്നവൻ

വെളിച്ചം അധികം കടക്കാത്ത , അങ്ങിങ്ങ് മുനിഞ്ഞു കത്തുന്ന വൈദ്യുതി ദീപങ്ങളുടെ അരണ്ടവെളിച്ചത്തിൽ , ആ ഇടനാഴിയിലൂടെ അനാമിക നടന്നു. രണ്ടു വശത്തും മനസ്സിന്റെ താളംതെറ്റിയ ഉടമകളെ ബന്ധിയാക്കപ്പെട്ടിരിക്കുന്ന കാരാഗൃഹം.
ചില സെല്ലുകളിൽ നിഴലനക്കങ്ങൾ മാത്രം. മറ്റുള്ളവയിൽ നേർത്ത സ്വരങ്ങൾ, അലമുറകൾ, പൊട്ടികരച്ചിലുകൾ, പൊട്ടിച്ചിരികൾ. ശൂന്യതയിലേക്കുള്ള നിർവികാരമായ നോട്ടങ്ങൾ...
ഒരു പ്രമുഖ മലയാള പത്രത്തിലെ ജേർണലിസ്റ്റാണു അനാമിക. കൂടെ ഒന്നുരണ്ടു നോവലുകളും,കഥകളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ മാനസികരോഗ കേന്ദ്രത്തെകുറിച്ചും, അതിലെ അന്തേവാസികളെപറ്റിയും ഒരു ലേഖനം എഴുതാനാണ് അനാമിക വന്നത്. കൂട്ടിനു ആ ആശുപത്രിയലെ തന്നെ ഒരു ജീവനക്കാരിയുമുണ്ട് , ഗീത. അനാമികയുടെ കണ്ണുകൾ രണ്ടു വശത്തും തിരയുന്നുണ്ട്. എവിടെ നിന്ന് തുടങ്ങണം...? മനസ്സിന്റെ ഓർമകൾ നഷ്ടപ്പെട്ട് , സ്വപ്നങ്ങളെ ചങ്ങലക്കിട്ട ജന്മങ്ങൾ....! അനാമികയുടെ പാദങ്ങൾ ഇരുപതാമത്തെ സെല്ലിന്റെ മുന്നിൽ നിന്നു. ഉള്ളിൽ അരണ്ട വെളിച്ചത്തിൽ ഒരു രൂപം. മാഡം..., ഇത് നന്ദൻ . ഇവിടെ വന്നിട്ട് മൂന്നുവർഷം കഴിഞ്ഞു. ദൂരെയുള്ള ഗ്രാമത്തിൽ നിന്നു വന്നതാണ്‌. അസുഖമൊക്കെ ഏകദേശം മാറി. എന്നാലും തിരിച്ചു കൊണ്ടുപോകാൻ ആരും വന്നില്ല. അപകടകാരിയുമല്ല.പക്ഷേ, പുറത്തോട്ടു ഇറങ്ങാൻ താൽപര്യമില്ല. ഇടയ്ക്കിടക്ക് ഈ മുറിയിൽ നല്ല വെളിച്ചമായിരിക്കും.., നന്ദൻ എഴുതുന്ന സമയങ്ങളിൽ മാത്രം. എന്തൊക്കെയോ എഴുതും. കഥകൾ, കവിതകൾ അങ്ങനെ....! കൂടുതൽ സമയവും ഇരുട്ട് മുറിയായിരിക്കും. കൂടെവന്ന ഗീത നന്ദനെക്കുറിച്ച് ചെറിയൊരു വിശദീകരണം നൽകി. ഇവിടെ നിന്നു തുടങ്ങിയാലോ...?
നന്ദൻ....ഗീത അകത്തേക്ക് നോക്കി വിളിച്ചു.
ആ നിഴലൊന്നു ചലിച്ചുവോ...! ഇരുട്ടിൽ നിന്നു പുറത്തേക്കു ഒരു ആൾരൂപം പതിയെ നടന്നു വന്നു. വെളിച്ചത്തിലേക്ക്. അടുത്തേക്ക് വരുംതോറും അനാമിക നന്ദനെ ഇമയനക്കാതെ ശ്രദ്ധിച്ചു. സുമുഖനായ യുവാവ് . അലസമായി പാറികിടക്കുന്ന മുടിയിഴകൾ. താടിയും വളർത്തിയിരിക്കുന്നു. യുവത്വം തുടിക്കുന്ന മിഴികളെ ശോകം മറച്ചിരിക്കുന്നു. നന്ദൻ പുഞ്ചിരിച്ചുക്കൊണ്ട്  ഇതാരാണ് എന്ന ചോദ്യഭാവത്തിൽ ഗീതയെ നോക്കി. നന്ദൻ, ഇത് അനാമിക. എഴുത്തുകാരിയാണ്. നന്ദൻ അനാമികയെ നോക്കി ചിരിച്ചു. നന്ദൻ.., ഇവിടുത്തെ അന്തേവാസികളെക്കുറിച്ച് ഒരു ലേഖനം എഴുതാൻ വേണ്ടി വന്നതാണ്‌. ആ കൂട്ടത്തിൽ താങ്കളെയുംകുറിച്ച് അറിയാമെന്ന് കരുതി. നന്ദന് ഇപ്പോൾ കാര്യമായ അസുഖമൊന്നുമില്ലന്നു ഗീത പറഞ്ഞു. വിരോധമില്ലെങ്കിൽ എങ്ങനെയിവിടെയെത്തി എന്നു പറയാമോ...? ആ മനസ്സൊന്നു തുറക്കാൻ കഴിയുമോ..? നന്ദൻ അനാമികയെ  നോക്കി. എന്നെക്കുറിച്ച് എഴുതാനോ...? എഴുതി തുടങ്ങിയാൽ എന്റെ ജീവിതം എങ്ങനെ എഴുതി അവസാനിപ്പിക്കും...? അനാമിക ഞെട്ടിപ്പോയി. പറ്റില്ല അല്ലെ..നന്ദൻ ചിരിച്ചു.
എനിക്കുമുണ്ടായിരുന്നു സ്വപ്‌നങ്ങൾ...എനിക്കുമുണ്ടായിരുന്നു മോഹങ്ങൾ. പക്ഷേ, എല്ലാം ഈ ചുമരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ടു. നന്ദൻ ഇരുമ്പഴികളിലേക്കു മുഖം ചേർത്തു....!
അച്ഛനും, അമ്മയും , ചേട്ടനും, അനിയത്തിയും എനിയ്ക്കുമുണ്ടായിരുന്നു. എന്റെ ഗ്രാമത്തിലെ അറിയപ്പെടുന്ന തറവാട്. ഒരുപാടു സുഹൃത്തുക്കളും. അതിനുപരി എന്നെ ഈ ഇരുട്ട് മുറിയിലെത്തിച്ച പ്രണയം. നന്ദൻ അനാമികയെ മുഖമുയർത്തി നോക്കി. ഏതോ കാലത്തിന്റെ ഓർമകളിൽ നന്ദന്റെ മിഴികൾ നിറഞ്ഞിരിക്കുന്നു.

അനിത..നന്ദന്റെ തൊട്ടടുത്ത വീട്ടിലാണ്‌. നന്ദന്റെയും, അനിതയുടെയും പ്രണയം ആ ഗ്രാമത്തിലെ സംസാര വിഷയമാണ്. വ്യത്യസ്ത മതത്തിൽപ്പെട്ട കമിതാക്കൾ. മതത്തിന്റെ വേലിക്കെട്ടൊന്നും രണ്ടുപേരും കാര്യമാക്കുന്നില്ല. മരിക്കാൻ രണ്ടുപേർക്കും ഭയവുമില്ല. പക്ഷേ, ഒരുമിച്ചൊരു ജീവിതം. അത് രണ്ടുപേരുടെയും സ്വപ്നമാണ്. ആ ദൃഡമായ തീരുമാനത്തിൽ അനിതയെ കൈ പിടിച്ചു നന്ദൻ ജീവിതത്തിലേക്ക് കൂട്ടി. രണ്ടു വീട്ടുകാരുടെയും എതിർപ്പ് അവഗണിച്ചുക്കൊണ്ട്തന്നെ. അവരുടെ ജീവിതത്തിലെ ശത്രുക്കൾ സ്വന്തം വീട്ടുകാർതന്നെയായി. വഴിയിൽവെച്ച് കണ്ടാൽപ്പോലും ശത്രുതയോടെ പെരുമാറി. ദിവസങ്ങൾ കഴിയുംതോറും വീട്ടുകാരുടെ ശത്രുതയ്ക്ക് മൂർച്ച കൂടി കൂടി വന്നതേയുള്ളു.   എന്നിട്ടും ആ നാട്ടിൽ നിന്നു പോകാതെ അവർ അവിടെ തന്നെ ജീവിച്ചു. അവരുടെ സ്വപ്നംപ്പോലെ ജീവിതം ഒഴുകി നീങ്ങി.
നിറവയറുമായി അനിത പകൽ സമയങ്ങളിൽ ആ വീട്ടിൽ തനിച്ചായിരിക്കും. വെറുതെ ഓരോന്ന് ചിന്തിച്ചിരിന്നപ്പോൾ അനിതയ്ക്ക് തല കറങ്ങുന്നതുപ്പോലെ തോന്നി. ഒന്നു കിടക്കാമെന്ന് കരുതി അകത്തെ മുറിയിലേക്ക് നടന്നതാണ്. രണ്ടു ചുവടുകൾ വെച്ചപ്പോൾ തന്നെ അനിതയുടെ കണ്ണുകളിൽ ഇരുട്ട് കയറി.ഒരു നിലവിളിയോടെ  പരസഹായത്തിനു വേണ്ടി കൈകൾ അന്തരീക്ഷത്തിൽ പരതി...നിലവിളി കേട്ടാണ് അടുത്ത വീട്ടുകാർ ഓടിവന്നത്. രക്തത്തിൽ കുളിച്ചു കിടക്കുന്ന അനിതയും ക്കൊണ്ട് കുറച്ചുപേർ ആശുപത്രിയിലേക്ക് പാഞ്ഞു. ജോലിസ്ഥലത്ത് നിന്നു ഫോണിലൂടെ ആ വാർത്ത‍ കേട്ടപ്പോൾ നന്ദൻ തകർന്നു പോയി. നന്ദൻ ആശുപത്രിയിലെത്തുംമ്പോഴേക്കും ഒരു പെൺകുഞ്ഞിനു ജന്മം നൽകി അനിത യാത്രയായിരുന്നു. ഒരു നോക്കു കാണാൻ പോലും സമ്മതിക്കാതെ അനിതയുടെ ജീവനില്ലാത്ത ശരീരം വീട്ടുകാർ കൊണ്ടുപോയി. സമനില തെറ്റി നന്ദൻ നിലവിളിച്ചു. നന്ദന്റെ മനസ്സിൽ അനിതയുടെ ചിരിക്കുന്ന മുഖം തെളിയുംതോറും ഓർമ്മകൾ മറഞ്ഞുക്കൊണ്ടിരുന്നു. മനോനില തെറ്റിയ നന്ദന്റെ  കുഞ്ഞിനെ അനിതയുടെ വീട്ടുകാർ കൊണ്ടുപോയി. മരിച്ചുപോയ പ്രിയതമയുടെ മുഖം അവസാനമായി കാണാൻ കഴിയാതെ, സ്വന്തം കുഞ്ഞിന്റെ മുഖം കാണാൻ കഴിയാതെ നന്ദൻ  കരഞ്ഞു.....മുഖംപ്പൊത്തി തേങ്ങി...തേങ്ങലുകൾ ചില സമയങ്ങളിൽ പൊട്ടിചിരിയിലേക്കു മാറി. നന്ദന്റെ അട്ടഹാസങ്ങൾ ആ ഗ്രാമത്തിനെ ഭയപ്പെടുത്തി. അലഞ്ഞു നടക്കുന്ന നന്ദനെ നാട്ടുകാർ പേടിച്ചു. സ്വന്തം വീട്ടുക്കാർതന്നെ നന്ദനെ ഈ ഇരുട്ട് മുറിയിൽ തള്ളി.
മിഴിനീർ നിലത്തു വീണു ചിതറി...
ഇരുമ്പഴിയിൽ നന്ദന്റെ കണ്ണുനീർ തുള്ളികൾ പറ്റിപിടിച്ചു. നന്ദൻ മുഖമുയർത്തി അനാമികയെ നോക്കി....എഴുതി തീർക്കാൻ പറ്റുമോ എന്റെ ജീവിതം.....? ഒന്നു കാണിച്ചു തരാൻ പറ്റുമോ എന്റെ പൊന്നുമോളെ...ഇന്നും മരിയ്ക്കാതെ ഞാൻ കാത്തിരിക്കുന്നത് എന്റെ മോൾ എന്നെങ്കിലും എന്നെ തിരഞ്ഞു ഈ ഇരുമ്പഴിക്കു മുന്നിലെത്തും എന്ന പ്രതീക്ഷയിലാണ്.  ആ പ്രതീക്ഷയിലെങ്കിലും ഞാൻ ജീവിയ്ക്കട്ടെ....നന്ദൻ ഇരുട്ടിലേക്ക് തന്നെ പതിയെ തിരിഞ്ഞു നടന്നു......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ