2016, ജൂൺ 15, ബുധനാഴ്‌ച

ഈ ചുവന്ന പാതയിലൂടെ.....

കാലം അങ്ങനെയാണ്...ചില ഓർമകളെ മനസ്സിൽ ഒരു നോവായി കരുതി വെയ്ക്കും.
നിന്റെ ഓർമകളിൽ നീറാൻ , ആ വേദനയിൽ ഒരിറ്റു കണ്ണുനീർ പൊഴിക്കാൻ ഈ മണ്ണിൽ ഒരു അവകാശിയായി ഞാൻ...

ഈ ക്ഷേത്ര നടയിൽ ഞാൻ എത്ര നേരമായി കാത്തിരിക്കുന്നു പ്രവീൺ ? രശ്മിയുടെ  പരിഭവം ക്ഷേത്രത്തിലെ തുളസ്സിപൂപോലെ അടർന്നു വീണു. അല്ലെങ്കിലും എന്നോട് പ്രവീണിനു ഇപ്പോൾ പഴയതുപ്പോലുള്ള ഇഷ്ടമൊന്നുമില്ല. നീ ഇങ്ങനെ സങ്കടപ്പെടാതെ രശ്മി. നിനക്കറിയില്ലേ, എന്റെ വീടിന്റെ അപ്പുറത്തുള്ള ചേച്ചിയെ ഇന്നലെ രാത്രി ആശുപത്രിയിൽ അഡ്മിറ്റാക്കി. ഇന്ന് രാവിലെ പ്രസവിച്ചു. പെൺകുഞ്ഞ്. അവരെ സഹായിക്കാൻ വേറാരുമില്ല. ഡോക്ടർ പറഞ്ഞു, ചിലപ്പോൾ രക്തം വേണ്ടി വരുമെന്ന്. അതുക്കൊണ്ട് ഞാൻ അവിടെ തന്നെ നിന്നു. ഭാഗ്യത്തിന് അതൊന്നും വേണ്ടി വന്നില്ല. നല്ല സുന്ദരി മോള്. നീയിങ്ങനെ നാട്ടുകാരുടെ കാര്യവും നോക്കി നടന്നോ. നമ്മൾക്കിതൊന്നും വേണ്ടല്ലോ. നടക്കുന്നതിനിടയിൽ രശ്മി പ്രവീണിനെ ഒളികണ്ണിട്ടു നോക്കി. ക്ഷേത്രത്തിലേക്കുള്ള റോഡ്‌ ഏതാണ്ട് വിജനമായിരുന്നു. അമ്മ ഇന്നലെയും കൂടി ചോദിച്ചതെയുള്ളു.., പ്രവീണിനെ എന്താ ഈ വഴിക്കൊന്നും ഇപ്പോൾ കാണാത്തതെന്ന്. മ്.... നിന്റെ അമ്മയ്ക്ക് എന്നോട് സ്നേഹമുണ്ട്. പക്ഷേ, നിന്റെ എട്ടനുണ്ടല്ലോ എനിക്ക് നിന്നെ കല്യാണം കഴിച്ചു തരില്ലെന്ന് എന്റെ കൂട്ടുകാരോടൊക്കെ പറഞ്ഞെന്നും ഞാനറിഞ്ഞു. എന്നോടും ഏട്ടൻ പറഞ്ഞു, നീ ഇങ്ങനെ നാട് നന്നാക്കാൻ നടക്കുന്നത് ഏട്ടനു ഒട്ടും ഇഷ്ട്ടമല്ല. ഒരു പൊതു പ്രവർത്തകൻ ആയിപോയില്ലേ എന്ത് ചെയ്യാൻ. പിന്നെ, നാളെ മന്ത്രിയാകില്ലെ രശ്മി പ്രവീണിനോട് കുറച്ചും കൂടി ചേർന്നു നടന്നുക്കൊണ്ട് ചോദിച്ചു. നാളെ ഞാൻ നിന്റെ വീട്ടിലോട്ടു വരുന്നുണ്ട്. നിന്റെ അമ്മയെ ഒന്ന് കാണാൻ. പ്രവീൺ നീ ഏട്ടനോട് ഒന്നു സംസാരിച്ചു നോക്കണം. കുറച്ചു മുൻകോപമുണ്ടെങ്കിലും ആളു പാവമാണ്.. ഇടയ്ക്കിടയ്ക്ക് എന്നോട് പറയും , അവനെ കാണുമ്പോൾ പറയണം വല്ല ജോലിക്കും പോകാൻ. വെറുതെ ഇങ്ങനെ നാട് തെണ്ടി നടക്കരുതെന്നും. എല്ലാം ശരിയാകും രശ്മി...എന്നാൽ നീ പൊയ്ക്കോ. എനിക്ക് ഇന്നൊരു രക്തദാന ക്യാമ്പുണ്ട്. നാളെ ഞാൻ വീട്ടിലേക്കു വരാം. രശ്മി ചുറ്റുപാടും നോക്കി ആരുമില്ലന്നു ഉറപ്പു വരുത്തിയിട്ട് പ്രവീണിന്റെ നെറ്റിയിൽ ചന്ദനം തൊട്ടു കൊടുത്തു.  കുറച്ചൊക്കെ രാഷ്ട്രീയമുണ്ടെങ്കിലും ആരുടെ ആവശ്യത്തിനും ഏതു പാതിരാത്രി വിളിച്ചാലും പ്രവീൺ സഹായത്തിനു പോയിരിക്കും. അതുക്കൊണ്ട് എല്ലാവർക്കും ഇഷ്ടവുമാണ് .
പ്രവീണിന്റെയും, രശ്മിയുടെയും പ്രണയത്തിനു വീട്ടുകാർക്കും വലിയ എതിർപ്പൊന്നുമില്ല. പക്ഷേ, സ്വന്തമായി ഒരു ജോലി. അതാണ് പ്രവീണിന്റെ പ്രശ്നം.
രശ്മി ഒതുക്കു കല്ലുകൾ ചവിട്ടി വീട്ടിലേക്കു കയറുമ്പോൾ വരാന്തയിൽ ഏട്ടൻ. എന്താടി താമസിച്ചത്..? അത് പിന്നെ.....! ഓ അവനോടു സംസാരിച്ചു നിന്നു കാണും. സഖാവിനു ഇന്നു പരിപാടി ഒന്നുമില്ലായിരുന്നൊ..? നിനക്കെങ്കിലും അവനോടു പറഞ്ഞു കൊടുത്തുകൂടെ . നല്ല വിദ്യാഭ്യാസമുണ്ടല്ലോ. ഏതെങ്കിലും പ്രൈവറ്റ് കമ്പനിയിലെങ്കിലും ഒരു ജോലിക്കു ശ്രമിക്കാൻ.അമ്മേ, ദേ മോള് നടന്നു ക്ഷീണിച്ചു വന്നിരിക്കുന്നു. കുടിക്കാൻ എന്തെങ്കിലും കൊടുക്ക്‌. രശ്മി ചിരിച്ചുക്കൊണ്ട് അകത്തേക്ക് പോയി. രശ്മിയുടെ ഓർമ വെച്ചപ്പോൾ അച്ഛൻ മരിച്ചതാണ് . അന്ന് മുതൽ അച്ഛനും, ഏട്ടനുമെല്ലാം വിനോദ് ആണ്. അതുക്കൊണ്ട് അനിയത്തിയുടെ ഇഷ്ടത്തിന് എതിരൊന്നും നിൽക്കില്ല. അവിടെയും പ്രശ്നം പ്രവീണിനു ഒരു ജോലിയില്ലാത്തതാണ്. വൈകുനേരം രക്തദാന ക്യാമ്പും കഴിഞ്ഞു കവലയിലേക്കു വന്ന പ്രവീണിനെയും തിരക്കി വിനോദ് കാത്തു നിന്നു .
പ്രവീൺ , നിന്നെ നോക്കിയ ഞാനിത്രയും നേരം ഇവിടെ നിന്നത്. എന്താ ഏട്ടാ...!
നിനക്കറിയാമല്ലോ,അവൾക്കു വിവാഹ പ്രായമായി. ബന്ധുക്കളെല്ലാം ചോദിച്ചു തുടങ്ങി , രശ്മിയുടെ കല്യാണ കാര്യം എന്തായെന്ന്...? ഇനിയും ഇങ്ങനെ നീട്ടിക്കൊണ്ടു പോയാൽ..പേരിനെങ്കിലും എന്തെങ്കിലുമൊരു ജോലി വേണ്ടേ നിനക്ക്. അവരോടൊക്കെ പറയാനെങ്കിലും. ഇവിടുത്തെ സഹകരണ ബാങ്കിൽ ഇപ്പോൾ ഒരു ഒഴിവുണ്ട്. പാർട്ടി സെക്രട്ടറി പറഞ്ഞു അതെനിക്ക് വാങ്ങി തരാമെന്ന് . അത് താമസിക്കാതെ ശരിയാകും ഏട്ടാ. നടക്കുമോ..? വിനോദിന്റെ ചോദ്യത്തിന് ഒരു വിശ്വാസ കുറവ് തോന്നി. നടക്കും ഏട്ടാ . മ്....ഇനിയും ഒരുപാടു നീട്ടിക്കൊണ്ടു പോകരുത്.
ദിവസങ്ങൾക്കു ശേഷം പ്രവീണിനു ആ നാട്ടിലെ സഹകരണ ബാങ്കിൽ തന്നെ ജോലി കിട്ടി. പിന്നെയെല്ലാം വളരെ പെട്ടന്നായിരുന്നു. പ്രവീണിന്റെയും, രശ്മിയുടെയും വിവാഹം. ജോലിയും, പൊതുപ്രവർത്തനവും പ്രവീൺ ഒരുപോലെ കൊണ്ടു പോയി.
രശ്മി ഇപ്പോൾ ഗർഭിണിയാണ്. രണ്ടു പേരും കുഞ്ഞിനു പേരുവരെ കണ്ടുവെച്ചു. നീ നോക്കിക്കൊ രശ്മി , ഇതു മോനായിരിക്കും. അവനെ ഞാൻ മന്ത്രിയാക്കും. രശ്മി ചിരിച്ചു. അന്നൊരു ഞായറാഴ്ച ആയിരുന്നു. രാവിലെ പ്രവീണിനെ തിരക്കി രണ്ടുമൂന്നു പേർ വീട്ടിൽ വന്നു. എന്താ ചേട്ടാ, രാവിലെ. പ്രവീണേ നിനക്കറിയില്ലേ..നമ്മുടെ ആ കോളനിയിലേക്ക് പോകുന്ന വഴി, അത് വീണ്ടും അവരു തടഞ്ഞു. നീയങ്ങോട്ടു വന്നേ . നീ പറഞ്ഞാൽ അവരു ചിലപ്പോൾ കേൾക്കും. രശ്മി, ഞാനിപ്പോൾ വരാം. മോനെ, എങ്ങും പോയി താമസ്സിക്കല്ലേ,അവൾക്കു ഡേറ്റ് അടുത്തിരിക്കുകയാണ്. അമ്മ പ്രവീണിനെ ഓർമപ്പെടുത്തി. ഞാനിപ്പോൾ വരാം അമ്മേ. പ്രവീൺ അവരോടൊപ്പം നടന്നു . അവിടെ ചെന്നപ്പോഴേ, പ്രവീണിനു മനസ്സിലായി. കാര്യം നിസ്സാരമല്ല. കോളനിയിലുള്ളവർ പ്രവീണിനെ കണ്ടപ്പോൾ ആവേശമായി. മോനെ, നീ നോക്കിക്കെ, ഈ വഴി അവര് അടച്ചു വെച്ചിരിക്കുന്നത് കണ്ടോ... ആ നാട്ടിലെ വലിയ പണക്കാരന്റെ പുരയിടമാണ് അടുത്തുള്ളത്. അത് വഴി വേണം കോളനിയിലേക്ക് പോകാൻ. പോരാത്തതിനു പ്രവീണിന്റെ എതിർപാർട്ടിയും. പ്രവീൺ നീ ഇതിലിടപ്പെടരുത്. അതു നല്ലതല്ല. മുതലാളി അവരു പറയുന്നത് ന്യായമല്ലേ, അവർക്ക് നടന്നു പോകാനുള്ള വഴി കൊടുത്തൂടെ..പ്രവീൺ സൗമ്യമായി സംസാരിച്ചു. സംസാരം വഷളായി. രണ്ടു സൈഡിൽ നിന്നും പോർവിളിയും തുടങ്ങി. പ്രവീൺ ഇരു കൂട്ടരെയും അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ, പ്രവീണിന്റെ വാക്കുകളിൽ ഒതുങ്ങിയില്ല. കയാങ്കളി വരെയെത്തി. പ്രവീൺ രണ്ടുകൂട്ടരുടെയും ഇടയിൽ കയറി. പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ, ദുരന്തം പ്രവീണിനെ തേടിയെത്തി. ഒരു മിന്നൽ പിണർപ്പോലെ പ്രവീണിന്റെ മാറുപിളർത്തി ഒരു കത്തി കയറി. രംഗം നിശ്ചലമായി. ആരൊക്കെയോ ഓടി മറഞ്ഞു. പ്രവീണിനെയും താങ്ങിയെടുത്ത് വാഹനത്തിൽ കയറ്റി ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു.
രശ്മിയ്ക്ക് വേദന തുടങ്ങി. അമ്മയ്ക്ക് ആകെ പേടിയായി. ഇപ്പോൾ വരാമെന്ന് പറഞ്ഞുപോയ പ്രവീണിനെയും കാണാനില്ല. സമയം പോകുന്നു. രശ്മി വേദനക്കൊണ്ട് പുളഞ്ഞു. അടുത്തുള്ള ഒരു കാറും വിളിച്ചു അമ്മയും, വിനോദും രശ്മിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയി. രശ്മിയെ നേരെ ലേബർ റൂമിലേക്ക്‌ കയറ്റി. അപ്പോഴാണ് വിനോദ് ശ്രദ്ധിച്ചത് . ആശുപത്രി മുറ്റത്ത്‌ പാർട്ടി പ്രവർത്തകർ തടിച്ചുകൂടി നിൽക്കുന്നു. വിനോദ് കാര്യം തിരക്കി. ക്ഷമയോടെ വിനോദിനോട്‌ പ്രവർത്തകർ കാര്യം പറഞ്ഞു. വിനോദിന്റെ തൊണ്ടയിൽ ഒരു നിലവിളി കുടുങ്ങി. ഇതേ ആശുപത്രിയിൽ ജീവനില്ലാതെ പ്രവീണിന്റെ ശരീരം. പ്രവീണിന്റെ രക്തത്തിൽ പിറക്കാൻ പോകുന്ന കുഞ്ഞും തൊട്ടടുത്ത്‌.....പ്രവീൺ സ്വപ്നം കണ്ടതുപ്പോലെ രശ്മി ഒരാൺകുഞ്ഞിനു ജന്മം നൽകി. പക്ഷേ, ആ പൊന്നോമന മുഖം കാണാൻ.....!
വർഷങ്ങൾ എത്ര കഴിഞ്ഞു. ഇന്നും രശ്മിയും , മോനും കൂടി ആ ക്ഷേത്ര നടയിൽ പോയി. ആ കവലയിൽ ഒരു വായനശാലയുണ്ട്. സഖാവ്: പ്രവീൺ സ്മാരക ഗ്രന്ഥശാല. പ്രവീണിന്റെ പ്രതിമയിൽ പൂക്കൾ വാടികരിഞ്ഞിരിക്കുന്നു. രശ്മിയുടെ മിഴികളിൽ പോയകാലത്തിന്റെ ഓർമകളിൽ കണ്ണുനീർ തുള്ളികൾ ചാലിട്ടൊഴുകി.
"രക്തസാക്ഷി...നീ മരിക്കുന്നില്ല.."
ആ ഫലകത്തിൽ കൊത്തിവെച്ച വാക്കുകൾ രശ്മി ഒന്നു കൂടി വായിച്ചു.
ഇല്ല..പ്രവീൺ നീ മരിച്ചിട്ടില്ല. എന്റെയും,നമ്മുടെ മോന്റെയും കൂടെ നീയിപ്പോഴുമുണ്ട്....
അവരൊന്നിച്ചു നടന്ന വഴികളിലൂടെ മോനെയും ചേർത്തു പിടിച്ചു രശ്മി നടന്നകന്നു...ഒരുപാട് ഓർമകളുമായി......!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ