2016, ജൂൺ 12, ഞായറാഴ്‌ച

ഒരു യാത്രയുടെ ഓർമയ്ക്ക്

മഴ പെയുന്നുണ്ട്. അതുക്കൊണ്ട് രതീഷ്‌ പതുക്കെയാണ് കാർ ഓടിക്കുന്നത്. റോഡിൽ വെള്ളം കെട്ടി കിടക്കുന്നതുക്കൊണ്ട് കുണ്ടും കുഴിയും നിശ്ചയമില്ല. കാറിനുള്ളിലെ സ്റ്റീരിയോയിൽ നിന്നൊഴുകി വരുന്ന ഗസലും കേട്ടു ഇങ്ങനെ പതിയെ ഡ്രൈവ് ചെയ്യാനാണ് സുഖം. അകത്തു സംഗീതവും, പുറത്തു മഴയും. ഒരു പെണ്ണുകാണൽ യാത്രയിലാണ് രതീഷ്‌. ഗൾഫിൽ നിന്ന് വന്നിട്ടുള്ള ആദ്യത്തെ പെണ്ണുകാണൽ ചടങ്ങ്. കാണാൻ പോകുന്ന പെണ്ണിനെ കുറിച്ചുള്ള സങ്കൽപ്പവുമായി സംഗീതം ആസ്വദിച്ച് ഡ്രൈവ് ചെയുകയാണ്. റോഡിൽ വലിയ തിരക്കുമില്ല. കുറച്ചു ദൂരം പിന്നിട്ടു കഴിഞ്ഞപ്പോൾ , മഴതുള്ളികൾക്കിടയിലൂടെ ആരോ കൈ കാണിക്കുന്നുണ്ട്. രൂപം വ്യക്തമല്ല. കുറച്ചുകൂടി അടുത്ത് ചെന്നപ്പോൾ ഒരു പെൺക്കുട്ടിയാണു എന്നു മനസ്സിലായി. കൈകൾ റോഡിലേക്കുയർത്തി നിർത്താൻ അപേക്ഷിക്കുന്നുണ്ട്. കാർ നിർത്തണോ, വേണ്ടയോ എന്ന ചിന്ത രതീഷിന്റെ മനസ്സിൽ രൂപംക്കൊണ്ടു. അതും വിജനമായ സ്ഥലം.മഴയും. എന്തെങ്കിലും സഹായത്തിനാണോ..? എന്തായാലും രതീഷ്‌ ആ പെൺക്കുട്ടിയുടെ അരികിൽ കാർ നിർത്തി സൈഡ് ഗ്ലാസ്സ് താഴ്ത്തി. ഈ മഴ മുഴുവൻ നനഞ്ഞാണു ആ കുട്ടിയുടെ നിൽപ്പ്. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടെങ്കിലും മഴവെള്ളത്തിൽ അറിയാൻ കഴിയില്ല.
ചേട്ടാ ഞാൻ കുറെ നേരമായി ഇവിടെ നിന്നു വണ്ടികൾക്ക് കൈ കാണിക്കാൻ തുടങ്ങിയിട്ട്. അവളുടെ സ്വരത്തിൽ കരച്ചിൽ നിറഞ്ഞിരിന്നു. അമ്മയ്ക്ക് തീരെ വയ്യ. വീട്ടിൽ വേറേയാരുമില്ല. ഒന്നു ആശുപത്രിയിൽ എത്തിയ്ക്കാൻ സഹായിക്കുമോ...? യാചന നിറഞ്ഞ മിഴികളുമായി ഒരു പെൺക്കുട്ടി ഒരു പരിചയവുമില്ലാതെ കെഞ്ചുന്നു. പിന്നെയൊന്നും ആലോചിക്കാൻ നിന്നില്ല.പിന്നിലെ ഡോർ തുറന്നു കൊടുത്തു കയറാൻ പറഞ്ഞു. ഒരു ഭയവും കൂടാതെ അവൾ കാറിനുള്ളിൽ കയറി. രതീഷ്‌ കാർ മുന്നോട്ടെടുത്തു. അവൾ പറഞ്ഞ വഴികളിലൂടെ കാർ നീങ്ങി. അരകിലോമീറ്റർ ആ നാട്ടുവഴിയിലൂടെ ഓടി. ഒരു ചെറിയ വീടിന്റെ മുന്നിൽ നിന്നു. ചേട്ടാ, ഒന്ന് വരാമോ..? അവളുടെ കൂടെ രതീഷും വീടിനുള്ളിൽ കയറി. രണ്ടു സ്ത്രീകൾ അവളുടെ വരവും പ്രതീക്ഷിച്ചു അവിടെ നിൽപ്പുണ്ട്. അടുത്തുള്ള കട്ടിലിൽ മൂടി പുതച്ചു വേറൊരു സ്ത്രീയും. എല്ലാവരും കൂടി ആ സ്ത്രീയെ താങ്ങി എഴുനേൽപ്പിച്ചു. രതീഷും സഹായിച്ചു. അപ്പോഴേക്കും ആ പെൺക്കുട്ടി നനഞ്ഞ വേഷം മാറ്റി വന്നിരിന്നു. ആ സ്ത്രീയെ രതീഷ്‌ താങ്ങിയെടുത്ത് കാറിന്റെ പിൻസീറ്റിൽ ചാരി കിടത്തി. കൂടെ ആ പെൺകുട്ടിയും കയറി. അടുത്തുള്ള ആശുപത്രി ലക്ഷ്യമാക്കി കാർ  നീങ്ങി. മഴയ്ക്ക്‌ ശമനമില്ല. എന്നാലും നല്ല വേഗതയിലാണ് രതീഷ്‌ ഡ്രൈവ് ചെയുന്നത്. അരമണിക്കൂർ സമയത്തിന് ശേഷം നഗരത്തിലെ വലിയൊരു ആശുപത്രിക്ക് മുന്നിൽ കാർ നിർത്തി. പുറത്തേക്കു നോക്കിയ പെൺകുട്ടിയ്ക്ക് പരിഭ്രമമായി. ചേട്ടാ, ഏതെങ്കിലും ചെറിയ ആശുപത്രിയിൽ എത്തിച്ചാൽ മതി. അതൊന്നും പേടിക്കണ്ട. ഇവിടെ കാണിക്കാം. സ്വന്തം അമ്മയോടെന്നപ്പോലെ രതീഷ്‌ തന്നെ ആ സ്ത്രീയെ തോളത്തു ചേർത്ത് ആശുപത്രിയുടെ ഉള്ളിലേക്ക് വേഗത്തിൽ നടന്നു.അപ്പോഴേക്കും സ്ട്രെച്ചറുമായി ആശുപത്രി ജീവനക്കാരും വന്നു. ആ സ്ത്രീയെ അതിൽ കിടത്തി അത്യാഹിത വിഭാഗം ലക്ഷ്യമാക്കി ആ സ്ട്രെക്ച്ചർ ഉരുണ്ടു.
അത്യാഹിത വിഭാഗത്തിന്റെ വരാന്തയിലുള്ള കസേരയിൽ രതീഷ്‌ ഇരുന്നു. ആ പെൺക്കുട്ടി വാതിലിന്റെ മുന്നിൽ തന്നെ പേടിയോടെ നിൽപ്പുണ്ട്. ഡോർ തുറന്നു ഒരു നേർഴ്സ്സു പുറത്തേക്കു വന്നു. ഇപ്പോൾ കൊണ്ട് വന്ന അമ്മയുടെ ആരെങ്കിലുമുണ്ടോ..? രതീഷും ആ വാതിലിനരികിലേക്കു നടന്നു. അമ്മയുടെ പേരെന്താ...? ദേവകി. പെൺക്കുട്ടിയുടെ മറുപടി വന്നു. ഓ പിയിൽ ചെന്ന് രെജിസ്റ്റെർ ചെയ്തു ഫയലെടുക്കണം. ഫാർമസ്സിയിൽ നിന്നും ഈ മരുന്നുകളും വാങ്ങണം. ഒരു കടലാസ്സു നേർഴ്സ്സു പെൺക്കുട്ടിയുടെ നേരെ നീട്ടി. അവളുടെ മുഖത്തെ പേടി കണ്ടപ്പോഴേ രതീഷിനു മനസ്സിലായി.., അവളുടെ കൈയിൽ ഒരുപാടു പൈസയൊന്നും കാണാൻ വഴിയില്ല. രതീഷ്‌ അവളോട്‌ മരുന്നുകളുടെ ലിസ്റ്റുള്ള ആ കടലാസ്സു വാങ്ങി. മടിച്ചു മടിച്ചാണെങ്കിലും അവളതു രതീഷിന്റെ കൈയിൽ കൊടുത്തു. നീ പോയി പേരും,അഡ്രസ്സും പറഞ്ഞു കൊടുത്തു ഫയലെടുത്തോ.. ഇത് ഞാൻ വാങ്ങിക്കൊണ്ടു വരാം. അവൾ കൈയിലിരുന്ന നനഞ്ഞ കുറച്ചു നോട്ടുകൾ രതീഷിന്റെ നേരെ നീട്ടി. അത് കൈയിൽ വെച്ചോളു എന്നു പറഞ്ഞു രതീഷ്‌ ഫാർമസ്സി ലക്ഷ്യമാക്കി നടന്നു.
മരുന്നുകളുമായി തിരിച്ചു വന്നപ്പോൾ അവൾ ആ വാതിലിന്റെ അരികിൽ തന്നെ നില്പ്പുണ്ട്. മരുന്നുകൾ നേർഴ്സ്സിന്റെ കൈയിൽ ഏല്പ്പിച്ചു. പേടിക്കാനൊന്നുമില്ല. മോള്  അവിടെ പോയി ഇരിന്നോളു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാം. അവൾ വന്നു രതീഷ്‌ ഇരുന്ന കസേരയുടെ അടുത്ത് ഇരുന്നു. നന്ദിയോടെ രതീഷിനെ നോക്കി ചിരിച്ചു. അപ്പോഴാണ് രതീഷും ആ പെൺക്കുട്ടിയെ ശ്രദ്ധിച്ചത്. കാണാൻ ഗ്രാമിണത നിറഞ്ഞ സുന്ദരി.ഒരു ഇരുപതു വയസ്സ് തോന്നും. എന്ത നിന്റെ പേര്..? അനുപമ.
വീട്ടിൽ വേറെയാരുമില്ലേ..?
അമ്മയും, ഞാനും മാത്രമേയുള്ളു. അച്ഛൻ മരിച്ചിട്ട് രണ്ടു വർഷമായി. എനിക്ക് ചെറിയൊരു ജോലിയുണ്ട്. രാവിലെ ജോലിക്കു പോകുമ്പോഴേ അമ്മയ്ക്ക് ചെറിയ പനിയുണ്ടായിരുന്നു. ഒരു ദിവസം പോയില്ലെങ്കിൽ ആ ദിവസത്തെ ശമ്പളം കുറയ്ക്കും. അതുക്കൊണ്ട് പോയതാ. അവളുടെ സ്വരത്തിൽ നിരാശ നിഴലിച്ചു. ദൈവമാണ് ചേട്ടനെ അവിടെയെത്തിച്ചത്. എനിക്ക് ഈ ഭൂമിയിൽ ആകെയുള്ളത് എന്റെ അമ്മ മാത്രമാണ്. പിന്നെ.... അവളുടെ കണ്ണുകളിൽ മിഴിനീർ ഉരുണ്ടുകൂടി.
അപ്പോഴാണ് രതീഷിന്റെ ഫോൺ ശബ്ദിച്ചത്. അമ്മയാണ്. മോനെ,നീ ഇതുവരെ അവിടെ എത്തിയില്ലേ . ആ വീട്ടുകാർ ഒന്നുരണ്ടു തവണ വിളിച്ചിരിന്നു. അപ്പോഴാണ് രതീഷിനു ഓർമ വന്നത്. അമ്മേ, എനിക്ക് പോകാൻ കഴിഞ്ഞില്ല. എന്തുപ്പറ്റി മോനെ...? അമ്മയുടെ സ്വരത്തിൽ ഭയം നിഴലിച്ചു. പേടിക്കാൻ ഒന്നുമില്ലമ്മേ. വരുമ്പോൾ പറയാം. ഇനി അവരു വിളിച്ചാൽ എന്തു പറയണം. വരാൻ കഴിയില്ലന്നു പറഞ്ഞേക്ക്. ഫോൺ കട്ടുചെയ്ത ശേഷം രതീഷ്‌ അനുപമയെ ഒന്നുകൂടി നോക്കി. അമ്മയുടെ സങ്കൽപ്പത്തിലെ  പാവപ്പെട്ട വീട്ടിലെ, ഗ്രാമീണത നിറഞ്ഞ പെൺക്കുട്ടി.
എന്റെ പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞു അമ്മേ. രതീഷ്‌ മനസ്സിൽ ഉറപ്പിച്ചു.
ഇനി പേടിക്കാനൊന്നുമില്ലല്ലൊ അനുപമ. രാത്രി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി. രതീഷ്‌ ഫോൺ നമ്പറും അവൾക്കു കൊടുത്തു. കുറച്ചു കാശും കൊടുത്തു. നാളെ രാവിലെ വരാം എന്നുപറഞ്ഞു യാത്ര പറഞ്ഞിറങ്ങി. കാറിനടുത്ത് വരെ അനുപമ രതീഷിനെ അനുഗമിച്ചു. അനുപമയുടെ മിഴികൾ നിറഞ്ഞിരുന്നു. ഒരു ചിരിയിൽ നന്ദി പറഞ്ഞു അനുപമ തിരിഞ്ഞു നടന്നു...
തിരിച്ചു ഡ്രൈവ് ചെയ്യുമ്പോൾ സ്റ്റീരിയോയിൽ നിന്നു ഒഴുകി വരുന്ന ഗസലിനോപ്പം കണ്ണുനീരിന്റെ നനവിൽ ചിരിക്കുന്ന അനുപമയുടെ മുഖവും രതീഷിന്റെ മനസ്സിൽ നിറഞ്ഞു നിന്നു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ