2016, ജൂൺ 21, ചൊവ്വാഴ്ച

ഉമ്മ

ബാല്യത്തിന്റെ ഓർമകളിലേക്ക് ഒരു യാത്ര പോകണം. ഓലമേഞ്ഞ മേൽക്കൂരയും, ചാണകം മെഴുകിയ തറയുമുള്ള ഈറമുളക്കൊണ്ട് വേലിതീർത്ത ആ പഴമയിലേക്ക്...
മുഴുപ്പട്ടിണി കിടന്നു ഞങ്ങളുടെ അരപ്പട്ടിണി മാറ്റിയ എന്റെ ഉമ്മയുടെ കണ്ണുനീരിന്റെ ഉപ്പു നുണഞ്ഞ അത്താഴം കഴിച്ചു , ചാണകം മെഴുകിയ തറയിൽ പിഞ്ചി തുടങ്ങിയ പുൽപായയിൽ , ഓലകീറിനു ഇടയിലൂടെ നിലാവിനെയും നോക്കി കിടക്കണം. എന്റെ ഉമ്മയുടെ കണ്ണുനീർ തുള്ളികൾ വീണു നനഞ്ഞ തുണി തലയണ പലപ്പോഴും എന്റെ ഞെട്ടിയുണരുന്ന ഉറക്കത്തിൽ ഞാൻ കണ്ടിട്ടുണ്ട്. അന്നൊക്കെ എന്തിനാണ് കരുന്നത് എന്നു ചോദിച്ചാൽ ചിരിച്ചുക്കൊണ്ട് ഉമ്മയുടെ അരികിലേക്ക് ചേർത്തു പിടിച്ചു നെറുകയിൽ ഉമ്മതന്നു ഉറക്കുമെന്നല്ലാതെ മറുപടിയൊന്നും കിട്ടിയിട്ടില്ല. ഇന്നു എനിക്ക് മഴയെ ഒരുപാടു ഇഷ്ടമാണ്. പക്ഷേ, ആ കാലത്ത് മഴ മാനത്ത് കാണുമ്പോൾ ഉമ്മയുടെ മിഴികളിൽ കാലവർഷം പെയ്തു തുടങ്ങിയിരിക്കും. ഓലമേഞ്ഞ മേൽക്കൂരയുടെ ഇടയിൽ കൂടി മൺഭിത്തിയെ നനയിപ്പിച്ചു വരുന്ന മഴത്തുള്ളികൾ. മഴവെള്ളം വീണു നനയാത്ത ഏതെങ്കിലും ഒരു മൂലയിൽ ഞങ്ങളെയും ചേർത്തു പിടിച്ച്......എത്ര ഓടിതളർന്നാലും കഷ്ടപാടുകൾ മാറില്ലാന്നു ഉപ്പയും തിരിച്ചറിഞ്ഞു. ആ നിരാശ ഉപ്പയിൽ എപ്പോഴും ദേഷ്യം നിറച്ചിരിന്നു. ആ ദേഷ്യം പലരാത്രികളിലും ഉമ്മയുടെയും, ഉപ്പയുടെയും വഴക്കിൽ നിറഞ്ഞിരിക്കും. പേടിച്ചരണ്ടു നിൽക്കുന്ന കുഞ്ഞുങ്ങളെ നോക്കി ഉമ്മയുടെ കവിളുകളിൽ കണ്ണുനീർ ചാലുകൾ കീറിയിട്ടുണ്ടാകും. അപ്പോഴും ഇതൊന്നുമറിയാതെ ഞങ്ങളുടെ കൊച്ചുവീട്ടിലെ റേഡിയോയിൽ വയലും വീടും,ചിത്രഗീതവും, വാർത്തകളും ഒഴുകിക്കൊണ്ടിരിക്കും. കാലം ഒരു മാറ്റവും വരുത്താതെ വർഷങ്ങൾ കുറെ കടന്നുപോയി. പടച്ചവൻ പരീക്ഷണം അവസാനിപ്പിച്ചതുപ്പോലെ ഉമ്മ ഗൾഫിലേക്ക് വിമാനം കയറി. പറക്കമുറ്റാത്ത മക്കളെ ഉപ്പയെ ഏൽപ്പിച്ചിട്ട്. ഉമ്മ ഗൾഫിൽ ഉള്ളടത്തോളം കാലം ഉപ്പതന്നെ ഉമ്മയുമായി. ഒന്നിനും ഒരു കുറവും വരുത്താതെ ഞങ്ങളെ ഉപ്പ വളർത്തികൊണ്ടുവന്നു. ആ കാലത്ത് ഉപ്പ ഗൾഫിലാണന്നു പറയുന്ന ഗമയൊന്നും ഉമ്മ ഗൾഫിലാണന്നു പറഞ്ഞാൽ കിട്ടില്ല. നാട്ടിൽ വന്നു കഴിഞ്ഞു ആദ്യമായി ഉമ്മ ഒരു പ്ലാസ്റ്റിക് വരിഞ്ഞ കട്ടിൽ വാങ്ങി. അന്നു കട്ടിലിന്റെ നടുവിൽ പേരെഴുതുമായിരുന്നു. ഞങ്ങൾ മക്കളുടെ പേരുകൾ കട്ടിലിന്റെ നടുവിൽ സ്ഥാനം പിടിച്ചു. അന്നു ഉമ്മ എന്നോട് പറഞ്ഞു, മോന് ഓർമ്മയുണ്ടോ പണ്ടു രാത്രികളിൽ ഞാനെന്തിനാണ് കരയുന്നത് എന്ന് ചോദിച്ചത്..? ആ ചാണക തറയുടെ തണുപ്പിൽ നിന്ന്.., ആ കീറപായയുടെ ചൂരിൽ നിന്ന് എന്റെ മക്കളെ ഏതെങ്കിലും കാലത്ത് ഇതുപോലൊരു കട്ടിലിൽ കിടത്താൻ കഴിയുന്നില്ലല്ലോന്നു ഓർത്താണ് മോനെ എന്റെ മിഴികൾ നിറഞ്ഞത്‌....
ഉപ്പയുടെയും ഉമ്മയുടെയും യുവത്വവും, ആഗ്രഹങ്ങളും  മക്കൾക്ക്‌ വേണ്ടി ഉപേക്ഷിച്ചു.....!
കാലങ്ങൾ ഇപ്പോൾ എത്ര കടന്നു പോയിരിക്കുന്നു. ജീവിതം എത്ര മാറിമറിഞ്ഞു. ഞങ്ങൾക്ക് വേണ്ടി എരിഞ്ഞു തീർന്നത് ഒരു ജീവിതമായിരുന്നു. ഇന്നു ഈ മരുഭൂമിയിലിരിന്നു ഓർമകളിൽ നിറയുമ്പോൾ ആ കാലം മനസ്സിൽ നിറയും. ഇന്നും നാട്ടിൽ പോകുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് എന്റെ ഉമ്മ ആയിരിക്കും. അന്നു എനിക്ക് തരാൻ കഴിയാത്ത സ്നേഹം പകർന്നു നൽകാൻ.....അന്ന് വെച്ചു വിളമ്പി തരാൻ കഴിയാതെപോയ ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ വെച്ചു വിളമ്പിതരാൻ. കൂടെ നിന്നു കഴിപ്പിക്കാൻ. പുറത്തു നിന്ന് മഴ നനഞ്ഞു വരുമ്പോൾ പനി പിടിപ്പിക്കല്ലേ എന്നു വാത്സല്യത്തോടെ വഴക്ക് പറഞ്ഞു തല തുവർത്തി തരാൻ....ആ മടിയിൽ തലവെച്ചു കിടക്കുമ്പോൾ ഒരു കുഞ്ഞായി ഞാനും...അവധികാലം കഴിഞ്ഞു തിരിച്ചു ഇങ്ങോട്ടു വരുമ്പോൾ ആ മിഴികൾ ഇന്നും നിറഞ്ഞിരിക്കും. അവിടെയെത്തിയ ഉടനെ വിളിക്കണേ മോനേ എന്നുപറഞ്ഞു...സാരിത്തലപ്പുക്കൊണ്ട് കണ്ണു തുടയ്ക്കുന്ന ഉമ്മ. ഇവിടെ വന്നു ഞാൻ  നാട്ടിലോട്ടു വിളിക്കുന്നതു വരെ ഉറങ്ങാതെ ഇരിക്കുന്ന...യാത്രയൊക്കെ സുഖമായിരുന്നോ മോനെ. വല്ലതും കഴിച്ചോ മോനെ എന്ന് ചോദിക്കാതെ ഒരു സമാധാനവും ആ മനസ്സിനു കാണില്ല...
പിന്നെ അടുത്ത അവധികാലം വരാൻ കാത്തിരിക്കും...വീണ്ടും ഉമ്മയുടെ കുഞ്ഞു മോനാകാൻ.....!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ