2016, ജൂൺ 17, വെള്ളിയാഴ്‌ച

നിഴലായി....

അരുണേട്ട....
നമ്മുടെ മോൾ വലിയൊരു പെണ്ണായിരിക്കുന്നു. ഇന്ന്.....! ആ സന്തോഷ വർത്തമാനം കേട്ടപ്പോൾ, എന്റെ അരികിൽ അരുണേട്ടൻ ഇല്ലല്ലോയെന്ന ദുഃഖം എന്റെ മനസ്സിനെ ഭയപ്പെടുത്തുന്നു. അവളിനി കുഞ്ഞല്ല. നല്ല സുരക്ഷിതത്വത്തോടെ അവളെ ഇനി വളർത്തണം. എനിക്ക് പേടിയാണ് അരുണേട്ട..., ഇത് വല്ലാത്തൊരു ലോകമാണ്.
പത്താമത്തെ  വയസ്സിൽ മോളെ എന്നെ ഏൽപ്പിച്ചിട്ട്...എന്നെയും തനിച്ചാക്കി പോയില്ലേ. അതുവരെ അവൾക്കൊരു പനി വന്നാൽ പോലും എന്നേക്കാൾ സങ്കടം  അരുണേട്ടനായിരുന്നു. ഇപ്പോൾ ഞാനൊറ്റയ്ക്ക്....!
ഞാനെത്ര അവളെ ലാളിച്ചു വളർത്തിയാലും എനിക്ക് ഒരിക്കലും അരുണേട്ടനു പകരം ആകാൻ ആവില്ലല്ലോ..
അവളിന്നും കൂടി ചോദിച്ചതേയുള്ളു.., അച്ഛനുണ്ടായിരുന്നെങ്കിൽ എനിക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങിക്കൊണ്ടു വരുമായിരുന്നു എന്ന്...! അവളുടെ മിഴികൾ നിറഞ്ഞിരിന്നു...അരുണേട്ട.., അവൾക്ക് ഭക്ഷണത്തിനോടൊന്നും വലിയ താല്പര്യമില്ല.
അച്ഛന്റെ മോള് തന്നെയാണ് കേട്ടൊ...എപ്പോഴും എന്തെങ്കിലുമൊക്കെ വായിക്കണം. ഇന്നലെ അവളുടെ മുറിയിൽ പോയപ്പോൾ അവളെന്തൊക്കെയൊ എഴുതുന്നു. വെറുതെ ഞാനൊന്നു വായിച്ചു നോക്കി. അവളുടെ മനസ്സിൽ പഴയ ഓർമകളാണ്. അച്ഛനുമായുള്ള സുന്ദരമായ ഓർമ്മകൾ... ആ ഓർമകളിലാണ് നമ്മുടെ മോൾ ജീവിയ്ക്കുന്നത്. ആ ഓർമ്മകൾ അവൾ അക്ഷരങ്ങളായി എഴുതി വെയ്ക്കുകയാണ്.
അവളെ നല്ലതുപ്പോലെ നോക്കണം ,അവളുടെ ആഗ്രഹത്തിന് പഠിപ്പിക്കണം. അത് കഴിഞ്ഞു നല്ലൊരാൾക്കു കൈ പിടിച്ചു കൊടുക്കണം. ആ നിമിഷം ഞാൻ തകർന്നുപോകും അരുണേട്ട... അരുണേട്ടന്റെ സ്ഥാനത്ത് നിന്നു ഞാനിതെല്ലാം നിർവഹിക്കണം. എനിക്ക് അതിനു കഴിയുമോ...?
ചില സമയങ്ങളിൽ ഞാൻ തനിച്ചെന്നപോലെ..
നമ്മുടെ മോൾ , ഇപ്പോൾ സുന്ദരി ആയിരിക്കുന്നു അരുണേട്ട....മുഖത്ത് നല്ല പ്രസരിപ്പും. പക്ഷേ , അവളുടെ മിഴികളിൽ ഒരു അനാഥത്വം നിഴലിച്ചു കിടക്കുന്നു. ഇപ്പോഴും അവളെ മടിയിൽ കിടത്തി കഥ പറഞ്ഞു കൊടുക്കണം. എന്നാലെ ഉറങ്ങു..അച്ഛൻ ശീലിപ്പിച്ചതല്ലേ..എത്ര വളർന്നാലും അവൾ നമ്മൾക്ക് എന്നും കുഞ്ഞല്ലേ. അരുണേട്ടൻ നെഞ്ചിൽ കിടത്തി കഥ പറഞ്ഞുറക്കിയിരുന്ന നമ്മുടെ കുഞ്ഞു മോൾ. എന്നേക്കാൾ ഇഷ്ടം അവൾക്കു അച്ചനെയാണ്. ഞാൻ ദേഷ്യത്തോടെ എന്തെങ്കിലും പറഞ്ഞാൽ അവൾ പറയും , എന്റെ അച്ചനുണ്ടയിരുന്നെങ്കിൽ അമ്മയ്ക്ക് ഇപ്പോൾ വഴക്ക് കിട്ടിയേനെ..
അത് കേൾക്കുമ്പോൾ ഞാൻ പുറമേ ചിരിക്കും..എന്റെയുള്ള് നീറുകയായിരിക്കും. നമ്മുടെ മോൾ അച്ചന്റെ സാമീപ്യം ആഗ്രഹിയ്ക്കുന്നുണ്ടാകും....വിധി...അല്ലേ...
നമ്മൾ , നമ്മുടെ കുടുംബം...അവളൊരു സുമംഗലിയായി പടിയിറങ്ങി കഴിഞ്ഞാൽ...
പിന്നെ....!

അരുന്ധതി  ഡയറി മടക്കി വെച്ച് അതിനു മുകളിൽ മുഖം ചേർത്തുവെച്ചു തേങ്ങി.
കണ്ണുനീർ തുള്ളികൾ ഡയറിയുടെ പുറംചട്ടയെ നനയിപ്പിച്ചുക്കൊണ്ടിരിന്നു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ