2016, ജൂൺ 7, ചൊവ്വാഴ്ച

ഒരു മഴപെയ്തെങ്കിൽ...!

പുറത്തു മഴ തിമിർത്തു പെയ്യുകയാണ്..
അശ്വതി ഇരുട്ട് നിറഞ്ഞ മുറിയിൽ നിന്ന് ഉമ്മറത്തേക്ക് വന്നു. ശക്തമായ മഴ. മരങ്ങളും, ചെടികളും മഴയ്ക്ക്‌ തലകുനിച്ചു നിൽക്കുന്നു. മണ്ണിൽ മഴയുടെ തുള്ളികൾ ചിന്നി ചിതറുന്നു.
അശ്വതി ഉമ്മറത്ത്‌ നിന്ന് കൈകൾ പുറത്തേക്കു നീട്ടി. ആ കൈവെള്ളയിൽ തട്ടി മഴത്തുള്ളികൾ അവളുടെ മുഖത്തേക്ക് ചിതറി വീണു. ആ മഴതുള്ളികളിലേക്കു നോക്കിയിരിക്കെ അവളുടെ മനസ്സിൽ മഴനൂൽ കനവായി ഓർമ്മകൾ നിറഞ്ഞു....

എത്ര നേരമായി ഞാനിവിടെ കാത്തു നിൽക്കുന്നു. എന്താ വൈകിയത്..? വീടിനടുത്തുകൂടി പോകുന്ന ബസ്സും പോയി. ഇനി അടുത്ത കവലയിൽ ഇറങ്ങി നടക്കണം. ഇതുവരെ നീ എവിടെയായിരുന്നു...? അശ്വതി തെല്ലു ദേഷ്യത്തോടെ രാജീവിനോട്‌ ചോദിച്ചു. താമസ്സിച്ചു ചെന്നാൽ അമ്മയുടെ നൂറു ചോദ്യങ്ങളാണ്. അമ്മയ്ക്ക് നമ്മുടെ ബന്ധത്തെകുറിച്ച് ചെറിയ സൂചന കിട്ടിയിട്ടുണ്ട്. ഇടയ്ക്കു ഇടയ്ക്ക് ഞാൻ കേൾക്കെ പറയും. ആവശ്യമില്ലാത്ത ആഗ്രഹങ്ങളൊന്നും മനസ്സിൽ കൊണ്ടുനടക്കണ്ടാന്ന്. അപ്പോഴാണ് അശ്വതി രാജീവിന്റെ മുഖം ശ്രദ്ധിച്ചത്. എന്തുപറ്റി രാജീവ്. എന്ത നീ വല്ലാതിരിക്കുന്നത്..?
നിരാശയും, ദുഖവും ഇടകലർന്ന രാജീവിന്റെ സ്വരം പതറി വീണു. ആകെ പ്രശ്നങ്ങള അശ്വതി. ഞാൻ പറഞ്ഞിട്ടില്ലേ ചേച്ചിയുടെ കാര്യം. ഇപ്പോൾ ചേച്ചിയെ അളിയൻ വീട്ടിൽ കൊണ്ട് നിർത്തിയിട്ടു രണ്ടു ദിവസ്സമായി. സ്ത്രീധനത്തിന്റെ ബാക്കി പൈസ കൊടുത്തില്ലെങ്കിൽ ഇവളിനി ഈ കാലം മുഴുവൻ ഇവിടെ നിൽക്കട്ടെയെന്നു പറഞ്ഞിട്ടാണ് പോയത്. അമ്മയ്ക്ക് ആണെങ്കിൽ അതുകൂടി കണ്ടപ്പോൾ അസുഖം കൂടി. ഇപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. അനിയത്തിക്ക് പ്ലസ്‌ ടുവിനു നല്ല മാർക്കുണ്ടായിരുന്നു. കോളേജിൽ അഡ്മിഷൻ കിട്ടണമെങ്കിൽ അവിടെയും പൈസ കൊടുക്കണം. അവളിപ്പോൾ പറയുന്നത് ഇനി പഠിക്കാൻ പോകുന്നില്ലന്നാണ്. ഏതെങ്കിലും തുണികടയിൽ കയറി നിന്നാൽ എന്റെ ഭാരം കുറയുമെന്നാണ് അവൾ പറയുന്നത്. അങ്ങനെ പറയുമ്പോഴും അവളുടെ മുഖത്തെ സങ്കടം എനിക്ക് കാണാൻ പറ്റും. അവളിലായിരുന്നു അശ്വതി എന്റെ പ്രതീക്ഷ. പക്ഷേ ഇപ്പോൾ...! അച്ഛൻ വരുത്തി വെച്ചിട്ടുപോയ കടങ്ങൾ വേറെയും. ചില സമയം ഇതൊക്കെയോർക്കുമ്പോൾ ഭ്രാന്തു പിടിക്കും. മരിച്ചാലോ എന്നുവരെ ചിന്തിച്ചു പോകും അശ്വതി. അപ്പോഴൊക്കെ അവരുടെ  നിസ്സഹായമായ മുഖങ്ങൾ മനസ്സിൽ തെളിയും. ഞാൻ പോയാൽ പിന്നെ...രാജീവിന്റെ വാക്കുകൾ ഇടറി വീണു.
അവൾക്കു അവന്റെ നിറഞ്ഞ മിഴികൾ തുടയ്ക്കണമെന്നു ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, സാഹചര്യം അതിനു ചേർന്നതല്ല. രാജീവ് വിഷമിക്കണ്ട. എല്ലാം ശരിയാകും. അവളുടെ സ്വാന്തനസ്വരം രാജീവിന്റെ കാതോരം അടർന്നു വീണു. അവന്റെ മുഖത്തൊരു നിർജീവമായ ചിരി പടർന്നു. എല്ലാം ശരിയാകും. ഈ വാക്കുകൾ ദിവസ്സം എത്രവട്ടം ഞാൻ കേൾക്കുന്നത അശ്വതി. നീ തന്നെ ഒരായിരംവട്ടം പറഞ്ഞു കഴിഞ്ഞില്ലേ. രാജീവ് നിന്റെ പ്രശ്നങ്ങളൊക്കെ തീർന്നിട്ടു നമ്മൾക്കായി ഒരു ജീവിതം. അതുവരെ ഞാൻ കാത്തിരിക്കാം. അത്രയ്ക്ക്...ഞാൻ നിന്നെ....! അശ്വതി.., എന്നെയും കാത്തിരിന്നു നിന്റെ ജീവിതം നീ കളയണോ..? എനിക്ക് പ്രതീക്ഷകളില്ല അശ്വതി. അത്രയ്ക്ക് ഞാൻ..അശ്വതി ദയനീയമായി അവനെ നോക്കി. പ്രണയം മനസ്സിൽ നല്ല ഓർമകളുടെ പനിനീർ പൂവുകൾ വിരിയിക്കണം. പക്ഷേ, ഞാൻ നിനക്ക് സമ്മാനിക്കുന്നത് വാടികരിഞ്ഞുപ്പോയ പൂക്കളാണല്ലൊ...പിന്നെ ദിവസ്സവും നിന്നോട് പങ്കുവെയ്ക്കുന്നത് എന്റെ പ്രാരാബ്ദങ്ങളും. നിനക്ക് എന്നോട് ദേഷ്യം തോന്നുന്നില്ലേ അശ്വതി...? നിന്റെ സാഹിത്യം നിർത്തിക്കെ രാജീവ്. എനിക്കിതൊന്നും കേൾക്കണ്ട. ഞാൻ കാത്തിരിക്കാം. അതു വർഷങ്ങൾ എത്ര കൊഴിഞ്ഞു പോയാലും. നമ്മളെ ഈശ്വരൻ രക്ഷിക്കട്ടെ. ഇനി ഞാൻ ഇവിടെ നിന്നാൽ അമ്മയുടെ വായിൽ നിന്നും നല്ലത് കേൾക്കാം. ഇനി നാളെ കാണാം. എല്ലാം ശരിയാകുമടോ എന്നു പറഞ്ഞു അശ്വതി യാത്രയായി. അങ്ങനെ ദിവസ്സങ്ങൾ മാസങ്ങൾക്ക് വഴിമാറി. മാസങ്ങൾ ഒരു വർഷത്തിന്റെ കലണ്ടറിനു ജന്മം കൊടുത്തു. പരിഭവങ്ങളും, ഇണക്കങ്ങളും അശ്വതിയുടെയും, രാജീവിന്റെയും ദിവസ്സങ്ങളിൽ ഒരു മഴപ്പോലെ പെയ്തു കൊണ്ടിരിന്നു. പതിവുപ്പോലെ രാജീവിനെയും കാത്തു അശ്വതി അവിടെ നിന്നു. ഘടികാരസൂചി ചലിച്ചു കൊണ്ടിരിന്നു. അവൻ വന്നില്ല. പിടയുന്ന ഹൃദയവുമായി അശ്വതി നടന്നു. അപ്പോഴും അവൾ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അടുത്തുള്ള ദിവസ്സങ്ങളിലും രാജീവിന്റെ സാനിധ്യം ഉണ്ടായിരുന്നില്ല. അശ്വതിയ്ക്ക് ആകെ പരിഭ്രമമായി. എന്താണ് സംഭവിച്ചത് എന്നറിയാതെ മനമുരുകി. ഒന്നു കാണാൻ കഴിഞ്ഞെങ്കിൽ.....!  അവന്റെ വീടുവരെ ഒന്നു പോയി നോക്കിയാലോ. പിറ്റേന്ന് രാവിലെ തന്നെ അവൾ രാജീവിന്റെ വീട്ടിലേക്കു തിരിച്ചു. വഴി നിശ്ചയമില്ല.രാജീവ് പറഞ്ഞുകൊടുത്ത ഒരു സൂചന മാത്രമേയുള്ളൂ. രാജീവിന്റെ വീട് ചോദിക്കുമ്പോൾ ആളുകൾ സംശയത്തോടെയാണ് നോക്കുന്നത്. അവളുടെ ഉള്ളൊന്നു പിടഞ്ഞു. ആ ചെറിയ വീടിന്റെ മുമ്പിലെത്തുമ്പോൾ അത് പൂട്ടിയിട്ടിരിക്കുന്നു. അവളെ കണ്ടതും അയൽവക്കത്തെ സ്ത്രീകൾ ഇറങ്ങി വന്നു. ആരാ..? ആരെ കാണാനാണ് വന്നത്..? രാജീവിന്റെ വീട് ഇതല്ലേ..മോളേതാ...? ഞാൻ രാജീവിന്റെ ഒരു കൂട്ടുകാരിയാണ്‌. അപ്പോൾ മോളൊന്നും അറിഞ്ഞില്ലേ. രാജീവിന്റെ വീട് ഇതായിരുന്നു.ഇപ്പോൾ ബാങ്കുകാരുടെ കൈയിലാണ്. രാജീവും കുടുംബവും...?
അവന്റെയൊരു വല്ലാത്ത വിധിയായിപോയി മോളെ. ഈ ചെറിയ പ്രായത്തിൽ എന്തെല്ലാം സഹിച്ചു. അവന്റെ അമ്മയും, ചേച്ചിയും ഇവിടെ അടുത്തുള്ള അഗതി മന്ദിരത്തിലാണ്. രാജീവ്...? അശ്വതിയുടെ മനസ്സിൽ നൂറു ചിന്തകൾ മിന്നിമറഞ്ഞു. അവനൊരു അനിയത്തി കുട്ടിയുണ്ടായിരുന്നു. നല്ല പഠിക്കുന്ന മോളായിരുന്നു. സാമ്പത്തികം ഇല്ലാത്തതുക്കൊണ്ട് സിറ്റിയിലെ ഏതോ തുണികടയിൽ ജോലിക്കു പോയിക്കൊണ്ടിരിന്നതാണ് . അവിടെവെച്ച് ഏതോ പയ്യനുമായി ഇഷ്ട്ടത്തിലായി. പക്ഷേ, അവൻ ആ പാവം പെണ്ണിനെ ചതിച്ചു മോളേ.
അവസാനം അവൻ കൈ മലർത്തി. ആ പൊട്ടിപ്പെണ്ണു ഒരു മുഴം കയറിൽ...ആ സ്ത്രീയുടെ വാക്കുകൾ ഇടറി. സ്വന്തം പെങ്ങളെ ചതിച്ചവനെ രാജീവ് വെറുതെ വിട്ടില്ല. അവനു ജീവനായിരുന്നു അനിയത്തികുട്ടിയെ... രാജീവ് ഇപ്പോൾ ജയിലിലാണുള്ളത്‌. മാനസികമായ എന്തൊക്കെയോ പ്രശ്നങ്ങൾ അവനുണ്ടെന്ന പറയുന്നത്. ജയിലിലെ തന്നെ മാനസ്സികരോഗാശുപത്രിയിലാണ് അവനുള്ളത്. ഈശ്വരൻ വിധിച്ചത് നമ്മളെക്കൊണ്ട് തടയാൻ കഴിയുമോ..? ആ സ്ത്രീ മിഴികൾ തുടച്ചു. അശ്വതിക്ക് തലകറങ്ങുന്നതുപ്പോലെ തോന്നി. എങ്ങനെയോ അവിടെ നിന്നു പിന്തിരിഞ്ഞു നടന്നു. ഞങ്ങളുടെ പ്രതീക്ഷകൾ ,സ്വപ്‌നങ്ങൾ . വിധി..... എന്നാലും...! രാജീവിനെ കാണാൻ സെല്ലിന്റെ അരികിൽ നിന്നപ്പോൾ ഇരുട്ട് നിറഞ്ഞ മുറിയിൽ..വെറുതെ ചിരിച്ചുക്കൊണ്ട്....രാജീവിന് അശ്വതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. തിരിഞ്ഞു നടക്കുമ്പോൾ ഒരു പൊട്ടിചിരിയിലൂടെ അവൻ പറയുന്നത് കേൾക്കാമായിരുന്നു.." എന്റെ പ്രണയം നിനക്ക് പനിനീർ പൂക്കൾ തന്നില്ലല്ലോ പെണ്ണേ...പകരം തന്നത് വാടികരിഞ്ഞ പൂക്കൾ...വാടികരിഞ്ഞ പൂക്കൾ..."
അന്നു മുതൽ അശ്വതിയും ഇരുട്ട് മുറിയെ സ്നേഹിച്ചു തുടങ്ങി.....!
മഴ മാറിയിരിക്കുന്നു .അവളുടെ മിഴികളിൽ കാലവർഷം പെയ്തുക്കൊണ്ടിരിന്നു....
കാത്തിരിക്കുന്നു കണ്ണാ......നിനക്ക് വേണ്ടി ഇന്നും....എനിക്ക് കാത്തിരുന്നല്ലേ പറ്റു...എത്ര കാലം കഴിഞ്ഞാലും...അത്രയ്ക്ക് നിന്നെ ഞാൻ....!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ