2016, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

ഇയ്യാംപാറ്റകൾ

എടി, സിന്ധുവേ..
സമയമെന്തായെന്ന വിചാരം...?
എന്തൊരുറക്കമാടി...?
അമ്മയുടെ വിളിക്കേട്ടു സിന്ധു ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നു കണ്ണുതുറന്നു...
വയസ്സ് ഇരുപത്തിയേഴായി. ഇപ്പോഴും കൊച്ചുകുട്ടിയാണെന്ന വിചാരം...?
അമ്മ എന്നും രാവിലെ വിളിച്ചു എന്റെ വയസ്സിങ്ങനെ ഓർമിപ്പിക്കണ്ട...എനിക്കറിയാം.

എടി ഇന്നല്ലേ ചെറുകുന്നിൽ നിന്ന് ഒരു ചെക്കൻ കൂട്ടരേയുംകൊണ്ട് വരാമെന്നു പരമേശ്വരൻ പറഞ്ഞത്..നീയൊന്നു കുളിച്ചിട്ടു വേഷം മാറിവന്നേ..?
എന്തിനാ..? ഇതെത്രാമത്തെ തവണയാ അമ്മേ..? ഇങ്ങനെ ഒരുങ്ങിക്കെട്ടി നിൽക്കുന്നത്...? പെണ്ണുകാണലും കഴിഞ്ഞു അവരൊരു ചോദ്യം ചോദിക്കും. പെണ്ണിനെ ഞങ്ങൾക്കിഷ്ടമായി. ഇവൾക്ക് നിങ്ങളെന്തു കൊടുക്കുമെന്ന്. ആ ചോദ്യത്തിന് മുന്നിൽ അമ്മ ഉത്തരമില്ലാതെ നിൽക്കുന്നത് എനിക്കിന്നും കാണാം. സമ്പാദ്യം കെട്ടിപ്പൂട്ടി വെച്ചിരിക്കുവല്ലേ മോളേ കെട്ടിച്ചു വിടാൻ..! സിന്ധു ദേഷ്യത്തോടെ കുളിമുറിയിലേക്ക് നടന്നു. ലക്ഷ്മിയമ്മ ദയനീയതോടെ മകളെ നോക്കി നിന്നു.

സിന്ധു ജനലിലൂടെ നോക്കി. കാണാൻ വലിയ തെറ്റൊന്നുമില്ല. ഇരുനിറമാണെങ്കിലും തനിക്കുചേരും. ഇരുപത്തിയെട്ടാമത്തെ പെണ്ണുകാണലിനു ചായ കൊടുത്ത സതീഷിനെ സിന്ധു ഭാവി ഭർത്താവായി കണ്ടു സ്വപ്നം കാണാൻ തുടങ്ങി...വേണ്ട, ഇതും നടക്കാൻ സാധ്യത തീരെ കുറവാണ്. ഇരുപത്തിയേഴു വയസ്സും ഇരുപത്തിയെട്ടു പെണ്ണുകാണലും. അവൾ നെടുവീർപ്പിട്ടു.

സ്ത്രീധനം വേണ്ടായെന്നു പറഞ്ഞു സതീഷ് സിന്ധുവിനെ ഞെട്ടിച്ച ആദ്യത്തെ ചെറുപ്പക്കാരനായി. അങ്ങനെ സതീഷിന്റെ ജീവിതത്തിലേക്ക് സിന്ധു വലതുകാൽ വെച്ചു കയറി.  ദിവസങ്ങൾ കഴിയുംതോറും സിന്ധുവിന് ഭർത്താവിന്റെ വീട്ടിലെ കാര്യങ്ങൾ മനസിലായി തുടങ്ങി. അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് അമ്മയാണ്. സതീഷിനു രണ്ടു അനിയത്തിമാരുണ്ട്. സുജയും , സുമിത്രയും. അവർക്കും വിവാഹ ആലോചനകൾ വന്നുതുടങ്ങി.

ട..സതീഷേ, സുജക്കു നല്ലൊരു ആലോചന വന്നിട്ടുണ്ട്. നല്ല ജോലിയും നല്ല കുടുംബവും. അങ്ങനെയുള്ള കുടുംബത്തിലേക്ക് അവളെയും നമ്മൾക്ക് അങ്ങനല്ലേ പറഞ്ഞു വിടാൻ പറ്റു. നാലുപേര് കുറ്റം പറയാത്ത രീതിയിൽ എന്തെങ്കിലും കൊടുത്തു വേണം ഈ വിവാഹം നടത്താൻ. സതീഷിനോട് അമ്മ കാര്യങ്ങൾ പറഞ്ഞു. ഇപ്പോൾ എന്റെ കൈയിൽ ഒരു നിവൃത്തിയുമില്ലമ്മേ. എന്റെ കല്യാണം കഴിഞ്ഞതിന്റെ ക്ഷീണം ഒന്നു മാറി വരുന്നതേയുള്ളു. ഒരു വർഷം കൂടി കഴിയട്ടെ. സുജയുടെ പഠിപ്പൊക്കെ കഴിയട്ടെ. അങ്ങനെ പറഞ്ഞാൽ എങ്ങനാ സതീഷേ...? അമ്മയ്ക്ക് ദേഷ്യം വന്നു. നീ തൊലിവെളുപ്പു കണ്ടു ഒരുത്തിയെ ഒന്നും വാങ്ങാതെ ഇവിടെക്കൊണ്ടു വന്നെന്നു കരുതി എന്റെ മക്കളെയും അങ്ങനെ പറഞ്ഞു വിടാൻ പറ്റുമോ...?

ദിവസങ്ങൾ കഴിയുംതോറും ഭർത്താവിന്റെ വീട്ടിലെ ജീവിതം സിന്ധുവിന് സങ്കടങ്ങൾ സമ്മാനിച്ചു തുടങ്ങി. കുത്തുവാക്കും വഴക്കും. ആദ്യമൊക്കെ സിന്ധുവിനെ സമാധാനിപ്പിച്ച സതീഷിനും ദേഷ്യം വന്നുതുടങ്ങി. ജീവിക്കണമെങ്കിൽ തൊലി വെളുപ്പ് മാത്രം പോരാ. കൈയിൽ വല്ലതും വേണം. സതീഷിന്റെ ജീവിതത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങി. അവസാനം അനിവാര്യമായ മടങ്ങിപ്പോക്ക് സിന്ധുവിന്റെ മുന്നിൽ വഴിതുറന്നു.
സ്വന്തം വീട്ടിലേക്കു വന്നതുപ്പോലല്ല സിന്ധു മടങ്ങി പോകുന്നത്. വയറ്റിൽ വളരുന്ന ഒരു കുഞ്ഞുതുടിപ്പുമായിട്ടാണ് തിരിച്ചുപ്പോക്ക്.

ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിട്ടു സിന്ധു രണ്ടു വർഷം കഴിഞ്ഞു. അമ്മയുടെ പെൻഷനും, ചെറിയ ചെറിയ ജോലികളുമായി ജീവിതം ഞെരുക്കത്തോടെ മുന്നോട്ടുപോയി. ഇനിയിങ്ങനെ പോയിട്ട് കാര്യമില്ല. എന്തെങ്കിലും സ്ഥിരം വരുമാനം വേണം. അഞ്ജലി മോൾ വളർന്നു വരുകയാണ്.

സിന്ധു ജോലിക്കു വേണ്ടി ഓരോ സ്ഥാപനങ്ങൾ കയറിയിറങ്ങി. അവൾക്കു ആ യാത്രകളിൽ ഒരു കാര്യം മനസ്സിലായി. എനിക്ക് സുന്ദരമായ ജീവിതം കിട്ടും. പക്ഷേ അവരൊക്കെ ആഗ്രഹിക്കുന്നത് തന്റെ ശരീരമാണ്. സതീഷ് തന്നെ പറഞ്ഞിട്ടില്ലേ. തൊലിവെളുപ്പു മാത്രംകൊണ്ടു കാര്യമില്ല. സമ്പത്തും വേണമെന്ന്. തന്റെ കൈയിൽ സൗന്ദര്യമുണ്ട്. അതുവെച്ചു സമ്പത്തുണ്ടാക്കാം....സിന്ധുവിന് ലോകത്തോട് തന്നെ വെറുപ്പ് തോന്നി. ഈ ഭൂമിയിൽ തനിക്കു ജന്മം തന്ന ദൈവത്തിനെ അവൾ പരിഹസിച്ചു..

സാമ്പത്തികമില്ലാതെ തന്നെയും, സ്വന്തം രക്തത്തെയും തിരിച്ചു വിളിക്കാത്ത സതീഷിനോട് , സ്ത്രീധനം ഇല്ലാത്തതിന്റെ പേരിൽ തന്നെയൊരു കാഴ്ച വസ്തുവായിക്കണ്ട പുരുഷ കേസരികളോട്. തന്റെ ശരീരത്തിന്റെ മിനുസതയിൽ ജോലി വാഗ്ദാനം ചെയ്ത കോട്ടിട്ട ചെന്നായ്ക്കളോടു പകരം വീട്ടൽ എന്നെപ്പോലെ.. വികാരമില്ലാത്ത നിർജീവമായ മനസ്സുമായി സിന്ധുവിന്റെ രാത്രികൾ പലർക്കും വേണ്ടി ഉണർന്നിരുന്നു..
അവളെ പെണ്ണ് കാണാൻ വന്നിട്ട് സ്ത്രീധനമില്ലാതെ തിരിച്ചുപോയ പല പുരുഷ പ്രമുഖരും അവളുടെ പല രാത്രികളിലും അതിഥികളായി...

സിന്ധുവിന്റെ മകൾ അഞ്ജലിയുടെ വിവാഹം ഇന്നായിരുന്നു. ഏറ്റവും ഉയർന്ന സ്ത്രീധനം നൽകി അഞ്ജലിയുടെ വിവാഹം കഴിഞ്ഞു. ആളും ആരവങ്ങളുമൊഴിഞ്ഞു. സിന്ധു വീണ്ടും തനിച്ചായി...തന്റെ വഴിപിഴച്ച ജീവിതം മകൾ ഇതുവരെ അറിഞ്ഞിട്ടില്ല. തന്റെ ഉറക്കമൊഴിഞ്ഞ വിയർപ്പു നനഞ്ഞ രാത്രികളാണ് അവളുടെ ശരീരത്തിലെ സ്വർണമെന്നു അവൾക്കറിയില്ല. ഇനി അങ്ങനെയൊരു വാർത്ത അവൾക്കു കേൾക്കേണ്ടി വന്നാൽ അവളുടെ ജീവിതവും ഭാവിയിൽ തന്റെ വഴിക്കാകും.

വേണ്ട.. ശരീരത്തിൽ ചുളിവുകൾ വീണുതുടങ്ങി...

ഇനിയാർക്കു വേണ്ടി ജീവിക്കണം..?  തന്റെ സ്വപ്നങ്ങളുടെ മേൽ കരിനിഴൽ വീഴ്ത്തിയ ഈ സമൂഹത്തിൽ....

തൊലി വെളുപ്പുള്ളപ്പോൾ തന്റെ ശരീരത്തിൽ മനുഷ്യ പുഴുക്കൾ ഇഴഞ്ഞു നടന്നു. ഇനി ഈ മണ്ണിലെ പുഴുക്കൾ തിന്നു തീർക്കട്ടെ ഈ ചുളിവ് വീണ ശരീരം...

സിന്ധു ജനൽ പഴുതിലൂടെ കാർമേഘം മൂടിയ നിശയെ നോക്കി നിന്നു...ആ മേഘക്കെട്ടിൽ അവളും ഒരു മേഘശകലമായി അലിഞ്ഞു ചേരുകയായിരുന്നു....!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ