2016, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

ഓർമകളിലെ തോരാമഴ

സമയം നാലുമണി കഴിഞ്ഞതേയുള്ളൂ. ആകാശത്തു മഴമേഘങ്ങൾ ഭൂമിയെ ഇരുട്ടിന്റെ കരിമ്പടം പുതപ്പിച്ചു.. കാലവർഷ സമയമാണ്. ഈ മഴ പെയ്താൽ ഇനി വെളുക്കുവോളം തോരാതെ പെയ്യും..

ലാൻഡ് ഫോൺ നിർത്താതെയടിച്ചു. സുമിത്ര ഓടിച്ചെന്നു ഫോണെടുത്തു. ഡീ ഇതു ഞാനാ... രവിയേട്ട, അവിടെ മഴയുണ്ടോ...? ഭയങ്കര മഴയ.... നീ ജന്നലും , വാതിലുമൊക്കെ അടച്ചു അകത്തിരുന്നോ..ഫോണും ഊരിയിട്ടോ...മക്കളെന്തിയെ..? അവരു അകത്തെ മുറിയിലുണ്ട്. രവിയേട്ട , മഴ തോർന്നിട്ടു വന്നാൽ മതി കേട്ടോ..ശരി നീ ഫോൺ വെച്ചോ....?

ഇടിയുടെയും, ശക്തമായ മിന്നലിന്റെയും അകമ്പടിയോടെ മഴത്തുള്ളികൾ മണ്ണിൽ വീണു ചിതറി. അനുശ്രീയും, അഖിലും അകത്തു നിന്ന് അമ്മെ.., എന്നു വിളിച്ചുകൊണ്ടു സുമിത്രയെ കെട്ടിപിടിച്ചു. അടുത്തൊരു മിന്നലിൽ കറണ്ടുംപോയി. സുമിത്ര നേരത്തെ കരുതി വെച്ചിരുന്ന മെഴുകുതിരിയും, തീപ്പെട്ടിയും ഇരിയ്ക്കുന്ന സ്ഥലത്തേക്ക് മക്കളെയും ചേർത്ത് പിടിച്ചു അരണ്ട വെളിച്ചത്തിൽ നടന്നു...

രവിയുടെയും, സുമിത്രയുടെയും വിവാഹം കഴിഞ്ഞിട്ട് പന്ത്രണ്ടു വർഷമായി. ആദ്യത്തെ ഏഴുവർഷവും ഒരു കുഞ്ഞിക്കാല് കാണിയ്ക്കാതെ ദൈവം രണ്ടുപേരെയും പരീക്ഷിച്ചു. കുറെ ചികിത്സകളും, വഴിപാടുകളും നടത്തി. അവസാനം ശാസ്ത്രം ജയിച്ചതാണോ, അതോ അവർ കരഞ്ഞു വിളിച്ച ഈശ്വരമാർ കനിഞ്ഞതാണോ എന്നറിയില്ല. ഏഴുവർഷത്തിനു ശേഷം സുമിത്ര ഗർഭിണിയായി. ദൈവം കനിഞ്ഞു നൽകിയത് ഇരട്ടക്കുട്ടികളെ അനുശ്രീയും, അഖിലും.

രവി പട്ടണത്തിൽ സ്വകാര്യ ബാങ്കിലെ അക്കൗണ്ടന്റാണ്. അല്ലലില്ലാതെ സന്തോഷം നിറഞ്ഞ ജീവിതം.

മഴ ശക്തമായി പെയ്യുകയാണ്. സുമിത്ര മെഴുകുതിരി വെട്ടത്തിൽ ക്ളോക്കിലേക്കു നോക്കി. സമയം ഏഴുമണിയാകാൻ പോകുന്നു. അനുശ്രീയും, അഖിലും സുമിത്രയുടെ മടിയിൽ ചൂടേറ്റു ഉറങ്ങി കഴിഞ്ഞു. മക്കളൊന്നും കഴിയ്ക്കാതെയാണല്ലോ ഉറങ്ങിയത്...? അല്ലെങ്കിലും അച്ഛൻ വന്നു ഉരുളയാക്കി കൊടുത്താലേ മക്കൾക്ക് ആഹാരമിറങ്ങു... അച്ഛന്റെ മക്കൾ... സുമിത്ര വാത്സല്യത്തോടെ മക്കളുടെ നെറുകയിൽ തലോടി....

ഗേറ്റ് കടന്നു രവിയുടെ സ്‌കൂട്ടറിന്റെ വെട്ടം ജന്നൽ പഴുതിലൂടെ അകത്തേക്ക് വീശി. സുമിത്ര മക്കളെ സോഫയിൽ കിടത്തിയിട്ട് ഓടിച്ചെന്നു വാതിൽ തുറന്നു.. മഴ തുള്ളിപ്പോലും മുറിഞ്ഞിട്ടില്ല. രവി നനഞ്ഞൊലിച്ചു അകത്തേക്ക് ഓടി കയറി. സുമിത്ര പെട്ടെന്ന് സാരിത്തലപ്പുകൊണ്ട് രവിയുടെ തലയിൽ തുടച്ചു. ഞാൻ ഏട്ടനോട് പറഞ്ഞതല്ലേ, മഴ തോർന്നിട്ടു വന്നാൽ മതിയെന്ന്. ഞാനെന്താ കൊച്ചുകുട്ടിയാണോ ഇങ്ങനെ ഓടിപ്പിടിച്ചു വരാൻ..? സുമിത്രയുടെ ഉള്ളിലെ സ്നേഹം പരിഭവമായി പുറത്തേക്കു വന്നു.. രവി അവളുടെ കൈയിൽ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു. നമ്മൾക്ക് കുട്ടികളായാലും നീ എനിക്കെന്നും കുട്ടിയല്ലേ... രവി സുമിത്രയെ ചേർത്ത് പിടിച്ചു അകത്തേക്ക് നടന്നു. ഉറങ്ങി കിടന്ന അനുശ്രീയെയും, അഖിലിനെയും സുമിത്ര വിളിച്ചുണർത്തി. ഉറക്കച്ചടവോടെ ഉണർന്ന അവർ അച്ഛനെ കണ്ടപ്പോൾ സന്തോഷമായി. ഇത്രയും നേരം സുഖമായി ഉറങ്ങിയവരാണ് അച്ഛനെ കണ്ടപ്പോൾ സന്തോഷം കണ്ടില്ലേ....സുമിത്ര ചിരിയോടെ മണ്ണെണ്ണ വിളക്കുമെടുത്തു അടുക്കളയിലേക്കു നടന്നു.....

പാതിരാത്രി കഴിഞ്ഞപ്പോൾ രവി ശക്തമായി തുമ്മാനും, ചുമയ്ക്കാനും തുടങ്ങി. ആദ്യ ശബ്ദത്തിൽ തന്നെ സുമിത്ര ഉണർന്നു. അരണ്ട മണ്ണെണ്ണ വെളിച്ചത്തിൽ സുമിത്ര രവിയുടെ നെറ്റിയിൽ കൈവെച്ചു നോക്കി. നല്ലതുപ്പോലെ പൊള്ളുന്നു. ഞാൻ ഏട്ടനോട് പറഞ്ഞതല്ലേ മഴതോർന്നിട്ടു വന്നാൽ മതിയെന്ന്. നീയും മക്കളും ഇവിടെ തനിച്ചിരിക്കുമ്പോൾ ഞാനെങ്ങനെ സുമിത്രേ..അതുമല്ല ഞാൻ വന്നു കഴിഞ്ഞല്ലേ നിങ്ങൾ അത്താഴം കഴിയ്ക്കു. വരാൻ താമസിച്ചാൽ  ഇന്ന് അത്താഴ പട്ടിണി കിടന്നേനെ.. രവിയുടെ ശബ്ദം വിറങ്ങലിച്ചിരുന്നു. സുമിത്ര ഇരുട്ടിൽ തപ്പി അലമാരയിൽ നിന്ന് വിക്സ് എടുത്തുകൊണ്ടു വന്നു രവിയുടെ നെറ്റിയിൽ പുരട്ടി കൊടുത്തു. എന്നിട്ടു അടുക്കളയിലേക്കു നടന്നു. നീയിപ്പോൾ ഈ ഇരുട്ടത്ത് കാപ്പിയൊന്നുമിടണ്ട... ഇതിപ്പോൾ ഒന്നുറങ്ങി കഴിയുമ്പോൾ മാറും.. ഏട്ടന് അതുപറയാം. ചൂടുള്ള ഒരു ചുക്ക് കാപ്പി കുടിച്ചിട്ട് കിടന്നാൽ രാവിലെ പനി പമ്പ കടക്കും.

അടുക്കളയിൽ നിന്നപ്പോൾ സുമിത്ര ഓർത്തു. പാവപ്പെട്ട വീട്ടിലെ തന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയ രവി. തന്നെയും മക്കളെയും ഇന്നും സ്നേഹിച്ചു തോൽപ്പിച്ചു കൊണ്ടിരിയ്ക്കുന്നു.. ഈശ്വരമാരുടെ അനുഗ്രഹം. സുമിത്രയുടെ മിഴികളിൽ രവിയുടെ സ്നേഹത്തോടുള്ള പൂർണതയിൽ ഈറൻ പൊടിഞ്ഞു...

അമ്മേ, ഞങ്ങളൊന്നു പുറത്തേക്കു പോക്കുകയാ... വരാൻ കുറച്ചിരുട്ടും..സുമിത്ര പെട്ടെന്ന് പോയകാലത്തിന്റെ ഓർമയിൽ നിന്നുണർന്നു. അഖിലാണ്. അവൻ ഭാര്യയുമായി സിനിമയ്ക്ക് പോകുന്ന കാര്യം പറഞ്ഞിരുന്നു. മഴ പെയ്യുമെന്നു തോന്നുന്നു. ഒറ്റയ്ക്കിരിയ്ക്കാൻ പേടിയാണങ്കിൽ അപ്പുറത്തെ വീട്ടിലെ ആ തങ്കമ്മ ചേച്ചിയെയും കൂടി വിളിച്ചോ...ഞങ്ങൾ പുറത്തുന്നു കഴിച്ചിട്ടേ വരൂ.  അമ്മ അത്താഴം കഴിച്ചു കിടന്നോ....?

സുമിത്ര മുറ്റത്തെ തുളസി തറയിലേക്ക് നോക്കി... രവിയേട്ട,  നമ്മുടെ മക്കൾ.... അനുശ്രീ ഭർത്താവിന്റെ കൂടെ വല്ലപ്പോഴും വരും . ഒരു മണിക്കൂർ തികച്ചിരിക്കില്ല. അഖിൽ പുറത്തു പോകുമ്പോൾ അമ്മയ്ക്ക് കൂട്ടിന് ആരെയെങ്കിലും ഏൽപ്പിയ്ക്കും. നമ്മൾ ഉറക്കമിളച്ചതും, കാത്തിരുന്നതും എന്നെ തനിച്ചു ആക്കാനായിരുന്നോ...? മഴ പതിയെ മണ്ണിനെ പ്രണയിച്ചു തുടങ്ങി.... സുമിത്ര ആ തുളസി തറയിലേക്ക് മൂകമായി നോക്കിയിരുന്നു...തനിച്ചായ സുമിത്രയുടെ മിഴികളിൽ പഴയൊരു മഴക്കാലത്തിന്റെ ഓർമകളിൽ നിറഞ്ഞൊഴുകി.......!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ