2016, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

പിൻവിളി

" നീ എന്തിനാ ബാക്കിയുള്ളവരുടെ കാര്യങ്ങൾ തിരക്കാൻ പോകുന്നത്..? നിനക്ക് നമ്മുടെ കാര്യങ്ങൾ നോക്കിയാൽ പോരേ..നിന്നെ വിളിച്ചിറക്കിക്കൊണ്ടു വന്നത് എന്റെ ജീവിതത്തിലേക്കല്ലേ...?" രാഹുൽ ദേഷ്യം കൊണ്ടു വിറച്ചു. ഐശ്വര്യ ഇതൊന്നും കണ്ടു നിർത്തിയില്ല. അവൾ പരിഭവങ്ങളുടെ കെട്ടഴിയ്ക്കാൻ തുടങ്ങി.

അല്ലെങ്കിലും രാഹുലിന് ഞാൻ പറയുമ്പോൾ ദേഷ്യമാണല്ലോ. ഞാൻ ഇറങ്ങി വന്നവളല്ലേ. ഏട്ടനേയും, ഏട്ടത്തിയമ്മയെയും പറയുമ്പോൾ എന്താ സങ്കടം. ഐശ്വര്യ രാഹുലിനെ ദേഷ്യം പിടിപ്പിച്ചുക്കൊണ്ടിരുന്നു...

പാവപ്പെട്ട വീട്ടിലെ ഐശ്വര്യയെ രാഹുൽ പ്രണയിച്ചു കല്യാണം കഴിച്ചതാണ്. രാഹുലിന്റെ ഇഷ്ടത്തിന് അച്ഛനും, അമ്മയും , ചേട്ടനും, ചേട്ടത്തിയമ്മയും ഒന്നും എതിരു നിന്നില്ല. അവർക്കു സന്തോഷം മാത്രമേയുണ്ടായിരുന്നുള്ളൂ. രാഹുലിന്റെ ചേട്ടനാണ് ഐശ്വര്യയുടെ വീട്ടിൽ പോയി വിവാഹം ആലോചിച്ചതും. ആ വീട്ടുകാർക്ക് ആ ബന്ധത്തിന് ഒരു താല്പര്യവും ഉണ്ടായിരുന്നില്ല. അവസാനം രാഹുൽ ഐശ്വര്യയെ വിളിച്ചിറക്കികൊണ്ടു വന്നു വിവാഹം ചെയ്യുകയായിരുന്നു...

സ്വന്തം വീടും , ബന്ധങ്ങളും വിട്ടുവന്ന ഐശ്വര്യയെ മകളെപ്പോലെ തന്നെ രാഹുലിന്റെ അമ്മ സ്നേഹിച്ചു. ഒരു ചേച്ചിയുടെ കരുതലും, കൂട്ടുകാരിയുടെ സ്നേഹവും രാഹുലിന്റെ ഏട്ടത്തിയമ്മയും ഐശ്വര്യയ്ക്ക് നൽകി...

വിവാഹം കഴിഞ്ഞു കുറച്ചു മാസങ്ങൾക്കു ശേഷം രണ്ടുപേരും ഐശ്വര്യയുടെ വീട്ടിൽ പോയതുമാണ്. പക്ഷേ, രണ്ടു പേരെയും ആ വീട്ടിൽ കയറ്റിയില്ല.  രാഹുൽ ആ ശ്രമം ഉപേക്ഷിയ്ക്കുകയും ചെയ്തു..

രാഹുലിന്റെ ചേട്ടന് ഒരപകടം പറ്റി കിടപ്പിലാണ്. ചേട്ടന്റെ ചികിത്സ ചിലവുകളും ,കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നതും ഇപ്പോൾ രാഹുലാണ്‌. ഇതാണ് ഐശ്വര്യയെ ചൊടിപ്പിച്ചത്. " ചേട്ടനോട് സ്നേഹമൊക്കെ നല്ലതാണ്. എന്നാലും എത്ര നാൾ നമ്മളിങ്ങനെ നോക്കും...."? നമ്മുടെ ജീവിതത്തിനു ഒരു ബുദ്ധിമുട്ടും ഇപ്പോഴിലല്ലല്ലോ..പിന്നെന്തിനാണ് നീ കാടുകയറുന്നത്..? നമ്മുടെ ഭാവിജീവിതം കൂടി നോക്കണ്ടേ രാഹുൽ..? ഇപ്പോഴേ എന്തെങ്കിലും കൂട്ടിവെച്ചാലേ നമ്മുടെ ഭാവിയും ഭദ്രമാകു. അതു അപ്പോഴല്ലേ, അന്നേരം ആലോചിയ്ക്കാം . രാഹുൽ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞിട്ടു കിടക്കയിലേക്ക് ചാഞ്ഞു. ഈ സംഭാഷണം തുടരാൻ രാഹുലിന് ഒട്ടും ആഗ്രഹമില്ലായിരുന്നു.

ഞാൻ പറയുന്നതാ കുറ്റം..ഐശ്വര്യ വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഉള്ളതെല്ലാം അവർക്കു കൊടുത്തോ. അവരുടെ പ്രീതിയും സമ്പാദിച്ചിരുന്നോ..?
പറഞ്ഞു തീരും മുമ്പേ രാഹുലിന്റെ കൈപ്പത്തി ഐശ്വര്യയുടെ കവിളിൽ പതിഞ്ഞു. വിദ്യാഭ്യാസം മാത്രം പോരാ വിവരവും വേണം. നിന്റെ വീട്ടിൽ അതൊന്നുമില്ലല്ലോ. ബന്ധങ്ങളുടെ വില പഠിപ്പിച്ചു തരാൻ....

ഐശ്വര്യ ദേഷ്യംകൊണ്ട് വിറച്ചു. അവരെ പറഞ്ഞപ്പോൾ അപ്പോൾ തന്നെ നൊന്താല്ലോ..? അവരെ സഹായിച്ചു ജീവിയ്ക്കാനാണെങ്കിൽ ഇനി ഒരു നിമിഷം ഞാനി വീട്ടിൽ നിൽക്കില്ല.

ഐശ്വര്യ വീട്ടിൽ നിന്നും പോയിട്ട് രണ്ടു ദിവസമായി. " മോനെ, നീ പോയി അവളെ വിളിച്ചുകൊണ്ടു വാ. അവള് പറയുന്നത് നീ കാര്യമാക്കണ്ട. കൊച്ചുപെണ്ണല്ലേ, അതിന്റെ അറിവില്ലായ്മ കൊണ്ട് പറയുന്നതാ". കുറച്ചു നാളും കൂടി അവിടെ നിൽക്കട്ടെ. അതു പറയുമ്പോഴും രാഹുൽ മനസ്സിൽ സങ്കടപ്പെടുകയായിരുന്നു. അവളെ അടിയ്ക്കണ്ടായിരുന്നു. അവളുടെ സാമീപ്യമില്ലാത്ത ദിവസങ്ങൾ ഹൃദയത്തിൽ മുള്ളു തറച്ചിരിയ്ക്കുന്നതുപ്പോലെ...നാളെത്തന്നെ അവളെ കൂട്ടിക്കൊണ്ടു വരണം.

ഐശ്വര്യ സ്വന്തം വീട്ടിൽ പോയപ്പോൾ പഴയ എതിർപ്പൊന്നും ആർക്കുമുണ്ടായിരുന്നില്ല. പക്ഷേ, ഐശ്വര്യ പിണങ്ങിയാണ് വന്നിരിക്കുന്നതെന്ന് മനസ്സിലായപ്പോൾ എല്ലാവരുടെയും സംസാര രീതിമാറി. " പെങ്ങളെ സ്വത്തിനു വേണ്ടി പറഞ്ഞു വിട്ടതായിരിക്കും...മാനാഭിമാനം വരുത്തിവെച്ചിട്ടു വന്നിരിയ്ക്കുന്നതു കണ്ടില്ലേ..? അതോ വയറ്റിലാക്കിയിട്ടു പറഞ്ഞു വിട്ടതാണോ.."? ഐശ്വര്യയുടെ ഏട്ടനോട് ഭാര്യ മുള്ളുവെച്ചു തന്നെ കാതിൽ മൊഴിഞ്ഞു കൊടുത്തു...

രണ്ടുദിവസം കഴിഞ്ഞപ്പോൾ ഐശ്വര്യയ്ക്ക് മനസ്സിലായി. താനിവിടെ വന്നത് ആർക്കും ഇഷ്ടമായില്ലന്ന്. പരസ്യമായി അവരതു പറയുകയും ചെയ്തു. നിന്നെ അടിച്ചെങ്കിൽ നീ പോയി കേസുകൊടുക്ക്. ഇങ്ങോട്ടു വലിഞ്ഞു കയറി വന്നതെന്തിനാണ്..? ഐശ്വര്യയുടെ ചേട്ടനാണ് തുടങ്ങി വെച്ചത്. ആ വീട്ടിൽ എല്ലാവരും അതു ഏറ്റുപിടിയ്ക്കുകയും ചെയ്തു.

തന്നെയൊന്നടിച്ചാലും രാഹുലിന്റെ സ്നേഹത്തിനു ഒരു കുറവും വരില്ല. ആ വീട്ടിൽ തനിയ്ക്കുള്ള സ്ഥാനത്തിനും ഒരു മാറ്റം വരില്ല. ആ പാദങ്ങളിൽ വീണു കരയണം. തെറ്റ് മനസ്സിലാക്കാൻ കഴിഞ്ഞല്ലോ.. ഐശ്വര്യ മനസ്സിൽ വിലപിച്ചു. എന്നാലും ഒന്നു വന്നില്ലല്ലോ...ഒന്നു വിളിച്ചതുപോലുമില്ലല്ലോ...അവളുടെ മനസ്സിലെ പരിഭവവും, സ്നേഹവുമുള്ള കുടുംബിനി സങ്കടപ്പെട്ടു..വരും. തന്നെ കൂട്ടിക്കൊണ്ടുപോകാൻ രാഹുൽ വരും. അവൾ പ്രതീക്ഷയോടെ വഴിക്കണ്ണുമായി നോക്കിയിരുന്നു... തന്റെ പ്രിയതമന്റെ പദചലനവും കാതോർത്തു....!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ