2016, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

വൃദ്ധസദനത്തിൽ നിന്നുമൊരു ഓർമ്മക്കുറിപ്പ്.....

വൃദ്ധസദനത്തിൽ നിന്നുമൊരു ഓർമ്മക്കുറിപ്പ്.....
                *******

എന്റെ, പൊന്നുമോനെ....
ഇന്നും ഈ വിളിയിൽ പഴയതുപ്പോലുള്ള മധുരമാണ്. സ്നേഹത്തിന്റെ മധുരം. ഒരു ദേഷ്യവുമില്ല. ഒരിക്കലും നിന്നോട് ദേഷ്യപ്പെടാനും എനിക്ക് കഴിയില്ല.
മോനേ.., നീ എന്നെ തനിച്ചാക്കി പോയപ്പോൾ ആദ്യമൊക്കെ ഈ ലോകത്തോടുതന്നെ എനിക്ക് പുച്ഛമായിരുന്നു. ഇപ്പോൾ നിന്നോട് സ്നേഹം മാത്രമേയുള്ളു..എന്നെ നീ വഴിയിൽ ഉപേക്ഷിച്ചില്ലല്ലോ. എന്നെ പോലെത്തന്നെ ജീവിതം സുന്ദരമായ ഓർമകളായി സൂക്ഷിക്കുന്നവരുടെ കൂടെയാണല്ലോ എന്നെയും ചേർത്ത് വെച്ചതെന്നുള്ള സന്തോഷം...

നിന്നെ പ്രസവിച്ചു കഴിഞ്ഞു കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ നിന്റെ അമ്മ പറഞ്ഞ വാക്കുകളാണ്. അച്ഛന്റെ അതേ മുഖമെന്ന്. അന്നെന്റെ അഭിമാനം വാനോളമുയർന്നു. സന്തോഷം അലതല്ലി. അങ്ങനെ നിന്റെ ചിരിയിൽ , നിന്റെ കുസൃതികളിൽ നിന്നോടൊപ്പം എന്റെ ലോകവും വളരുകയായിരുന്നു..

മോനേ..,നിന്റെ ഓരോ വളർച്ചയും ഇന്നുമെന്റെ കണ്മുന്നിലുണ്ട്. നീ കമഴ്ന്നു വീണപ്പോൾ നിന്നോട് സംസാരിക്കാൻ ഞാനും കമഴ്ന്നു വീണ കുഞ്ഞായി. നീ ഇരിക്കാൻ തുടങ്ങിയപ്പോൾ ഞാനും നിന്നോടൊപ്പം ചെറുതായി. നീ പിച്ചവെച്ചു നടക്കാൻ തുടങ്ങിയപ്പോൾ ഞാൻ നിനക്ക് ഊന്നുവടിയായി..

നിന്റെ കുഞ്ഞു നാളിൽ നടന്നു തുടങ്ങിയപ്പോൾ വീണു കല്ലിൽ കൊണ്ടു കാലുരഞ്ഞു ചോരപൊടിഞ്ഞപ്പോൾ , എന്റെ മോനെ കരയിപ്പിച്ച ആ കല്ലിനെ ഞാൻ അടിച്ചു. എന്റെ മോനെ വേദനിപ്പിച്ച കല്ലെന്നു പറഞ്ഞു കല്ലിനോട് വഴക്കുണ്ടാക്കി. അതുകണ്ടു നീ പൊട്ടിച്ചിരിച്ചു. അന്നുമുതൽ ഇന്നോളം എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന എന്റെ പൊന്നുമോന്റെ നിഷ്കളങ്കമായ ചിരി...

കാലിലൊരു മുള്ളുകൊള്ളാതെ നിന്റെ പാദങ്ങൾക്ക് ഞാൻ പാദുകങ്ങളായി. നിന്റെ അമ്മയുടെ വഴക്കു കേട്ടിട്ടും നമ്മളെത്ര മഴ നനഞ്ഞു. അന്നും നിനക്ക് വേണ്ടി വഴക്കു കേട്ടതെല്ലാം ഞാനും...അപ്പോഴൊക്കെ ഞാനുമൊരു കുഞ്ഞായി മാറി. നിന്നോടൊപ്പം കളിയ്ക്കാൻ..!

എന്റെ മോന് ഓർമ്മയുണ്ടോ...? കൂട്ടുകാർക്കൊക്കെ സൈക്കിളുണ്ട്. എനിക്ക് മാത്രമില്ല എന്നു പറഞ്ഞു ഒരു വൈകുംനേരം സ്‌കൂൾ വിട്ടുവന്നു സങ്കടത്തോടെയിരുന്നത്. അതിന്റെ പിറ്റേന്ന് എന്റെ മോന് ഞാൻ കാത്തുവെച്ചിരുന്നത് ഒരു പുതുപുത്തൻ സൈക്കിളായിരുന്നു. അത് വാങ്ങാൻ എന്റെ പോക്കറ്റിൽ പൈസ തികയാതെ വന്നപ്പോൾ നിന്റെ അമ്മ എന്നും ഓർമ്മിക്കാൻ എന്റെ വിരലിലണിഞ്ഞു തന്ന മോതിരമായിരുന്നു എന്റെ പൊന്നുമോന്റെ ആഗ്രഹത്തിന് വേണ്ടി ഞാൻ ഉപേക്ഷിച്ചത് .

എന്നും നിന്റെ അമ്മയുമായിട്ടു ഞാൻ വഴക്കിടുന്നത് നിനക്ക് വേണ്ടിയായിരുന്നു. മോന്റെ എല്ലാ വാശിക്കും ഇങ്ങനെ കൂട്ട് നിൽക്കരുതെന്ന്. അന്നു ഞാൻ ചിരിച്ചുകൊണ്ട് പറയും. അവന്റെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ നമ്മളല്ലാതെ വേറെയാരാ ഉള്ളതെന്ന്. ദൈവം ആണായിട്ടും, പെണ്ണായിട്ടും നിന്നെ മാത്രമേ ഞങ്ങൾക്ക് തന്നുള്ളൂ...

നിനക്ക് വേണ്ടി മാത്രമായിരുന്നു മോനേ ഞാൻ ജീവിച്ചത്. എന്റെ ആരോഗ്യമുള്ള സമയത്തു വിയർപ്പൊഴുക്കിയത് നിനക്ക് വേണ്ടി മാത്രമായിരുന്നു. അന്നെന്റെ പ്രതീക്ഷ , വാർദ്ധക്യത്തിൽ നിന്റെ തണലിൽ ഒരു കുഞ്ഞായി മാറാം എന്നായിരുന്നു. പക്ഷേ, നിന്റെ ജീവിത തിരക്കിനിടയിൽ നിന്റെ മക്കളെ സംരക്ഷിച്ചു തുടങ്ങിയപ്പോൾ എന്നെ നീ വിസ്മരിച്ചു പോയി.

മരണ കിടക്കയിൽ കിടക്കുമ്പോഴും, മരണ വേദന പെരുവിരലിൽ നിന്ന് അരിച്ചു തുടങ്ങിയപ്പോഴും നിന്റെ അമ്മ നിന്റെ ഭാവി ഓർത്തു മാത്രമാണ് സങ്കടപ്പെട്ടത്. നിന്നെയോർത്താണ് കരഞ്ഞത്. അവിടെ നിന്നങ്ങോട്ടു നിനക്ക് ഞാൻ ഒരേ സമയം അമ്മയും അച്ഛനുമായി.

ഇവിടെ ഈ വൃദ്ധസദനത്തിൽ നിന്റെ കുട്ടികാലത്തെ കുസൃതികൾ പറഞ്ഞു ഞാനിന്നും അഭിമാനിക്കും. നിന്റെ വിദ്യാഭ്യാസ യോഗ്യത പറഞ്ഞു മറ്റുള്ളവരുടെ മുന്നിൽ ആളാകും. നിന്റെ ഇപ്പോഴത്തെ വലിയ ജീവിതത്തെപറ്റി പറഞ്ഞു ഞാൻ പുളകം കൊള്ളും. കാരണം, നീ എന്നെ മറന്നതുപോലെ എനിക്ക് കഴിയില്ലല്ലോ. എനിക്ക് നീ ഇന്നും കുഞ്ഞല്ലേ. എന്റെ തോളിൽ കിടന്നു ഉറങ്ങുന്ന, എന്റെ കൈയിൽ പിടിച്ചു നടക്കുന്ന എന്റെ പൊന്നുമോൻ...

എന്നാലും ഞാൻ ഈ നാലുചുവരുകളിക്കിടയിൽ നിന്റെ കാല്പെരുമാറ്റത്തിന് ഇപ്പോഴും ചെവിയോർക്കും. നീയെന്നെ തിരിച്ചുകൊണ്ടു പോകും എന്ന പ്രതീക്ഷിച്ചല്ല. എന്റെ മോന്റെ ചിരി കാണാൻ...എന്റെ പൊന്നുമോൻ സുഖമായിരിക്കുന്നെന്നു അറിയാൻ...ഇന്നും നിന്റെ കാലിൽ ഒരു മുള്ളുപോലും കൊള്ളരുതെന്നാണ് മോനേ ഞാൻ ഏതു നേരവും ഈശ്വരനെ വിളിച്ചു പ്രാർത്ഥിക്കുന്നത്.

ഓരോ മഴപെയുമ്പോഴും നിന്റെ കുട്ടികാലം എന്റെ മനസ്സിൽ നിറയും. നമ്മളൊന്നിച്ചു നനഞ്ഞ മഴപ്പോലെ.....!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ