2016, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

പ്രവാസത്തിലെ ജീവിതം

" ഈ അവസ്ഥയിൽ എങ്ങനാ ഷാഹിന..?
എന്നാലും ഇക്കയൊന്നു ശ്രമിയ്ക്ക്. എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടാണോ ഷാഹിന..? നിന്നെയും മോളേയും ഈ നാട്ടിൽ കൊണ്ടുവന്നു കുറച്ചു നാളെങ്കിലും എന്റെ കൂടെ നിർത്തണമെന്ന് വല്ലാത്ത കൊതിയുണ്ട്. പക്ഷേ, നമ്മുടെ സാമ്പത്തിക സ്ഥിതി വെച്ചുനോക്കുമ്പോൾ..! റിയാസ് പകുതിയിൽ പറഞ്ഞു നിർത്തി. ഞാനെന്റെയൊരു ആഗ്രഹം പറഞ്ഞെന്നേയുള്ളൂ. ഇക്ക സങ്കടപ്പെടണ്ട...വെറുതെ എന്റെയൊരു പൊട്ട ആഗ്രഹങ്ങൾ..അങ്ങനെ കണ്ടാൽ മതി ഇക്ക...

അന്നത്തെ ഫോൺ സംഭാഷണം അങ്ങനെ അവസാനിച്ചു. റിയാസിന്റെയും, ഷാഹിനയുടെയും നിക്കാഹ് കഴിഞ്ഞിട്ടു നാലുവർഷം കഴിഞ്ഞു. ഒരു മകളുമുണ്ട്. നിക്കാഹ് ഉറപ്പിച്ചു കഴിഞ്ഞതിനു ശേഷമുള്ള ഫോൺ വിളികളിൽ താനായിട്ടു ആഗ്രഹിപ്പിച്ചതാണ്. നിക്കാഹ് കഴിഞ്ഞു ഗൾഫിലോട്ടു കൂട്ടാമെന്ന്. പക്ഷേ സാധിച്ചില്ല. അതിൽ അവളൊട്ട്‌  പരിഭവവും പറഞ്ഞിട്ടില്ല. ഇപ്പോൾ ഇടയ്ക്കിടയ്ക്കുള്ള ഫോൺ വിളികളിൽ കുറച്ചു ദിവസമെങ്കിലും കൂടെ വന്നു നിൽക്കാനുള്ള ആഗ്രഹം പറയാറുണ്ട്.

ചിന്തയിൽ മുഴുകിയിരിക്കുന്ന റിയാസിനെ കണ്ടപ്പോൾ കൂടെ റൂമിൽ താമസിയ്ക്കുന്ന അനിൽ ചോദിച്ചു. എന്താ റിയാസേ രാവിലെ വലിയ ചിന്തയിലാണല്ലോ..? റിയാസ് അനിലിനോട് കാര്യം പറഞ്ഞു.." ബീവിയുടെ ഓരോ ആഗ്രഹങ്ങൾ. എങ്ങനെ നടക്കാനാ...നമ്മൾക്കൊന്നു ശ്രമിച്ചാലോ റിയാസേ...അനിൽ തന്നെ സമാധാനിപ്പിയ്ക്കാൻ അങ്ങനെയെങ്കിലും പറഞ്ഞല്ലോ എന്നോർത്ത് റിയാസിന് സന്തോഷമായി..

പിറ്റേന്ന് രാവിലെ ജോലി തിരക്കിനിടയിൽ റിയാസിന്റെ ഫോണിൽ അനിൽ വിളിച്ചു. റിയാസേ...ഇന്നലെ പറഞ്ഞത് നീ മറന്നോ..? ഷാഹിനയെയും മോളെയും കൊണ്ടുവരുന്ന കാര്യം..? അനിലേ , എന്റെ സാലറി സർട്ടിഫിക്കറ്റ് കാണിച്ചാൽ ഫാമിലി വിസയൊന്നും കിട്ടില്ല. നിനക്ക് ഒരു മാസം കൂടെ താമസിപ്പിച്ചാൽ പോരേ...? അതൊന്നും നടക്കില്ല അനിലേ...? റിയാസ് നിസംഗതയോടെ പറഞ്ഞു. ഒരു മാസത്തെ റ്റൂറിസ്റ്റ് വിസ കിട്ടും. ഒരു ആയിരത്തി അഞ്ഞൂറ് റിയാൽ ചിലവാകും...? നീ പാസ്പോർട്ട് കോപ്പി മെയിൽ അയക്ക്. വിസയുടെ പൈസ. റൂം റെന്റ്. ടിക്കറ്റ് ചാർജ്. ഇതൊക്കെ മനസ്സിൽ കണക്കുകൂട്ടിയപ്പോൾ റിയാസിന് തല കറങ്ങുന്നതുപ്പോലെ തോന്നി. അനിലേ, എന്റെ മൂന്നു മാസത്തെ ശമ്പളം വേണം. ഇതൊക്കെ നടക്കണമെങ്കിൽ.. റിയാസ് പ്രതീക്ഷ കൈവെടിഞ്ഞു. നീ പൈസയുടെ കാര്യമോർത്തു സങ്കടപ്പെടണ്ട. എനിയ്ക്കു ഈ മാസത്തെ ശമ്പളം നാട്ടിൽ അയച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല. നീ കൈയിലുള്ളപ്പോൾ തിരികെ തന്നാൽ മതി. എന്റെ കൂടെ ജോലിചെയ്യുന്ന ഷമീറും ഫാമിലിയും ഒരു മാസത്തെ ലീവിന് നാട്ടിൽ പോകുന്നുണ്ട്. അവന്റെ വീട്ടിൽ താമസിയ്ക്കാം....ചെറിയ എന്തെങ്കിലും വാടക കൊടുത്താൽ മതി.വീണ്ടും റിയാസിന്റെ മനസ്സിൽ പ്രതീക്ഷയുടെ വെട്ടം തെളിഞ്ഞു...

റിയാസ് അക്ഷമനായി എയർപോർട്ടിൽ കാത്തു നിന്നു. ഷാഹിനയെയും, മോളെയും കാണാൻ പോകുന്നതിന്റെ സന്തോഷത്തിൽ സമയം മുന്നോട്ടു ചലിയ്ക്കുന്നില്ലന്നു തോന്നി. ബാപ്പച്ചി.., മോളുടെ വിളി റിയാസ് ദൂരെ നിന്നെ കേട്ടു. അടുത്തേക്ക് നടന്നു വരുന്ന ഷാഹിനയെയും, മോളെയും ഇമവെട്ടാതെ റിയാസ് നോക്കി നിന്നു..

ഷാഹിനയും, മോളും വന്നിട്ട് തിരിച്ചുപോകാൻ ഇനി രണ്ടു ദിവസം കൂടി മാത്രമേയുള്ളു. നാട്ടിലേക്കു തിരിച്ചു പോകുമ്പോൾ എന്തെങ്കിലും വാങ്ങി കൊടുത്തു വിടണ്ടേ... ശമ്പളം കിട്ടിയതും തീർന്നു. അനിൽ പലവട്ടം സഹായിച്ചും കഴിഞ്ഞു. ഇനി എന്ത് എന്ന ചിന്തയിൽ റിയാസിന്റെ വിരലുകൾ മൊബൈലിൽ വീണ്ടും അനിലിന്റെ നമ്പറിൽ അമർന്നു.

ഷാഹിനയും, മോളും വളരെ സങ്കടത്തോടെയാണ് യാത്ര പറഞ്ഞു പോയത് . ആ വിമാനത്തിൽ ഈ മരുഭൂമിയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയിൽ സങ്കടപ്പെടുന്ന രണ്ടുപേർ അത് ഷാഹിനയും, മോളും മാത്രമായിരിയ്ക്കും. തിരിച്ചു വീട്ടിലെത്തുമ്പോൾ റിയാസിന് സങ്കടം അടക്കാൻ കഴിയുന്നില്ല. മോളുടെ പൊട്ടിച്ചിരി കാതുകളിൽ മുഴങ്ങുന്നു. ആ കൊലുസിന്റെ ശബ്ദം ആ മുറിയിലാകെ നിറഞ്ഞു നിൽക്കുന്നു. ഇക്ക..ഇങ്ങോട്ടൊന്നു വന്നേ.., ഇവളുടെ കുരുത്തക്കേട് കണ്ടോ..? ഷാഹിനയുടെ സ്നേഹംതുളുമ്പുന്ന ശബ്ദം കാതോരം. ഇന്നലെവരെ ഇഴുകിച്ചേർന്നു കിടന്ന കട്ടിൽ അനാഥമായി കിടക്കുന്നു...റിയാസിന്റെ മിഴികൾ നിറഞ്ഞുതുളുമ്പി...

അവരെ കൊണ്ടുവന്ന കടം തീർക്കാൻ ഒരു മൂന്നുമാസം കൂടി അധികം ജോലിചെയ്യണം. എന്നാലും ഇനി തിരിച്ചു കിട്ടുമോ ഈ കഴിഞ്ഞുപോയ സുന്ദരമായ ഒരു മാസം. നാളെ മുതൽ പഴയ റൂമിലേക്ക് പോകണം. കഴിഞ്ഞ നാളുകളിലെ മൈലാഞ്ചി ചുവപ്പുള്ള ഓർമകളുമായി....!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ