2016, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

കൂട്കൂട്ടാൻ മറന്നവൻ

അജിത് ഒരു ദീർഘശ്വാസം വിട്ടു..
അങ്ങനെ അധികം ബുദ്ധിമുട്ടില്ലാതെ അംബികയെ നല്ലൊരു വീട്ടിലേക്കു പറഞ്ഞു വിട്ടു. ഇനി അതിനും താഴെയുള്ള അമ്പിളിയെയും കൂടി ആരുടെയെങ്കിലും കൈയിൽ പിടിച്ചേൽപ്പിച്ചാൽ സമാധാനമായി...

നീ എന്താ മോനെ ഇങ്ങനെ ആലോചിക്കുന്നത്....? നേരം ഒരുപാടായി.., കിടക്കുന്നില്ലേ....? അമ്മയുടെ വിളികേട്ടാണ് അജിത് ചിന്തയിൽനിന്നുണർന്നത്. ഞാനാലോചിക്കുകയായിരുന്നമ്മേ...? എന്ത് പെട്ടെന്നാണ് അംബിക വളർന്നു മണവാട്ടിയായി ഇന്ന് ഈ പടി  ഇറങ്ങിപ്പോയത്. ഇന്നലെ വരെ ചേട്ടാ എന്നു കൈയിൽ പിടിച്ചു നടന്നവൾ. പഴയ ഓർമകളിൽ അജിത്തിന്റെ മിഴികൾ ഈറനണിഞ്ഞു...

ഇവർക്കെല്ലാം വേണ്ടി നീ ഇങ്ങനെ കഷ്ട്ടപെട്ടാൽ നിന്റെ ജീവിതം കൂടി നോക്കണ്ടേ മോനെ...? വയസ്സ് എത്രയായെന്ന വിചാരം...? ലക്ഷ്മിയമ്മയുടെ കൈകൾ അജിത്തിന്റെ നെറുകയിൽ വാത്സല്യത്തോടെ തലോടിക്കൊണ്ട് ചോദിച്ചു. അമ്പിളിയെയും കൂടി ആരുടെയെങ്കിലും കൈയിൽ പിടിച്ചേല്പിക്കണം. അത് കഴിഞ്ഞു മതിയമ്മേ എനിക്കായൊരു ജീവിതം...

ലക്ഷ്മിയമ്മയുടെ മനസ്സിൽ കഴിഞ്ഞു പോയ നാളുകൾ ഒരു ചിത്രംപോലെ തെളിഞ്ഞു.....

അജിത്തിന് ഇരുപത്തിയഞ്ചു വയസുള്ളപ്പോൾ അച്ഛൻ മരിച്ചതാണ്. നല്ല വിദ്യാഭ്യാസമുള്ള അവൻ നല്ല ശമ്പളത്തിന് ഗൾഫിലേക്ക് ജോലിക്കു പോകാൻ തുടങ്ങുമ്പോഴാണ് അച്ഛന്റെ മരണം. ആ കുടുംബത്തിൽ ആ വിയോഗം വല്ലാത്തൊരു തളർച്ചയായി. അവിടെ നിന്നങ്ങോട്ടു അജിത് അംബികക്കും,  അമ്പിളിക്കും ഒരേ സമയം അച്ഛനും, ചേട്ടനുമായി. ഗൾഫെന്ന സ്വപ്നം അജിത് ഉപേക്ഷിച്ചു. അച്ഛന്റെ പാത തന്നെ പിന്തുടർന്നു. കൃഷിയും, പശുവളർത്തലുമായി ആ വീടിന്റെ ഓരോ മൂലയിലും കൂടപ്പിറപ്പുകൾക്കു കാവലായി അജിത് ജീവിച്ചു.

മണ്ണിനെ സ്നേഹിച്ച അജിത്തിനെ മണ്ണും തിരിച്ചു സ്നേഹിച്ചു. കൂട്ടിവെച്ചതെല്ലാം ചേർത്തും, കടം വാങ്ങിയും അംബികയെ നല്ല രീതിയിൽ കെട്ടിച്ചയച്ചു. പത്തു വർഷത്തെ അധ്വാനം.

ദിവസങ്ങൾ മാഞ്ഞുക്കൊണ്ടിരുന്നു. അജിത്തിന്റെ ജീവിതത്തിന്റെ കൂട്ടികിഴിക്കലിൽ അമ്പിളിയുടെ ഭാവി മാത്രമായിരുന്നു.

അംബികയും, ഭർത്താവും ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഒരു ദിവസം വീട്ടിലേക്കു വന്നത്...

നിങ്ങൾക്കൊന്നു വിളിച്ചു പറഞ്ഞിട്ട് വന്നൂടെ അളിയാ...? ഇവിടെയിപ്പോൾ ഒന്നുമില്ലല്ലോ...? ഞാൻ കടയിൽ പോയി എന്തെങ്കിലും വാങ്ങിയിട്ട് ഇപ്പോൾ വരാം. വേണ്ട, അജിത് ഞങ്ങളിപ്പോൾ തന്നെ പോകുകയാണ്. വെറുതെ ഒന്നു വന്നന്നേയുള്ളു... ചേട്ടനറിഞ്ഞില്ലേ ഞങ്ങൾ പുതിയ കാർ വാങ്ങാൻ പോകുകയാ. അതിന്റെ ഷോറൂമിൽ പോയിട്ട് വരുന്ന വഴിയ. ഒരാഴ്ച കഴിയുമ്പോൾ പുതിയ കാർ വരും. അംബിക സന്തോഷവതിയായിരുന്നു.

അപ്പോൾ ഈ ബുള്ളറ്റ് ഇവിടെ വെച്ചിട്ടു പോകണേ അംബികേ...? എനിക്ക് പുറത്തേക്കൊക്കെ പോകാൻ ഒരു സൈക്കിളുപോലുമില്ല.

ചേട്ടാ, ഈ ബുള്ളറ്റൊക്കെ ഓടിക്കണമെങ്കിൽ കുറച്ചു സൗന്ദര്യവും, തടിയുമൊക്കെ വേണം. ഈ മണ്ണിലും, തൊഴുത്തിലുമൊക്കെ ജീവിക്കുന്ന ചേട്ടനെന്തിനാ ഇപ്പോൾ ബുള്ളറ്റ്. അത് ഹരിയുടെ പെങ്ങളുടെ മോന് കൊടുക്കാനാണ്. അമ്മേ, ഞങ്ങൾ ഇറങ്ങുവാണെ..പുതിയ കാറിൽ ഇനിയിങ്ങോട്ടു വരാം.

അജിത് മുറിക്കുള്ളിലെ കണ്ണാടിയിലേക്കു നോക്കി. ശരിയാണ്. പാടത്തു പണിയെടുക്കുന്നതുകൊണ്ടു തൊലി വെളുപ്പൊന്നുമില്ല. പെങ്ങൾമാരുടെ സുഖജീവിതത്തിനു ഓടിച്ചാടി നടക്കുന്നതുകൊണ്ടു ആരോഗ്യവും ശ്രദ്ധിച്ചില്ല. കോലം കെട്ടുപോയി. എന്നാലെന്താ, അവരുടെ ജീവിതം നിറങ്ങൾ ഉള്ളതായല്ലോ.

അജിത്തിന്റെ ദിവസങ്ങൾ മണ്ണിനോടും , പൈക്കളോടും കൂടി ഓരോന്നായി കടന്നുപോയി. അപ്പോഴും അവന്റെ മനസ്സിൽ അമ്പിളിയുടെ ജീവിതത്തിന്റെ ഭദ്രത മാത്രമായിരുന്നു. ആരോടും ഒരു പരിഭവവുമില്ലാതെ, കാലം ശരീരത്തിൽ മാറ്റങ്ങൾ വരുത്തുന്നത് ശ്രദ്ധിക്കാതെ. പിന്നെയും കടമയും, കടപ്പാടുകളും തീർക്കാൻ സൂര്യന് കീഴിൽ സ്വയം ഉരുകിക്കൊണ്ടിരുന്നു....!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ