2016, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

പാഴ്ക്കിനാവ്

പോയ കാലത്തിന്റെ നിറമുള്ള ഓർമയിൽ ഇന്നും ജീവിക്കുന്ന രേവതി...

അവളുടെ കാത്തിരിപ്പിനു അർത്ഥമില്ലെന്ന് അറിയാം. എന്നാലും വെറുതെയെങ്കിലും ആശിച്ചു പോകുന്നു. ഒരു നിമിഷം കൂടി ഒന്നാകാൻ...ഇന്നും ഏകയായി അവൾ കാത്തിരിക്കുന്നു.

വെറുതെ വഴിക്കണ്ണുമായി രേവതി നോക്കി നിൽക്കും. അവൾക്കറിയാം. അവളുടെ മടിയിൽ കിടന്നാണ് ശരത് അവസാന ശ്വാസമെടുത്തതെന്ന്.

ആശുപത്രി കിടക്കയിൽ നിന്നും ശരത് ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ചിരുന്നു. അവന്റെ നെഞ്ചിടിപ്പ് നോക്കി രേവതിയും സദാസമയവും അവന്റൊപ്പം തന്നെയായിരുന്നു.

വിവാഹം കഴിഞ്ഞു എട്ടു വർഷമായി. ഇതുവരെ ഒരു കുഞ്ഞിക്കാൽ കാണാൻ ഇരുവർക്കും ഭാഗ്യമുണ്ടായില്ല. പോകാത്ത ആശുപത്രികളില്ല. വിളിക്കാത്ത ദൈവങ്ങളില്ല..

സങ്കടത്തോടെയിരിക്കുന്ന രേവതിയെ നോക്കി ശരത് എപ്പോഴും പറയും. നിനക്ക് മകനായി ഞാനില്ലേ. എനിക്ക് മകളായി നീയും. ഈശ്വരൻ അനുഗ്രഹിച്ചാൽ നമ്മളെ സ്നേഹിക്കാൻ മക്കൾ വരും. അതുവരെ നിനക്ക് ഞാനും എനിക്ക് നീയും കുഞ്ഞുങ്ങളാകാം. ഇത് കേട്ടു കഴിയുമ്പോൾ രേവതി ഒരു തേങ്ങലോടെ ശരത്തിന്റെ മാറിലേക്ക് ചായും. രേവതിയെ ആശ്വസിപ്പിക്കാനാണ് അങ്ങനെ പറഞ്ഞതെങ്കിലും അവന്റെ മിഴികളും നിറയുമായിരുന്നു....

ഓഫിസിലെ തിരക്കിനിടയിൽ ഒരു ദിവസം ശരത് പെട്ടെന്ന് തല കറങ്ങി വീണു. ഒന്നു രണ്ടു സഹപ്രവർത്തകർ ചേർന്ന് ശരത്തിനെ ആശുപത്രിയിലെത്തിച്ചു. ആ ആശുപത്രി വാതിൽ മുതൽ ശരത്തിന്റെയും രേവതിയുടെയും ജീവിതത്തിന്റെ വേർപിരിയൽ ഈശ്വരൻ കുറിച്ചിരുന്നു. രക്താർബുദമെന്ന മാരക രോഗം ശരത്തിന്റെ രക്താണുവിൽ പടർന്നിരുന്നു. പിന്നെ ജീവിതം നീട്ടി കിട്ടാൻ വേണ്ടി മരുന്നുമായി ശരത് പൊരുതി. സദാസമയവും രേവതി ശരത്തിനു കൂട്ടിരുന്നു.

അപ്പോഴേക്കും ഈശ്വരൻ രേവതിയുടെ വയറ്റിൽ ഒരു കുഞ്ഞു തുടിപ്പ് നൽകിയിരുന്നു. തിരിച്ചു കിട്ടില്ലെന്ന്‌ ഉറപ്പുണ്ടായിട്ടും ശരത് ഒരു പുനർജന്മം പ്രതീക്ഷിച്ചു. വർഷങ്ങളുടെ പ്രാർത്ഥനയാണ്, ആഗ്രഹമാണ് സ്വന്തം കുഞ്ഞിന്റെ മുഖം കാണുകയെന്നുള്ളത്. സ്വന്തം രക്തത്തിൽ പിറക്കുന്ന ആ കുഞ്ഞിന്റെ മുഖമൊന്നു കണ്ടിട്ട് തന്റെ ജീവനെടുത്തോളു എന്നു ആ കിടപ്പിലും മനമുരുകി ശരത് പ്രാർത്ഥിച്ചു. രേവതിയുടെയും ശരത്തിന്റെയും കണ്ണുനീർ കാണിക്ക പക്ഷേ ഒരു ദൈവങ്ങളും കേട്ടില്ല.

രേവതിയുടെ വയറിൽ മുഖമമർത്തി ശരത് കുഞ്ഞിനോട് സംസാരിക്കും. അച്ഛന് ഒന്നും പറ്റില്ലെടാ...നിന്നെ കണ്ടിട്ട് , നിന്നെ കൊഞ്ചിച്ചു വളർത്തി. നിന്റെ ഓരോ ആഗ്രഹങ്ങളും സാധിച്ചു തന്നിട്ടേ അച്ഛൻ എങ്ങോട്ടും പോകു. അതുവരെ നിന്റെ നിഴലായി ഞാൻ കാണും. നീ നോക്കിക്കോ രേവതി ഇത് മോനായിരിക്കും. നമ്മുടെ കണ്ണൻ മോൻ. ഇത് കേട്ടപ്പോൾ രേവതിയുടെ ഹൃദയം പൊടിഞ്ഞു പോയി. അവളുടെ മിഴികൾ കണ്ണുനീർ ചാലുകളായി. മനമുരുകി ദൈവങ്ങളോട് അവൾ പ്രാർത്ഥിച്ചു....

നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ശരത്തിന്റെ ശബ്ദമൊന്നും കേൾക്കുന്നില്ല. രേവതിയ്ക്കു വയറ്റിൽ ഒരു ചൂട് നനവ് അനുഭവപ്പെട്ടു. അവൾ തല കുനിച്ചു നോക്കി. ശരത്തിന്റെ വായിൽ നിന്നും രക്തം ഒലിച്ചിറങ്ങുന്നു. ഒരു നിലവിളി അവളുടെ തൊണ്ടയിൽ കുടുങ്ങി. അപ്പോഴും ശരത്തിന്റെ കൈകൾ രേവതിയുടെ വയറ്റിൽ ചുറ്റിപിടിച്ചിരുന്നു...

കാലിൽ എന്തോ സ്പർശനമേറ്റപ്പോൾ രേവതി ഓർമയിൽ നിന്ന് ഞെട്ടിയുണർന്നു. കണ്ണൻ മോനാണ്. അവൻ മുട്ടുകാലിൽ ഇഴഞ്ഞു രേവതിയുടെ അടുത്തെത്തിയതാണ്. രേവതി മോനെ വാരിയെടുത്തു....
ശരത്തേട്ട, നമ്മുടെ മോൻ ഇപ്പോൾ മുട്ടുകാലിൽ നീന്തും. എവിടെയെങ്കിലും പിടിച്ചു പതിയെ എഴുന്നേൽക്കും. നടക്കാൻ ശ്രമിക്കും. അവൻ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലാണ്. അത് കാണാൻ എന്റെ ശരത്തേട്ടനില്ലല്ലോ. അവനോടു പറഞ്ഞതല്ലേ..അവനെ കൊഞ്ചിക്കാൻ, ലാളിക്കാൻ, അവന്റെ ആഗ്രഹങ്ങൾ സാധിച്ചു കൊടുത്തിട്ടേ എങ്ങോട്ടും പോകുമെന്ന്. എന്നിട്ടു ഞങ്ങളെ തനിച്ചാക്കി പോയില്ലേ...അവന്റെ കളിചിരി കാണാൻ നിൽക്കാതെ....

രേവതി മോനെയും ചേർത്ത് പിടിച്ചു നിശബ്ദം തേങ്ങി........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ