2016, ഏപ്രിൽ 24, ഞായറാഴ്‌ച

സ്നേഹത്തോടെ

സ്നേഹത്തോടെ കണ്ണന്...,
            സുഖമാണോ..? എന്ത നിന്റെ വിശേഷങ്ങൾ ? എന്നെ മനസ്സിലായില്ലെ ?
നീ മറക്കാൻ ആഗ്രഹിക്കുന്ന ഈ ലോകത്തെ ഒരേയൊരാൾ ഞാനായിരിക്കും അല്ലെ.
ഓർമ്മിക്കാൻ ഒരുപാടു ഓർമ്മകൾ തന്നില്ലെങ്കിലും, മറക്കാതിരിക്കാൻ കുറച്ചു വേദനകൾ ഞാൻ നിനക്ക് തന്നിട്ടുണ്ടല്ലോ..,

ഇപ്പോൾ എന്നെ ഓർമ വന്നുകാണും. അതെ കണ്ണാ....ആ പഴയ "പൊന്നു" വാണ്.
നിന്റെ മനസ്സിലെ മോഹങ്ങളേ ചവിട്ടി മെതിച്ചു കടന്നുപോയ അതെ പൊന്നു.

         എന്നോടുള്ള നിന്റെ ദേഷ്യവും,പിണക്കവും മാറിയിട്ടില്ല എന്നെനിക്കറിയാം. ഒരിക്കലും അതിന്റെ ആഴവും, അളവും നീ കുറയ്ക്കരുത്. കാരണം, എന്നെങ്കിലും എവിടെയെങ്കിലും വെച്ച് കാണുമ്പോൾ അതെ ദേഷ്യത്തോടെ എന്നെ നീ നോക്കണം. എന്നാലെ ആ പഴയ ഓർമകളിൽ നീറാൻ എനിക്ക് കഴിയുകയുള്ളൂ.
എന്റെ മനസ്സിൽ എത്രയോ വട്ടം നിന്റെ പാദങ്ങളിൽ വീണു ഞാൻ മാപ്പ് ചോദിച്ചു കഴിഞ്ഞു. പൊറുക്കാൻ കഴിയില്ല എന്നെനിക്കറിയാം. എന്നാലും....
നിന്നെ ഞാൻ ഒരുപാടു മോഹിപ്പിച്ചു. സ്വപ്നം കാണാൻ പഠിപ്പിച്ചു. അവസാനം കൈയെത്തും ദൂരത്തു വന്ന ജീവിതം ഞാൻ തന്നെ തട്ടി തെറിപ്പിച്ചു. ആ തെറിപ്പിച്ചു കളഞ്ഞ ജീവിതം ഇന്നെനിക്കു  പറ്റിയ അക്ഷരതെറ്റാണ്.
നീ അന്ന് എന്നോട് പറഞ്ഞില്ലേ, എന്റ സ്നേഹം പറഞ്ഞറിയിക്കാൻ എനിക്ക് കഴിയില്ല. ഒരു നാളെങ്കിലും എന്റെ കൂടെ ജീവിച്ചാൽ എന്റെ സ്നേഹത്തിന്റെ ആഴം കാണിച്ചുതരാമെന്ന്. അത് മനസ്സിലാക്കാൻ അന്നെനിക്ക് കഴിഞ്ഞില്ല. ഇനിയൊരിക്കലും സഫലമാകുകയുമില്ല.....
ഇപ്പോഴാണ്‌ സ്നേഹത്തിന്റെ വില ഞാൻ അറിയുന്നത്. നിന്റെ പ്രണയത്തിന്റെ അർഥം ഞാൻ മനസ്സിലാക്കുന്നത്‌. ഒരുപാടു വൈകിപ്പോയി.
എന്നാലും എന്നെ നീ അറിയണം. എന്തിനു വേണ്ടിയാണ് ഞാൻ നിന്റെ മനസ്സ് വേദനിപ്പിച്ചു പിന്തിരിഞ്ഞതെന്നു നീ ഒരുവേള കേൾക്കണം. തെറ്റുകൾ ഏറ്റുപറഞ്ഞു മാപ്പ് ചോദിക്കാനല്ല. എന്നെ മനസ്സിലാക്കാൻ നിനക്ക് മാത്രമെ കഴിയു എന്നുള്ള വിശ്വാസം എനിക്കുണ്ട്.

നമ്മുടെ പഴയ നാളുകളിലേക്ക് ഒന്ന് തിരിച്ചു നടന്നാലോ..? നമ്മുടെ പ്രണയ നാളുകളിലേക്ക്..?
ആരുമറിയാതെ നമ്മൾ മനസ്സിൽ കൊണ്ട് നടന്ന നമ്മുടെ ഇഷ്ടം. ആരും കാണാതെ പാളിവീഴുന്ന നോട്ടങ്ങൾ. വല്ലപ്പോഴും കൈമാറുന്ന പ്രണയലേഖനങ്ങളിൽ ,കോറിയിട്ട വരികളിൽ നമ്മൾ സ്വപ്നം കണ്ടൊരു ജീവിതം.
പിന്നെ, ഒരുപാടു നാൾ ഒളിപ്പിച്ചു വെക്കാൻ കഴിഞ്ഞില്ല നമ്മുടെ പ്രണയം.
എത്ര നാൾ വേണമെങ്കിലും എനിക്ക് വേണ്ടി കാത്തിരിക്കാമെന്ന് നീ പറഞ്ഞു.
എല്ല പെൺകുട്ടികളെപ്പോലെ എനിക്കും ഉണ്ടായിരുന്നു പരിമിതികൾ. എന്റെ വീട്ടിൽ ഈ ഇഷ്ടം അറിഞ്ഞപ്പോൾ ആരും പൊട്ടിതെറിച്ചില്ല. ആരും ശകാരിച്ചില്ല.
സ്നേഹത്തോടെ എന്നെ പറഞ്ഞു മനസ്സിലാക്കി.., ഒരിക്കലും നടക്കാത്ത ഒരു ബന്ധമാണ്. നിന്നിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷകൾ മുഴുവനും. നീ ഒരു തെറ്റ് ചെയ്താൽ ഈ കാലം മുഴുവനും ആ പേരുദോഷം ഈ കുടുംബത്തെ പിന്തുടർന്ന് കൊണ്ടിരിക്കും. നീ തെറ്റ് ചെയ്താൽ ഈ അമ്മ പിന്നെ കാണില്ല. ഏതു പെൺകുട്ടിയും ആ നിമിഷം തകർന്നു പോകും. എന്തു ചെയ്യണമെന്നറിയാതെ ഉഴലും. ആ അവസരം വീട്ടുകാർ മുതലെടുക്കും. എന്റെ ജീവിതത്തിലും പറ്റിയത് അതാണ്. പിന്നെയെല്ലാം പെട്ടെന്നായിരുന്നു.   നിറയെ സമ്പത്തുള്ള , തറവാട് മഹിമയുള്ള വേറൊരു കുടുംബത്തിലേക്ക് വലതുകാൽ വെച്ച് കയറുമ്പോൾ , എന്റെ വീട്ടുകാരുടെ മുഖത്ത് നിറഞ്ഞ സന്തോഷം ഞാനും ആസ്വദിച്ചു. അന്നുമുതൽ നമ്മുടെ പ്രണയത്തിന്റെ പുസ്തകം ഞാൻ അടച്ചുവെച്ചു.
കണ്ണാ......ഞാൻ ഒരുപാടു പ്രതീക്ഷകളോടെയാണ് ആ പടികൾ ചവിട്ടിയത്. സമ്പത്ത് കൊണ്ട് എന്റെ ഭർത്താവ് ഒരുപാടു മുന്നിലാണ്. പക്ഷെ, കുത്തഴിഞ്ഞ ഒരാളുടെ ജീവിതം നേരെയാക്കാൻ എന്നെ ആ വീട്ടുകാർ വിലയ്ക്ക് വാങ്ങുകയായിരുന്നു. അല്ലെങ്കിൽ പണം കണ്ടു കണ്ണ് മഞ്ഞളിച്ചുപോയ എന്റെ വീട്ടുകാർ എന്നെ വിൽക്കുകയായിരുന്നു. പുറമേ നിന്നു നോക്കുമ്പോൾ എന്റെ ജീവിതം സുന്ദരമാണ്. ഞാനും മനസ്സിലെ വേദനകൾ പുറത്തു കാണിക്കാതെ സന്തോഷത്തിന്റെ  മുഖമൂടി അണിയാൻ പഠിച്ചിരിക്കുന്നു. ആ മനുഷ്യൻ ഇന്നുവരെ എന്നെ സ്നേഹിച്ചിട്ടില്ല. പക്ഷെ, ഇപ്പോൾ എനിക്കതിൽ സങ്കടവുമില്ല. കാരണം, ഒരു ആയുസ്സ് മുഴുവൻ ഓർത്തിരിക്കാനുള്ള സ്നേഹം എനിക്ക് നീ തന്നില്ലേ. അതുമതി എനിക്ക് ഈ ജന്മം മുഴുവൻ.
കണ്ണാ.., ഇതാണ് ഇപ്പോഴുള്ള എന്റെ ജീവിതം.
ഇല്ല,ഒരുപാടൊന്നും ഞാൻ പറയുന്നില്ല. എനിക്കറിയാം , നിന്നിൽ നിന്ന് അകന്നെങ്കിലും ഞാൻ വേദനിക്കുന്നത് നിനക്ക് സഹിക്കില്ല. ആ മനസ്സ് എനിക്കറിയില്ലേ.
പിന്നെ, നിന്റെ ഇപ്പോഴുള്ള ജീവിതത്തെ കുറിച്ച് ഞാൻ അന്വേഷിക്കുന്നില്ല. എന്നെ മറക്കാൻ നിനക്ക് കഴിഞ്ഞിട്ടില്ല.എന്റെ ഓർമകളിൽ നീ അലയുന്നുണ്ടാകും. എന്നാലും, എന്നെ ഓർക്കണമെന്ന് ഞാൻ പറയില്ല.
പക്ഷെ, വെറുക്കരുത്....ഒരിക്കൽ ഞാൻ നിന്റേത് മാത്രമായിരുന്നു. ഇപ്പോൾ ഞാൻ എനിക്ക് തന്നെ അന്യമാണ്.
നിനക്കും ഒരു കൂട്ട് വേണം. നിന്നെ സ്നേഹിക്കുന്ന, നിനക്ക് എന്നെക്കാളും സ്നേഹിക്കാൻ കഴിയുന്ന ഒരു കൂട്ടുകാരി.

കാലത്തിനു മായ്ക്കാൻ കഴിയാത്ത വേദനകളില്ല. അതുപ്പോലെ, ഞാനൊരു വേദനയായി ആ മനസ്സിൽ കാണരുത്.

നിർത്തട്ടെ കണ്ണാ....
സ്നേഹത്തോടെ,
പൊന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ