2016, ഏപ്രിൽ 17, ഞായറാഴ്‌ച

വാടികരിഞ്ഞ ചെമ്പക പൂവ്

നീ അറിഞ്ഞുവോ..?
ആ ചെമ്പകം പിന്നെയും മൊട്ടിട്ടു.
നിനക്ക് ഓർമയില്ലേ...
അസ്തമയ സൂര്യന്റെ ഇളം ചൂടിൽ നിന്നും നമ്മുക്ക് തണലേകിയ ആ ചെമ്പക മരം.
നമ്മുടെ സ്വപ്‌നങ്ങൾ വാടി കരിഞ്ഞു പോയെങ്കിലും നമ്മുടെ പ്രണയത്തിനു കാവൽ നിന്ന ആ ചെമ്പക മരം പിന്നെയും പൂക്കുന്നു...ഒരു ഓർമ്മപ്പെടുത്തൽ എന്നപ്പോലെ...എന്തൊക്കെയോ ഓർമിപ്പിക്കുന്നത്‌ പ്പോലെ....

            പിന്നെ, നിനക്ക് സുഖമാണോ..?
നീ വേറൊരു  ജീവിതത്തിലേക്ക് വലതുകാൽ വെച്ച് കയറുമ്പോൾ അഞ്ചു വർഷത്തിനു മുമ്പുള്ള ആ നിമിഷം എന്റെ മനസ്സിൽ ഇന്നും ഒരു വിങ്ങലായി നിൽക്കുന്നു. വേറൊരാൾക്ക്  താലി ചാർത്താൻ  അണിഞ്ഞൊരുങ്ങി നിൽക്കുമ്പോൾ നീ സന്തോഷവതിയായിരുന്നു...മിഴിനീരിന്റെ മൂടുപടത്തിൽ ആ മങ്ങിയ കാഴ്ച എന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. അത് എന്റെ വിധി.
ആഗ്രഹിക്കാൻ മാത്രമെ എനിക്ക് വിധിച്ചിട്ടുള്ളൂ. അവകാശിയകാൻ വിധിച്ചത് മറ്റൊരുവന്...നിങ്ങളുടെ ദാമ്പത്യ വല്ലരിയിൽ വിരിഞ്ഞ ആ പൊന്നുമോൾക്കും സുഖമാണോ..? നിന്നെപ്പോലെ സുന്ദരി ആയിരിക്കുമല്ലേ...എന്താണ് ആ പൊന്നുമോളുടെ പേര് ?
നിന്റെ കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. എന്റെ പ്രാർത്ഥന അതാണ്. എവിടെയാണെങ്കിലും നീ സുഖമായും , സന്തോഷമായും ജീവിക്കണമെന്ന്..
അഞ്ചു വർഷം മുമ്പേ നമ്മൾ കണ്ട ഭാവി ജീവിതമാണ്‌. അധികം ആർഭാടമില്ലാത്ത ഒരു ജീവിതം. എല്ലാവരെയും ധിക്കരിച്ചു എന്റെ കൈ പിടിച്ചു എന്റെ ജീവിത സഖിയായി നീ വരുമെന്ന് പറഞ്ഞത്. ഓർക്കുന്നുണ്ടോ നീ...?

നിന്നെ വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. ആ മനസ്സിന്റെ  ഒരു കോണിലെങ്കിലും നമ്മുടെ പഴയ ഓർമ്മകൾ നിറം മങ്ങിയെങ്കിലുമുണ്ടോ..?

എന്റെ കൂടെ ബൈക്കിന്റെ പുറകെ ചേർന്നിരിന്നു നമ്മൾ ഒന്നിച്ചു പോകുമ്പോൾ നീ പറയുമായിരുന്നു കുറച്ചും കൂടി സ്പീഡിൽ പോകാൻ.. ആ സ്പീഡിൽ എന്റെ  മുടിയിഴകൾ പാറുന്നത് കാണാൻ നിനക്ക് ഭയങ്കര ഇഷ്ടമായിരുന്നു....നമ്മളൊന്നിച്ചുള്ള യാത്രകൾ. നിറമുള്ള ഓർമ്മകൾ.......
ഇപ്പോൾ നിന്റെ മനസ്സിൽ പ്രണയാർദ്രമായ ഓർമകളുടെ ഒരു ചെമ്പക പൂവ് അടർന്നു വീണില്ലേ...
  പഴയ ഓർമകളിലേക്ക് പോയപ്പോൾ എന്നെ കുറിച്ച് പറയാൻ മറന്നു പോയി.
ഞാനിപ്പോൾ അധികം പുറത്തിറങ്ങാറില്ല. എന്റെ നാലു ചുവരുകൾക്കിടയിൽ നിന്റെ ഓർമകളുമായി ജീവിതം തള്ളി നീക്കുന്നു.
ഇപ്പോൾ നിന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞില്ലേ.. ഒരു വീൽ ചെയറിൽ ഞാൻ സ്വയം എന്റെ ജീവിതം തള്ളി നീക്കി കൊണ്ടിരിക്കുകയാണ്. മരണം എന്റെ ജീവന്റെ പകുതി മാത്രമെ എടുത്തുള്ളൂ.
നിന്റെ ഓർമകളുമായി നീറാൻ ഈ പാതി ജീവൻ ചുമരുകൾക്കുള്ളിൽ അലിഞ്ഞുപ്പോയി.
നിന്റെ  മനസ്സൊന്നു പിടഞ്ഞുവോ...?
നമ്മുടെ സഹചാരി ആയിരുന്ന ആ ബൈക്ക് തന്നെ എന്റെ ജീവിതത്തിന്റെ അന്തകനുമായി.
കഴിഞ്ഞ വർഷം ഒരു രാത്രി., ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നു. മഴയുടെ ശക്തി കൂടുന്നതിന് മുമ്പേ വീട്ടിലെത്താമെന്ന് കരുതി നല്ല സ്പീഡിലായിരുന്നു എന്റെ യാത്ര. എതിരെ ഏതോ വാഹനം വന്നപ്പോൾ പെട്ടെന്ന് ബ്രേക്ക്‌ ചെയ്തു. പക്ഷെ, എന്റെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു എതിരെ വന്ന വാഹനത്തിനു മുന്നിൽ ഞാൻ പാളി വീണുപോയി. ബോധം വരുമ്പോൾ എന്റെ ഒരു കാൽ എനിക്ക് നഷ്ടപെട്ടിരുന്നു.
ഒരു കാലിൽ ഊന്നുവടി വെച്ച് നടക്കുമ്പോൾ ഭയങ്കര വേദനയാണ്. അതുക്കൊണ്ടാണ് ഈ വീൽ ചെയറിനെ ആശ്രയിക്കുന്നത്.  ഈ വേദന ഞാൻ കടിച്ചമർത്തും. പക്ഷെ, നിന്നെയോർക്കുമ്പോൾ, നമ്മുടെ പഴയ നാളുകൾ ഓർക്കുമ്പോൾ എന്റെ മിഴികൾ നിറയും. ആ വേദന എന്റെ മനസ്സിനെ തന്നെ കുത്തി നോവിക്കും. നിനക്ക് ഏറെയിഷ്ടപ്പെട്ട ആ മുടിയിഴകൾ എനിക്കിന്നില്ല. തലയുടെ മുറിവിന്റെ ആഴവും, നീളവും അറിയാൻ അന്നുതന്നെ മുറിച്ചു കളഞ്ഞു. പിന്നെ ആ മുടിയിഴകൾ വളർത്താൻ എനിക്കും തോന്നുന്നില്ല.തലക്കുള്ളിൽ ഭയങ്കര ചൂട് അനുഭവപ്പെടും.

  ഈ ജനലരികിൽ നിന്ന് ഞാൻ ദൂരേക്ക് നോക്കിയപ്പോഴാണ് ആ ചെമ്പകം പൂത്തു നിൽക്കുന്നത് കണ്ടത്. അതിന്റെ അരികിൽ നിന്ന് എത്ര എഴുത്തുകൾ നമ്മൾ കൈ മാറിയിട്ടുണ്ട്. ആ ഓർമകളിലേക്ക് പോയപ്പോഴാണ് നിനക്ക് വേണ്ടി ഒന്നുകൂടി എഴുതാൻ തോന്നിയത്. പക്ഷെ, ആ പഴയ പ്രണയ ലേഖനങ്ങളുടെ ഒരു മാധുര്യം ഈ എഴുത്തിനു കാണില്ല. ഇത് എന്റെ നിറംക്കെട്ട ജീവിതത്തിന്റെ വെറും അക്ഷര തെറ്റുകൾ.
ഇപ്പോൾ നിന്റെ മിഴികൾ നിറഞ്ഞില്ലേ...?
ഒരു മിഴിനീർ തുള്ളി ആ എഴുത്തിൽ വീണു പടർന്നു അല്ലെ.....എനിക്ക് വേണ്ടി ,നമ്മുടെ പഴയ ഓർമകൾക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീർ....എന്റെ ഈ ജീവിതത്തിലും ഞാൻ സന്തോഷവാനാണ്. നിനക്ക് നല്ലൊരു ജീവിതം കിട്ടിയതിന്...അത്രയ്ക്ക് നിന്നെ ഞാൻ സ്നേഹിക്കുന്നു...അന്നും, ഇന്നും, എന്നും...
നിർത്തട്ടെ......
സ്നേഹത്തോടെ....
" ഈ വാടികരിഞ്ഞ ചെമ്പക പൂവ് "





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ