2016, ഏപ്രിൽ 13, ബുധനാഴ്‌ച

നിനക്കായ് മാത്രം

കാർമേഘങ്ങൾ പൊതിഞ്ഞു നിൽക്കുന്ന നിശ...ചാറ്റൽ മഴയുടെ നനുത്ത ശബ്ദം...
          "മഴ"
ഒരുപാടു ഇഷ്ടമായിരുന്നു....മഴനൂൽ കനവായിരുന്നു ആ കാലം.
വർഷ മേഘങ്ങൾപ്പോലെ മനസ്സിൽ ഓർമ്മകൾ ഇരമ്പിയാർക്കുന്നു...
മഴതുള്ളിപ്പോലെ മൃദുവായ പ്രണയം.

       ജൂൺ മാസത്തിലെ കാലവർഷത്തിൽ പ്ലസ്‌ടു യൂണിഫോമിൽ നിന്നെ ആദ്യം കാണുമ്പോഴും മഴ ആയിരുന്നു...മഴത്തുള്ളികൾ അലസ്സമായി വീണ  ആ മുഖം ഇന്നും എന്റെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു.
പിന്നെ എത്ര നാൾ നിന്നെയും , മഴയെയും  ഞാൻ മൗനമായി പ്രണയിച്ചു....
എന്റെ ഉള്ളിലെ ഇഷ്ടം കാലവർഷം പോലെ ശക്തമായി കൊണ്ടിരുന്നു.
എന്റെ മനസ്സിലെ ഇഷ്ടം നിന്നോട് പറയാൻ പിന്നെയും എത്രയോ ദിനങ്ങളെടുത്തു...
എന്റെ ഇഷ്ടം നിന്നോട് പറഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു പെരുമഴ പെയ്തൊഴിഞ്ഞതുപ്പോലെ...എന്നിട്ടും നിന്റെ മനസ്സറിയാൻ എത്ര നാളെടുത്തു...നിന്റെ ഒരു നോട്ടത്തിൽ , ഒരു ചെറു പുഞ്ചിരിയിൽ എന്നോടുള്ള ഇഷ്ടം നീ അറിയിച്ചു.
പക്ഷെ, നിന്റെ വാക്കുകളിൽ നിന്ന് എനിക്ക് കേൽക്കണമായിരുന്നു എന്നോടുള്ള പ്രണയം.
അവസാനം വിറയാർന്ന ചുണ്ടുകളാൽ ,ആർദ്രമായ മിഴികളാൽ നിന്റെയുള്ളിലെ പ്രണയം മധുരമായ വാക്കുകളായപ്പോൾ നമ്മൾ തന്നെ മഴത്തുള്ളികളായി....

പിന്നെയുള്ള ദിവസ്സങ്ങൾ നമ്മൾക്ക് വേണ്ടി മാത്രം പുലരുന്നതായിരുന്നു...ആ മൺപാതയുടെ ഓരം ചേർന്നു നടക്കുമ്പോൾ , ആ വിരൽത്തുമ്പിൽ സ്പർശിക്കുമ്പോൾ...കൗമാരത്തിന്റെ തുടിപ്പുകൾ വരാൻ പോകുന്ന ജീവിതത്തിന്റെ സ്വപ്‌നങ്ങൾ നെയുകയായിരുന്നു.
ഒരു കുടകീഴിൽ നിന്നെയും ചേർത്ത് പിടിച്ചു നടക്കുമ്പോൾ നമ്മൾ കണ്ട കിനാവുകൾ...ആ മിഴികളിൽ ഞാൻ കണ്ട പ്രതീക്ഷയുടെ തിളക്കം. എന്നോടുള്ള സ്നേഹത്തിന്റെ മിഴിനീർ കണത്തിന്റെ ചൂട്...

ഒരിക്കൽ പോലും നമ്മളൊന്ന് പിണങ്ങിയത് പോലുമില്ലല്ലോ. നിന്റെ ഇഷ്ടങ്ങളെ ഞാനും ഇഷ്ടപ്പെട്ടു..അതുക്കൊണ്ട് നമ്മൾ ഒരു വഴിയിലൂടെ മാത്രം സഞ്ചരിച്ചു.
അങ്ങനെ ദിനങ്ങളെത്ര കൊഴിഞ്ഞു. പ്രണയത്തിൽ പൊതിഞ്ഞ ദിനങ്ങൾ.
വർഷകാലം ശിശിരത്തിന് വഴിമാറി.
ഇലപൊഴിഞ്ഞ ചില്ലകൾ വീണ്ടും തളിർത്ത്‌ തുടങ്ങി. കൂടെ നമ്മുടെ പ്രണയവും..
ഡിസംബർ മാസത്തിന്റെ അവസാന ദിവസം..എന്റെ സന്തോഷത്തിന്റെയും, നമ്മുടെ കണ്ടുമുട്ടലിന്റെയും അവസാന നാൾ.
ഇന്നും എന്റെ മിഴികൾ തോരാതെ എന്നെ മാത്രം തനിചാക്കിയ അവസാന നാൾ.
റോഡിന്റെ എതിർ വശത്ത് നിന്ന എന്നെ കാണാൻ ആവേശത്തോടെ റോഡ്‌ മുറിച്ചു കടക്കുമ്പോൾ നമ്മൾ കണ്ട സ്വപ്നങ്ങൾക്ക് മേലെയാണ് ആ ചക്രങ്ങൾ ഉരുണ്ടു കയറിയത്...ഒരു ഞെട്ടലിൽ നിന്ന് മോചിതനായി ഓടിവന്നു നിന്നെ വാരിയെടുക്കുമ്പോൾ രക്തം വാർന്ന് ,ചലനമറ്റു കിടക്കുന്ന നിന്റെ കൈകളിൽ എനിക്കുള്ള ആശംസ കാർഡും ,ഒരു പനിനീർ പൂവും നീ ചുരുട്ടി പിടിച്ചിരുന്നു...
"എത്ര വർഷങ്ങൾ കഴിഞ്ഞാലും..
 നമ്മൾ പ്രണയിക്കുന്ന ഈ നിമിഷങ്ങളാണ് എനിക്ക് എന്നും പുതു വർഷം..
എത്ര ജന്മങ്ങൾ കഴിഞ്ഞാലും...
എനിക്ക് നിന്നെ കിട്ടിയ ഈ ജന്മമാണ് എനിക്ക് പ്രീയപ്പെട്ടത്‌...
ഈ പുതു വർഷംപ്പോലെ എന്നും നമ്മൾ പ്രണയിക്കുന്ന ദിനങ്ങൾ പുലരട്ടെ എന്നാശംസിക്കുന്നു...ഈ പനിനീർപൂവ് എന്റെ പുതുവർഷ സമ്മാനമാണ്..
ആശംസകളോടെ നിന്റെ സ്വന്തം പൊന്നു..."

 ആ ആശംസ കാർഡിലെ അക്ഷരങ്ങൾ ഇന്ന് എന്റെ കണ്ണുനീർ തുള്ളികൾ വീണു പടർന്നിരിക്കുന്നു...ആ പനിനീർ പൂവ് വാടി കരിഞ്ഞിരിക്കുന്നു....

ഇന്നും നീ ഉറങ്ങുന്ന ആ മനം മടിപ്പിക്കുന്ന ഏകാന്തതയിൽ ഞാൻ വന്നിരിന്നു.
ആ പ്രണയ കല്ലറക്ക് മുകളിൽ മഞ്ഞുത്തുള്ളികൾ വീണ ഒരു പനിനീർ പൂവ് ഞാൻ വെച്ചിരിന്നു..നമ്മുടെ പ്രണയംപ്പോലെ വാടാത്ത ഒരു പനിനീർ പൂവ്....

മഴമേഘങ്ങളെ കീറിമുറിച്ചു ഒരു മിന്നൽ പിണർ..ഓർമകളിൽ നിന്ന് ഞെട്ടിയുണരുമ്പോൾ തലയണ കണ്ണീരാൽ കുതിർന്നിരിക്കുന്നു...ഇനി എത്ര രാത്രികൾ എന്റെ മിഴിനീരിന്റെ ചൂടേറ്റു വാങ്ങണം.....?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ