2016, ഏപ്രിൽ 14, വ്യാഴാഴ്‌ച

ഭ്രാന്തന്റെ പ്രണയം

നിന്നോട് ഒരു പരിഭവവുമില്ല.
രണ്ടു വഴിയിൽ വന്നവരാണ് നമ്മൾ.
കുറച്ചു നാൾ ഒരേ വഴിയിൽ നമ്മൾ രണ്ടുപേരും ഒന്നിച്ചു സഞ്ചരിച്ചു.
ആ യാത്രയിലാണ് എന്റെ മനസ്സ് ഇപ്പോഴും കുരുങ്ങി കിടക്കുന്നത്..ആ ഓർമകളിലാണ് എന്റെ ഹൃദയം നുറുങ്ങി കൊണ്ടിരിക്കുന്നത്...

   വിധിയായിരുന്നു നമ്മൾ കണ്ടുമുട്ടണം എന്നുള്ളത്.
നിധിയായിരുന്നു എനിക്ക് നീ അന്നും, ഇന്നും...
ഇപ്പോൾ ഞാൻ തനിച്ചാണ്....കൂട്ടിനു നിന്റെ ഓർമകളും...
കളിപ്പാട്ടം കളഞ്ഞുപോയ കുഞ്ഞിനെപ്പോലെ,
സങ്കടം കൊണ്ട് എന്റെ കണ്ണുകൾ നിറയും.
വെറുതെ ഞാൻ നോക്കിയിരിക്കും ദൂരെ നിന്റെ നിഴലെങ്ങാനും കാണുന്നുണ്ടോയെന്ന്...ഒരിക്കലും വരില്ല എന്നറിയാം...എന്നാലും....!
എന്തിനായിരുന്നു ഈ മനസ്സിൽ കയറിയത്...?
എന്റെ ജീവനിൽ നീ അലിഞ്ഞു ചേർന്നത്‌...?
അതുകൊണ്ടാണല്ലോ എനിക്ക് ഈ ജീവിതംപ്പോലും അവസാനിപ്പിക്കാൻ കഴിയാത്തത്..? എന്റെ ജീവനായിരുന്നില്ലെ നീ.
നമ്മൾ പരസ്പരം അടുക്കാൻ എത്ര നാളെടുത്തു....? പക്ഷെ, അകലാൻ കുറച്ചു നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ.
നീ യാത്ര പറയുമ്പോൾ എന്റെ നിറയുന്ന മിഴികൾ കണ്ടിട്ടും കാണാതെ പോയതോ..?
പക്ഷെ, സമനില തെറ്റിയ ഈ മനസ്സ് നീ ഇന്നറിയണം.
അന്ന് നിന്നോടൊപ്പം പങ്കിടാൻ എനിക്ക് സമയം തികയാതെ വന്നു...
ഇന്ന് കാലവും, സമയവും തെറ്റിയ ഒരു മനസ്സിന്റെ ഉടമയാണ് ഞാൻ.

ഓരോ അണുവിലും നിന്റെ ചിന്തകൾ...ഓരോ തുടിപ്പിലും നിന്റെ ഓർമ്മകൾ...പിന്നെയെങ്ങനെ എന്റെ സമനില തെറ്റാതിരിക്കും...അല്ലെ.
ഇത് വായിക്കുമ്പോൾ നിനക്കും തോന്നും , ഒരു ഭ്രാന്തന്റെ വെറും ജല്പനങ്ങളെന്നു...
അതെ, മനസ്സിൽ തട്ടിയ പ്രണയം ഹൃദയത്തെ മുറിവേൽപ്പിച്ചു പടിയിറങ്ങി പോകുമ്പോൾ ഭ്രാന്താകും.
പിന്നെ ഇരുട്ടിനെ പ്രണയിക്കും..നിഴലിനെപ്പോലും വെറുക്കും.
നീ ഓർക്കുന്നുണ്ടോ..? എത്ര കാലം കഴിഞ്ഞാലും എന്നെ കൈ വിടരുതെന്ന് നീ പറഞ്ഞത്..?
ഇന്നും ഈ കൈ വിരലുകൾ ശൂന്യമാണ്...അതിൽ വേറെ വിരലുകൾ കോർക്കാൻ ഇനിയൊരിക്കലും കഴിയില്ല.
നമ്മുടെ യാത്ര പാതി വഴിയിൽ അവസാനിച്ചു.
എന്നെ തനിച്ചാക്കി നീ പോയി....അന്ന് ഞാൻ ഒരുപാടു കരഞ്ഞിരുന്നു. സങ്കടങ്ങൾ കരഞ്ഞു തീർക്കണം. നിനക്ക് വേണ്ടി സന്തോഷിക്കാൻ മാത്രമല്ല ,സങ്കടപ്പെടാനും ഈ മണ്ണിൽ ഒരാളു വേണമല്ലോ ,അല്ലെ...
നീ എന്നെ ഓർക്കണം എന്നൊരിക്കലും ഞാൻ വാശി പിടിക്കില്ല. അതിനു എനിക്ക് അവകാശവുമില്ലല്ലോ. നമ്മളൊന്നിച്ചു ഒരു ജീവിതം നമ്മുടെ സ്വപ്നമായിരുന്നു..പക്ഷെ, ആ സ്വപ്നത്തിനു കൂട്ടുവരാൻ നിനക്ക് കഴിഞ്ഞില്ല. ഇനിയൊരിക്കലും കഴിയുകയുമില്ല.
ഈ ഭ്രാന്തന്റെ കാത്തിരിപ്പിനു ഒരു അർത്ഥവുമില്ല....
ഈ മനസ്സിന്റെ സമനില തെറ്റി നിന്റെ വഴിയിൽ ഞാൻ ചിലപ്പോൾ വന്നേക്കാം. അല്ലെങ്കിൽ നിന്റെ വീടിന്റെ മുന്നിൽ വന്നു വിശന്നു പൊരിയുന്ന ഞാൻ യാജിചേക്കാം..
അപ്പോൾ, ഒരു നേരത്തെ ആഹാരം എനിക്ക് നീ തരണം. നിന്റെ മിഴികൾ നിറയാതെ, കണ്ണുനീരിന്റെ ഉപ്പു പടരാതെ ഈ ഭ്രാന്തനു നിന്റെ കൈ കൊണ്ട് വിളമ്പുന്ന ആഹാരം.
നന്ദി വാക്കു പറയാൻ എനിക്ക് കഴിഞ്ഞില്ല എന്ന് വരും...കാരണം, വാക്കുകളൊക്കെ ഞാൻ എന്നെ മറന്നു.
ഒരു ചെറു പുഞ്ചിരിയിൽ എന്റെ നന്ദി പറഞ്ഞു.....നമ്മൾ പ്രണയം പങ്കുവെച്ച ആ ഒറ്റയടി പാതയിലൂടെ ഞാൻ നടന്നകലും..നിന്റെ ഓർമകളുടെ ഭാണ്ഡവും പേറി.....
എന്നു തീരുമെന്നറിയാത്ത ഈ ജീവിതത്തിന്റെ ഭാരവും പേറി......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ