2016 ഏപ്രിൽ 11, തിങ്കളാഴ്‌ച

സ്നേഹം നിറഞ്ഞ വിഷു ആശംസകൾ

ഒരു സ്ഥലത്ത് ജനിച്ച്,
ജീവിക്കാൻ  വേണ്ടി മറുകര തേടിപ്പോയ പാവം മലയാളി...
തിരിച്ച് പോക്കിനെ കുറിച്ചു മാത്രം സ്വപ്നം കാണുന്നു.
സ്വപ്നങ്ങൾക്ക്  ചിറകു മുളച്ചിരുന്നെങ്കിൽ ‍ എത്ര നന്നായേനെ!!
നഷ്ടസ്വപ്നങ്ങളുടെ പാഥേയവും പേറിയുള്ള യാത്ര തുടരുന്നു..
ഈ മരുഭൂമിയിൽ കണിക്കൊന്നയും, വിഷുപ്പുലരിയും വാക്കുകൾക്കിടയിലെ  മഞ്ഞളിപ്പ് മാത്രമാവുന്നു.
ആശംസകൾ  വെറും വാക്കുകളായേക്കാം. നഷ്ടങ്ങളെക്കുറിച്ചുള്ള വിലാപം നരച്ചു നിറം കെട്ട പല്ലവികളാകുന്നു...
ഓർക്കാനും  ഓമനിക്കാനും മധുരമുള്ള വിഷുക്കാഴ്ച്ച മനസ്സിൽ  ഇത്തിരിയെങ്കിലും അവശേഷിക്കുന്നെങ്കിൽ സ്വയം ആശ്വസിക്കുക.
നന്മ നഷ്ടപ്പെടാത്ത നല്ല സൌഹൃദത്തിന്റെ ഒരിത്തിരി സ്നേഹകൂടുതൽ ‍, അതാവട്ടെ ഇക്കുറി നിങ്ങൾക്കും  പ്രിയപ്പെട്ടവർക്കും  എന്റെ വിഷുക്കൈനീട്ടം.
"നഷ്ടപ്പെട്ടതൊക്കെ നല്ലതായിരുന്നു. തിരിച്ചു കിട്ടാത്തതായി പലതും. അതുപോലെ വിഷുകാഴ്ച്ചകളും."
" സ്നേഹം നിറഞ്ഞ വിഷു ആശംസകൾ "

2016 ഏപ്രിൽ 9, ശനിയാഴ്‌ച

" ആ ഓർമകളാണ് ഇന്നുമെന്റെ കണ്ണുനീർ "

"എന്റെ പ്രണയം......"

          തിരിച്ചു കിട്ടാത്ത ആ നല്ല നാളുകളുടെ ഓർമകളിലേക്ക്.....
കളഞ്ഞു പോയ നിധി കാത്തിരിക്കുന്നവർക്ക്.....
വിധിയെ പഴിചാരി വിരഹ വേദന അനുഭവിക്കുന്നവർക്ക്......
കാത്തിരിപ്പിന്റെ വേദന ഇന്നും ഉള്ളിൽ സൂക്ഷിക്കുന്നവർക്ക്..
ആ ഓർമകളിലേക്ക്..!
   
പ്രണയത്തിന്റെ തീവ്രതയിൽ എന്ത് പ്രതിസന്ധി നേരിടേണ്ടി വന്നാലും ഒന്നിക്കുമെന്ന് ശപഥം ചെയുന്നവർ.
ലോകം ഈ പ്രണയത്തോടെ അവസാനിക്കുമെന്ന് കരുതുന്നവർ...
എനിക്ക് നീയും, നിനക്ക് ഞാനുമെന്ന് ഓരോ ദിവസവും ഓർമപെടുത്തുന്നവർ.....
നീയില്ലെങ്കിൽ ഞാനില്ലന്നു മനസ്സുക്കൊണ്ട് ഉരുവിടുന്നവർ...പ്രണയ ലേഖനങ്ങൾക്ക് വാക്കുകൾ കിട്ടാതെ നോവലുകളെയും ,കവിതകളെയും ആശ്രയിക്കുന്നവർ....
അവസാനം അടുത്ത ജന്മത്തിന് വേണ്ടി കാത്തിരിക്കാമെന്ന് നിറ കണ്ണുകളോടെ പറഞ്ഞു ഒന്നുമാകാൻ കഴിയാതെ വേർപിരിയേണ്ടി വരുമ്പോൾ ....
മനസ്സിൽ നിറയുന്ന വേദന മിഴി നിറക്കുമ്പോൾ...
   
                          വേറെ ആരുടെയോ സ്വന്തമാണെന്ന് അറിഞ്ഞിട്ടും , ഓർമകളെ താലോലിച്ചു ,വിധിയെ ശപിച്ചു
പഴയ പ്രണയ ലേഖനങ്ങളിൽ നിദ്രപ്രാപിച്ചു..
എന്തിനൊക്കെയോ കൊതിച്ചു ,ഒന്നുമാകാൻ കഴിയാതെ പോയ നിസ്സഹായ നിമിഷങ്ങൾ.


ആ കാലത്തിന്റെ ഓർമ്മകൾ....ഒരിക്കലും മറക്കാൻ കഴിയാതെ, മനസ്സിന്റെ ഒരു കോണിൽ വാടാതെ നിൽക്കുന്ന പനിനീർപ്പോവുപ്പോലെ.......ആ ഓർമ്മകൾ അതാണ്‌ പ്രണയത്തിന്റെ സുഖം...
ആ നോവുന്ന ഓർമകൾക്കും ഒരു നനുത്ത മഞ്ഞു തുള്ളിയുടെ സുഖമുണ്ട്...
" ആ ഓർമകളാണ് ഇന്നുമെന്റെ കണ്ണുനീർ "


       
       

2016 ഏപ്രിൽ 8, വെള്ളിയാഴ്‌ച

"കുന്നത്തൊരു കാവുണ്ട്...
കാവിനടുത്തൊരു മരമുണ്ട്....
മരത്തിൽ നിറയെ പൂവുണ്ട്...
പൂ പറിക്കാൻ പോരുന്നോ പൂങ്കുയിലേ പെണ്ണാളെ.....
അച്ഛൻ കാവില് പോയാല്....
അമ്മ വിരുന്നു പോയാല്...
ആടിപാടാൻ പോരാമോ പൂങ്കുയിലേ പെണ്ണാളെ...."

ഇനിയൊരു ജന്മം ഇനിയില്ല.. ഇനിയൊരു പ്രണയം ഇനി വയ്യ

ഓർമ്മിക്കാൻ ഒരുപാട് ഓർമകളില്ല...
കാണാൻ ഒരുപാട് സ്വപ്നങ്ങളുമില്ല...
എനിക്ക് വേണ്ടി നീയും, നിനക്ക് വേണ്ടി ഞാനും കാത്തിരിന്നില്ല.....
അതുക്കൊണ്ട് വിരഹ വേദനയുമില്ല....
നമ്മൾ ഒരുപാടൊന്നും ആഗ്രഹിച്ചില്ല... കാരണം, ഒരിക്കലും ഒന്നാകാൻ നമ്മൾക്ക് കഴിയില്ലായിരുന്നു.....
ബന്ധങ്ങളും, ബന്ധനങ്ങളും നമ്മുക്ക് ചുറ്റും ഒരു മുള്ളുവേലി തീർത്തിരുന്നു....
മതത്തിന്റെ മതിൽ കെട്ടുകൾ നമ്മുക്കിടയിൽ ഉറച്ച പാറപ്പോലെ നിന്നിരുന്നു.
ഏതോ ഒരു മഞ്ഞുവീണ  നനുത്ത പ്രഭാതത്തിൽ നമ്മൾ കണ്ടുമുട്ടി.
നമ്മുക്ക് മുന്നിൽ ഒരുപാടു പുലരികൾ ചിരിച്ചും,കരഞ്ഞും മറഞ്ഞുപോയി...
ഇഷ്ടമാണെന്ന് പരസ്പരം പറഞ്ഞ ,ഒരു ചുവന്നു തുടുത്ത പ്രഭാതം നമ്മുക്കുണ്ടായിരുന്നു.
എന്നും ഓർത്തിരിക്കാൻ ഒരു പ്രഭാതം.
ആ നാട്ടുവഴിയിൽ നമ്മുക്ക് തണൽ വിരിച്ച മരങ്ങൾ...എനിക്കും നിനക്കും മാത്രമായി വിരിഞ്ഞ പൂക്കൾ.
അടുത്ത ജന്മത്തിൽ ഒന്നിക്കാമെന്ന് പറഞ്ഞു നമ്മൾ പിരിയുമ്പോൾ ,എനിക്കും നിനക്കും അറിയാമായിരുന്നു....ഇനിയൊരു ജന്മം ഉണ്ടാകില്ലന്നു....
"ഇനിയൊരു ജന്മം ഇനിയില്ല..
 ഇനിയൊരു പ്രണയം ഇനി വയ്യ...."

2016 മാർച്ച് 18, വെള്ളിയാഴ്‌ച

എന്റെ ഹൃദയത്തിന്റെ ഉടമക്ക്

എന്റെ ഹൃദയത്തിന്റെ ഉടമക്ക്...,
സുഖമാണോ...?
കുറെ നാളുകൾക്ക് ശേഷം നിനക്ക് വേണ്ടി എഴുതണമെന്നു തോന്നി..
ഇത് വായിക്കുമ്പോൾ നിനക്ക് നമ്മുടെ പഴയ നാളുകളുടെ ഓർമയിലേക്ക് പോകാൻ കഴിഞ്ഞാൽ , നിന്റെ മനസ്സിന്റെ ഒരു കോണിൽ ഞാൻ ഇപ്പോഴുമുണ്ടാകും...അതല്ലങ്കിൽ ആ മനസ്സിൽ ഞാൻ മരിച്ചു കഴിഞ്ഞിട്ടുണ്ടാകും..
പ്രണയത്തിന്റെ പൂക്കൾ എന്നിലും ,നിന്നിലും നിറച്ച ആ പഴയ സ്ഥലത്ത് ഞാൻ ഇന്ന് പോയിരുന്നു...നിനക്ക് ഓർമ്മയുണ്ടോ....? ആ സായാഹ്നങ്ങൾ...നീയും ഞാനും സ്വപ്‌നങ്ങൾ മെനെഞ്ഞെടുത്ത, വിശേഷങ്ങൾ പങ്കുവെച്ച നിമിഷങ്ങൾ. അവിടെ നിറയെ ആളുകൾ കാണും. എന്നാലും നമ്മൾ രണ്ടുപേരും മാത്രമുള്ള ഒരു ലോകം മാത്രമായി നമുക്ക് തോന്നും.
ഇന്ന് ഞാൻ അവിടെ പോകുമ്പോൾ ഒരു ശൂന്യത മാത്രം. നിറയെ ഏകാന്തത....
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകൾ...
ഒരിക്കലും മറക്കാൻ കഴിയാത്ത കുറെ ഓർമ്മകൾ...
എന്നെ തിരഞ്ഞു കുറെ സമയം നീ അവിടെ ,ആ പടികളിൽ ഇരിക്കുമായിരുന്നു....എന്നെ കാണുമ്പോൾ നിന്റെ കണ്ണുകളിൽ നിറയുന്ന സന്തോഷം കാണുമ്പോൾ എന്റെ മനസ്സ് നിറയും. ലോകം വെട്ടി പിടിച്ച ഒരു യോദ്ധാവിന്റെ ഭാവമായിരുന്നു എനിക്ക്....
പിന്നെ സമയം പോകുന്നതു ശര വേഗത്തിലായിരിക്കും...ആ ദിവസത്തെ വിശേഷങ്ങൾ പങ്കുവെക്കും...പിന്നെ...നമ്മുടെ സങ്കല്പങ്ങൾ, സ്വപ്നങ്ങൾ .....അപ്പോഴേക്കും നമ്മൾ പോലുമറിയാതെ നമ്മുടെ മിഴികൾ ഒരുപാട് മിണ്ടിയിരിക്കും..സമയം നമുക്ക് വേണ്ടി കാത്തു നിൽക്കാതെ ഓടിക്കൊണ്ടിരിക്കും..സൂര്യന് കുങ്കുമ വർണ്ണമായി കഴിഞ്ഞിട്ടുണ്ടാകും....ആ വർണ്ണം നിന്റെ മുഖത്തിന്റെ തുടിപ്പ് കൂട്ടിയിട്ടുണ്ടാകും...
പിന്നെയും പറഞ്ഞു തീരാത്ത വിശേഷങ്ങളും ,സ്വപ്നങ്ങളും ബാക്കിയായിരിക്കും.
നിന്നെ യാത്രയാക്കുമ്പോൾ ...അകന്നു പോകുന്ന ആ ബസ്സിന്റെ സൈഡ് സീറ്റിലിരിന്നു നീ തിരിഞ്ഞു നോക്കുമ്പോൾ എന്റെ മനസ്സൊന്നു പിടയും...ആ തിരിഞ്ഞു നോട്ടമാണ് എന്നെ ഇപ്പോഴും ഈ പഴയ സ്ഥലത്ത് എത്തിച്ചത്....
അങ്ങനെ നിന്റെ ഓർമകളുമായി, നിറയെ നിലാവുമായി രാത്രി കടന്നു വരും..
പിന്നെ നിനക്കുള്ള പ്രണയ ലേഖനം എഴുതുന്ന സുന്ദരമായ രാവ്...
പ്രണയ സുന്ദരമായ , അക്ഷരങ്ങളിൽ നിന്റെ മുഖമായിരിക്കും...അക്ഷരങ്ങൾ വാക്കുകളായി പിറവിയെടുക്കും...അവസാനം നിന്റെ സ്വന്തം എന്നെഴുതി നിർത്തും...
ആ വരികളിൽ എവിടെയും അതിരുവിട്ട ഒരു വാക്കുകൾ പോലും വരാതെ ഞാൻ ശ്രമിക്കും..അതായിരുന്നല്ലൊ നമ്മുടെ പ്രണയത്തിന്റെ സത്യം....വിരൽ തുമ്പുകളിൽ പോലും സ്പർശിക്കാതെ ,അതിരുവിട്ട ഒരു വാക്കുപോലും പറയാതെ നമ്മുടെ പ്രണയം...
പിന്നെ പുലരാൻ വേണ്ടി നിദ്രയുടെ ആഴങ്ങളിലേക്ക് ഞാൻ കണ്ണടച്ച് കഴിഞ്ഞാലും സ്വപ്നങ്ങളിൽ നീ മാത്രമായിരിക്കും...അങ്ങനെ എത്ര ദിനങ്ങൾ കഴിഞ്ഞു പോയി..നീയും ഞാനും മാത്രമുള്ള കുങ്കുമ വർണ്ണങ്ങളുള്ള സായാഹ്നങ്ങൾ...അന്ന് നീ പറഞ്ഞത് ഓർമ്മയുണ്ടോ..? നമ്മൾ ഒന്നിച്ചുള്ള ജീവിതം തുടങ്ങി കഴിഞ്ഞിട്ട് ഇവിടെ വരണമെന്ന്....അത്രയ്ക്ക് പ്രീയപ്പെട്ടതായിരുന്നു നമ്മുക്കിവിടം. ഇപ്പോൾ നീ പറഞ്ഞത് ഞാൻ ഓർത്ത്‌ പോയി....ഞാൻ ഇന്നും ഇവിടെ വന്നു....ഏകനായി...
അവസാനമായി നമ്മൾ ഒന്നിച്ച ആ വൈകുന്നേരം നിനക്ക് ഓർമ്മയുണ്ടോ...?
ഒരിക്കലും പിരിയില്ലന്നു പറഞ്ഞ നമ്മളെ വേർപിരിച്ച ആ നശിച്ച ദിവസം...
വിശേഷങ്ങൾ പങ്കുവെച്ചും, സ്വപ്‌നങ്ങൾ നെയ്തും സമയം ഒരുപാടു കടന്നുപോയി. സൂര്യന്റെ കുങ്കുമ വർണ്ണം വന്നതും സന്ധ്യക്ക്‌ വഴി മാറിയതും നമ്മൾ അറിഞ്ഞില്ല...നീ പോകേണ്ട ബസ്‌ വന്നതും പോയതും നമ്മൾ അറിഞ്ഞില്ല..അതോ അറിഞ്ഞിട്ടും കുറച്ചു നേരം കൂടി അടുത്തിരിക്കാൻ വേണ്ടി നമ്മൾ അറിയാതെ പോയതോ....
ഒരുപാടു വൈകിയെന്നു അറിഞ്ഞപ്പോൾ നിന്റെ മുഖത്ത് നിറഞ്ഞ പേടി എന്റെ മനസ്സിൽ ഇപ്പോഴും മുള്ളുപോലെ തറക്കുന്നുണ്ട്....
ആദ്യമായി നിന്നെ വീട്ടിൽ കൊണ്ട് വിടാനുള്ള ഭാഗ്യം എനിക്കുണ്ടായി..പക്ഷെ, അത് നമ്മുടെ ജീവിതത്തിന്റെ അവസാന യാത്ര ആയിരുക്കുമെന്നു നമ്മൾ കരുതിയില്ല....
നിന്റെ വീടിന്റെ മുമ്പിൽ നിന്നെ ഇറക്കി വിടുമ്പോൾ ഇരുട്ട് വീണിരിന്നു...നിന്നെ കാത്തിരിന്ന നിന്റെ വീട്ടുകാരുടെ മുന്നിലേക്ക്‌ നിന്നെ വിടുമ്പോൾ ആദ്യമായി നിന്റെ കവിൾതടത്തിൽ നിന്റെ അമ്മയുടെ കരം പതിഞ്ഞത് ഞാൻ അറിഞ്ഞിരുന്നു...പിന്നെ ശകാരങ്ങളുടെ പെരുമഴയും...അന്ന് നിന്റെ കൈയിൽ പിടിച്ചു ഞാൻ പറഞ്ഞതല്ലേ എന്റെ കൂടെ വരാൻ..
നിന്റെ കരഞ്ഞു കലങ്ങിയ കണ്ണുകളിലെ നിസ്സഹായത ഇന്നും ഞാൻ ഓർത്തെടുക്കുന്നു...ഇപ്പോൾ പോയിക്കോളു....., ഇനി ഒരിക്കൽ ഞാൻ ഇറങ്ങി വരാം എന്ന് ഇടറുന്ന വാക്കുകളോടെ പറഞ്ഞു നീ തിരിഞ്ഞു നടക്കുമ്പോൾ ഞാൻ കരുതിയില്ല , വിധി കാത്തുവെച്ച വേർപിരിയൽ അവിടെ തുടങ്ങിയെന്ന്....
പിന്നീടൊന്നു കാണാൻ വേണ്ടി എത്ര ശ്രമിച്ചിട്ടും ഒരിക്കലും കഴിഞ്ഞില്ല. അപ്പോഴേക്കും നിന്റെ വീട്ടുകാർ നിന്റെ വീട്ടിൽ തന്നെ ഒരു തടവറ തീർത്തിരുന്നു.....ആ തടവറയിൽ നിന്റെ വിങ്ങുന്ന മുഖം എന്റെ ഹൃദയത്തെ വല്ലാതെ നൊമ്പരപ്പെടുത്തി കൊണ്ടിരുന്നു...അങ്ങനെ ദിവസ്സങ്ങൾ ഒരുപാടു കഴിഞ്ഞു.....കലണ്ടറിന്റെ താളുകൾ മറഞ്ഞുക്കൊണ്ടിരുന്നു..
ഒരു യാത്രപോലും പറയാൻ കഴിയാതെ ഈ മരുഭൂവിലേക്ക് ഞാൻ വിമാനം കയറി..നിന്റെ ഓർമകളുമായി ,നമ്മൾ കണ്ട സ്വപ്നം സഫലമാക്കാൻ വേണ്ടി...ഈ നാടിനെ ഞാൻ സ്നേഹിച്ചു.....വീണ്ടും വർഷങ്ങൾ കടന്നുപോയി..
ഈ വർഷത്തിന്റെ ഇടയ്ക്കു നിന്നെ കുറിച്ച് ഞാൻ നാട്ടിലുള്ള ആരോടും അന്വേഷിച്ചില്ല....അതായിരുന്നു എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്...
പക്ഷെ, നിന്റെ നീരണിഞ്ഞ കണ്ണുകൾ എന്നെ തിരഞ്ഞു. പലരോടും തിരക്കി...എന്റെ ഒരു വിവരങ്ങളും നിനക്ക് അറിയാൻ കഴിഞ്ഞില്ല.
അങ്ങനെ, ഞാൻ നിന്നെ മറന്നു എന്ന് കരുതി നീ ഒരുപാടു കരഞ്ഞിട്ടുണ്ടാകും.....വേരെയൊരു ജീവിതം നീ തിരഞ്ഞെടുത്തു..നീ അറിഞ്ഞില്ലല്ലോ പെണ്ണെ, നമ്മൾ കണ്ട സ്വപ്നം സഫലമാക്കാൻ ഞാൻ ഈ മരുഭൂമിയോട് പൊരുതുകയാണെന്നു.....
എവിടെയാണെങ്കിലും നീ സുഖമായും സന്തോഷമായും കഴിയണമെന്ന പ്രാർത്ഥന മാത്രമെ എനിക്കുള്ളൂ....
ഇപ്പോൾ ഈ സായാഹ്നത്തിന് കുങ്കുമ നിറമില്ല....
നിന്റെ സാമീപ്യമായിരുന്നൊ ഈ സായാഹ്നത്തിന് വർണ്ണം നല്കിയത്..?
ഈ പടികെട്ടുകളിൽ നീയുമില്ല...നിന്റെ നീറുന്ന ഓർമ്മകൾ മാത്രം....
എന്റെ ജീവിതത്തിൽ നീയില്ലെങ്കിലും എന്റെ ഹൃദയത്തിൽ നീയായിരിക്കും...
ഇപ്പോഴും എന്റെ ഹൃദയത്തിന്റെ ഉടമ നീ തന്നെയാണ്.....
നിർത്തട്ടെ.....
സ്നേഹത്തോടെ........

2016 ഫെബ്രുവരി 1, തിങ്കളാഴ്‌ച

നിന്‍റെ ഓര്‍മകളാണ്......എന്‍റെ കണ്ണുനീര്‍......"

"നീ എനിയ്ക്ക് സമ്മാനിച്ച
സ്നേഹാര്‍ദ്ര നിമിഷങ്ങള്‍ക്ക്....
സൌഹൃദം പകര്‍ന്ന വിശ്വാസത്തിനു.....
പ്രതീക്ഷകള്‍ക്ക് സ്വപ്നങ്ങള്‍ക്ക്.....
പരിമിതികള്‍ക്കുള്ളില്‍ നിന്നും....
എനിക്കായ് പൊഴിച്ച കണ്ണുനീരിനു....
മനസ്സില്‍ അടുക്കി വയ്ച്ച വേദനകള്‍ക്ക്.....

എവിടെയോ മറഞ്ഞു നിന്ന്...
വിധിയെന്ന് എഴുതി തള്ളിയ
എന്‍റെ നിസ്സഹായതയ്ക്ക്‌......
ഒരുപാട് ദൂരെ ആണെന്ന് അറിഞ്ഞിട്ടും....
എന്നെ മാത്രം തിരഞ്ഞ
നിന്‍റെ നീരണിഞ്ഞ കണ്ണുകള്‍ക്ക്‌....

എനിക്ക് നഷ്ടമായ....
എന്‍റെ സുന്ദരി കുട്ടിക്ക്....
ഇനിയൊരിയ്ക്കലും തിരിച്ചു കിട്ടാത്ത....
ആ നല്ല നാളുകള്‍ക്കു.....

മുത്തേ..........
നിന്‍റെ ഓര്‍മകളാണ്......എന്‍റെ കണ്ണുനീര്‍......"

2016 ജനുവരി 16, ശനിയാഴ്‌ച

ഓർമ്മകൾ മരിക്കുമോ...

വീണ്ടുമൊരു കണ്ടുമുട്ടൽ...
ഒരിക്കലും പ്രതീക്ഷിക്കാതെ....
പണ്ടെങ്ങോ പറയാൻ ബാക്കി വെച്ച പ്രണയത്തിന്റെ പൂവിതളുകൾ വിരിയിക്കാൻ..

    ഇതുവരെ കാത്തുവെച്ച വിരഹ വേദനയുടെ കണ്ണുനീർ പൊടിപ്പിക്കാൻ...
ആരോടും പരിഭവമില്ലാതെ ,ആരെയും വേദനിപ്പിക്കാതിരിക്കാൻ , നമ്മൾ സ്വയം വേദനിച്ചു. എന്റെയും നിന്റെയും കണ്ണുനീരിന്റെ ചൂട് അത് ആരുമറിഞ്ഞില്ല.
നീണ്ട പത്തു വർഷങ്ങൾ കഴിഞ്ഞു പോയി...ഒരിക്കൽ പോലും ഒന്ന് കാണാൻ കഴിയാതെ നമ്മളുടെ പിന്നിലേക്ക്‌ പോയി മറഞ്ഞത് പത്തു വർഷങ്ങൾ...
ജീവിതത്തിന്റെ വസന്തകാലം തന്നെ കടന്നുപോയി..എന്നിട്ടും നമ്മൾ കാത്തിരിന്നു....എന്നെങ്കിലുമൊരിക്കൽ കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ..
നിന്റെ കണ്ണോടു കണ്ണ് നോക്കി ,ചുണ്ടോടു ചുണ്ട് ചേർത്ത് പറയണമെന്ന് ,ഞാൻ സത്യമായിരുന്നെന്ന്...എന്റെ സ്നേഹം സത്യമായിരുന്നെന്ന്.....
  ഇനിയൊരിക്കൽ നമ്മൾ നടന്നു തീർത്ത വഴികളിൽ പരസ്പരം കാണുമ്പോൾ ,പറയാൻ ബാക്കിവെച്ചത് എന്തായിരുന്നു...?
     വാടി കരിഞ്ഞ പൂക്കൾപ്പോലെ..,നമ്മുടെ പ്രണയവും കരിഞ്ഞു പോയന്നോ..?
അതോ ഇനി വരുന്ന ജന്മത്തിൽ നമ്മൾക്ക്
ഒന്നാകമെന്നോ....?
എന്തായാലും നഷ്ടങ്ങൾ സംഭവിച്ചത് എനിക്കും നിനക്കും മാത്രമായിരുന്നു...വേദനയുടെ മുള്ളുകൾ തറഞ്ഞു കയറിയത് നമ്മുടെ ഹൃദയത്തിലായിരുന്നു...ആരും കാണാതെ മിഴിനീർ ഒഴുക്കിയത് നമ്മൾ മാത്രമായിരുന്നു....
  ഇനിയും കാത്തിരിക്കാം, നീ എപ്പോഴും പറയുന്നതുപ്പോലെ..., അടുത്ത ജന്മത്തിൽ...