2016 ജൂലൈ 28, വ്യാഴാഴ്‌ച

ഒരു മോഹം പൂവണിയുമ്പോൾ...

ഈ അനാഥമന്ദിരത്തിന്റെ ഓരോ മുക്കും, മൂലയും ലക്ഷ്മിയ്ക്ക് നിശ്ചയമാണ്...

ഇതിന്റെ ചുവരുകളിൽ ലക്ഷ്മിയുടെ കുഞ്ഞുകൈപ്പാടുകൾ വിരിയിച്ച കുട്ടികാലമുണ്ട്.

ഈ നാലുചുവരുകൾക്കിടയിൽ സ്വപ്നം കണ്ട കൗമാരമുണ്ട്..

നിറങ്ങളില്ലാത്ത ജീവിതത്തിൽ, മോഹങ്ങൾ അടക്കിവെച്ചു തേങ്ങിയ എത്രയോ രാത്രികൾ ലക്ഷ്മിയ്ക്ക് ഈ അനാഥമന്ദിരത്തിൽ സ്വന്തം...

അവൾ ഇന്നു സുമംഗലിയായി ഈ പടികൾ ഇറങ്ങുകയാണ്...അവളുടെ സ്വപ്നങ്ങൾക്ക് ചിറകു വിരിയുകയാണ്.....!

പ്രണയത്തിന്റെ തീവ്രതയിൽ , കാമമെന്ന വികാരം ഉടലെടുത്തപ്പോൾ ലക്ഷ്മിയുടെ അമ്മ അംബികയ്ക്കു ജീവിതത്തിന്റെ മുന്നോട്ടുള്ള വഴിയിൽ നിറകണ്ണുകളോടെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. പ്രാണന് തുല്യം സ്നേഹിച്ചവൻ അംബികയുടെ ശരീരത്തിന്റെ സൗന്ദര്യം ആസ്വദിച്ചുകഴിഞ്ഞു പടിയിറങ്ങുമ്പോൾ ഒന്നു കരയാൻ മാത്രമേ അംബികയ്ക്കു സാധിച്ചുള്ളൂ. പിഴച്ചവളെന്നു വീട്ടുകാരും, ബന്ധുക്കളും മുദ്രകുത്തി പരിഹസിച്ചപ്പോഴും, അവളുടെ നേരെ ചീറിയടുത്തപ്പോഴും ജീവനുതുല്യം സ്നേഹിച്ചവൻ സമ്മാനിച്ച കുരുന്നു ജീവനെ കൊല്ലാൻ അംബികയ്ക്കു മനസ്സ് വന്നില്ല.

എല്ല പ്രതിബന്ധങ്ങളെയും തകർത്തു ലക്ഷ്മിയ്ക്ക് ജീവൻ നൽകിയപ്പോൾ മരണത്തിന്റെ തണുത്ത കരങ്ങൾ ആ പ്രസവ മുറിയിൽവെച്ചു അംബികയെ പുണർന്നു.. പിഴച്ച സന്തതിയെന്ന് പഴിചാരി അംബികയുടെ വീട്ടുകാർ ആ കുഞ്ഞിനെ ആശുപത്രയിൽ തന്നെ ഉപേക്ഷിച്ചു.. അവിടിന്നങ്ങോട്ടു ഈ അനാഥമന്ദിരം ലക്ഷ്മിയ്ക്ക് വീടായി. അവിടെയുള്ള അമ്മമാർ ലക്ഷ്മിയുടെയും അമ്മമാരായി..അങ്ങനെ അവളുടെ കുഞ്ഞുകാൽപ്പാടുകൾ ഈ മുറ്റത്തു, വരാന്തയിൽ  പിച്ചവെച്ചു നടന്നു....

എല്ലാവർക്കും ലക്ഷ്മിയെ വലിയ ഇഷ്ടമായിരുന്നു..അവളുടെ ചിരിയിൽ, കളിയിൽ ആ നാലുചുവരുകൾക്കിടയിൽ പലരും ദുഃഖങ്ങൾ മറന്നു...ലക്ഷ്മിയുടെ ഓർമയിൽ അച്ഛനും, അമ്മയുമെല്ലാം അവിടുത്തെ അന്തേവാസികളായിരുന്നു. വളർന്നു വന്നപ്പോൾ അവൾക്കു മനസ്സിലായി , അനാഥത്വം എന്ന സത്യം. അവൾ ഋതുമതി ആയപ്പോൾ ഒരമ്മയുടെ സാമീപ്യം ആഗ്രഹിച്ചു. ഒരച്ഛന്റെ സംരക്ഷണം കൊതിച്ചു. പക്ഷേ, ലക്ഷ്മിയ്ക്ക് അറിയാമായിരുന്നു. ഇതൊന്നും തന്റെ ജീവിതത്തിൽ ഒരിക്കലും കടന്നു വരാത്ത സൗഭാഗ്യങ്ങളാണെന്ന്. സ്വപ്നങ്ങൾ അവളുടെ മനസ്സിൽത്തന്നെ  മരിച്ചു കിടന്നു.....

അനാഥമന്ദിരത്തിന്റെ കീഴിലുള്ള വിദ്യാലയത്തിൽത്തന്നെ ലക്ഷ്മിയും പഠിച്ചു. ഒരു നേർഴ്സ്സ് ആകണമെന്നായിരുന്നു അവളുടെ ആഗ്രഹം. തന്നെ വളർത്തി വലുതാക്കിയ അമ്മമാരേ ശുശ്രുഷിച്ചു ജീവിതം ജീവിച്ചു തീർക്കണം. അത്രയേ ലക്ഷ്മിയുടെ മനസ്സിൽ സ്വപ്നമായുള്ളു...

ഈ ആശുപത്രിയിൽ വെച്ചാണ് വരുണിനെ ലക്ഷ്മി പരിചയപ്പെടുന്നത്. വരുണിന്റെ അമ്മയെ സുഖമില്ലാതെ ഈ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടു രണ്ടു ദിവസമായി. വരുണല്ലാതെ വേറാരും അമ്മയെ കാണാൻ വരുന്നില്ലെന്ന് ലക്ഷ്മിയ്ക്ക് മനസ്സിലായി. വരുൺ പുറത്തുപോകുമ്പോൾ ആ അമ്മയ്ക്ക് സഹായി ലക്ഷ്മിയായി. അമ്മയും ലക്ഷ്മിയുമായി ഒരാത്മബന്ധം വളർന്നു.

വരുണിന്റെ അച്ഛൻ മരിച്ചുപോയി. ഒറ്റ മകനാണ് വരുൺ. ബന്ധുക്കളുമായി പണ്ടുമുതലേ അകന്നു കഴിയുന്നവരാണ് ആ അമ്മയും മകനും. അമ്മയെ ഒറ്റയ്ക്കാക്കിട്ടു വരുണിനു ജോലിയ്ക്കു പോകാനും താല്പര്യമില്ല. വീടും, കൃഷിയും നോക്കി വരുൺ അമ്മയോടൊപ്പം തന്നെക്കൂടി. ലക്ഷ്മിയുടെ ജീവിതവും ആ അമ്മ അറിഞ്ഞു...

ദിവസവും അടുത്തുള്ള ഇടപഴകൽ വരുണിന്റെ മനസ്സിൽ ലക്ഷ്മിയോടുള്ള പ്രണയത്തിന്റെ പൂമൊട്ടുകൾ വിരിയിച്ചു. തന്റെ അമ്മയ്ക്ക് പ്രാണനാഥൻ സമ്മാനിച്ച തെറ്റാണു താനെന്നു ലക്ഷ്മിയ്ക്ക് അന്തേവാസികൾ പറഞ്ഞറിവുണ്ട്. അതുകൊണ്ടു പ്രണയമെന്നത് ലക്ഷ്മിയുടെ മനസ്സിൽ ഭയത്തിന്റെ മൂടുപടം എപ്പോഴും അണിഞ്ഞിരുന്നു..

വരുൺ , അവന്റെയിഷ്ടം അമ്മയോട് തന്നെ പറഞ്ഞു . ഒരു മകളെപ്പോലെ തന്നെ ശുശ്രുഷിയ്ക്കുന്ന ലക്ഷ്മിയെ ആ അമ്മയ്ക്ക് ജീവനായിരുന്നു. അങ്ങനെയാണ് ആ അനാഥമന്ദിരത്തിന്റെ പടികൾ ലക്ഷ്മിയെ ചോദിച്ചു ആ അമ്മയും മകനും കയറിയത്....

ഇന്ന് വരുണിന്റെ ജീവിതത്തിലേക്ക് ലക്ഷ്മി വലതുകാൽവെച്ചു കയറുകയാണ്. അവളുടെ സ്വപ്നങ്ങൾക്ക് നിറങ്ങൾ വെയ്ക്കുകയാണ്. അനാഥത്വത്തിന്റെ കയ്പുനീരിൽ നിന്നു...സ്നേഹത്തിന്റെ, സംരക്ഷണതയുടെ കരങ്ങളിലേക്ക് ലക്ഷ്മി അലിയുകയാണ്...
ഒരു നൂറു സ്വപ്നങ്ങളുമായി....!

2016 ജൂലൈ 27, ബുധനാഴ്‌ച

ഒരു മിഴിനീർകണത്തിനപ്പുറം...

അഖിലയ്ക്കു സങ്കടവും, ദേഷ്യവും അടക്കാൻ കഴിയുന്നില്ല. ഈ മനുഷ്യനെയാണോല്ലോ ഈശ്വര ഹൃദയത്തിൽ ജീവനുതുല്യം കൊണ്ടുനടന്നത്...? അഖിലയുടെ മനസ്സ് നെരിപ്പോടുപ്പോലെ പൊള്ളി...!

അഖിലയുടെയും, സുരേഷിന്റെയും വിവാഹം കഴിഞ്ഞിട്ട് ആറുവർഷമായി. സുന്ദരമായ ജീവിതം. ആ സുന്ദര ദാമ്പത്യ ജീവിതത്തിൽ ആദിയും പിറന്നു . പക്ഷേ, ഇപ്പോൾ ആ ജീവിതത്തിൽ പുകച്ചിലുകൾ ഉയരുന്നു . സംശയത്തിന്റെ ചെറിയ തീക്കനൽ അഖിലയുടെ മനസ്സിൽ നീറിക്കൊണ്ടിരിയ്ക്കുന്നു.

എന്തു ചോദിച്ചാലും സുരേഷ് ദേഷ്യപ്പെടുന്നു. മൊബൈൽ ബെല്ലടിയ്ക്കുമ്പോൾ മാറിനിന്നു സംസാരിയ്ക്കുന്നു. അഖില ആദ്യമൊന്നും കാര്യമാക്കിയില്ല. ഫോൺ വിളി കഴിഞ്ഞു വരുമ്പോൾ സുരേഷിന്റെ മിഴികൾ നിറഞ്ഞിരിയ്ക്കുന്നതു കണ്ടപ്പോൾ അഖില പലവട്ടം കാര്യങ്ങൾ തിരക്കി. സുരേഷ് മറുപടി പറയാതെ ദേഷ്യത്തോടെ ഒഴിഞ്ഞു മാറിയപ്പോൾ അഖിലയ്ക്കു സംശയമായി.

കഴിഞ്ഞ ദിവസം സുരേഷിന്റെ ഫോണിൽ നിന്നു അഖില നമ്പർ എടുത്തു വിളിച്ചു നോക്കി. " ഹലോ ഇതാരാണ്...? മറുവശത്തു ഒരു സ്ത്രീ ശബ്ദം . ഗായത്രിയാണ് . ഇതാരാണ്..? അപ്പോഴേക്കും അഖിലയുടെ സിരകളിലൂടെ ഒരു വിറയൽ ഇരമ്പിയാർത്തു.. ആരാണ് എന്നു ചോദിച്ചുകൊണ്ടു വീണ്ടും ആ ശബ്ദം അഖിലയുടെ കാതിൽ അലയടിച്ചു.

ഗായത്രി...' ഈ പേര് വിവാഹം കഴിഞ്ഞ അന്നു അഖില കേട്ടതാണ്. സുരേഷ്‌തന്നെ പറഞ്ഞതാണ്. ജീവനുതുല്യം ഇഷ്ടപ്പെട്ടിരുന്നു രണ്ടുപേരും. പക്ഷേ, സാമ്പത്തികമില്ലാത്ത ഗായത്രിയെ ആ വീട്ടിലേക്കു വലതുകാൽവെച്ചു കയറ്റാൻ അച്ഛനും, അമ്മയ്ക്കും താല്പര്യമില്ലായിരുന്നു. അവരുടെ വാക്കുകൾ ധിക്കരിയ്ക്കാൻ സുരേഷിനും കഴിഞ്ഞില്ല.

ഇതുകേട്ട് അന്നു അഖില സുരേഷിനോട് പറഞ്ഞതാണ്. സുരേഷേട്ടാ.., കഴിഞ്ഞതു കഴിഞ്ഞു. ആ സ്നേഹം എനിയ്ക്കു തന്നൂടെ....ഇനി നമ്മുടെ ജീവിതത്തിൽ അങ്ങനെയൊരു പേരുപോലും വരരുത്. ഈ ആറു  വർഷത്തിനിടയ്ക്കു അറിയാതെപ്പോലും  സുരേഷ് പഴയ ജീവിതത്തിലേക്ക് പോയിട്ടില്ല. പക്ഷേ, ഇപ്പോൾ....! വീണ്ടും പഴയ പ്രണയം പുനർജനിച്ചുവോ..! അവൾക്കും, ഭർത്താവും, മക്കളും കാണില്ലേ. ഇങ്ങനെയും സ്ത്രീകളുണ്ടോ...? നശിച്ചവൾ..എന്റെ കുടുംബം തകർക്കാൻ വന്ന യക്ഷി. അഖില ഗായത്രിയെ മനമുരുകി ശപിച്ചു. ഇതാണ് ഇപ്പോൾ അഖിലയുടെ അവസ്ഥ...

അഖില ഒരു തീരുമാനമെടുത്തു. ഇന്നുതന്നെ ഗായത്രിയെ കാണണം. എന്തിനാണ് അവരുടെ ജീവിതത്തിന്റെ ഇടയിൽ ഞാനൊരു മുള്ളായി കഴിയുന്നത്..? ഇന്നുതന്നെ മോനെയുംകൊണ്ട് വീട്ടിലും പോകണം. സുരേഷ് ജോലിയ്ക്കു പോയതിന്റെ പുറകെ അഖില ഗായത്രിയെ വിളിച്ചു. ഗായത്രി...ഞാൻ അഖിലയാണ്. സുരേഷിന്റെ ഭാര്യ. ഏട്ടൻ എന്നോട് എല്ലാം പറഞ്ഞു . ഒന്നുകാണാൻ പറ്റുമോ ഇന്ന്..? അഖില ചേച്ചി പേര് കേട്ടപ്പോൾ തന്നെ മനസ്സിലായി. സുരേഷേട്ടൻ എല്ലാം പറഞ്ഞോ..? ഞാൻ പറഞ്ഞതാണ് ചേച്ചിയോട് ഒന്നും പറയണ്ടാന്ന്.... അഖിലയ്ക്കു ദേഷ്യം അടക്കാൻ കഴിയുന്നില്ല. എന്നാലും കടിച്ചു പിടിച്ചു. ഇവളെയൊന്നു നേരിട്ട് കാണണമല്ലോ.

ഗായത്രി പറഞ്ഞ സ്ഥലവും, മേൽവിലാസവും മനസ്സിൽ പതിപ്പിച്ചിട്ടു ആദിമോനെയും എടുത്തു, ഒരു ഓട്ടോ വിളിച്ചു ഗായത്രിയുടെ വീട് ലക്ഷ്യമാക്കി നീങ്ങി. പൊള്ളുന്ന മനസ്സുമായി....

ഗായത്രിയുടെ വീടിനു മുന്നിൽ ഇറങ്ങുമ്പോൾ അഖില ചുറ്റുപാടും ശ്രദ്ധിച്ചു. പൊട്ടി പൊളിഞ്ഞു വീഴാറായ ഒരു പഴയ വീട്. മുറ്റത്തു ആദിയുടെ പ്രായമുള്ള ഒരു പെൺകുഞ്ഞു തനിയെ ഇരിന്നു കളിയ്ക്കുന്നു. ഓട്ടോയുടെ ശബ്ദം കേട്ടു ആ കുഞ്ഞു അമ്മേ എന്നു വിളിച്ചു അകത്തേക്ക് ഓടിപോയി. അകത്ത് നിന്നും ഒരു മധ്യവയസ്‌ക പുറത്തേക്കു വന്നു. അഖില മോളല്ലേ. ഗായത്രി പറഞ്ഞിരുന്നു. അകത്തേക്ക് വാ മോളേ.... അഖില വീടിനുള്ളിലേക്ക് കയറി. അധികം വെളിച്ചമില്ലാത്ത ഒരു മുറിയിൽ നിന്നൊരു നേർത്ത ശബ്ദം. അഖില ചേച്ചി... ഇങ്ങോട്ടു വന്നോളൂ...ഗായത്രിയുടെ ശബ്ദം..മരുന്നുകളുടെ ഗന്ധമുള്ള ആ മുറിയിലേക്കു അഖില മിടിയ്ക്കുന്ന ഹൃദയത്തോടെ നടന്നു...

അരയ്ക്കു താഴെ തളർന്നു കിടക്കുന്ന ഗായത്രിയെ കണ്ടു അഖില ഞെട്ടി തരിച്ചുപോയി. അഖിലയുടെ കൈയിൽ ഗായത്രിയുടെ കരങ്ങൾ മെല്ലെ പതിഞ്ഞു. ചേച്ചി ഇവിടെയിരിയ്ക്ക്. അഖില ആ കട്ടിലിൽ ഇരുന്നു. ഒരു മിഴിനീർ തുള്ളിയുടെ നനവുകളോടെ ഗായത്രിയുടെ ശബ്ദം പതറി വീണു...

ചേച്ചി, എനിയ്ക്കറിയാം.. സുരേഷ് ചേച്ചിയോട് ഒന്നും പറഞ്ഞു കാണില്ലെന്ന്...എന്നെക്കുറിച്ചു ഇവിടെ വരുന്നതുവരെ ചേച്ചിയുടെ മനസ്സിൽ എന്താണെന്നും ഞാനുഹിക്കുന്നു.

ഗായത്രിയുടെ ജീവിതത്തിന്റെ താളുകൾ അഖിലയുടെ മുന്നിൽ തുറന്നു.....

ശരിയാണ്.., ചേച്ചി....ഞങ്ങൾ ജീവനുതുല്യം സ്നേഹിച്ചു. പക്ഷേ, വിധി ഞങ്ങളെ ഒരുമിപ്പിച്ചില്ല. അതിലെനിയ്ക്കു സങ്കടവും ഇന്നില്ല. യാത്ര പറഞ്ഞു പിരിഞ്ഞതിന് ശേഷം എന്റെ ഏകാന്തതയിൽ വല്ലപ്പോഴും ആ കാലം ഓടിയെത്തുമെന്നല്ലാതെ, ആ പ്രണയം എന്റെ മനസ്സിൽ മരിച്ചിരുന്നു.

എനിയ്ക്കും ദൈവം കുറച്ചു നാൾ മുമ്പുവരെ നല്ല ജീവിതമാണ് സമ്മാനിച്ചത്. ആറുമാസം മുമ്പ് ഞങ്ങൾ ഒന്നിച്ചൊരു യാത്രപോയി. വാഹനാപകടത്തിന്റെ രൂപത്തിൽ വിധി എന്റെ പ്രാണനെ കൊണ്ടുപോയി. എന്റെ ജീവന്റെ പകുതിയും...ഗായത്രിയുടെ ശബ്ദം ഇടറി. ഒരു സഹായമില്ലാതെ ഈ ഇരുട്ട് മുറിയിൽ ഞാനും എന്റെ മകളും..

എന്റെ മകൾ പഠിയ്ക്കുന്ന നേഴ്‌സറിയിലാണ് ആദിയും പഠിയ്ക്കുന്നത്...അവിടെ വെച്ചാണ് എന്റെ കഥ സുരേഷ് അറിയുന്നത്. ആദിയുടെ കഴിഞ്ഞ ജന്മദിനത്തിന് നഴ്‌സറിയിൽ കേക്ക് മുറിയ്ക്കുമ്പോൾ സുരേഷ് അവിടെയുണ്ടായിരുന്നു. അപ്പോൾ ടീച്ചർ ബാക്കിവന്ന കേക്ക് എന്റെ മകളുടെ ചോറ്റുപാത്രത്തിൽ വെച്ചു കൊടുത്തു. എന്നിട്ടു സുരേഷിനോട് പറഞ്ഞു. ഇതുകൊണ്ടു പോയാൽ ഈ കുട്ടിയുടെ വീട്ടിൽ ഒരു നേരത്തെ ഭക്ഷണമാകും. സുരേഷിന് പറ്റുമെങ്കിൽ ആ കുടുംബത്തെ എന്തെങ്കിലും നൽകി സഹായിച്ചാൽ ദൈവം അനുഗ്രഹിയ്ക്കും. അന്നു വൈകിട്ട് ടീച്ചറിന്റെ കൂടെ സുരേഷ് ഇവിടെ വന്നു. ഇവിടെ വന്നു കഴിഞ്ഞപ്പോഴാണ് ഇവിടെ, ഈ ഇരുട്ട് മുറിയിൽ ഞാനാണ് എന്നു മനസ്സിലായത്...

അന്നുമുതൽ, ഒരു കൂടപ്പിറപ്പിന്റെ സ്ഥാനത്തു നിന്നു സഹായിച്ചു. ഞാനാണ് സുരേഷിനോട് പറഞ്ഞത്.., ചേച്ചിയോട് ഒന്നും പറയണ്ടാന്ന്...പെണ്ണുങ്ങളുടെ മനസ്സ് പെണ്ണുങ്ങൾക്കല്ലേ അറിയാവൂ. ചേച്ചിയുടെ മനസ്സിൽ ഒരു സംശയം വരരുത്... അതുകൊണ്ടാണ് ഞാൻ ചേച്ചിയോട് വരാൻ പറഞ്ഞത്...
ഒരിയ്ക്കലും സുരേഷിനെ വെറുക്കരുത്. ഞങ്ങളുടെ പൂജാമുറിയിൽ സുരേഷാണ് ദൈവം. ആ മനുഷ്യന്റെ കാരുണ്യത്തിലാണ് ഈ കുടുംബം ഇപ്പോൾ കഴിയുന്നത്.....ഗായത്രിയുടെ മിഴികൾ നിറഞ്ഞൊഴുകി....!

തിരിച്ചു യാത്രചെയ്യുമ്പോൾ അഖിലയുടെ മനസ്സ് തുടിച്ചുക്കൊണ്ടിരിന്നു. " ഈ മനുഷ്യനെയാണല്ലോ ഈശ്വര ഹൃദയത്തിൽ ചേർത്തു വെയ്‌ക്കേണ്ടത്.."




2016 ജൂലൈ 21, വ്യാഴാഴ്‌ച

അതുമൊരു കാലം

വീടിനു പത്തു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഉത്സവ പരിപാടിക്ക് പോകുന്ന ഒരു കൗമാരമുണ്ടായിരുന്നു എനിക്ക്....

കഥ അറിയില്ലെങ്കിലും കഥകളി കണ്ടു ആസ്വദിക്കുമായിരുന്നു. നാടകത്തിലെ സംഭാഷണങ്ങൾ കേട്ടു കോരിത്തരിക്കുമായിരുന്നു. ആ നാടകത്തിലെ നായകൻ ഞാനാണെന്ന് വരെ സങ്കല്പിക്കും. നൃത്ത നാടകം കണ്ടു പേടിക്കുമായിരുന്നു. മിമിക്സ് പരേഡ് കണ്ടു പരിസരം നോക്കാതെ ആർത്തലച്ചു ചിരിക്കുമായിരുന്നു. ഗാനമേളകളിലെ പാട്ടുകൾക്കൊത്തു താളമിടുമായിരുന്നു....!

ഡിസംബർ ജനുവരി മാസത്തിലെ തണുപ്പുള്ള രാത്രികളിലാണ് കൂടുതൽ ഉത്സവ പരിപാടികളും. വീട്ടുകാരെ സഹായിച്ചു കഴിയുന്ന കാലം. സഹായമെന്നു പറഞ്ഞാൽ.., അതിരാവിലെ എഴുന്നേറ്റു അവരെ ബുദ്ധിമുട്ടിക്കാറില്ല. സമയത്തിനു ഭക്ഷണം കഴിച്ചു കൃത്യനിഷ്ഠത തെളിയിക്കും. ഉത്സവ സീസണായാൽ രാത്രി വീട്ടിൽപോലും വരാതെ ഞാൻ കരണ്ടു ബില്ലും കുറച്ചു കൊടുത്തു. ( രാത്രിയിൽ എന്റെ റൂമിലെ ലൈറ്റ് വല്ലപ്പോഴുമേ അണയാറുള്ളു).

ഒമ്പതു മണിയ്ക്കാണ് പരിപാടിയെങ്കിൽ ഏഴുമണിയ്ക്കു അത്താഴവും കഴിച്ചു വീട്ടുകാരുടെ മുന്നിൽ തലചൊറിഞ്ഞു ഒരു നിൽപ്പുണ്ട്. കട്ടൻകാപ്പി കുടിയ്ക്കാൻ എന്തെങ്കിലും വേണ്ടേ..! അമ്മയാണ് ധനകാര്യം. പത്തുരൂപ അതിൽ കൂടുതൽ ഉത്സവ സമയത്തു കുടുംബ ബജറ്റിൽ അമ്മ ഒരിക്കലും വകയിരുത്തിയിട്ടില്ല.

പിന്നെ വീട്ടിൽ നിന്നിറങ്ങുമ്പോൾ അനിയത്തികുട്ടിയും തരും ഒരു പത്തുരൂപ.  അവൾക്കു കുപ്പിവള വാങ്ങാനുള്ള പൈസയാണ് ആ പത്തുരൂപ . ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു നിറവും പറയും, കൂടെയൊരു അളവ് വളയും തരും. അതിൽ നിന്നു ഒരു നാലുരൂപ വരെ ഞാൻ സ്വന്തമാക്കാറുണ്ട്.

അങ്ങനെ ഞങ്ങൾ കുറേപ്പേര് കാണും. നടന്നാണ് പോകുന്നത്. ഞങ്ങൾ കൗമാരക്കാർ മാത്രമല്ല. ഇത്തിരി തല നരച്ചവരും ആ കൂട്ടത്തിൽ കാണും. എന്നാലെന്താ.., ഞങ്ങളെക്കാളും ചെറുപ്പമാണെന്നു തോന്നും, അവരുടെ ആവേശം കാണുമ്പോൾ. പോകുന്ന വഴിയ്ക്കു പോസ്റ്റിൽ കെട്ടിയിരിക്കുന്ന പരസ്യത്തിന്റെ ബോർഡുകൾ , മുനിഞ്ഞു കത്തുന്ന വഴി വിളക്കുകൾ. ഇതിലെല്ലാം ഞങ്ങൾ ഉന്നം പരീക്ഷിയ്ക്കാറുണ്ട്. കൈതച്ചക്ക, ഒരുപാട് ഉയരമില്ലാത്ത മാവിലെ മാങ്ങകൾ ഇതെല്ലാം പോകുന്ന വഴിയ്ക്കു ഞങ്ങളുടെ ഇഷ്ടഭക്ഷണമായിരിക്കും...

ക്ഷേത്ര മുറ്റത്തു എത്തിക്കഴിഞ്ഞാൽ ഗ്രഹണി പിടിച്ച ചെക്കന് ചക്ക കൂട്ടാൻ കിട്ടിയതുപ്പോലെ, പെൺകുട്ടികൾ ഇരിക്കുന്ന ഭാഗത്തേക്ക് ഒരു നോട്ടമാണ്. ചില പെൺകുട്ടികൾ ഒറ്റ നോട്ടത്തിൽത്തന്നെ 'പോടാ വായിനോക്കി' എന്നു പറയും. ചില പെൺകുട്ടികൾ ചിരിച്ചു കാണിയ്ക്കും. അതിലേതെങ്കിലും ഒരു പെൺകുട്ടി ഇടയ്ക്കിടയ്ക്ക് എന്നെ നോക്കും. ആ നോട്ടം മനസ്സിലങ്ങു കയറും. രണ്ടോ മൂന്നോ മണിക്കൂർ ദൈർഘ്യമുള്ള ഒരു കൊച്ചു പ്രണയം തമ്മിലുള്ള നോട്ടങ്ങളിലൂടെ അവിടെ ജനിയ്ക്കും. അവളുടെ നോട്ടമെത്തുന്ന ഭാഗത്തു ഞാൻ ഇരിക്കും.

പരിപാടി കഴിഞ്ഞു കണ്ണുകൾകൊണ്ട് ആ കുട്ടിയോട് യാത്ര പറഞ്ഞു തിരിച്ചു നടക്കുമ്പോൾ അതിഭയങ്കരമായ ചർച്ചയായിരിക്കും. നാടകത്തിലെ ആ രംഗം കലക്കി. അല്ലെങ്കിൽ നൃത്ത നാടകത്തിലെ ശബ്ദ വെളിച്ചത്തെക്കുറിച്ചു. ഗാനമേളയിലെ പതറിപ്പോയ പാട്ടിനെക്കുറിച്ചു...അന്നത്തെ പരിപാടി എന്തായിരുന്നോ അതിനെപ്പറ്റി പറഞ്ഞു വീടെത്തുന്നതറിയില്ല.

 അപ്പോഴും മനസ്സിൽ ഉത്സവ പറമ്പിലെ ആ നോട്ടം അങ്ങനെ ഇമവെട്ടാതെ കിടക്കും.....!
കൈയിൽ അനിയത്തികുട്ടിയ്ക്കുള്ള കുപ്പിവളയുടെ പൊതിയും....!

2016 ജൂലൈ 5, ചൊവ്വാഴ്ച

സ്നേഹത്തോടെ

അനൂപ്....
വെറുതെ എന്റെ പുറകെ നടന്നു നിന്റെ സമയം കളയണ്ട. എനിക്കു പ്രണയിക്കാനൊന്നും ഒട്ടും സമയവുമില്ല. അതുമല്ല, നിന്നെപ്പോലുള്ള ചുറ്റുപാടുമല്ല എന്റേത്....
രണ്ടു മാസംകൊണ്ട് നീയെന്നെ കാണുന്നില്ലേ. ഇതിലേതെങ്കിലും ദിവസം ഞാൻ ഈ ഓഫീസിൽ ജോലിക്കു വരാതിരുന്നത് നീ കണ്ടിട്ടുണ്ടോ...?

എത്ര സുഖമില്ലെങ്കിലും ഞാൻ വരും. അല്ലെങ്കിൽ മാസാവസാനം എന്റെ കണക്കുകൂട്ടലുകൾ തെറ്റും. നിന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ല. പ്രണയം, ഇഷ്ടപ്പെട്ട പുരുഷന്റെ കൂടൊരു ജീവിതം അതൊന്നും എന്റെ ജീവിതത്തിൽ വിധിച്ചിട്ടില്ല. അല്ലെങ്കിൽ ഈ മുപ്പതാം വയസ്സിൽ എന്തു പ്രണയം...!

എന്റെ പ്രാരാബ്ദങ്ങളൊന്നും ഞാനാരോടും പറയാറില്ല. കാരണം, സഹതാപത്തോടെ ഒരാൾ എന്നെ കാണുന്നത് എനിക്കിഷ്ടമല്ല. എന്റെ മനസ്സിലും പ്രണയവും , ജീവിത സങ്കൽപ്പവും എല്ലാമുണ്ടായിരുന്നു. പക്ഷേ , എന്റെ സ്വപ്നങ്ങളെ ഞാൻതന്നെ മനസ്സിൽ കുഴിച്ചുമൂടി. പിന്നെ, അനൂപിനോട് ഇതൊക്കെ ഞാൻ പറയുന്നത്..., നിന്റെ മനസ്സിൽ എന്നെക്കുറിച്ചു എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അതു മറക്കാൻ പറയാനാണ്.

ഒരു ദിവസം നീയെന്റെ കൂടെ എന്റെ വീട്ടിലേക്കൊന്നു വരണം. എന്നെ പ്രതീക്ഷിച്ചിരിക്കുന്ന കുറെ ദയനീയ മുഖങ്ങൾ നിനക്കവിടെ കാണാം. ജീവിതത്തിന്റെ വാർദ്ധക്യം കിടക്കയിൽ തന്നെ ഹോമിച്ചു പോയ അമ്മ. വീടിന്റെ തെക്കേ തൊടിയിൽ തുളസിച്ചെടിയുടെ കീഴിൽ അന്തിയുറങ്ങുന്ന അച്ഛൻ. എന്നെത്തന്നെ ഭയപ്പെടുത്തി വളർന്നു നിൽക്കുന്ന അനിയത്തിമാർ. അവരെയൊക്കെ വിട്ടെറിഞ്ഞിട്ടു എനിക്കൊരു ജീവിതം, അതു ഞാനൊട്ടും ആഗ്രഹിക്കുന്നില്ല.

ഇനി സഹതാപംകൊണ്ടു എന്നെ തന്നെ കെട്ടു എന്ന വാശിയൊന്നും നീ മനസ്സിൽ വെക്കേണ്ട. നിന്റെ സുന്ദരമായ ജീവിതത്തിൽ ഞാനെന്ന പ്രാരാബ്ധക്കാരിയെ പങ്കാളിയാക്കാൻ നിൽക്കണ്ട. അതു നീ വേറൊരാളെ കല്യാണം കഴിച്ചു കഴിയുമ്പോൾ മനസ്സിലാകും...! അതുപോലെ പ്രണയം മൂത്തു എത്ര നാള് വേണമെങ്കിലും കാത്തിരുന്നോളാം എന്ന വാക്കും പറയണ്ട. ആ കാത്തിരിപ്പിന് ഒരു അന്ത്യമില്ലാതെയാകും. എന്റെ എല്ലാ പ്രശ്നങ്ങളും ഒതുങ്ങി.., മുടിയും നരച്ചു, തൊലിയും ചുക്കി ചുളുങ്ങി.. ഏകാന്തമായി ഇരിക്കുമ്പോൾ ഞാൻ ഓർക്കും. നീ എനിക്കു ഒരുനാൾ വെച്ചു നീട്ടിയ ജീവിതം. നീ പറഞ്ഞ പ്രണയാർദ്ര വാക്കുകൾ. എനിക്കു അതേ വിധിച്ചിട്ടുള്ളു. എന്റെ പ്രണയം അത്രയേയുള്ളൂ.

എന്നോടുള്ള നിന്റെ കളങ്കമില്ലാത്ത സ്നേഹം , എന്നും എന്റെ മനസ്സിൽ കാണും. സ്വപ്നങ്ങളില്ലാത്ത എന്റെ മനസ്സിൽ ഒരു ചെറിയ വർണ്ണ പൊട്ടുപോലെ...!

ഒരു പ്രണയലേഖനം ആയിരിക്കും നീയെന്നിൽ നിന്നു പ്രതീക്ഷിച്ചത്. പക്ഷേ, ഇതിലെ ചില വരികളിൽ പ്രണയത്തിന്റെ മഞ്ഞുതുള്ളി വീണു കിടപ്പുണ്ടല്ലേ. ഇതിനു നീ മറുപടിയൊന്നും തരാൻ നിൽക്കണ്ട. നിനക്കെന്നോടുള്ള പ്രണയം ഇവിടെ അവസാനിക്കണം. എന്റെ ഏകാന്തതയിൽ ഇടക്കൊക്കെ താൻ കാണുമെടോ...!

നിർത്തട്ടെ...സ്നേഹത്തോടെ....
ശ്രീദേവി.

2016 ജൂൺ 28, ചൊവ്വാഴ്ച

വിധിയുടെ വിളയാട്ടം

ആദ്യമേ പറയട്ടെ , ഇതൊരു കഥയാണ്. ആരുമായും ഈ കഥക്ക് യാതൊരു ബന്ധവുമില്ല.

ഷാഹിന....
ചെറുപ്രായത്തിൽ തന്നെ വിധവയുടെ വേഷം കെട്ടേണ്ടിവന്നു ഷാഹിനക്ക്.
സ്വപ്നങ്ങൾക്ക് ചിറകു വിരിക്കുമ്പോൾ തന്നെ , വിധി ആ സ്വപ്നങ്ങൾക്ക് മീതെ കരിനിഴൽ വീഴ്‌ത്തി.

ഇരുപതാമത്തെ വയസ്സിൽ ആരിഫിന്റെ ജീവിതത്തിലേക്ക് വലതുകാൽ വെച്ചു കയറുമ്പോൾ ഷാഹിനക്ക് വലിയ സ്വപ്നങ്ങളൊന്നുമില്ലായിരുന്നു. പാവപെട്ട വീട്ടിലെ പെൺകുട്ടികൾ വലിയ വലിയ സ്വപ്നങ്ങൾ കാണാൻ പാടില്ലെന്ന അപകർഷതാബോധം ഷാഹിനയുടെ മനസ്സിൽ ഉറഞ്ഞുകിടപ്പുണ്ടായിരുന്നു. പക്ഷേ, ആരിഫ് ഷാഹിനയെ സ്വപ്നം കാണാൻ പഠിപ്പിച്ചു. അവന്റെ സ്വപ്നങ്ങൾക്കൊപ്പം നടക്കാൻ പ്രേരിപ്പിച്ചു.

സുന്ദരമായ ജീവിതമായിരുന്നു. ഗൾഫ് പണത്തിന്റെ മാസ്മരികതയിൽ ബന്ധുക്കളുടെ വലയംതന്നെ ആരിഫിനെ ചുറ്റി നിന്നിരുന്നു. ആരെയും സഹായിക്കുന്നതിൽ ആരിഫിന് ഒരു വിഷമവുമില്ലായിരുന്നു. അതിൽ ഷാഹിനക്കും ഒട്ടും പരിഭവവുമില്ലായിരുന്നു. അവരുടെ സുന്ദരമായ ജീവിതത്തിൽ ഒരു പെൺകുഞ്ഞും പിറന്നു. മെഹറിൻ.

ഷാഹിന, ഇതെന്റെ ഗൾഫിലേക്കുള്ള അവസാനത്തെപോക്കാണ്. ഒരു വർഷംകൂടിയുള്ളു ഈ പ്രവാസ ജീവിതം. ഇനിയുള്ളകാലം നിന്റെയും നമ്മുടെ മോളുടെയും കൂടെ ഉള്ളതുകൊണ്ട് സുഖമായി ജീവിക്കാം. ഈ വാർത്ത കേട്ടപ്പോൾ ഷാഹിനയുടെ മനസ്സിൽ ഒരു മൈലാഞ്ചിപ്പാടം പൂത്തുലഞ്ഞു.

പക്ഷേ, വിധിയുടെ ക്രൂരമായ കരങ്ങൾ ഗൾഫിൽവെച്ചു വാഹനാപകടത്തിന്റെ രൂപത്തിൽ ആരിഫിന്റെ ജീവൻ കവർന്നെടുത്തു. ആ വാർത്ത ഷാഹിനയുടെ മനസ്സിനെ തകർത്തുകളഞ്ഞു. ഒന്നു നിലവിളിക്കാൻപ്പോലും കഴിയാതെ ഷാഹിന തകർന്നുപോയി.

ആരിഫിന്റെ  ഓർമകളുമായി ഷാഹിനയുടെ ജീവിതം ദിവസങ്ങളായി മറഞ്ഞുക്കൊണ്ടിരിന്നു. ബന്ധുക്കളും സുഹൃത്തുക്കളും ആരിഫിന്റെ അഭാവത്തോടെ യാത്ര പറഞ്ഞുപോയി. തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും എല്ലാവരെയും സഹായിച്ച ആരിഫിന്  പക്ഷേ , തന്റെ പ്രിയതമയുടെയും, മകളുടെയും കാര്യത്തിൽ വട്ടപൂജ്യമായിപ്പോയി.

കുറച്ചുപേർ ഷാഹിനയെ വേറൊരു വിവാഹത്തിന് നിർബന്ധിച്ചു. പക്ഷേ , ആരിഫിന്റെ സ്ഥാനത്തു വേറൊരാളെ പ്രതിഷ്ഠിക്കാൻ ഷാഹിനക്ക് കഴിയുമായിരുന്നില്ല. മകളെ പ്രായമായ ഉമ്മയെ ഏൽപ്പിച്ചു ഷാഹിന നഗരത്തിലെ തുണിക്കടയിൽ ജോലിക്കു പോയി തുടങ്ങി. ചെറുപ്പമായ ഷാഹിനയെ ചുറ്റുവട്ടത്തുള്ള യുവാക്കളുടെ കണ്ണുകൾ കൊത്തിവലിക്കുന്നുണ്ടായിരുന്നു.

മെഹറിന് ഇപ്പോൾ നാലുവയസ്സു കഴിഞ്ഞു. ഇടക്കിടക്ക് പനി വരുന്നു. ചുമക്കുമ്പോൾ രക്തം ശർദ്ധിക്കുന്നു. ഷാഹിന വല്ലാതെ ഭയന്നു. മകളെയും വാരിയെടുത്തു ആശുപത്രിയിലേക്ക് പോയ ഷാഹിനക്ക് വിധി കരുതിവെച്ചതു ഹൃദയംപൊട്ടുന്ന വാർത്തയായിരുന്നു. മെഹറിന് ഹൃദയസംബന്ധമായ അസുഖമാണെന്ന് ഡോക്ടർമാർ വിധിയെഴുതി.

ആഴ്ചയിൽ മോളെയുംകൊണ്ട് ആശുപത്രിയിൽ പോകുന്ന ഷാഹിനയെ സാമ്പത്തിക ബാധ്യത പിടിമുറുക്കി. അടുത്തുള്ള ആരോടെങ്കിലും സഹായം ചോദിച്ചാൽ പകരം ആവശ്യപ്പെടുന്നത് ഷാഹിനയുടെ ശരീരമായിരുന്നു. ഒരു ദിവസം ആശുപത്രിയിൽപോയ ഷാഹിന റോഡിൽ തലകറങ്ങി വീണു.  ഇതു കണ്ടു അടുത്തുള്ള ഓട്ടോ ഡ്രൈവർ നിസാർ ഷാഹിനയെയും മോളെയും ഓട്ടോയിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോയി. ഓട്ടോക്കൂലി കൊടുക്കാൻപ്പോലും ഷാഹിനയുടെ കൈയിൽ പൈസ ഉണ്ടായിരുന്നില്ല. ഷാഹിനയുടെ കഥ നിസാറിനെ സങ്കടപ്പെടുത്തി. സ്വന്തം സഹോദരിയോടെന്നപ്പോലെ ഷാഹിനയോടു പെരുമാറി. തിരിച്ചു വീട്ടിൽ കൊണ്ടുവിട്ടു കഴിഞ്ഞു എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതിയെന്നു പറഞ്ഞു നമ്പറും കൊടുത്തു.

പ്രാരാബ്ധകാരനായ നിസാർ ഒരു സഹോദരന്റെ സ്ഥാനത്തു നിന്നു ഷാഹിനയെ സഹായിച്ചു. ഈ അവസ്ഥയിൽ ഷാഹിനക്കും വലിയൊരു ആശ്വാസമായിരുന്നു. പക്ഷേ. അടുത്തുള്ള യുവാക്കളിൽ സദാചാരബോധം തലപൊക്കി. പലപ്പോഴും നിസാറിനെ തടഞ്ഞു നിർത്തി അവർ ഭീഷണിപ്പെടുത്തി.

ഒരു ദിവസം രാത്രി മെഹറിന് പനി കലശലായി. ഷാഹിന പേടിച്ചു. നിസാറിനെ വിളിച്ചു. അപ്പോൾ തന്നെ നിസാർ ഓട്ടോയുമായി വന്നു. അകത്തുകയറി മെഹറിനെയും എടുത്തു പുറത്തു വന്നപ്പോൾ മുറ്റം നിറച്ചും ആൾക്കൂട്ടം. ഷാഹിനയെയും നിസാറിനെയും അപമാനിച്ചുകൊണ്ടു സംസാരവും തുടങ്ങി. ഇതൊന്നും കാര്യമാക്കാതെ നിസാർ മെഹറിനെയും എടുത്തു ഷാഹിനയോടൊപ്പം ഓട്ടോയിൽ കയറാൻ തുടങ്ങിയപ്പോൾ ആൾക്കാർ തടഞ്ഞു. നിസാർ അവരോടു കെഞ്ചി. കുഞ്ഞിന് തീരെ സുഖമില്ല. കുഞ്ഞിനെയൊന്നു ആശുപത്രിയിൽ കൊണ്ടുപോയിക്കോട്ടെ. അതുപറഞ്ഞു മുഴുമിപ്പിക്കാൻ നിസാറിനെ അവർ അനുവദിച്ചില്ല. ഒരു ഇഷ്ടികകക്ഷണം നിസാറിന്റെ നെഞ്ചിൽ ആഞ്ഞുപതിച്ചു. പിന്നെ കല്ലും,കമ്പും  നിസാറിന്റെ ശരീരത്തിനെ പൊതിഞ്ഞു. ഒന്നു നിലവിളിക്കാൻപ്പോലും കഴിയാതെ നിസാറിന്റെ ജീവൻ പിടഞ്ഞു തീർന്നു.
ജീവൻ അവസാനിച്ചു എന്നു ഉറപ്പു  വരുത്തിയ ശേഷം സദാചാര പോലീസുകാർ പലവഴിക്ക് പിരിഞ്ഞു.

പോകുന്ന വഴിക്കു ഷാഹിനക്ക് അവർ ഒരു പേരുമിട്ടു. വേശ്യ.

ഷാഹിന തകർന്നു പോയി. ഈ സമൂഹം എന്നെയും മോളെയും ജീവിക്കാൻ അനുവദിക്കില്ലെന്ന ബോധം ഷാഹിനയുടെ മനസ്സിൽ ഉടലെടുത്തു. മോളെയും വാരിയെടുത്തു അകത്തേക്ക് പോയ ഷാഹിനയുടെ മനസ്സിൽ വീടിന്റെ ഉത്തരത്തിൽ പിടയുന്ന അവരുടെ തന്നെ ശരീരം ആടിയുലഞ്ഞു........

സ്നേഹപൂർവം

പ്രിയപ്പെട്ട അനുവിന്...,
സുഖമാണോ....?
വർഷങ്ങൾക്കു ശേഷം നിന്നെതേടി ഈ കത്തുവരുമ്പോൾ , ഒരു നെടുവീർപ്പിനു അകലെമാത്രം നീയെന്നെ തിരഞ്ഞേക്കാം. കണ്ണുനീരിന്റെ നനവോടെയല്ലാതെ നിന്നെയോർക്കാൻ എനിക്കു കഴിയാത്തതുകൊണ്ട് ഈ കത്തിലെ ചില അക്ഷരങ്ങളിൽ നനവ് പടർന്നിരിക്കും. ഒരു പക്ഷേ ഈ എഴുത്തു നീ വായിച്ചു തുടങ്ങുമ്പോൾ എന്റെ ജീവിതത്തിന്റെ അധ്യായം അവസാനിച്ചിരിക്കും.

ഈ കത്തിൽ പഴയകാലത്തിന്റെ ഒരു ഓർമപ്പെടുത്തൽ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ എഴുതി വരുമ്പോൾ ചില ഓർമകളിലൂടെ വാക്കുകൾ വഴുതി പോയേക്കാം. പ്രണയത്തിന്റെ മധുരമായ ഓർമകളിൽ നിന്നു , ഒറ്റപ്പെടലിന്റെയും, വിരഹത്തിന്റെയും ആഴങ്ങളിലേക്ക് വീണുപോയ എന്റെ ജീവൻ തിരിച്ചു പിടിക്കാൻ ഈ ആശുപത്രിയിലെ ഡോക്ടർമാർ ഒരുപാട് ശ്രമിച്ചു. പക്ഷേ , വിധിയുടെ മുന്നിൽ അവരും തോറ്റുപോയി. വർഷങ്ങൾക്കു മുൻപേ ഈ വിധി എന്ന രണ്ടക്ഷരത്തിൽ ഞാൻ പരാജയപെട്ടവനാണല്ലോ...

ഈ മരുന്ന് മണക്കുന്ന നാലു ചുവരുകൾക്കിടയിൽ മരണത്തിന്റെ തണുത്ത സ്പർശനം പ്രതീക്ഷിച്ചു കഴിയുന്ന എന്റെ മനസ്സിൽ നിന്റെ ഓർമകൾ കടന്നുവരും. ആ കാലം നിറഞ്ഞു വരും.

നമ്മൾ നടന്നു തീർത്ത വഴികൾ. നമ്മളെ നനയിച്ച മഴ. എത്ര എഴുതിയാലും മതിവരാത്ത പ്രണയലേഖനങ്ങൾ. നിനക്കോർമ്മയില്ലേ നമ്മുടെ നാട്ടിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് രാത്രി വേദിയിൽ കഥകളി നടക്കുമ്പോൾ നമ്മൾ ആ നിലാവുള്ള രാത്രിയിൽ കണ്ണുകൾക്കൊണ്ട് കഥ പറയുകയായിരിക്കും. പുഴയുടെ തീരത്തുള്ള വള്ളപ്പുരയിൽ വെച്ചു ആദ്യമായി നിനക്കു ഞാനൊരു ചുംബനം തന്നപ്പോൾ മിഴിയിൽ നിറച്ച നാണത്തോടെ നീ ഓടിപ്പോയത്...? അങ്ങനെ എത്രയെത്ര ഓർമകൾ. ഒരു നാൾ എന്റെ കൈത്തണ്ടയിൽ ബ്ലേഡ് വെച്ചു നിന്റെ പേരെഴുതിയത്. അതിൽ പൊടിഞ്ഞ ചോരക്കണ്ട് നീ ഒരുപാട് കരഞ്ഞു. ഇന്ന് ദിവസവും എന്റെ ഉമിനീരിനുപ്പോലും ചോരയുടെ നിറമാണ്. ചോരയുടെ ഗന്ധമാണ്.
അവസാനം ഒരുവാക്കിലെല്ലാം പറഞ്ഞു നീ വിടപറഞ്ഞു പോകുമ്പോൾ, തകർന്നു പോയത് എന്റെ ഹൃദയമായിരുന്നു. ഇവിടെവരെ നമ്മൾ ഒന്നിച്ചായിരുന്നു. അതു കഴിഞ്ഞുള്ള തനിച്ചായ എന്നെക്കുറിച്ചു നിനക്കറിയണ്ടേ . എന്റെ വിശേഷങ്ങൾ......!

നിന്നെ മറക്കാൻ ശ്രമിച്ചു. വർഷങ്ങളോളം. പക്ഷേ എത്ര വർഷങ്ങൾ കഴിഞ്ഞാലും അതിനു എനിക്കു
ഒരിക്കലും കഴിയില്ലെന്ന് മനസ്സിലായി. ഈ കാലയളവിൽ നിന്റെ
ഓർമകളിൽ നിന്ന്  എന്റെ മനസ്സിനെ പിന്തിരിപ്പിക്കാൻ  ഞാൻ മദ്യത്തിനെ കൂട്ടുപിടിച്ചു. ആ ലഹരിക്കും നീയെന്ന ലഹരിയെ മനസ്സിൽ നിന്ന് മായ്ക്കാൻ കഴിഞ്ഞില്ല. പക്ഷേ, നീ വസിക്കുന്ന കരളിനെ ആ ലഹരി കവർന്നെടുത്തുകൊണ്ടിരിന്നു. അതറിഞ്ഞപ്പോൾ ഞാൻ ഒരുപാട് വൈകിപ്പോയി. ഇവിടെവെച്ചു ഈ മദ്യപാനം നിർത്തിയാൽ ജീവിതം കുറച്ചു നാൾകൂടി ജീവിച്ചു തീർക്കാമെന്ന് ഡോക്ടർമാർ പറഞ്ഞു. പക്ഷേ നീയെന്ന വേദനയ്ക്ക് മുന്നിൽ മദ്യഗ്ലാസ്സുകൾ നുരഞ്ഞുപൊന്തി തീർന്നു. അവസാനം എന്റെ ജീവന് ഡോക്ടർമാർ വിധിയെഴുതി. ആ വാർത്ത എന്റെ കാതിൽ കേട്ടപ്പോൾ ഞാൻ പേടിച്ചുപോയി. എന്നെ ചികിൽത്സിക്കുന്ന ഡോക്ടർ എന്നും രാവിലെ എന്നെ കാണാൻ വരുമ്പോൾ നിരാശ നിറഞ്ഞ മുഖത്തോടെ ചിരിക്കും. മരണം കാത്തുകിടക്കുന്ന രോഗിയോടു ഒരു ചിരിയിൽ എല്ലാമൊതുക്കും.
ചിലപ്പോൾ നിന്നെയൊന്നു കാണണമെന്ന് എനിക്കു തോന്നും.
നിന്നെ കണ്ടുകഴിയുമ്പോൾ നിന്റെ സാന്നിധ്യമുള്ള ഈ ലോകത്തു കുറച്ചു നാൾ കൂടി ജീവിക്കണമെന്ന് എനിക്കു തോന്നിപ്പോയാലോ , അല്ലേ......

എന്റെ ചിന്തകൾക്കപ്പുറം നിന്നെ തിരയുമ്പോൾ കഴിഞ്ഞുപോയ ആ കാലം തിരിച്ചു വന്നെങ്കിലെന്നു ഞാൻ വെറുതെ ആഗ്രഹിക്കും.......
എന്നും വെറുതെയായിപോയ എന്റെ ആഗ്രഹങ്ങൾ....

ഈ എഴുത്തു വായിച്ചു കഴിഞ്ഞപ്പോൾ ഒരു നിമിഷം നിന്റെ മനസ്സിൽ അടർന്നുവീണ കണ്ണുനീർത്തുള്ളികൾ ഞാനറിയുന്നു....

നിർത്തട്ടേ....

മരണത്തിനു മുമ്പുള്ള അവസാന നെടുവീർപ്പും എന്നിൽ നിലക്കുന്നതുവരെ എന്റെ മനസ്സിൽ നീ കാണും..... !

സ്നേഹത്തോടെ....,
വൈശാഖ്.

2016 ജൂൺ 26, ഞായറാഴ്‌ച

ഉത്സവ നാളിന്റെ ഓർമയ്ക്ക്

അജ്‌മൽ അവധിക്കു വന്നിട്ടു രണ്ടു ദിവസം കഴിഞ്ഞതേയുള്ളൂ. വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവമാണ്. ആ സമയം നോക്കി ഗൾഫിൽ നിന്നു അവധി എടുത്തു വന്നതാണ്. ഈ സമയം അജ്‌മലിന്റെ മിക്കവാറും എല്ലകൂട്ടുകാരും വരും. പലരും പലവഴിക്കാണ്‌. നാട്ടിലെ ഉത്സവത്തിന് എല്ലാവരും ഒന്നിച്ചുകൂടാൻ ശ്രമിക്കും.

വൈകിട്ടു നാലുമണി ആയപ്പോഴേ അജ്‌മൽ റെഡിയായി ഇറങ്ങി. ഉമ്മ, ഞാൻ രാത്രി വരില്ലേ. നാളെ വെളുപ്പിനേയെ വരു. അജു, നല്ല തണുപ്പ് കാണും രാത്രിയിൽ .മഞ്ഞു കൊള്ളാതെ നോക്കണേ. അജ്‌മൽ കവലയിലേക്കു നടന്നു. എല്ലാവരും അവിടെ വരും. എന്നിട്ടു പഴയതുപ്പോലെ അവിടെ നിന്നു ഒന്നിച്ചു ക്ഷേത്രത്തിലേക്ക് പോകും.

ക്ഷേത്രത്തിൽ എത്തിയപ്പോൾ നല്ല തിരക്ക്. അജ്‌മലും കൂട്ടുകാരും പഴയതുപോലെ പെൺകുട്ടികളുടെ വായിലും നോക്കി നടപ്പു തുടങ്ങി. കൂട്ടുകാരിൽ പലരുടെയും കല്യാണം കഴിഞ്ഞതാണ്. പക്ഷേ , എല്ലാവരും ഒത്തുകൂടി ഉത്സവത്തിന് വന്നാൽ പഴയതുപോലെയാകും. ഇവരുടെയൊക്കെ ഭാര്യമാർക്കും അറിയാം. ഇതിനും കൂടിയാണ് എല്ലാവരും വരുന്നതെന്ന്. ഇന്നത്തെ ഒരു ദിവസത്തേക്ക് ഇവരുടെ നിയന്ത്രണത്തിൽ ഭാര്യമാർ ഒരു അയവ് കൊടുക്കും. കെട്ടുകാഴ്ചയുടെ ചെണ്ടമേളം ദൂരെ കേട്ടു തുടങ്ങി.

അജ്‌മലിന്റെ മനസ്സിൽ കുറെ വർഷങ്ങൾക്കു മുൻപുള്ള ഒരു ഉത്സവം കൊട്ടിക്കയറി.

അജ്‌മലിന്റെയും, സംഗീതയുടെയും പ്രണയം ആ നാട്ടിൽ പരസ്യമായ രഹസ്യമാണ്. ഒരു വർഷം മാത്രം പ്രായമുള്ള അവരുടെ പ്രണയം ആ നാട്ടിൽ ചിലപ്പോഴൊക്കെ ചർച്ചയാവാറുണ്ട്. രണ്ടു മതങ്ങളുടെ വേലിക്കെട്ടിൽ നിന്നു ഒന്നിച്ചുള്ളൊരു ജീവിതം രണ്ടുപേർക്കും ഒരു ബാലികേറാ മലയാണ്. പക്ഷേ, പ്രതീക്ഷ രണ്ടുപേർക്കും വാനോളമാണ്. ഇവരുടെ പ്രണയം ആ കവലയിൽ പലപ്പോഴും സാമുദായികമായി പോർവിളി നടത്തിയിട്ടുണ്ട്. അപ്പോഴൊക്കെ അജ്‌മലിനൊപ്പം നിന്നിട്ടുള്ളത് രാജേഷും, ഹരിയും, അനൂപുമാണ്. അജ്‌മലിന്റെ പ്രിയ സുഹൃത്തുക്കൾ.

അജു, വീട്ടിൽ വിവാഹാലോചന നടക്കുന്നുണ്ട്. അജുവിന്‌ അറിയാമല്ലോ എന്റെ വീട്ടുകാർ സമ്മതിച്ചു ഒരിക്കലും ഒന്നാകാൻ കഴിയില്ലെന്ന്. നമ്മൾക്ക് ദൂരെയെങ്ങോട്ടെങ്കിലും പോയാലോ. സംഗീത, അതു കഴിഞ്ഞുള്ള കാര്യങ്ങൾ നീ ആലോചിച്ചു നോക്കു. ഈ നാട്ടിൽ പിന്നെ നടക്കാൻ പോകുന്ന സംഭവങ്ങൾ. പിന്നെ, എന്തു നമ്മൾ എന്തുചെയും അജു....? സംഗീത നമ്മൾ ഒന്നിച്ചു ജീവിച്ചാലും, ഒന്നിച്ചു മരിച്ചാലും ഈ നാട് അതിനു വലിയ വില നൽകേണ്ടി വരും. നമ്മൾക്ക് കാത്തിരിക്കാം.

കൂട്ടുകാരോട് അജ്‌മൽ കാര്യങ്ങൾ പറഞ്ഞു. അജു, നിന്റെ കൂടെ അവൾ വരുമെങ്കിൽ നീവിളിച്ചിറക്കി കൊണ്ടുവാ...., എന്റെ വീട്ടിലേക്ക്. ഹരി ആവേശത്തോടെ പറഞ്ഞു. ഹരി, നീ പറയുന്നതുപോലെ എളുപ്പമുള്ള കാര്യമല്ല. വിളിച്ചിറക്കലും, കല്യാണം കഴിക്കലും, ഒന്നിച്ചുള്ളൊരു ജീവിതവും. രാജേഷ് ഹരിയെ നിരുത്സാഹപ്പെടുത്തി. അനൂപും ഹരി പറഞ്ഞതിനെ അനുകൂലിച്ചു. അടുത്ത ആഴ്ച നമ്മുടെ ക്ഷേത്രത്തിലെ ഉത്സവമാണ്. നീ സംഗീതയോടു അവിടെ വരാൻ പറ. അവിടെ നിന്നു നിങ്ങളെ എന്റെ അമ്മാവന്റെ വീട്ടിൽ കുറച്ചു നാൾ താമസിക്കാം. ഹരിയാണ് പദ്ധതി തയാറാക്കിയത്. ഹരിയുടെ അമ്മാവന്റെ  വീട് ദൂരെയൊരു കുഗ്രാമത്തിലാണ്. പെട്ടെന്നാരും അവിടെ എത്തിപ്പെടില്ല.

അജ്‌മൽ സംഗീതയോടു കാര്യങ്ങൾ അവതരിപ്പിച്ചു. അജു, നീ പറയുന്നത് സത്യമാണോ....? എനിക്കു വിശ്വസിക്കാമോ...? സംഗീതയുടെ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ അജ്‌മൽ അമ്പരന്നു. പടച്ചവനെ, ഇവൾക്ക് എന്നോട് ഇത്രയും സ്നേഹമുണ്ടായിരുന്നോ...? ഇനി ഈ ഹൂറിയെ വേറൊരാൾക്കും വിട്ടുകൊടുക്കില്ല.

ആ ദിനം വന്നു. കെട്ടുകാഴ്ച ക്ഷേത്ര മുറ്റത്തെത്തി. ആ തിരക്കിനിടയിൽ അജ്‌മൽ സംഗീതയുടെ കൈ പിടിച്ചു ക്ഷേത്ര മതിൽക്കെട്ടിനു പുറത്തിറങ്ങി. കൂടെ അജ്‌മലിന്റെ കൂട്ടുകാരും. ഒരുപാട് ദൂരം പോകുന്നതിനു മുൻപേ സംഗീതയുടെ ആങ്ങളമാരും, ബന്ധുക്കളും അജ്‌മലിനെയും , സംഗീതയെയും വളഞ്ഞു. ക്ഷേത്ര പരിസരമാണ്. രാജേഷ് പെട്ടെന്ന് സംഗീതയുടെ ബന്ധുക്കളുടെ മുന്നിൽ കയറി നിന്നു . അവര് എവിടെയെങ്കിലും പോയി ജീവിച്ചോട്ടെ. ഇവിടെ നിങ്ങൾ പ്രശ്നങ്ങൾ ഉണ്ടാക്കരുത്. ഞാൻ നിങ്ങളുടെ കാലു പിടിക്കാം. രാജേഷ് യാചിച്ചു. രാജേഷ് എന്തിനാ അവന്മാരുടെ കാലു പിടിക്കുന്നത്. അവന്മാർ എന്താ ചെയുന്നതെന്നു ഒന്നു കാണട്ടെ. ഹരിയും, അനൂപും സംഗീതയുടെ ബന്ധുക്കളോട് കയർത്തു. സംഗീത അജ്‌മലിനോട് ചേർന്നു നിന്നു. രംഗം വഷളായി. അനൂപും, ഹരിയും സംഗീതയുടെ ബന്ധുക്കളുമായി ഏറ്റുമുട്ടി. രാജേഷ് അവരെ പിടിച്ചു മാറ്റാൻ ഒരു വിഫലശ്രമം നടത്തി. ഒരു വിറകു കൊള്ളിയുമായി കൂട്ടത്തിലൊരാൾ അജ്‌മലിനു നേരെ പാഞ്ഞു വന്നു. അജ്‌മലിനു മുന്നിൽ സംഗീത പെട്ടെന്ന് തടസം നിന്നു. വിറകുകൊള്ളി സംഗീതയുടെ നെറ്റിത്തടത്തിൽ ആഞ്ഞുപതിച്ചു. ഒരു നിലവിളിയോടെ സംഗീത നിലത്തേക്കു വീണുപോയി. സംഗീതയെയും താങ്ങിയെടുത്തു അജ്‌മലും കൂട്ടുകാരും ആശുപത്രിയിലേക്ക് പാഞ്ഞു.....
അജു, നീ എന്താലോചിക്കുവാ. കെട്ടുകാഴ്ച ഇങ്ങെത്തി. രാജേഷ് അജ്‌മലിന്റെ തോളിൽ തട്ടി. അജ്‌മൽ പെട്ടെന്ന് ഓർമയിൽ നിന്നുണർന്നു.

അജ്‌മൽ വീട്ടിലെത്തിയപ്പോൾ പുലരാറായി. വാതിലിൽ തുറന്നതു സംഗീതയാണ്. ഞാൻ വിചാരിച്ചു നീ ഉറങ്ങി കാണുമെന്ന്. എങ്ങനെ ഉറങ്ങാനാ . വായിനോക്കിയിട്ടു വരുന്ന ഭർത്താവിന് വാതിൽ തുറന്ന് കൊടുക്കണ്ടേ. സംഗീത ചിരിച്ചു. ഉമ്മ, അജു വന്നു കേട്ടോ. അവൾ അകത്തേക്ക് നോക്കി പറഞ്ഞു. എനിക്കു കുപ്പിവള വാങ്ങിയില്ലേ. സംഗീത അജ്‌മലിനോട് പരിഭവിച്ചു. അതു ഞാൻ മറക്കുമോ ? അജ്‌മൽ സംഗീതയെയും ചേർത്തു പിടിച്ചു അകത്തേക്ക് നടന്നു. അവളുടെ നെറ്റിയിലെ പാടിൽ ഒരു നനുത്ത ചുംബനം നൽകി. ഒരു ഉത്സവ നാളിലെ ഓർമകൾ സംഗീതയുടെ മനസ്സിൽ  പഞ്ചാരി മേളം കൊട്ടിയുണർന്നു......